TopTop
Begin typing your search above and press return to search.

മോദിക്കാലത്ത് മാധ്യമ ഉടമകളെ മൊത്തത്തില്‍ വാങ്ങുക എന്നതാണ് രീതി- അഭിമുഖം/പി രാമന്‍

മോദിക്കാലത്ത് മാധ്യമ ഉടമകളെ മൊത്തത്തില്‍ വാങ്ങുക എന്നതാണ് രീതി- അഭിമുഖം/പി രാമന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളികള്‍, ഉദാരവത്കരണ കാലത്ത് മാധ്യമ ഉടമസ്ഥതയിലും എഡിറ്റോറിയല്‍ നയങ്ങളിലും സ്ഥാപനങ്ങളുടെ ഘടനയിലും വന്ന മാറ്റങ്ങള്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി, മാധ്യമ ഉടമസ്ഥതയുടെ പുതിയ സാധ്യതകള്‍, സോഷ്യല്‍ മീഡിയയിലെ നിയന്ത്രണത്തിന്റെ ആവശ്യകത എന്നിവയെപ്പറ്റിയെല്ലാം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അഴിമുഖവുമായി പങ്കുവയ്ക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ പ്രസ് കൗണ്‍സില്‍ അംഗവുമായ പി രാമന്‍.

ലിങ്ക്, പേട്രിയറ്റ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഇക്കണോമിക്‌ ടൈംസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ പത്രങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം രണ്ട് ഘട്ടങ്ങളിലായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നു. മാധ്യമപ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഉദാരവത്കരണ കാലത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് സംഭവിച്ച മാറ്റങ്ങളും ഉദാരവത്കരണത്തിന് മുന്‍പും ശേഷവും ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിച്ച പ്രതിസന്ധികളും വിശകലനം ചെയ്യുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ The Post Truth എന്ന ശ്രദ്ധേയമായ പുസ്തകം പുറത്തിറങ്ങിയത് ഈയിടെയാണ്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഇന്ത്യന്‍ മാധ്യമലോകം വെല്ലുവിളി നേരിടുന്നത് ഒരേ സമയം പുറത്തു നിന്നും അകത്തുനിന്നുമാണ്. സെല്‍ഫ് സെന്‍സര്‍ഷിപ്പിന് നിര്‍ബന്ധിതമാക്കും വിധം ഭരണകൂടത്തില്‍ അത് നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതേസമയം അകത്ത് നിന്ന് അത് നേരിടുന്ന പ്രശ്‌നങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്താണ് മാധ്യമ സ്വാതന്ത്ര്യം എന്ന ചോദ്യം വരുന്നുണ്ട്. വസ്തുനിഷ്ഠമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യമാണോ അതോ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടുപോകാനുള്ള മാധ്യമ ഉടമകളുടെ സ്വാതന്ത്ര്യമാണോ അത് എന്ന ചോദ്യം വരുന്നു...

വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ് താങ്കള്‍ ഉന്നയിച്ചത്. ഉദാരവത്കരണത്തിന് ശേഷമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതുവരെ പരിമിതമായെങ്കിലുമുണ്ടായിരുന്ന സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഏറ്റവും മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ പോലും ഫയല്‍ ചെയ്യുന്ന സ്റ്റോറിയിലെ ഓരോ വാക്കും കീറിമുറിച്ച് എഡിറ്റര്‍മാര്‍ പരിശോധിക്കുകയാണ്. ഞങ്ങളുടെ കാലത്ത് കോര്‍പ്പറേറ്റ് മാധ്യമങ്ങളിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റുമാര്‍ സ്ഥാപനത്തിന്റെ നയപരമായ ചട്ടക്കൂടിനകത്ത് തന്നെ ചില സ്വാതന്ത്ര്യങ്ങളൊക്കെ അനുഭവിച്ചിരുന്നു. ഞങ്ങളുടെ സ്റ്റോറികള്‍ ചവുട്ടിമെതിക്കപ്പെടാറില്ലായിരുന്നു. എഡിറ്റര്‍മാര്‍ ഉടമകള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരായി മാറിയതിന് ശേഷം ഉടമകളുടെ രാഷ്ട്രീയ, വ്യവസായ താത്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തയെ കൈകാര്യം ചെയ്യാന്‍ തുടങ്ങി.

ചില പത്രങ്ങളില്‍ റീറൈറ്റര്‍മാരുണ്ട്. വാര്‍ത്തയെ കീറിമുറിച്ച് പരിശോധിക്കുകയും ഉടമയുടെ താത്പര്യത്തിനനുസരിച്ച് മാറ്റുകയുമാണ് ഇവരുടെ പണി. ഒരു സ്റ്റോറി തയ്യാറാക്കുന്നതിന് മുമ്പ് കോര്‍ഡിനേറ്ററുമായോ എഡിറ്ററുമായോ ആലോചിച്ച് ഏത് തരത്തിലാണ് അത് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചുറപ്പിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. എന്തായിരിക്കണം ലീഡ്, എന്താണ് ഒഴിവാക്കേണ്ടത് എന്നെല്ലാം കോര്‍ഡിനേറ്ററോ എഡിറ്ററോ തീരുമാനിക്കും. ഇത് മാധ്യമപ്രവര്‍ത്തകരുടെ വസ്തുനിഷ്ഠമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ്‌ ചെയര്‍പേഴ്സണും എഡിറ്റോറിയല്‍ ഡയറക്ടറുമായ ശോഭന ഭാര്‍തിയ മോദിക്കൊപ്പം

