TopTop
Begin typing your search above and press return to search.

തകരുന്ന സ്ഥാപനങ്ങള്‍, ദുര്‍ബലപ്പെടുന്ന ജനാധിപത്യം - ഹരീഷ് ഖരെ എഴുതുന്നു

തകരുന്ന സ്ഥാപനങ്ങള്‍, ദുര്‍ബലപ്പെടുന്ന ജനാധിപത്യം - ഹരീഷ് ഖരെ എഴുതുന്നു
വളരെ അപകടകരമായ ഒരു കാലത്തിലേക്കാണ് നമ്മള്‍ പോകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അത് നമ്മുടെ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ആശങ്കകളുമായി ബന്ധപ്പെട്ടതല്ല. പുറത്തെ സാഹചര്യങ്ങളുമായും ബന്ധപ്പെട്ടതല്ല അത്. മറിച്ച് ഈ രാജ്യത്തെ ജനാധിപത്യ സമചിത്തതയെ അപായപ്പെടുത്തും വിധം സ്ഥാപനങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റമാണ്. രണ്ട് ദിവസത്തിനുള്ളില്‍ ആരാണ് ഈ റിപ്പബ്ലിക്കിന്റെ തലവനാകാന്‍ പോകുന്നതെന്ന് അറിയാം. റെയ്സീന ഹില്‍സിലെ ആ നീണ്ട് പരന്ന് കിടക്കുന്ന ഭൂമിയിലും വസ്തുവിലും രാംനാഥ് കോവിന്ദ് പുതിയ കുടികിടപ്പുകാരനാകും എന്ന് ഉറപ്പായിട്ടുണ്ട്. ഈ കുടികിടപ്പ് അല്ലെങ്കില്‍ കുടിയിരുപ്പിലെ മാറ്റം അതിന്റേതായ ഫലങ്ങളുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും തമ്മിലുള്ള സമവാക്യങ്ങള്‍ക്ക് ഓരോ കാലത്തും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവന്‍ അധികാരകേന്ദ്രങ്ങളുടെ സമാന്തരകേന്ദ്രമാണെന്ന് പറയാനാവില്ലെങ്കിലും അതിലെ കുടികിടപ്പുകാരന് ഏതൊരു പ്രധാനമന്ത്രിക്കും അസ്വസ്ഥത സൃഷ്ടിക്കാന്‍ കഴിയും. ഇതാണ് ഡല്‍ഹി സുല്‍ത്താനേറ്റില്‍ പ്രധാനമന്ത്രിയുടെ നിയന്ത്രണവും അധികാരവുമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ബന്ധം.

രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ താല്‍പര്യത്തിന്റെ പുറത്തുള്ള തിരഞ്ഞെടുപ്പായിരുന്നു എന്നത് ന്യൂഡല്‍ഹിയിലെ ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും അംഗീകരിക്കുന്ന ഒന്നാണ്. ഇക്കാര്യത്തില്‍ വ്യത്യസ്ത ആശയങ്ങളുണ്ടായിരുന്ന ആര്‍എസ്എസിന്റെ താത്പര്യങ്ങളെ മറികടന്നാണ് മോദി, കോവിന്ദിനെ കൊണ്ടുവന്നതെന്നും അവര്‍ കരുതുന്നു. ആര്‍എസ്എസും മോദിയും തമ്മിലുള്ള ബന്ധം ഒരു പുന:പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ രക്ഷാധികാരി-അനുയായി ബന്ധത്തില്‍ വാജ്‌പേയിക്കുണ്ടായിരുന്ന പോലുള്ളൊരു മേല്‍ക്കൈ ഇപ്പോള്‍ മോദിക്കുമുണ്ട്. ആര്‍എസ്എസ് - ബിജെപി സഹജീവിതത്തെ നിര്‍ണയിക്കുന്നതാണ് ഇത്. നാഗ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തന്റെ സാംസ്‌കാരിക സംഘടനയോടുള്ള ഒരു സ്വയംസേവകനെന്ന നിലയ്ക്കുള്ള കൂറും പ്രധാനമന്ത്രിയുടെ ഭരണഘടനാപരമായ ബാധ്യതകളും തമ്മിലുള്ള സംഘര്‍ഷം വ്യക്തമാണ്. ആര്‍എസ്എസിന്റെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും അപ്പുറം ഭരണഘടനാപരമായ ബാധ്യതകളും കടമകളും സംബന്ധിച്ച് പ്രധാനമന്ത്രി വാജ്‌പേയിയ്ക്ക് തുടക്കം മുതലേ വ്യക്തതയുണ്ടായിരുന്നു. എന്നാല്‍ ഈ വ്യക്തതയ്ക്കും ബോധ്യത്തിനും അദ്ദേഹത്തിന് വില നല്‍കേണ്ടി വന്നു.മോദി ഇക്കാര്യത്തില്‍ കുറച്ചുകൂടി തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. കോവിന്ദിന്റെ തിരഞ്ഞെടുപ്പിലൂടെ മോദി ഒരു വര വരച്ചു. ഇത് ആര്‍എസ്എസിന്റെ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. ഒരു ബിജെപിക്കാരനായ പ്രധാനമന്ത്രിയെ സംബന്ധിച്ച് ആര്‍എസ്എസ് എന്നത് മുറിക്കകത്തുള്ള അവഗണിക്കാനാവാത്ത ആനയാണ്. ആര്‍എസ്എസിന്റെ പരിശോധനകള്‍ ഇല്ലാതാകുന്നില്ല. ജൂലായ് 20ന് മോദിയുടെ സ്വന്തം രാഷ്ട്രപതി വരും. ഇത് സുഹൃത്തുക്കളേയും അനുബന്ധവൃത്തങ്ങളേയും കൈകാര്യം ചെയ്യുന്നതില്‍ മോദിയുടെ സമീപനത്തില്‍ മാറ്റങ്ങളുണ്ടാക്കിയേക്കാം. പ്രണബ് മുഖര്‍ജി മോദിയെ സംബന്ധിച്ച് അത്ര തലവേദനയുണ്ടാക്കിയ പ്രസിഡന്റായിരുന്നു എന്ന് പറയാനാവില്ല. അതേസമയം അദ്ദേഹം ഒരിക്കലും റബ്ബര്‍ സ്റ്റാമ്പാക്കാന്‍ കഴിയുന്നയാളുമായിരുന്നില്ല. മോദിക്കോ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കോ തീര്‍ച്ചയായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കയ്യിലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനുള്ള വഴിയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

തങ്ങള്‍ക്ക് സ്വാധീനം ചെലുത്താവുന്ന ഒരു രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതിയെ കൂടി കിട്ടിയാല്‍ നിലവില്‍ പ്രതിപക്ഷത്തിന് രാജ്യസഭയിലുള്ള കരുത്തുറ്റ സാന്നിധ്യത്തെ അത് ബാധിച്ചേക്കും. ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന ഹമീദ് അന്‍സാരിയെ പോലുള്ളൊരാളുടെ സാന്നിധ്യം ഇല്ലാതാവുന്നതോടെ ഒരു മാസത്തിനകം ആ അസ്വസ്ഥതയും ഇല്ലാതാകും. ഓഗസ്റ്റില്‍ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരുന്നു. സര്‍ക്കാരിന് സ്വാധീനത്തിലാക്കാന്‍ ഏറ്റവും പ്രയാസമുള്ള അധികാരകേന്ദ്രം സുപ്രീം കോടതിയാണ്. അതേസമയം ജുഡീഷ്യറിയേയും ഒരു തരത്തിലുള്ള നിശബ്ദത ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ജുഡീഷ്യറിയുടെ സാന്നിധ്യം സമഗ്രാധിപത്യ താല്‍പര്യങ്ങളെ സംബന്ധിച്ച് അത്ര പ്രശ്നമൊന്നും അല്ലെന്നത് വസ്തുത.ഒരു ആധുനിക ജനാധിപത്യ പാര്‍ട്ടിയെന്ന നിലയിലുള്ള രൂപം ബിജെപിയെ സംബന്ധിച്ച് ഒരു അടഞ്ഞ അധ്യായം പോലിരിക്കുകയാണ്. 2013ല്‍ പാര്‍ട്ടിയുടെ ദേശീയനേതൃത്വം മോദി കൈപ്പിടിയിലൊതുക്കുകയും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് രാജ്യത്തിന്റെ ജനാധിപത്യപരമായ അംഗീകാരം ഉറപ്പാക്കുകയും ചെയ്തതോടെ ബിജെപിയുടെ ശബ്ദം അനുചരശബ്ദമായി. നരേന്ദ്ര മോദിയുടെ നിഴലിന്, മോദിപ്രഭാവത്തിന് പുറത്ത് നില്‍ക്കാന്‍ കഴിയുന്ന രാഷ്ട്രീയ വ്യക്തിത്വം ബിജെപി അധ്യക്ഷനില്ല. മോദിയുടെ സമഗ്രാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള ഒരു നേതാവും ഇപ്പോള്‍ ആ പാര്‍ട്ടിയുടെ നേതൃത്വമില്ല. വാജ്‌പേയിയ്‌ക്കോ അദ്വാനിക്കോ ഇത്തരത്തിലൊരു മേധാവിത്തം ഒരിക്കലും ബിജെപിയില്‍ ഉണ്ടായിരുന്നില്ല. അവരുടെ നേതൃത്വം സഹപ്രവര്‍ത്തകരുമായി ചേര്‍ന്നുനിന്നുള്ളതും കൂടിയാലോചനകളുടേതുമായിരുന്നു. ആധിപത്യത്തിനുള്ള വാഞ്ഛയെ നിയന്ത്രിക്കുകയും അധികാരം പങ്കുവയ്ക്കുകയുമായിരുന്നു അവര്‍. എന്നാല്‍ നരേന്ദ്ര മോദിക്ക് ഇത്തരത്തില്‍ യാതൊരു മടിയുമില്ല.

