Top

മോദി 2019-നുള്ള വല നെയ്യുമ്പോള്‍

മോദി 2019-നുള്ള വല നെയ്യുമ്പോള്‍
ബുധനാഴ്ച വൈകുന്നേരത്തോടെ അരങ്ങേറിയ, എല്ലാം കൊണ്ടും വളരെ നന്നായി ആസൂത്രണം ചെയ്ത രാഷ്ട്രീയ നാടകത്തിനു ശേഷം ഇന്ന് രാവിലെ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ തന്റെ രാഷ്ട്രീയ ഗൂഡാലോചനയില്‍ അഭിമാനം കൊണ്ട് ഒരാള്‍ ആര്‍ത്തട്ടഹസിച്ചു ചിരിച്ചിട്ടുണ്ടാവും; നരേന്ദ്ര മോദി.

ഏതാനും ദിവസങ്ങളായി ഈ രാഷ്ട്രീയ നാടകത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടായിരുന്നു എന്നു വേണം മനസിലാക്കാന്‍. അതിന്റെ അവസാനമായിരുന്നു ബുധനാഴ്ച വൈകിട്ട് നടന്നത്. രാഷ്ട്രീയ നേതൃത്വത്തിന് ഏതുവിധത്തിലും ഉപയോഗിക്കാവുന്ന വിധത്തില്‍ കുത്തഴിഞ്ഞു കിടക്കുന്ന അന്വേഷണ ഏജന്‍സികളെ ലാലുവിനും കുടുംബത്തിനും പിന്നാലെ വിട്ടതും നിതീഷ് കുമാറിന്റെ രാജിക്കത്ത് സ്വീകരിക്കാന്‍ ഗവര്‍ണര്‍ സജ്ജമായി നിന്നതും മുതല്‍ രാജി വച്ചതിന്റെ മിനിറ്റുകള്‍ക്കുള്ളില്‍ നിതീഷിനുള്ള പിന്തുണ ട്വീറ്റും ഒടുവില്‍ ഇന്നു രാവിലെ നടന്ന സ്ഥാനാരോഹണവും ഒക്കെ തെളിയിക്കുന്നത് അതാണ്.

ഇതിന്റെ ആത്യന്തിക ഫലങ്ങള്‍ രണ്ടാണ്: ഒന്ന്, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ദുരവ്യാപക ഫലങ്ങളാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. രണ്ട്: രാജ്യത്തെ ഏറ്റവും സൂത്രശാലികളായ രണ്ട് രാഷ്ട്രീയക്കാര്‍ വീണ്ടും ഒരുമിച്ചിരിക്കുന്നു.

എന്തായാലും പാറ്റ്‌നയില്‍ ഉണ്ടായിട്ടുള്ള ഈ അധികാരമാറ്റത്തിന്റെ അലയൊലികള്‍ ബിഹാറില്‍ മാത്രമായി ഒതുങ്ങി നില്‍ക്കില്ല. അത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എല്ലാ വിധത്തിലും ബാധിക്കുമെന്ന് ഉറപ്പ്.

രാജ്യമൊട്ടാകെ ബി.ജെ.പി തരംഗം നിലനില്‍ക്കുമ്പോഴും 20 മാസങ്ങള്‍ക്ക് മുമ്പ് ബിഹാറില്‍ അടിപതറിയ പാര്‍ട്ടി വീണ്ടും ജെ.ഡി-യുവിനൊപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ അത് സാമൂഹികമായും മാനസികമായും അവര്‍ക്കുണ്ടാക്കുന്ന നേട്ടവും വലുതാണ്.

അതിനൊപ്പം, ദേശീയതലത്തില്‍ നരേന്ദ്ര മോദിക്കെതിരെ ഒരു സംയുക്ത പ്രതിപക്ഷ നിര കെട്ടിപ്പടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന യോജിപ്പില്ലായ്മയും ഇവിടെ തെളിഞ്ഞു കഴിഞ്ഞു. ദേശീയ തലത്തില്‍ ഇപ്പോഴും 20 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിന് പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേല്‍ ഒരുവിധത്തിലുള്ള സ്വാധീനവും ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതും വ്യക്തമാണ്.