1980-കളുടെ മധ്യകാലം വരെ മാധ്യങ്ങള്‍ പ്രധാനമായും ഭീഷണി നേരിട്ടിരുന്നത് ഗവണ്‍മെന്റില്‍ നിന്നാണ്. ഗവണ്‍മെന്റ് മാധ്യമങ്ങളെ നിയന്ത്രിക്കാനും വരുതിയില്‍ നിര്‍ത്താനും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഉടമസ്ഥതയുടെ വിപുലീകരണം, നിയമനിര്‍മ്മാണങ്ങള്‍, പേജ് പ്രൈസ് ഫോര്‍മുല തുടങ്ങിയവയെല്ലാം അത് ഉപയോഗിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ അതിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായി ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ മാധ്യമ ഉടമകളെ ഉപയോഗിക്കുകയാണ്.

മാധ്യമ ഉടമകളില്‍ നിന്ന് പരിമിതമായ സ്വാതന്ത്ര്യമെങ്കിലും കിട്ടിയിരുന്ന പഴയ സെലിബ്രിറ്റി എഡിറ്റര്‍മാരുടെ കാലത്ത് ഭേദപ്പെട്ട സംവിധാനമുണ്ടായിരുന്നു. രാവിലെ എഡിറ്റര്‍മാരുടെ അധ്യക്ഷതയില്‍ മീറ്റിംഗുകള്‍ പതിവായിരുന്നു. അസിസ്റ്റന്റ് എഡിറ്റര്‍മാര്‍, ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ്, സീനിയര്‍ എഡിറ്റര്‍മാര്‍ തുടങ്ങിയവരെല്ലാം മീറ്റിംഗിലുണ്ടാകും. ദൈനംദിന സംഭവവികാസങ്ങളുടെ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ചും എഡിറ്റോറിയല്‍ നയം സംബന്ധിച്ചും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുമായിരുന്നു. ചീഫ് എഡിറ്റര്‍മാര്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് കേട്ടിരുന്നു. അവസാന തീരുമാനം എപ്പോഴും ചീഫ് എഡിറ്ററുടേതാകുമെങ്കിലും. ആവശ്യമുള്ളപ്പോളെല്ലാം ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കപ്പെട്ടിരുന്നു. എഡിറ്ററായിരുന്നു അവസാന വാക്ക്. ഉടമകള്‍ സ്ഥാപനത്തിന്റെ നയവും കാഴ്ചപ്പാടും എഡിറ്ററെ നിയമിക്കുന്ന സമയത്ത് വിശദീകരിച്ചുകൊടുക്കും. ഞങ്ങള്‍ക്ക് അത്തരത്തില്‍ പരിമിതമായ സ്വാതന്ത്ര്യമെങ്കിലുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉടമകള്‍ നേരിട്ടോ മാനേജര്‍മാര്‍ വഴിയോ ഓരോ വാര്‍ത്തയുടേയും ഉള്ളടക്കത്തില്‍ ഇടപെടുന്നു.

കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളെ സംബന്ധിച്ച് പുറത്തുകൊണ്ടുവന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയത്തിനായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ വരെ തയ്യാറായി രംഗത്തുവരുന്ന ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടെ (ടൈംസ് ഗ്രൂപ്പ്) എംഡിയായ വിനീത് ജെയിന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ സ്ഥാപനത്തിന്റെ സന്നദ്ധത അറിയിക്കുന്നു. എന്താണ് മാധ്യമ സ്വാതന്ത്ര്യം എന്ന ചോദ്യം ഇത് വീണ്ടും ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ എട്ട് വര്‍ഷമായി തിരഞ്ഞെടുപ്പിനോടടുത്ത് തുടങ്ങുന്ന പെയ്ഡ് ന്യൂസുകളെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവസ്ഥ കൂടുതല്‍ മോശമായിരിക്കുന്നു. നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ് കോബ്ര പോസ്റ്റ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ദീര്‍ഘകാലത്തേയ്ക്ക് ന്യൂസ് പേപ്പര്‍ കോളങ്ങള്‍ വിലയ്‌ക്കെടുക്കുന്നതും ടിവി ചാനലുകള്‍ മൊത്തമായി രാഷ്ട്രീയ പാര്‍ട്ടികളും ബിസിനസ് രാജാക്കന്മാരും പാട്ടത്തിനെടുക്കുന്നതുമെല്ലാം നരേന്ദ്ര മോദിയുടെ മീഡിയ മാനേജ്‌മെന്റിന്റെ ഭാഗമാണ്. ഇത്തരം ധാരണകളുടെ ഭാഗമായി ടൈംസ് നൗ ചാനലിനെ ബിജെപി പ്രൊപ്പഗാണ്ടയ്ക്കായി ബിസിസിഎല്‍ (ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ്) വിട്ടുകൊടുത്തിരിക്കുന്നു. ദേശഭക്തിയുടെ ഹിന്ദുത്വ ബ്രാന്‍ഡ് പ്രചരിപ്പിക്കുക, എറ്റവും മോശമായ രീതിയില്‍ എതിരാളികളെ ആക്രമിക്കുക തുടങ്ങിയവയെല്ലാം വലിയ വിലയ്ക്ക് തന്നെ അവര്‍ ചെയ്തുകൊടുക്കുന്നു.

