TopTop

മോദി, ഇന്ത്യ ഒരു ഗുജറാത്ത് മോഡല്‍ പരീക്ഷണശാലയല്ല- സീതാറാം യെച്ചൂരി എഴുതുന്നു

മോദി, ഇന്ത്യ ഒരു ഗുജറാത്ത് മോഡല്‍ പരീക്ഷണശാലയല്ല- സീതാറാം യെച്ചൂരി എഴുതുന്നു
ഈയടുത്തു നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും 2014-ല്‍ നേടിയ വിജയം ബി.ജെ.പി ആവര്‍ത്തിച്ചിരിക്കുന്നു. 2014-ല്‍ ബി.ജെ.പി 42.3 ശതമാനം വോട്ട് യു.പിയിലും 55.3 ശതമാനം വോട്ട് ഉത്തരാഖണ്ഡിലും നേടി. ഇത്തവണത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍ അവര്‍ യു.പിയില്‍ 39.7 ശതമാനവും ഉത്തരാഖണ്ഡില്‍ 46.5 ശതമാനവും വോട്ട് നേടിയിട്ടുണ്ട്. അതേ സമയം, പഞ്ചാബില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടു. അവിടെ അകാലിദള്‍-ബി.ജെ.പി സഖ്യകക്ഷി സര്‍ക്കാരിനെ കനത്ത ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചിരിക്കുകയാണ്. ഗോവയിലൂം മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചിരുന്നില്ല. രണ്ടിടത്തും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഭീഷണി, അഴിമതി വഴിയുള്ള പ്രീണനം, ക്യാബിനറ്റ് റാങ്കുള്ള മന്ത്രിപദവി തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണക്കിലുക്കത്തിന്റെ മറവില്‍ ജനവിധി അട്ടിമറിക്കുന്ന നടപടിയാണ് ബി.ജെ.പി ഇവിടെ നടപ്പാക്കിയത്.

നോട്ട് നിരോധനം, മികച്ച ഭരണം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ വിജയമെന്ന ബി.ജെ.പി അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും അവര്‍ക്കുണ്ടായിട്ടുള്ള പരാജയം. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അവര്‍ക്കുണ്ടായ വിജയത്തിനു പിന്നില്‍ പല ഘടകങ്ങളുണ്ട്. വര്‍ഗീയ ധ്രുവീകരണവും ജാതികേന്ദ്രീകൃതമായ സമവാക്യങ്ങളും ഒരുമിച്ച് ചേര്‍ത്തതാണ് ഇതില്‍ പ്രധാനം.

ബി.ജെ.പിക്ക് ഇപ്പോള്‍ ലോക്‌സഭയില്‍ മുസ്ലീം സമുദായത്തില്‍ നിന്ന് ഒരൊറ്റ എം.പിയില്ല. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി ഒരൊറ്റ മുസ്ലീമിനു പോലും സീറ്റ് നല്‍കിയുമില്ല. അതുകൊണ്ടു തന്നെ അവരുടെ സന്ദേശം വ്യക്തമാണ്: കെട്ടിഘോഷിക്കപ്പെട്ട 'ഗുജറാത്ത് മോഡല്‍' എന്ന 2014-ലെ അവരുടെ പ്രചരണത്തിലുടെ വ്യക്തമാക്കിയതു തന്നെ. വാസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു അതിലെ വികസന നേട്ടങ്ങള്‍ എന്നതിലുപരി അത് മുന്നോട്ടു വച്ചത് മറ്റൊരു സന്ദേശമായിരുന്നു. മുസ്ലീങ്ങളെ മുഴുവന്‍ ഇല്ലാതാക്കി ഗുജറാത്തിനെ 'ശുദ്ധീകരിച്ചിരിക്കുന്നു' എന്നതായിരുന്നു ആ നിന്ദ്യമായ സന്ദേശം. വര്‍ഗീയ ധ്രുവീകരണം ഉറപ്പിക്കുന്നത് ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ഗൂഡമായ പ്രചരണായുധത്തിന്റെ ബാക്കിയായ 2002-ലെ വംശഹത്യയിലൂടെ മുസ്ലീങ്ങളെ ഒഴിവാക്കി എന്ന സന്ദേശമായിരുന്നു അത്.പ്രധാനമന്ത്രി മോദിയുടെ കബറിസ്ഥാന്‍-ശ്മശാനം, ഈദ്-ദിപാവലി എന്നീ പരാമര്‍ശങ്ങളിലൂടെ തന്നെയാണ് ഇത്തരത്തിലുള്ള വര്‍ഗീയ പ്രചരണം യു.പിയില്‍ അരങ്ങേറിയത്. കസബ് എന്ന പുതിയൊരു പ്രയോഗത്തിലൂടെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും മുസ്ലീം പ്രീണനം നടത്തുകയാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അതിന്റെ ബാക്കി കൂടിയെന്നവണ്ണം പ്രചരണം നടത്തി. ഇത് പ്രതിഫലിപ്പിച്ചതാകട്ടെ, അതിര്‍ത്തിക്കപ്പുറത്തു നിന്നു പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിനൊപ്പമാണ് ബി.ജെ.പിയുടെ എതിരാളികള്‍ എന്നതായിരുന്നു. വൈരുദ്ധ്യമെന്ന് പറയട്ടെ, സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വിജയം
തങ്ങളുടെ പാക്കിസ്ഥാന്‍ വിരുദ്ധ, അതുപോലെ മുസ്ലീം വിരുദ്ധമായ നേട്ടമായി ബി.ജെ.പി പെരുമ്പറ കൊട്ടുകയും ചെയ്തു. (എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ടെന്നുള്ളത് പരിശോധിക്കേണ്ടതാണ്, കാരണം സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷമുള്ള മൂന്നു മാസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ നമ്മുടെ ധീര ജവാന്മാര്‍ക്ക് നഷ്ടമായ ജീവന്‍ അതിനു മുമ്പുള്ള മൂന്നു മാസങ്ങളിലേതിന്റെ ഇരട്ടിയായിരുന്നു).

