UPDATES

ബെഹ്ര, മോദിയേയും അമിത് ഷായേയും രക്ഷിക്കാന്‍ ശ്രമിച്ചോ?

ആഭ്യന്തര മന്ത്രാലയത്തില്‍ ഉണ്ടായിരുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്ന ഫയലുകളില്‍ യുപിഎ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു എന്ന കാര്യവും വ്യക്തമല്ല.

വളരെ ഗുരുതരമായ ആരോപണമാണ് കെപിസിസി പ്രസിഡന്റും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡിജിപി ലോക്‌നാഥ് ബെഹ്രക്കെതിരെ ഇന്ന് വടകരയിലെ പ്രസംഗത്തില്‍ ഉന്നയിച്ചത്. ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രിയായ അമിത് ഷായേയും രക്ഷിക്കാന്‍ മുന്‍ എന്‍ഐഎ ഐജിയായിരുന്ന ലോക്നാഥ് ബെഹ്ര ശ്രമിച്ചു എന്നാണ് ആരോപണം. ആഭ്യന്തര സഹമന്ത്രിയായിരിക്കെ താന്‍ ഈ ഫയലുകള്‍ കണ്ടിരുന്നതായും ഇഷ്രത് ജഹാന്‍ കേസിലെ സഹായത്തിനുള്ള പ്രത്യുപകാരമാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനമെന്നും മുല്ലപ്പള്ളി ആരോപിച്ചു. ലോക്‌നാഥ് ബെഹ്രയെ കേരള പൊലീസ് മേധാവിയായി നിയമിച്ച സമയത്ത് തന്നെ ഇഷ്രത് ജഹാന്‍ കേസിലെ വിവാദ ഇടപെടലും വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു.

ഇഷ്രത് ലഷ്‌കര്‍ ഇ തയിബ പ്രവര്‍ത്തകയായിരുന്നു എന്നാല്‍ ഇസ്രതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നുമാണ് മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളും യുഎസ് ജയില്‍ തടവില്‍ കഴിയുന്നയാളുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പറഞ്ഞത്. ഈ സമയത്ത് ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിനെ ശരി വയ്ക്കുകയാണ് ബെഹ്ര ചെയ്തത്. 2010ല്‍ യുഎസില്‍ പോയി ഹെഡ്‌ലിയെ ചോദ്യം ചെയ്ത എന്‍ഐഎ സംഘത്തെ നയിച്ചത് ബെഹ്രയായിരുന്നു. മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയും ഇഷ്രത് ജഹാന്‍ കേസില്‍ യുപിഎ സര്‍ക്കാരും ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരവും ഇടപെട്ടിരുന്നതായും കുറ്റപത്രം തിരുത്തിയിരുന്നതായും ആരോപിച്ചിരുന്നു. എന്നാല്‍ ചിദംബരം ഇത് തള്ളിക്കളഞ്ഞിരുന്നു. ഇഷ്രത് ജഹാനെതിരായ കുറ്റപത്രം തിരുത്താനും വ്യാജ ഏറ്റുമുട്ടലെന്ന് ചിത്രീകരിക്കാനും ശ്രമിച്ചു എന്നായിരുന്നു ആരോപണം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തലും ബെഹ്രയുടെ ശരി വയ്ക്കലും പിള്ളയും വെളിപ്പെടുത്തലുമെല്ലാം ഉണ്ടായത്. ഡേവിഡ് ഹെഡ്ലിയുടെ മൊഴി യുപിഎ സര്‍ക്കാര്‍ അട്ടിമറിച്ചു എന്നും ആരോപണമുണ്ടായിരുന്നു.