ടൈംസ് ഗ്രൂപ്പ് എംഡി വിനീത് ജെയിന്‍ മോദിക്കൊപ്പം

മാധ്യമസ്ഥാപനങ്ങളുടെ ധനസമ്പാദന പദ്ധതികള്‍ക്ക് അനുയോജ്യമായ തരത്തിലാണ് ഇത് നടക്കുന്നത്. ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലാണ് മിറര്‍ നൗ. എന്നാല്‍ മിറര്‍ നൗവിന് കുറച്ച് സന്തുലിതമായ നയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. യോജിച്ച ഒരു ക്ലൈന്റിനെ കാത്തിരിക്കുകയാണ് ബിസിസിഎല്‍ എന്ന് ഒരു തമാശയുണ്ട്. ഇത്തരം അധോലോക ഇടപാടുകള്‍ പുറത്തുകൊണ്ടുവരുക എന്നത് എത്രമാത്രം ദുഷ്‌കരമാണ് എന്ന് കോബ്ര പോസ്റ്റ് ഓപ്പറേഷന്‍ വ്യക്തമാക്കുന്നുണ്ട്. പ്രൊഫഷണല്‍ അന്വേഷണ ഏജന്‍സികളുടെ സഹായമില്ലാതെ ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനാകില്ല. ഒരുപക്ഷെ എന്നെങ്കിലും ഒരു സര്‍ക്കാര്‍ അത് ചെയ്യുമായിരിക്കും. ബിസിസില്‍ എങ്ങനെയാണ് അതിന്റെ സ്‌പേസ് വില്‍ക്കുന്നത്, ഈ ബിസിനസ് എങ്ങനെ അതിന്റെ വാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു എന്നെല്ലാം എന്റെ പുസ്തകത്തില്‍ (പോസ്റ്റ് ട്രൂത്ത്) പറയുന്നുണ്ട്. ഒരു ബ്രാന്‍ഡ് മാനേജരാണ് ഇത്തരം പരിപാടികളെല്ലാം കൈകാര്യം ചെയ്യുന്നത്.

ചാനലുകളെ വിലയ്‌ക്കെടുക്കുന്നത് മറ്റൊരു വൃത്തികെട്ട പരിപാടിയാണ്. 2014ലെ തിരഞ്ഞെടുപ്പ് കാലത്ത് മിക്കവാറും എല്ലാ ചാനലുകള്‍ക്കും മോദിയുടെ കാമറാമാന്‍മാര്‍ അദ്ദേഹത്തിന്റെ റാലികളുടെ ദൃശ്യങ്ങളെത്തിച്ചുകൊണ്ടിരുന്നു. ഇത് തിരഞ്ഞെടുപ്പിന് മുമ്പ് മാധ്യമ ഉടമകളുമായി ബന്ധപ്പെട്ട് മോദിയുടെ സമ്പന്നരായ കാംപെയിന്‍ ആസൂത്രകര്‍ അറേഞ്ച് ചെയ്തതായിരുന്നു. ഈ വിഷ്വലുകള്‍ ഒരേസമയം ഒരു ഡസനോളം ചാനലുകള്‍ കാണിച്ചുകൊണ്ടിരുന്നു. പലരും പ്രൈംടൈമില്‍ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചുരുക്കം ചില ചാനലുകള്‍ മാത്രമാണ് ഇതില്‍ നിന്നും വിട്ടുനിന്നത്. മോദി സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമായി. കാരണം മിക്കവാറും ചാനലുകളും അതിന്റെ രാഷ്ട്രീയ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു.