മുസ്ലീം ജനസംഖ്യ സാമാന്യത്തിലധികമുള്ള സംസ്ഥാനത്തു മാത്രമാണ് ഈ വിധത്തിലുള്ള വര്‍ഗീയ പ്രചരണം ഫലവത്തായി നടന്നത്. എന്തുകൊണ്ടാണ് മറ്റു മൂന്നു സംസ്ഥാനങ്ങളിലും ഇത് വേണ്ട വിധം ഏശാതെ പോയതെന്ന് ഇത് വിശദമാക്കുന്നുണ്ട്. 'ഒരു മുസ്ലീം സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോകുന്നു'വെന്ന ആര്‍.എസ്.എസ് പ്രചരിപ്പിച്ച കിംവദന്തിയോടെ ഉത്തര്‍ പ്രദേശിലെ മതേതര പാര്‍ട്ടികള്‍ക്കൊന്നടങ്കം എതിരായി ജനങ്ങള്‍ അണിനിരക്കുകയായിരുന്നു.

യാതൊരു വിധത്തിലുമുള്ള പ്രതിരോധങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ എസ്.പി-കോണ്‍ഗ്രസ്, ബി.എസ്.പി കക്ഷികള്‍ ഈ കെണിയില്‍ വീഴുകയും ചെയ്തു. ബി.എസ്.പി അധ്യക്ഷയാകട്ടെ, താന്‍ 100 മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെന്നും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തേക്കാള്‍ മുസ്ലീങ്ങള്‍ക്ക് കൂടുതലായി വിശ്വസിക്കാവുന്ന ആള്‍ താനാണെന്നും അതിനാല്‍ തന്നെ അവര്‍ക്ക് വോട്ട് നല്‍കരുതെന്നും നിരന്തം ന്യൂനപക്ഷ സമുദായത്തോട് വ്യക്തമാക്കിക്കൊണ്ടിരുന്നു.

അതുപോലെ തന്നെ യാദവ കേന്ദ്രീകൃതമായ സമാജ്‌വാദി പാര്‍ട്ടിക്കും ജാദവര്‍ പിന്തുണയ്ക്കുന്ന ബി.എസ്.പിക്കും എതിരായി യാദവ ഇതര ഒ.ബി.സി വിഭാഗങ്ങളേയും ജാദവ ഇതര പട്ടികജാതി വിഭാഗങ്ങളേയും കോര്‍ത്തെടുത്തുകൊണ്ടുള്ള മുന്നണി സൃഷ്ടിക്കാനും ബി.ജെ.പിക്കായി.

