ന്യൂസ് അപ്ഡേറ്റ്സ്

കാർത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; സ്വത്തുക്കൾ ഇന്ത്യ, യുകെ, സ്പെയിൻ എന്നിവിടങ്ങളിൽ

യുകെയിലെ സോമർസെറ്റിലുള്ള ഒരു വീടും കോട്ടേജും, സ്പെയിനിലെ ബാഴ്സിലോണയിലുള്ള ഒരു ടെന്നിസ് ക്ലബ്ബും കണ്ടുകെട്ടിയ സ്വത്തുക്കളിൽ പെടുന്നു.

ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാർത്തി ചിദംബരത്തിന്റെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയിലും യുകെയിലും സ്പെയിനിലുമുള്ള 54 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഇന്ത്യയിൽ തമിഴ്നാട്ടിലെ കൊടൈക്കനാൽ, ഊട്ടി, ഡൽഹിയിലെ ജോർബാഗ് എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. യുകെയിലെ സോമർസെറ്റിലുള്ള ഒരു വീടും കോട്ടേജും, സ്പെയിനിലെ ബാഴ്സിലോണയിലുള്ള ഒരു ടെന്നിസ് ക്ലബ്ബും കണ്ടുകെട്ടിയ സ്വത്തുക്കളിൽ പെടുന്നു. പിഎംഎൽഎ (Prevention of Money Laundering Act) നിയമപ്രകാരമാണ് ഈ കണ്ടുകെട്ടലുകൾ നടന്നത്.

ചെന്നൈയിലെ ഒരു ബാങ്കിൽ നിക്ഷേപിച്ച 90 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും പിടിച്ചെടുത്ത സ്വത്തുക്കളുടെ കൂട്ടത്തിൽ പെടുന്നുണ്ട്. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ഈ നിക്ഷേപം. ഈ കേസിൽ സിബിഐ എഫ്ഐആർ പ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഇതേ കേസിൽ പിടിയിലായ കാര്‍ത്തി 10 ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

2007ല്‍ പി ചിദംബരം കേന്ദ്ര ധന മന്ത്രിയായിരിക്കെ 300 കോടിയുടെ വിദേശ നിക്ഷേപമാണ് ഐഎന്‍എസ് മീഡിയയ്ക്ക് അനധികൃതമായി ലഭിച്ചത്. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) ഇതിന് നല്‍കിയ ക്ലിയറന്‍സ് വിവാദമായിരുന്നു. കാര്‍ത്തി ചിദംബരം ഇതുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കൊലക്കേസ് പ്രതികളായ പീറ്റര്‍ മുഖര്‍ജിയുടേയും ഇന്ദ്രാണി മുഖര്‍ജിയുടേയും ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയുടെ അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരം അടക്കമുള്ളവര്‍ക്കെതിരെ സിബിഐ മറ്റൊരു കേസും എടുത്തിരുന്നു. ചെന്നൈയും ഡല്‍ഹിയുമടക്കം നാല് നഗരങ്ങളിലെ കാര്‍ത്തി ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷണല്‍ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാര്‍ത്തി ചിദംബരത്തിന് നല്‍കിയെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