ആകാര്‍ പട്ടേല്‍ 'ജിഹാദി ചാനലുകള്‍' എന്ന് വിശേഷിപ്പിച്ചത് മൂന്ന് വഴിക്കുള്ള അറേഞ്ച്‌മെന്റാണ്. പ്രതിരോധ മേഖലയിലടക്കമുള്ള സര്‍ക്കാര്‍ എജന്‍സികള്‍ പതിവായി എക്‌സ്‌ക്ലൂസീവുകള്‍ കൊടുക്കും. വര്‍ഗീയതയും വെറുപ്പും പ്രസരിപ്പിക്കുന്നതോ പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്നതോ ആകാം അത്. ടൈംസ് നൗവിനേയും റിപ്പബ്ലിക്ക് ടിവിയേയും പോലുള്ള 'ജിഹാദി ചാനലു'കള്‍ കൊടുക്കുന്ന സൂപ്പര്‍ എക്‌സ്‌ക്ലൂസിവുകളുടെയെല്ലാം സോഴ്‌സ് ഇതാണ്. പത്ര മാധ്യമങ്ങളെ അപേക്ഷിച്ച് ഈ 'ജിഹാദി ചാനലു'കള്‍ക്ക് ഏറെ ഗുണങ്ങള്‍ കിട്ടുന്നുണ്ട്. ടിആര്‍പി റേറ്റിംഗ് മാറ്റിനിര്‍ത്തിയാല്‍ അവര്‍ക്ക് പ്രേക്ഷകരോട് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഇല്ല. വിശ്വാസ്യത ഒരു പ്രശ്‌നമേയല്ല. പരസ്യവരുമാനം കൈകാര്യം ചെയ്യാനാകും. ഉദാഹരണത്തിന് ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ യാതൊരു യുക്തിയുമില്ലാതെ വാര്‍ത്തകളെ വളച്ചൊടിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്താല്‍ അതിന് അതിന്റെ വായനക്കാരെ നഷ്ടമാകും. ഇതിനാല്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കുക എന്നത് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അനിവാര്യമാണ്.

സ്വതന്ത്ര ഇന്ത്യയിലെ മാധ്യമങ്ങള്‍ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുകയും സംഘര്‍ഷങ്ങള്‍ക്ക് തീ പകരുകയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അയോധ്യ കര്‍സേവ കാലത്തെ ഹിന്ദി പത്രങ്ങളും 2002ല്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റേയും കൂട്ടക്കൊലകളുടേയും കാലത്തെ ഗുജറാത്തി പ്രാദേശിത മാധ്യമങ്ങളുമെല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസ് കൗണ്‍സില്‍ അടക്കമുള്ള മാധ്യമനിയന്ത്രണ സംവിധാനങ്ങള്‍ നിഷ്‌ക്രിയമാണ്. ദൃശ്യമാധ്യമങ്ങളുടേയും നവമാധ്യമങ്ങളുടേയും ശക്തിപ്പെടലോടെ അവസ്ഥ കൂടുതല്‍ മോശമായിരിക്കുന്നു. അതേസമയം നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ലാതായാലും സര്‍ക്കാര്‍ ഇടപെടല്‍ അംഗീകരിക്കാനാവില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ എന്താണ് വഴി?

ഇത്തരം വെല്ലുവിളികളില്‍ ഒരോന്നും വിവിധ തലങ്ങളില്‍ വിവിധ ജനവിഭാഗങ്ങളുടെ സഹകരണത്തോടെ നേരിടണം. ബഹുരാഷ്ട്ര കമ്പനികളുടെയടക്കം പിന്തുണ സ്വകരിക്കാവുന്നതാണ്. പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്ന തരത്തില്‍ ബഹുജന പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍ ആവശ്യമായി വരും. പുരോഗമന പ്രസ്ഥാനങ്ങള്‍ ശക്തമായ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഈ മാധ്യമ വര്‍ഗീയ പ്രചാരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ബഹുജന പ്രസ്ഥാനങ്ങള്‍ക്ക് കഴിയും. എന്നാല്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ എല്ലായിടത്തുമില്ല.

അയോധ്യ കര്‍സേവയുടെ സമയത്ത് യുപിയിലും ബിഹാറിന്റെ ചില ഭാഗങ്ങളിലും നടന്നിരുന്ന കര്‍സേവയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ പ്രോത്സാഹിച്ച ഹിന്ദി മാധ്യമങ്ങളുടെ നടപടി അന്വേഷിക്കാനെത്തിയ പ്രസ് കൗണ്‍സില്‍ സബ് കമ്മിറ്റിയില്‍ അംഗമായിരുന്ന ഞാന്‍ ആ സമയത്ത് അവിടെ പോയിരുന്നു. ദൈനിക് ജാഗരണ്‍, അമര്‍ ഉജാല തുടങ്ങിയ പത്രങ്ങളെല്ലാം മത്സരിച്ചാണ് വര്‍ഗീയ പ്രചാരണം നടത്തിയത്. ബാക്കിയുള്ള പത്രങ്ങള്‍ ഇവരുടെ വഴിയിലേക്ക് വന്നു.

ഒരു വിഭാഗം ഹിന്ദി പത്രങ്ങള്‍ പടച്ചുവിട്ട നുണകളെ പറ്റി ഞാനും കെ വിക്രം റാവുവും ഞങ്ങളുടെ ന്യൂനപക്ഷ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദിയില്‍ രാം എന്ന് എഴുതിയത് പോലെ മുറിച്ചുവച്ച വഴുതനങ്ങാ കഷണങ്ങളില്‍ കുരുക്കള്‍ വച്ചിരുന്നു. ഇത് ഒന്നാം പേജ് വാര്‍ത്തയാക്കിയ ഹിന്ദി പത്രങ്ങള്‍ രാമന്‍ തന്നെ താന്‍ അയോധ്യയിലാണ് ജനിച്ചതെന്ന് വ്യക്തമാക്കിയിട്ടുള്ളതായി അവകാശപ്പെട്ടു. മുഖ്യമന്ത്രിയെ മൗലാന മുലായം സിംഗ് എന്ന് വിളിച്ചു. ഇത്തരത്തിലുള്ള പ്രചാരണമാണ് നടന്നത്. മുഖ്യധാര മാധ്യമങ്ങളും മതനിരപേക്ഷ വിഭാഗങ്ങളും ഈ അവസ്ഥ വേണ്ട വിധം ശ്രദ്ധിച്ചില്ല. അത് പൊതുസമൂഹത്തിന്റെ വലിയൊരു പരാജയമായിരുന്നു. ഇപ്പോള്‍ മോദി കാലത്തേത് പോലെ ആ സമയത്ത് വര്‍ഗീയത വാണിജ്യവത്കരിക്കപ്പെടുമായിരുന്നില്ല. ഭാഗ്യവശാല്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി അധികാരത്തിന് പുറത്തായി.