അതേ സമയം, ബി.ജെ.പിയുടെ പ്രചരണ പരിപാടികളെ ചെറുക്കാന്‍ വഴിയില്ലാതെ പ്രധാന പ്രതിപക്ഷ കൂട്ടായ്മകള്‍ മാറിയതും ബി.ജെ.പിക്ക് ഗുണകരമായി. ഇപ്പോള്‍ പലരും വാദിക്കുന്ന ഒരു കാര്യമുണ്ട്. ബിഹാര്‍ മാതൃകയില്‍ ഒരു വിശാല സഖ്യം രൂപീകരിച്ചിരുന്നെങ്കില്‍ യു.പിയില്‍ ബിജെ.പിയെ തടഞ്ഞു നിര്‍ത്താന്‍ കഴിയുമായിരുന്നു എന്ന്. അത്തരത്തില്‍ എസ്.പി, കോണ്‍ഗ്രസ്, ബി.എസ്.പി, ആര്‍.എല്‍.ഡി കക്ഷികള്‍ ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ 313 സീറ്റ് വരെ നേടാന്‍ കഴിയുമായിരുന്നുവെന്നും ബി.ജെ.പിക്ക് 90 സീറ്റുകള്‍ മാത്രം കരസ്ഥമാക്കാനേ കഴിയുമായിരുന്നുള്ളൂ എന്നും അവര്‍ കണക്കുകള്‍ നിരത്തി പറയുന്നു.ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, രാഷ്ട്രീയമെന്നാല്‍ കണക്കുകള്‍ മാത്രമല്ല. ബി.ജെ.പിയുടെ വര്‍ഗീയ പദ്ധതികള്‍ക്കുള്ള ബദല്‍ എന്നത് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും മുന്നോട്ടു വയ്ക്കുന്ന നരേറ്റീവിന് എതിരായ ഒരു നരേറ്റീവ് സൃഷ്ടിച്ചുകൊണ്ടു മാത്രമേ സാധ്യമാകൂ. അത്തരത്തില്‍ ജനപക്ഷത്തു നില്‍ക്കുന്ന ഒരു ബദല്‍ നരേറ്റീവ് ഉണ്ടാവുന്നതിന്റെ സാധ്യതകള്‍ ഓരോ സമയവും കൂടി വരുന്നുണ്ട്, പ്രത്യേകിച്ച് പാവപ്പെട്ടവരേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരേയും ഒരുപോലെ ബാധിച്ച നോട്ട് നിരോധനത്തിന് ശേഷം. ജി.ഡി.പിയുടെ 40 ശതമാനം സംഭാവന ചെയ്യുന്ന, തൊഴില്‍ മേഖലയുടെ 80 ശതമാനം വരുന്ന അസംഘടിത തൊഴില്‍ മേഖലയെ നോട്ട് നിരോധനം വളരെയധികം ബാധിച്ചു എന്നത് ഇപ്പോള്‍ വ്യക്തമായി തെളിഞ്ഞു കഴിഞ്ഞു. ഉത്തര്‍ പ്രദേശിലെ ഗ്രാമീണ മേഖലയിലെ താറുമാറായ ജീവിതം കൂടുതല്‍ ദുരിതമയമാകുകയേയുളളൂ. കറന്‍സി നോട്ടുകള്‍ ലഭ്യമല്ലാത്തതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയ്ക്കും പകുതിക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റിരുന്നത്. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനും എതിരെ ഈ വിഭാഗങ്ങളെ ഒരുമിപ്പിക്കാനും അവരിലേക്കെത്താനും ചെയ്യുന്നതിനു പകരം എസ്.പി-കോണ്‍ഗ്രസ്, ബി.എസ്.പി കക്ഷികള്‍ ബി.ജെ.പി ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ഇതാകട്ടെ, നോട്ട് നിരോധനം സമ്പന്നര്‍ക്കെതിരെയാണെന്നും പാവപ്പെട്ടവരെ സഹായിക്കാനാണെന്നും പ്രചരിപ്പിക്കാന്‍ ബി.ജെ.പിക്ക് വീണ്ടും അവസരമുണ്ടാക്കി. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചായിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളന സമയത്തു തന്നെ ഈ കക്ഷികളുടെ മനോഭാവം എന്താണെന്ന് വ്യക്തമായിരുന്നതാണ്. നോട്ട് നിരോധനത്തിനെതിരെ 16 രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒരുമിച്ചു വന്നു. ഇടതുപാര്‍ട്ടികളുടെ മുന്‍കൈയില്‍ 2016 നവംബര്‍ 28-ന് ദേശീയ തലത്തില്‍ ഒരു സംയുക്ത ഹര്‍ത്താല്‍ ആചരിച്ചു. എന്നാല്‍ മതേതര പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ, ഇക്കാര്യത്തില്‍ അധരവ്യായാമം നടത്തുക മാത്രമാണ് ചെയ്തത്, ജനങ്ങളെ സംഘടിപ്പിക്കാനോ നോട്ട് നിരോധനത്തിനെതിരെ അവരെ രംഗത്തിറക്കാനോ ഒന്നും ചെയ്തില്ല. ഈ പരാജയമാണ് ബി.ജെ.പിയുടെ പ്രചരണങ്ങളാണ് ശരിയെന്ന തോന്നല്‍ ഉണ്ടാക്കിച്ചത്. ബുര്‍ഷ്വാ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ കെണിയില്‍ വീഴുകയും അവര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കായി നേരത്തെ തന്നെ നിലനില്‍ക്കുന്ന ജാതി, സ്വത അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുകയുമായിരുന്നു ചെയ്തത്.

