കോടതിയില്‍ നിന്നും ആവശ്യമായ അനുമതികള്‍ ലഭിച്ചതിനു ശേഷം മാത്രമാണ് റെവല്യൂഷണറി ഗാര്‍ഡ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന് അവകാശപ്പെട്ടു.
എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്നാരോപിച്ച് ഇറാന് വീണ്ടും വിദേശ കപ്പല്‍ പിടിച്ചെടുത്തു. അറബ് രാജ്യങ്ങളിലേക്ക് അനധികൃതമായി 700,000 ലിറ്റര്‍ എണ്ണ കൊണ്ടു പോകുകയായിരുന്ന കപ്പലാണ് തങ്ങള്‍ പിടിച്ചെടുത്തതെന്ന് ഇറാന് അറിയിച്ചു. ഏതേത് രാജ്യങ്ങളിലേക്കാണ് എണ്ണ കൊണ്ടു പോകുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല ഇറാന്. പകരം 'ചില അറബ് രാജ്യങ്ങളിലേക്ക്' എന്നു മാത്രമാണ് പറഞ്ഞത്.
ടാങ്കറില്‍ ഏഴ് ജീവനക്കാരുണ്ടായിരുന്നെന്ന് ഇറാന് വ്യക്തമാക്കി. ഇവര്‍ പല രാജ്യക്കാരാണെന്നും ഇറാന് പറയുന്നു. ഇതില്‍ ഇന്ത്യാക്കാരുണ്ടോയെന്ന് വ്യക്തമല്ല. പിടിയിലായ ജീവനക്കാരെ തുറമുഖ നഗരമായ ബുഷെഹറിലേക്ക് കൊണ്ടുപോയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതെസമയം കപ്പല്‍ പിടിയിലായതു സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബഹ്റൈനിലുള്ള യുഎസ് നാവിക സേനയുടെ പേര്‍ഷ്യന്‍ ഗള്‍ഫ്-ചെങ്കടല്‍-അറബിക്കടല്‍ വിഭാഗമായ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് പറഞ്ഞു. ഇറാന് പിടിച്ചെടുക്കുന്ന മൂന്നാമത്തെ കപ്പലാണിത്. ആദ്യം പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ ഇപ്പോഴും ഇറാന്റെ പക്കല്ത്തന്നെയാണുള്ളത്. ബ്രിട്ടീഷ് സൈന്യം ഒരു ഇറാനിയന്‍ എണ്ണക്കപ്പല്‍ ജിബ്രാല്ത്താറിനടുത്തു വെച്ച് തടഞ്ഞുവെച്ചതോടെയാണ് ഇറാന് മറുപടി നല്‍കിയത്. യൂറോപ്യന്‍ യൂണിയന് ഉപരോധങ്ങളെ ലംഘിച്ചാണ് ഇറാനിയന്‍ കപ്പല്‍ നീക്കം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ ആ കപ്പല്‍ തങ്ങളുടേതല്ലെന്ന് ഇറാന് വാദിക്കുന്നുമുണ്ട്.