2002ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ കാലത്ത് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത് വ്യത്യസ്തമായ നിലയിലായിരുന്നു. അത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ആയിരുന്നു. ഈ രണ്ട് കേസുകളിലും പ്രാദേശിക മാധ്യമ സ്ഥാപനങ്ങള്‍ ഹിന്ദുത്വ മന:സ്ഥിതിയോടെയാണ് പ്രവര്‍ത്തിച്ചത്. മധ്യവര്‍ഗ വികാരങ്ങളെക്കുറിച്ച് തങ്ങള്‍ക്കുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ അവരുടെ രീതികളില്‍ കളിച്ചു. അതേസമയം ദേശീയ തലത്തില്‍ മാധ്യമങ്ങളടക്കം അവബോധമുള്ള വിഭാഗങ്ങള്‍ ശക്തമാണ് എന്നത് ആശ്വാസകരമാണ്. മാധ്യമങ്ങളുടെ ഇത്തരം വിഭാഗങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കണം.

അതേസമയം ഇതില്‍ രസകരമായ വൈരുദ്ധ്യമുണ്ട്. ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍, വിദേശ മൂലധന ശക്തികള്‍, പാശ്ചാത്യ ഗവണ്‍മെന്റുകള്‍ തുടങ്ങിയവ മോദിയുടെ കാവിവത്കരണ അജണ്ടകളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അവ തന്നെ ഗുജറാത്ത് വര്‍ഗീയ കലാപത്തെ തള്ളിപ്പറയുകയും മോദിക്ക് വിസ നിഷേധിക്കുകയും ചെയ്തു. 2014ന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അത് രൂക്ഷമായി വിമര്‍ശിച്ചു. കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന തടഞ്ഞ വിവാദ നിയമത്തെ പിന്‍വലിക്കാന്‍ മോദിയെ നിര്‍ബന്ധിതനാക്കി. വളരെയധികം വഴിവിട്ട് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍മീഡിയയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. ബോധവും വിവേകവുമുള്ള പൗരന്മാര്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാനാകും.

റോയിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യക്ക് നഷ്ടപ്പെടുത്തുകയും ജാദവിന് പാകിസ്താന്‍ വധശിക്ഷ വിധിക്കാനും ഇടയാക്കിയത് ബലൂചിസ്താനെ സംബന്ധിച്ച് മോദി നടത്തിയ നിരുത്തരവാദപരമായ പരാമര്‍ശമാണ്. ബലൂചിസ്താനില്‍ ഇന്ത്യ ഇടപെട്ട് കുഴപ്പങ്ങളുണ്ടാക്കാറുള്ളതായി പാകിസ്താന്‍ നിരന്തരം ആരോപിക്കാറുണ്ട്. ഇന്ത്യ എല്ലായ്‌പ്പോളും ഇത് നിഷേധിക്കാറുണ്ട്. എന്നാല്‍ ബലൂചിസ്താനിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മോദിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നതിനായി, റോയില്‍ നിന്നുള്ള വീഡിയോ സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും മറ്റും നല്‍കി.

പാക് ഗവണ്‍മെന്റിനെതിരായ പ്രതിഷേധ പ്രകടനങ്ങളുടെ ദൃശ്യങ്ങളായിരുന്ന ഇവ. പാകിസ്താനി ഇന്‍ലിജന്‍സ് ഈ ദൃശ്യങ്ങള്‍ ശേഖരിക്കുകയും അത് പരിശോധിക്കുകയും ചെയ്തു. ചില പരിചിത മുഖങ്ങള്‍ അവര്‍ ഈ റാലിക്കിടയില്‍ നിന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ പേര് വന്നതും അയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും. മോദിയുടെ പക്വതയില്ലായ്മയും നിരുത്തരവാദപരമായ പെരുമാറ്റവും മൂലം 'റോ'യ്ക്ക് ഒരു പ്രധാന ഉദ്യോഗസ്ഥനെ ഇങ്ങനെ നഷ്ടപ്പെട്ടു.