ഏതാനൂം ആഴ്ചകള്‍ക്കു മുമ്പു വരെ മോദിയെ വെല്ലുവിളിക്കാന്‍ പോന്ന വലിയ രാഷ്ട്രീയ നേതാവ് എന്ന പ്രതിച്ഛായയായിരുന്നു നിതീഷ് കുമാറിന് ഉണ്ടായിരുന്നത്. രാഷ്ട്രീയ അഴിമതിയില്ല, സ്വജനപക്ഷപാതമില്ല- എല്ലാം കൊണ്ടും യോഗ്യന്‍. അദ്ദേഹമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നേക്കാള്‍ സീറ്റുകള്‍ നേടിയ ആര്‍.ജെ.ഡിയെ ഇന്നലെ തള്ളിപ്പറഞ്ഞത്- അതും ബി.ജെ.പിക്കുണ്ടാക്കിയിട്ടുള്ള നേട്ടം ചില്ലറയല്ല. യാദവ ഇതര ഒ.ബി.സികള്‍ക്കിടയിലും ഹിന്ദി മേഖലയിലെ പാവപ്പെട്ടവര്‍ക്കിടയിലും ഇതിനകം തന്നെ മോദി വേരുറപ്പിച്ചു കഴിഞ്ഞിട്ടുള്ള തന്റെ സ്വാധീനം നിതീഷിന്റെ തീരുമാനത്തോടെ കൂടുതലാവുമെന്നും ഉറപ്പാണ്.

ഹിന്ദി മേഖലയില്‍ നിന്നുള്ള ഒരു ദളിതിനെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കിക്കൊണ്ട് ദളിതരേയും പാവപ്പെട്ടവരേയും പാര്‍ട്ടിയുടെ പിന്നില്‍ അണിനിരത്താനുള്ള മോദിയുടെ രാഷ്ട്രീയ തീരുമാനത്തിനു കൂടിയാണ് നിതീഷ് കുമാറിന്റെ മറുകണ്ടം ചാടല്‍ ഇപ്പോള്‍ സഹായകമായിരിക്കുന്നത്.

2010-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 അംഗ സീറ്റുകളില്‍ ലാലു പ്രസാദ് യാദവിന്റെ മുസ്ലീം-യാദവ കുട്ടുകെട്ടിനെ വെറും 22 സീറ്റിലേക്ക് മാത്രമൊതുക്കിയിരുന്നു ജെ.ഡി-യു-ബി.ജെ.പി കൂട്ടുകെട്ട്. ആ വിധത്തിലുള്ള മുന്നോക്കക്കാരുടേയും യാദവ ഇതര ഒ.ബി.സിക്കാരുടേയും കൂട്ടുകെട്ടിനാണ് ബിഹാര്‍ വീണ്ടും സാക്ഷ്യം വഹിക്കുന്നത്.

2015-ല്‍ ഉണ്ടായ നാണംകെട്ട തോല്‍വിക്കു ശേഷം 2019-ല്‍ ബിഹാറില്‍ ഒരു വമ്പന്‍ തിരിച്ചുവരവ് നടത്താനുള്ള അവസരമാണ് പുതിയ നീക്കങ്ങളിലൂടെ ബി.ജെ.പിക്ക് കൈവന്നിരിക്കുന്നത്. പ്രതിപക്ഷത്തിനാകട്ടെ, ബിഹാറിലെ മഹാസഖ്യം തകര്‍ന്നത് ദേശീയ തലത്തില്‍ ഇത്തരത്തിലുള്ള സഖ്യം ഇനി ഉണ്ടായി വന്നാല്‍ അതിനോട് ജനങ്ങള്‍ക്കുള്ള അവിശ്വാസം വര്‍ധിപ്പിക്കുന്നതുമാണ്. 2019-ല്‍ ഹിന്ദി മേഖലയില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ ലാലു-നീതീഷ്-കോണ്‍ഗ്രസ് സഖ്യത്തിനാകുമെന്ന ആത്മവിശ്വാസം തകര്‍ന്ന അവസ്ഥയിലാണ് പ്രതിപക്ഷം ഇപ്പോള്‍.40 എം.പിമാരാണ് ബിഹാറില്‍ നിന്ന് ലോക്‌സഭയിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പു നടന്ന 2014-ലെ പെതുതെരഞ്ഞെടുപ്പില്‍ 31 സീറ്റുകള്‍ ബി.ജെ.പി ഇവിടെ നേടിയിരുന്നു എന്നോര്‍ക്കണം. അതിനു ശേഷമാണ് ലാലു-നിതീഷ് സഖ്യത്തിനു മുന്നില്‍ ബി.ജെ.പി അടിയറവ് പറഞ്ഞത്.

