TopTop

ആഭ്യന്തര സുരക്ഷയിലെ കെടുകാര്യസ്ഥതയ്ക്കു കൊടുക്കുന്ന വിലയാണ് ഇപ്പോള്‍ കാണുന്നത്

ആഭ്യന്തര സുരക്ഷയിലെ കെടുകാര്യസ്ഥതയ്ക്കു കൊടുക്കുന്ന വിലയാണ് ഇപ്പോള്‍ കാണുന്നത്
മൂന്നൂറിലധികം വരുന്ന മാവോയിസ്റ്റുകള്‍ തങ്ങള്‍ക്കു നേരെ വരുന്നത് ഷെയ്ക്ക് മുഹമ്മദിന് ഇപ്പോഴും ഓര്‍മയുണ്ട്, എ.കെ-47 അടക്കമുള്ള ആയുധങ്ങളുമായാണ് അവര്‍ ആക്രമിച്ചതെന്നും അദ്ദേഹം പറയുന്നു: റോഡ് നിര്‍മാണത്തിനുള്ള സുരക്ഷയിലായിരുന്നു ഞങ്ങള്‍. ആക്രമിച്ചവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രാമീണരുമുണ്ടായിരുന്നുവെന്ന് കാലില്‍ വെടിയേറ്റ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന സി.ആര്‍.പി.എഫ് ജവാന്‍ പറയുന്നു. തങ്ങളെ സഹായിക്കാന്‍ സംസ്ഥാന പോലീസ് പരിസരത്തു പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വര്‍ഗീയ രാഷ്ട്രീയവും തീവ്ര ദേശീയതയും എന്ന രണ്ടിനങ്ങളില്‍ സ്വയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ എന്താണ് എന്നു പരിശോധിക്കാനുള്ള സമയം കൂടിയാണ് ഛത്തീസ്ഗഡിലെ സുക്മയില്‍ ഇന്നലെ നഷ്ടപ്പെട്ട 25 ജവാന്മാരുടെ ജീവനും ഷെയ്ക്കിനെ പോലുള്ളവരുടെ നിലവിളികളും.

ആഭ്യന്തര സുരക്ഷ
തങ്ങളുടെ ശക്തികേന്ദ്രമായ ബസ്തര്‍ മേഖലയിലേക്ക് സര്‍ക്കാര്‍ സ്വാധീനം വര്‍ധിപ്പിക്കുന്നത് തീര്‍ച്ചയായും മാവോയിസ്റ്റുകളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്; ഇന്നലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സംസ്ഥാന മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞ വാക്കുകളാണിത്.

എന്നാല്‍ മാവോയിസ്റ്റുകളുടെ സ്വാധീനം കുറയുന്നുവെന്ന പ്രചരണം കണക്കില്‍ കാണുന്നില്ല. കാരണം ഈ മാര്‍ച്ച് 11-നാണ് ഈ മേഖലയില്‍ തന്നെ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതും നാലു പേര്‍ക്ക് പരിക്കേറ്റതും.

എന്താണ് മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ സംഭവിക്കുന്നത് എന്നത് രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ സുരക്ഷാ കാര്യങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കാശ്മീര്‍ പടിപടിയായി സര്‍ക്കാരിന്റെ കൈയില്‍ നിന്നു വഴുതിപ്പൊയ്‌ക്കൊണ്ടിരിക്കുകയാണ്. മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള അമര്‍ഷമാണ് താഴ്‌വരയിലെ തെരുവുകളില്‍ കാണുന്നത്. കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍ മൂലം ചെറുപ്പക്കാര്‍ ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെ വലിയ തോതില്‍ തെരുവുകളിലിറങ്ങിയതോടെ ഇന്ത്യക്ക് ഇവിടെ മറ്റൊരു തലമുറയെക്കൂടി നഷ്ടപ്പെടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ കാശ്മീരിലോ ഇപ്പോള്‍ ഇന്ത്യയുടെ മധ്യഭാഗങ്ങളിലോ സംഭവിക്കുന്ന കാര്യങ്ങളെ അഡ്രസ് ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള ധൈര്യവും കാണിക്കുന്നില്ല എന്നും പറയണം. ഈ അതീവ സുരക്ഷാ പ്രശ്‌നങ്ങളുടെ നടുവിലുള്ള സി.ആര്‍.പി.എഫിന് കഴിഞ്ഞ മൂന്നു മാസമായി മുഴുവന്‍ സമയ തലവന്‍ ഇല്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്.

കാശ്മീരില്‍ സമാധാനം കൊണ്ടുവരാനുള്ള സംഘത്തിന്റെ ഭാഗമായുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ഇന്നലെ പരാതിപ്പെട്ടത് താന്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ്.ആഭ്യന്തര സുരക്ഷാ മേഖലകളില്‍ ഇത്രയധികം കെടുകാര്യസ്ഥത ഇന്ത്യ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. യാതൊരു വിധത്തിലുള്ള വ്യക്തമായ പദ്ധതികളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് സര്‍ക്കാര്‍ ഈ വിഷയങ്ങളെ നേരിടുന്നതും.

ഏത് വ്യക്തികള്‍ക്കും, ഏത് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കും പരിമിതകളുണ്ടാവാം. എന്നാല്‍ അവയില്‍ മുന്‍ഗണനകള്‍ തീരുമാനിക്കുകയും തുടര്‍ന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാവുകയുമാണ് വേണ്ടത്. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന് ഒരുക്കമല്ല, അവര്‍ തെരഞ്ഞെടുപ്പുകളിലാണ് കുടുങ്ങിക്കിടക്കുന്നത്, രാഷ്ട്രീയ നേട്ടമുണ്ടാക്കാവുന്ന കാര്യങ്ങള്‍ക്കു പുറത്ത് അവര്‍ മറ്റൊന്നും കാണുന്നുമില്ല.

തനിക്ക് ലഭിച്ചിരിക്കുന്ന ഭൂരിപക്ഷവും ഇപ്പോള്‍ തനിക്കുള്ള രാഷ്ട്രീയ മേല്‍ക്കോയ്മയും വ്യക്തമായി ഉപയോഗിച്ച് ഇന്ത്യ എന്ന ആശയത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് നരേന്ദ്ര മോദി തീരുമാനിക്കേണ്ട സമയമാണിത്. കാശ്മീരിലോ മാവോയിസ്റ്റ് ബെല്‍റ്റിലോ എവിടെയോ ആകട്ടെ, ആയുധമെടുത്തിരിക്കുന്ന ജനത്തിനോട് വിഷയങ്ങള്‍ രാഷ്ട്രീയമായി സംവദിക്കേണ്ട ഏറ്റവും നിര്‍ണായക സമയമാണിത്. തോക്കുകളേക്കാളും കല്ലുകളേക്കാളും മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ ഭരണഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള സമാധാനപരവും അന്തസുറ്റതുമായ കൂടിയാലോചനകളുമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട സമയം കൂടിയാണിത്.

വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഒപ്പം ഡല്‍ഹിയില്‍ നിന്ന് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന അപകടകരമായ ഭാഷയില്‍ നിന്ന് അതിന് വളരെയേറെ വ്യത്യാസവുമുണ്ട്.

Next Story

Related Stories