ഉദാരവത്കരണാനന്തര കാലത്ത് സംഭവിച്ച 'എഡിറ്ററുടെ മരണ'ത്തെ പറ്റി താങ്കള്‍ എഴുതിയിട്ടുണ്ട്. പരന്‍ജോയ് ഗുഹ തകൂര്‍ത്ത ഇപിഡബ്ല്യു എഡിറ്റര്‍ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത് അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തയെ തുടര്‍ന്നായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ആയിരുന്ന ബോബി ഘോഷ് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായത്. എച്ച് ടി ചെയര്‍പേഴ്‌സണും എഡിറ്റോറിയല്‍ ഡയറക്ടറുമായ ശോഭന ഭാര്‍തിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ്. ഉദാരവത്കരണത്തിന് മുമ്പുള്ള കാലം മുതല്‍ നിരവധി എഡിറ്റര്‍മാര്‍ പുറത്താക്കപ്പെടുന്നതിന് സാക്ഷ്യം വഹിച്ചയാളാണ് താങ്കള്‍. ഒരു പത്രമുടമ എഡിറ്റോറിയല്‍ ഡയറക്ടറായി രംഗത്തുവരുകയും എഡിറ്റോറിയല്‍ നയം തീരുമാനിക്കുകയും നിയന്ത്രിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണച്ച് രംഗത്ത് വരുകയും ചെയ്യുന്നതിനെ എങ്ങനെ കാണുന്നു?

ഉദാരവത്കരണത്തിന് മുമ്പുള്ള കാലത്ത് ചീഫ് എഡിറ്റര്‍ക്ക് നിയമന സമയത്ത് പത്രത്തിന്റെ എഡിറ്റോറിയല്‍ നയം സംബന്ധിച്ച് ധാരണയുണ്ടായിരുന്നു. ദിവസേനയുള്ള ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും വിധേയനാകേണ്ടി വന്നിരുന്നില്ല ചീഫ് എഡിറ്റര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. നേരത്തെ പത്രങ്ങള്‍ വലിയ കോര്‍പ്പറേറ്റ് ഉടമകളെ സംബന്ധിച്ച് ചെറിയ ബിസിനസ് മാത്രമായിരുന്നു. അതിന്റെ നടത്തിപ്പ് മാനേജര്‍ക്കും എഡിറ്റോറിയല്‍ മാനേജ്‌മെന്റ് ചീഫ് എഡിറ്റര്‍ക്കും അവര്‍ വിട്ടുകൊടുത്തു. എന്നാല്‍ ഇപ്പോള്‍ മിക്ക മൂന്നാം തലമുറ ഉടമകള്‍ക്കും മാധ്യമ സ്ഥാപനം പ്രധാന ബിസിനസ് തന്നെയാണ്.

ബിസിസിഎല്ലിന്റെ ജയിന്‍ സഹോദരന്മാര്‍ക്കും (സമീര്‍, വിനീത്) ശോഭന ഭാര്‍തിയയ്ക്കുമെല്ലാം മുമ്പ്, ഏതാണ്ട് 20 വര്‍ഷം മുമ്പാണ് സ്റ്റേറ്റ്സ്മാനില്‍ സിആര്‍ ഇറാനി എഡിറ്റോറിയല്‍ കൈടത്തല്‍ നടത്തിയത്. ഇറാനി ചീഫ് സബ് എഡിറ്ററെ നേരിട്ട് വിളിക്കും. അല്ലെങ്കില്‍ ന്യൂസ് റൂമിലേയ്ക്ക് ഇടിച്ചുകയറും. ന്യൂസ് സ്റ്റോറികളെ വെട്ടി നശിപ്പിക്കും. ഇപ്പോള്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ എന്ന പോസ്റ്റ് പുതിയ തലമുറ ഉടമകള്‍ വാര്‍ത്തകളില്‍ ഇടപെടാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്.

കൊല്‍ക്കത്തയിലെ സ്റ്റേറ്റ്സ്മാന്‍ ഹൗസ്

ഏതെങ്കിലുമൊരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ദൈനിക് ജാഗരണിലും മലയാള മനോരമയിലുമൊക്കെ ഭാഗംവയ്പാണ് നടക്കുന്നത്. ഒരാള്‍ ബിസിനിസ് കാര്യങ്ങളും മറ്റും നോക്കും മറ്റുള്ളവര്‍ എഡിറ്ററോ മാനേജിംഗ് എഡിറ്ററോ ഒക്കെ ആകും. സ്ത്രീകളുടെ കുട്ടികളുടേയോ മാഗസിന്റെ ചുമതല പെണ്‍മക്കളോ സ്ത്രീകളായ പിന്തുടര്‍ച്ചാവകാശികളോ വഹിക്കും. ഈ രണ്ട് പത്ര കുടുംബങ്ങളിലും സിഇഒ ശൈലിയിലുള്ള മാനേജ്‌മെന്റ് മാതൃകകളാണുള്ളത്. സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ഉടമകള്‍ നേരിട്ട് നടത്തുന്ന വാര്‍ത്താ നിയന്ത്രണത്തെ ഇഷ്ടപ്പെടുന്നു. അതുപോലെ ഒരു മേഖലയില്‍ ഒരു പത്രത്തിന്റെ കുത്തകയും സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കും.

മോദി സര്‍ക്കാരിന് കീഴില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളി എത്ര മാത്രം വര്‍ദ്ധിച്ചിട്ടുണ്ട്?