ബി.ജെ.പിയുടെ പ്രചരണ കോലാഹലങ്ങള്‍ക്ക് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയും പണത്തിന്റെ അത്യഭൂതമായ കുത്തൊഴുക്കും ഉണ്ടായതോടെ ജനങ്ങള്‍ക്കു മുന്നിലുള്ള ഏക ഉപാധി എന്ന നിലയില്‍ ബി.ജെ.പി മാത്രമായി. ഇടതുപാര്‍ട്ടികള്‍ മാത്രമാണ് അവിടെ ഒരു ബദല്‍ സൃഷ്ടിക്കാനായി ശ്രമം നടത്തിയത്. എന്നാല്‍, കേരളവും ഇടതുപാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മറ്റ് സംസ്ഥാനങ്ങളും പോലെയല്ലാത്തതിനാല്‍ ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഇത്തരമൊരു ബദല്‍ മാര്‍ഗത്തിന്റെ അഭാവത്താല്‍ ബി.ജെ.പി നേട്ടമുണ്ടാക്കുകയും ചെയ്തു.തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴുക്കുന്ന കള്ളപ്പണം സംബന്ധിച്ച് ബി.ജെ.പി പ്രകടിപ്പിക്കുന്ന ഉത്കണ്ഠയുടെ പൊള്ളത്തരവും പുറത്തുവന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇത്തവണ ബി.ജെ.പി ഒഴുക്കിയ പണം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതായിട്ടും ഗോവയിലും മണിപ്പൂരിലും ബി.ജെ.പി അധികാരത്തിലെത്തിയതിനു പിന്നിലുള്ള പ്രധാന ഘടകവും ഇതുതന്നെയാണ്.

പണത്തിന്റെ ആധിപത്യം കുറച്ചുകൊണ്ടുവരാനുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ എത്രയും വേഗം നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണം. ബി.ജെ.പിയുടേയും പ്രധാനമന്ത്രി മോദിയുടേയും പദ്ധതികള്‍ക്കുള്ള ബദല്‍ പദ്ധതികളുടെ ശക്തി തന്നെയായിരിക്കും ഇടതുപക്ഷത്തേയും മറ്റ് ജനാധിപത്യ ശക്തികളേയും ഒരുമിച്ച് നിര്‍ത്താന്‍ പ്രാപ്തമായിട്ടുള്ളത്. ബി.ജെ.പി അഴിച്ചുവിടുന്ന വര്‍ഗീയ കടന്നാക്രമണങ്ങളെ ചെറുത്തുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതേതര, ജനാധിപത്യ അടിത്തറ തകര്‍ക്കപ്പെടാതെ നിലനിര്‍ത്തുന്നതിനും ഈ കൂട്ടായ്മ ആവശ്യമാണ്.

അവസാനമായി, ജനങ്ങള്‍ ഉയര്‍ത്തുന്ന സമരമാര്‍ഗങ്ങളുടെ ശക്തിയിലൂടെ മാത്രമേ ഈ വര്‍ഗീയ ജീവികളെ പരാജയപ്പെടുത്താന്‍ കഴിയൂ.


Next Story

Related Stories