മറ്റൊരു പ്രധാന കാര്യമുള്ളത് ജെ.ഡി-യുവിന് രാജ്യസഭയിലുള്ള 10 എം.പിമാരാണ്. പ്രതിപക്ഷത്തിന് ഇപ്പോഴും എന്തെങ്കിലും സ്വാധീനമുള്ള ഇവിടെ 10 എം.പിമാര്‍ കൂടി എന്‍.ഡി.എയ്‌ക്കൊപ്പം ചേരുമ്പോള്‍ അവിടെയും ദുര്‍ബലമാവുകയാണ് പ്രതിപക്ഷ സ്വരം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ രൂപം കൊള്ളാന്‍ സാധ്യതയുണ്ടായിരുന്ന എസ്.പി-ബി.എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനു കൂടിയാണ് നിതീഷ് കുമാര്‍ തുരങ്കം വച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ പാറ്റ്‌നാ സാഹിബില്‍ നടന്ന ഗുരു ഗോബിന്ദ് സിംഗിന്റെ 350-ാം ജന്മവാര്‍ഷികാഘോഷത്തില്‍ മോദിയും നിതീഷും ഒരുമിച്ച് പങ്കെടുത്തിരുന്നു. അന്നു മുതല്‍ തന്നെ യു.പിയില്‍ ഒരു എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് ഉണ്ടാകാനുള്ള സാധ്യത എങ്ങനെ പൊളിക്കാം എന്നുള്ള സാധ്യതകള്‍ മോദി ആരായുകയും ചെയ്തിരുന്നു.

പാറ്റ്‌നയില്‍ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്ന ദിവസം മോദി ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അടുത്തയാളായി കരുതപ്പെടുന്ന മുലായത്തിന്റെ കസിന്‍ രാം ഗോപാല്‍ യാദവ് പാര്‍ലമെന്റംഗമായതിന്റെ 25 വര്‍ഷം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു ഇത്. ബിഹാറും യു.പിയും ചേര്‍ന്ന് 120 എം.പിമാരെയാണ് ലോക്‌സഭയിലേക്ക് അയയ്ക്കുന്നത്. 2014-ലെ തെരഞ്ഞെടുപ്പില്‍ ഇതില്‍ 104 സീറ്റുകളും എന്‍.ഡി.എ സ്വന്തമാക്കിയിരുന്നു. 2019 -ന്റെ വിധി തീരുമാനിക്കുന്നത് ഈ രണ്ടു സംസ്ഥാനങ്ങളുമായിരിക്കും. നിതീഷിന്റെ കൂടുമാറ്റത്തോടെ ബിഹാറിന്റെ കാര്യം എന്‍.ഡി.എ ഉറപ്പിച്ചു കഴിഞ്ഞു.

യു.പിയില്‍ മഹാഭൂരിപക്ഷത്തോടെയുള്ള സ്വന്തം സര്‍ക്കാര്‍ ബി.ജെ.പിക്കുണ്ട്. 2019-ലെ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടു വര്‍ഷം ബാക്കിയുള്ളതിനാല്‍ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ അവരുടെ ആവനാഴിയില്‍ ഇനിയും ആയുധങ്ങള്‍ ബാക്കിയുണ്ടെന്നുറപ്പ്.

അതുകൊണ്ടു തന്നെ നിതീഷ് കുമാറിന്റെ ഇപ്പോഴത്തെ രാജിയും ബി.ജെ.പിക്കൊപ്പം കൂട്ടുചേരാനുള്ള തീരുമാനവും ഒരു സംസ്ഥാനത്ത് നടക്കുന്ന അധികാരമാറ്റമായി മാത്രം നില്‍ക്കില്ല. കാരണം ബിഹാറായിരിക്കും ഇനി വഴികാട്ടി; പ്രത്യേകിച്ച് 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്.

Next Story

Related Stories