മോദി സര്‍ക്കാര്‍ പിന്തുടരുന്നത് മൂന്ന് വഴികളിലൂടെയുള്ള തന്ത്രമാണ്. ന്യൂസ്‌പേപ്പര്‍ സ്‌പേസും ചാനല്‍ എയര്‍ ടൈമും വാങ്ങുക - ഇത് പാര്‍ട്ടി തലത്തില്‍ സുഹൃത്തുക്കള്‍ വഴി ചെയ്യും, വാര്‍ത്താസ്രോതസുകളെ സര്‍ക്കാര്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യും, തങ്ങള്‍ക്ക് താത്പര്യമുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കാന്‍ അവ നിര്‍ദ്ദേശം നല്‍കും. അത് ചിലപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവോ മുന്‍ മന്ത്രിയോ ആരോപണവിധേയനായ ഒരു വഞ്ചനാകേസുമായി ബന്ധപ്പെട്ട സിബിഐ രേഖയായിരിക്കാം. അല്ലെങ്കില്‍ ഏതെങ്കിലുമൊരു പ്രതിപക്ഷ കക്ഷി നേതാവിന്റെ അധോലോക ബന്ധമായിരിക്കാം. സര്‍ക്കാര്‍ പിആര്‍ഒകളുടെ ശരിക്കുമുള്ള പണിയും പ്രവര്‍ത്തന രീതിയുമല്ല ഇത്. എന്നാല്‍ ഇത് സാധാരണമായിരിക്കുന്നു.

പലപ്പോഴും എഡിര്‍ക്കോ റിപ്പോര്‍ട്ടര്‍ക്കോ അല്ല ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്. പകരം മാധ്യമ ഉടമയ്ക്കാണ്. മോദി മോഡലില്‍ ഇത്തരത്തിലാണ് സര്‍ക്കാരും മാധ്യമ ഉടമകളും തമ്മിലുള്ള ഇടപാട് നടക്കുന്നത്. മൂന്നാമത്തേത് ചെയ്യാന്‍ താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന ഏര്‍പ്പാടാണ്. ഇത് ഇന്ദിര ഗാന്ധിയുടെ കാലം മുതല്‍ തുടരുന്നു. റെയ്ഡുകളും സിബിഐ അന്വേഷണങ്ങളും സംബന്ധിച്ച ഭീഷണികള്‍ കൂടുതല്‍ നിര്‍ലജ്ജമായി വരുന്നു എന്നതാണ് ഇപ്പോഴുള്ള വ്യത്യാസം. ചില കേസുകളില്‍ ഉടമകളെ വിളിച്ചുവരുത്തി സിബിഐ ഫയലുകള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നു. മിക്ക മാധ്യമസ്ഥാപനങ്ങളും ഈ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുന്നു.

ഈയടുത്ത് മാതൃഭൂമി ന്യൂസ് വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരം സമുദായ സ്പര്‍ദ്ധ വളര്‍ത്തിയന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു. ആലുവയിലെ പൊലീസ് അതിക്രമം സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ നടത്തിയ വിവാദ പരാമര്‍ശമാണ് വേണുവിനെതിരായ കേസിലേയ്ക്ക് നയിച്ചത്. മുഖ്യമന്ത്രി മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചു എന്ന തരത്തിലായിരുന്നു വേണുവിന്റെ പരാമര്‍ശം. ഈ കേസ് മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ കാര്യമായ ചര്‍ച്ചയ്ക്ക് വഴി തുറന്നു. പലരും സര്‍ക്കാര്‍ നടപടിയെ മാധ്യമസ്വാതന്ത്ര്യത്തിലെ കൈ കടത്തലായി കണ്ടപ്പോള്‍ ചിലര്‍ അനിവാര്യമായ നിയമനടപടിയായി ഇതിനെ കണ്ടു. ഇത്തരം പരാമര്‍ശങ്ങളെ എങ്ങനെ കാണുന്നു?

സത്യം പറഞ്ഞാല്‍ എനിക്ക് ഈ പ്രശ്‌നത്തെ പറ്റി ഒന്നുമറിയില്ല.

റിലയന്‍സ് ഗ്രൂപ്പിന്റെ നെറ്റ്‌വര്‍ക്ക് 18 നിരവധി പ്രാദേശിക ചാനലുകളെ വിഴുങ്ങുന്നു. പല പ്രമുഖ മാധ്യമ ഗ്രൂപ്പുകളും വലിയ കോര്‍പ്പറേറ്റ് സമുച്ചയങ്ങളായി മാറിയിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളായി മാറിയിരിക്കുന്നതിനെ എങ്ങനെ കാണുന്നു?