19 കാരിയായ ഇഷ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് അഥവാ പ്രാണേഷ് കുമാര്‍ പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെയാണ് അഹമ്മദാബാദില്‍ 2004 ജൂണ്‍ 15ന് വ്യാജമെന്ന് ആരോപിക്കപപ്പെടുന്ന ഏറ്റുമുട്ടലില്‍ ഗുജറാത്ത് പൊലീസ് വധിച്ചത്. നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ തീവ്രവാദികള്‍ എന്നായിരുന്നു ആരോപണം. ഹെഡ്‌ലി എന്താണ് ഇഷ്രതിനെക്കുഖറിച്ച് പറഞ്ഞത് എന്ന് തനിക്ക് ഓര്‍മ്മയില്ല എന്നായിരുന്നു ആദ്യം ബെഹ്ര പറഞ്ഞിരുന്നത്. ഹെഡ്ലിയുടെ അമേരിക്കന്‍ ആക്സന്റ് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും ബെഹ്ര പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മുംബയ് കോടതിയില്‍ ബെഹ്ര പറഞ്ഞത് 2010ല്‍ ഹെഡ്‌ലി തങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പറയാനാകുമെന്നാണ്. 2016ല്‍ ഹെഡ്‌ലിയുടേയും ജികെ പിള്ളയുടേയുമടക്കമുള്ള വെളിപ്പെടുത്തലുകള്‍ വന്ന സമയത്ത് ബെഹ്ര മാധ്യമങ്ങളോട് ഇതിനെ ശരിവച്ചാണ് സംസാരിച്ചത്.

2013ല്‍ ഇഷ്രത് കേസില്‍ സിബിഐയ്ക്ക് മൊഴി നല്‍കുന്നതില്‍ നിന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ ഷിന്‍ഡെ തന്നെ വിലക്കിയതായി ബെഹ്ര മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഹെഡ്‌ലി തങ്ങളോട് പറഞ്ഞത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നതായും എന്‍ഐഎ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ഉണ്ടായത് എന്നും ബെഹ്ര പറഞ്ഞിരുന്നു. ബെഹ്ര പറഞ്ഞ കാര്യങ്ങളേയും യുപിഎ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളേയും സുശീല്‍കുമാര്‍ ഷിന്‍ഡെ തള്ളിക്കളഞ്ഞിരുന്നു. ഇഷ്രത് ജഹാന്റെ കേസ് ഫയല്‍ തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച ബെഹ്ര അടക്കമുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നുമാണ് 2016 മാര്‍ച്ചില്‍ ഷിന്‍ഡെ പറഞ്ഞത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ഈ കൂടിക്കാഴ്ചയില്‍ ലോക്നാഥ് ബെഹ്രയെ ഡിജിപിയായി നിയമിക്കാന്‍ ധാരണയിലെത്തുകയും ചെയ്തു എന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. എന്നാല്‍ ബെഹ്രയെ ഡിജിപിയായി നിയമിച്ച സമയത്ത് മുല്ലപ്പള്ളിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇഷ്രത് ജഹാന്‍ കേസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തില്‍ ഉണ്ടായിരുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്ന ഫയലുകളില്‍ യുപിഎ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു എന്ന കാര്യവും വ്യക്തമല്ല.

ഇഷ്രത് ജഹാന്‍ കേസില്‍ കോടതിയില്‍ നിയമ പോരാട്ടവുമായി അവശേഷിച്ചിരുന്ന രണ്ട് വ്യക്തികളില്‍ ഒരാളും കൊല്ലപ്പെട്ട പ്രാണേഷ് കുമാര്‍ പിള്ളയുടെ പിതാവുമായ ഗോപിനാഥന്‍ പിള്ള ഏപ്രിലില്‍ ചേര്‍ത്തലയ്ക്ക് സമീപം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഗോപിനാഥന്‍ പിള്ളയുടെ വാഹനത്തെ ഒരു ലോറി പിന്നില്‍ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മരണം അപകടമാണോ കൊലപാതകമാണോ എന്ന് വിശദമായ അന്വേഷണം നടത്തി കണ്ടെത്തുമെന്നാണ് ലോക്‌നാഥ് ബെഹ്ര പ്രതികരിച്ചിരുന്നത്.

തളരാത്ത പോരാട്ടമാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്; പിണറായി ഈ വൃദ്ധനോട് നീതി ചെയ്യുമോ?

ഗോപിനാഥന്‍ പിള്ള എന്ന അച്ഛന്‍

ഡെമോക്ലിസിന്റെ വാളുകള്‍ ഒന്നൊന്നായി ഊരിയെടുക്കുകയാണ് ക്രിമിനല്‍ സിന്‍ഡിക്കേറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