കേന്ദ്ര കാബിനറ്റ്, ഉദ്യോഗസ്ഥവൃന്ദം, മാധ്യമങ്ങള്‍ എന്നിവയുടെ കാര്യമെടുക്കാം. ഇവ ഏതാണ്ട് വരിയുടയ്ക്കപ്പെട്ടിരിക്കുന്നു. ഇവയുടെ ഭീരുത്വം കലര്‍ന്ന ഐക്യപ്പെടല്‍ മുമ്പെങ്ങുമില്ലാത്ത വിധമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം സ്മ്പദ് വ്യവസ്ഥയുടെ കാര്യമെടുത്താല്‍ മോദി സര്‍ക്കാര്‍ പ്രയാസമേറിയ ചില കാര്യങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. വാഗ്ദാനങ്ങളും നാട്യങ്ങളും പലതും എവിടെയും എത്തുന്നില്ല എന്നതാണ് അത്. തൊഴിലവസരങ്ങളില്‍ കുറവ് വലിയ പ്രശ്‌നമാണ്. തിരഞ്ഞെടുപ്പ് നേട്ടങ്ങളെ ഇത് ബാധിച്ചേക്കും. കോര്‍പ്പറേറ്റുകള്‍, വ്യാപാരികള്‍. ചെറുകിട കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ - ഇങ്ങനെ എല്ലാവരും നോട്ട് നോട്ട് നിരോധന നാടകത്തിനും ജിഎസ്ടിക്കും ഇടയില്‍ ശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്.

രാഷ്ട്രീയമായി മോദി സര്‍ക്കാര്‍ അതിന്റെ സാമര്‍ത്ഥ്യവും ബുദ്ധികൂര്‍മതയും തെളിയിച്ച് കഴിഞ്ഞു. ഗാന്ധിമാരേയും കോണ്‍ഗ്രസിനേയും മറ്റെല്ലാ പ്രതിപക്ഷ കക്ഷികളേയും ഏറെക്കുറെ അപ്രസക്തരാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. നോട്ട് നിരോധന തമാശ നാട്ടുകാര്‍ക്കിടയില്‍ നല്ല പോലെ വിറ്റഴിക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഈ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. പക്ഷെ ഈ അമിത ആത്മവിശ്വാസത്തിന് അപകടകരമായ അന്ത്യമുണ്ടാകും. ശക്തമായ ഒരു ജനാധിപത്യവ്യവസ്ഥിതിക്ക് വിശ്വാസ്യതയുള്ള സ്ഥാപനങ്ങള്‍ വേണം. എത്ര കരുത്തരായ നേതാവിന്റേയും അഹന്തകളേയും ഉന്മാദങ്ങളേയും നേരിടാന്‍ കഴിയുന്നവ.

Next Story

Related Stories