റിലയന്‍സ് ഇന്‍ഡസ്ട്രീസ് അല്ലെങ്കില്‍ അതിന്റെ ഉപകമ്പനികള്‍ ആറോളം പ്രമുഖ ടിവി ചാനല്‍ കമ്പനികളില്‍ നിര്‍ണായക ഓഹരി പങ്കാളിത്തം വഹിക്കുന്നുണ്ട്. റിലയന്‍സ് നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം രാജ്ദീപ് സര്‍ദേശായ് എങ്ങനെയാണ് സിഎന്‍എന്‍ - ഐബിഎന്‍ വിട്ടത് എന്ന് നമുക്കറിയാം. മൂന്ന് വര്‍ഷം മുമ്പ് രാമോജി റാവുവിന്റെ ഇടിവിയെ റിലയന്‍സ് വിഴുങ്ങി. സിടിവിയും നെറ്റ്‌വര്‍ക്ക് 18നും ഇടിവിയും പ്രാദേശിക ടിവി ചാനല്‍ രംഗത്ത് അധിനിവേശം നടത്തിയിരിക്കുകയാണ്. ഇത് ദൃശ്യമാധ്യമ രംഗത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ്. അതേസമയം ഹിന്ദി ചാനലുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഒട്ടുമിക്ക ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളും ഈ കുത്തകവത്കരണത്തെ ചെറുക്കാന്‍ ശേഷിയുള്ളവയാണ് എന്ന് തോന്നുന്നു.

നേരത്തെ മാധ്യമ ഉടമകള്‍ ഒറ്റയ്ക്ക് ഒരു സ്ഥാപനമായി നിന്നാണ് സര്‍ക്കാരിന്റ കൈകടത്തലുകളെ ചെറുത്തിരുന്നത്. നരേന്ദ്ര മോദിയുടെ തന്ത്രം മാധ്യമ ഉടമകളുടെ നേരിട്ടുള്ള പിന്തുണ ഭീഷണികള്‍ വഴിയും ബിസിനസ് സഹായ വാഗ്ദാനങ്ങള്‍ വഴിയും നേടുക എന്നതാണ്. സൗഹൃദത്തിലുള്ള മാധ്യമ കോര്‍പ്പറേകളേയും ബിസിനസുകാരേയും പുതിയ മാധ്യമ സ്ഥാപനങ്ങള്‍ (റിപ്പബ്ലിക് ടിവി പോലുള്ളവ) തുടങ്ങാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അല്ലെങ്കില്‍ റിലയന്‍സും സീ ഗ്രൂപ്പും ചെയ്യുന്നത് പോലെ ഓഹരികള്‍ വാങ്ങുക. ഇതിന് ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു.

കോര്‍പ്പേററ്റ് പിടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എങ്ങനെ രക്ഷപ്പെടാം സഹകരണമേഖലയില്‍, മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ എന്ന നിലയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് എത്രത്തോളം സാധ്യതകളുണ്ട്?

ഇത് വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. മുമ്പ് ഇത്തരത്തിലുള്ള പല സംരംഭങ്ങളുമുണ്ടായിട്ടുണ്ട്. സഹകരണ സ്വഭാവത്തില്‍ പത്രങ്ങള്‍ നടത്തിയിട്ടുണ്ട്. അടച്ചുപൂട്ടിയ മില്ലുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനായി ഒരു കാലത്ത് സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായിരുന്നു തൊഴിലാളികളെ മാനേജ്‌മെന്റ് ഏല്‍പ്പിക്കുക എന്നത്. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു പത്രം (പേര് ഓര്‍ക്കുന്നില്ല) നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. അടച്ചുപൂട്ടിയ ബംഗാളി പത്രം ബസുമതിയിലും ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നു. സ്ഥാപക ഉടമ അടച്ചുപൂട്ടാന്‍ ശ്രമിച്ചപ്പോളാണ് ഇപിഡബ്ല്യു (എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി) ഏറ്റെടുക്കുന്നതിനായി ബുദ്ധിജീവികള്‍ ചേര്‍ന്ന് സമീക്ഷ ട്രസ്റ്റ് രൂപീകരിച്ചത്. എന്നാല്‍ ചരിത്രകാരി റോമില ഥാപ്പര്‍ അടക്കമുള്ള ട്രസ്റ്റികള്‍ എങ്ങനെയാണ് കോര്‍പ്പേറേറ്റ് സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ടതെന്നും പരന്‍ജോയ് ഗുഹ തകൂര്‍ത്തയെ എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നും നമ്മള്‍ കണ്ടു. ട്രിബ്യൂണ്‍ ട്രസ്റ്റികളില്‍ നിന്ന് അതിന്റെ എഡിറ്ററായിരുന്ന ഹരീഷ് ഖരെ നേരിട്ടതും ഇത്തരമൊരു അനുഭവമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഇത്തരം കൂട്ടായ്മകള്‍ക്ക് നമ്മള്‍ പുതിയ വഴികള്‍ തേടേണ്ടി വരുമെന്നാണ് തോന്നുന്നത്. അതേസമയം വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമില്ലാത്തതും സര്‍ക്കാര്‍ സഹായം കാര്യമായി വേണ്ടാത്തതുമായ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് ഇത്തരം കൂട്ടായ്മയിലുള്ള ഉടമസ്ഥതകള്‍ അനുയോജ്യമായിരിക്കും.

https://www.azhimukham.com/when-pm-modi-skipped-a-times-group-event/


Next Story

Related Stories