UPDATES

വിശകലനം

കോണ്‍ഗ്രസിനോട് ‘വിശാലഹൃദയനായ’ ജഗന്‍ ക്ഷമിച്ചിരിക്കുന്നു, ആന്ധ്ര എങ്ങോട്ട് ചായും?

തെലങ്കാനയിലെ ഭരണകക്ഷി ടിആര്‍എസുമായി അടുപ്പം പുലര്‍ത്തുന്ന ജഗനെ ബിജെപി ഏജന്റായാണ് ടിഡിപിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ചിത്രീകരിക്കുന്നത്.

പാര്‍ട്ടി പിളര്‍ത്തി വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ച് ഒമ്പത് വര്‍ഷമാകുമ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനുമായ ജഗന്‍ മോഹന്‍ റെഡ്ഡി പറയുന്നത് കോണ്‍ഗ്രസിനോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണ്. ആരോടും ഒരു തരത്തിലുള്ള പകയോ വിദ്വേഷമോ ഇല്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. ദൈവവിശ്വാസിയാണ്. ദിവസവും ബൈബിള്‍ വായിക്കാറുണ്ട്. പ്രതികാരമെല്ലാം ദൈവമാണ് നിശ്ചയിക്കുന്നത്. ഞാന്‍ ഹൃദയത്തില്‍ തൊട്ട് പറയുന്നു. ഞാന്‍ അവരോട് ക്ഷമിച്ചിരിക്കുന്നു.

എന്റെ പ്രധാന ആവശ്യം ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്നതാണ്. ജഗന്‍മോഹന്‍ റെഡ്ഡി സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു. സംസ്ഥാന വിഭജനത്തിന് ശേഷം രൂപം കൊണ്ട പുതിയ ആന്ധ്രപ്രദേശില്‍ മുഖ്യപ്രതിപക്ഷം പോലുമല്ലാതായ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രസ്താവന. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കുകയാണ് ആന്ധ്രപ്രദേശില്‍.

തെലങ്കാനയിലെ ഭരണകക്ഷി ടിആര്‍എസുമായി അടുപ്പം പുലര്‍ത്തുന്ന ജഗനെ ബിജെപി ഏജന്റായാണ് ടിഡിപിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ചിത്രീകരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടിഡിപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യനിരയില്‍ ഒരുമിച്ചാണെങ്കിലും ആന്ധ്രപ്രദേശില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ടിഡിപിയും കോണ്‍ഗ്രസും മത്സരിക്കുന്നത്. പരമ്പരാഗത വൈരികളായ ഇരു പാര്‍ട്ടികളും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. അതേസമയം തെലങ്കാനയിലെ സഖ്യപരീക്ഷണം ദയനീയ പരാജയമായി മാറിയതിനാല്‍ ആന്ധ്രപ്രദേശില്‍ സഖ്യം വേണ്ട എന്നായിരുന്നു ഇരു പാര്‍ട്ടികളുടെയും തീരുമാനം.

ആന്ധ്രപ്രദേശില്‍ ടിഡിപി കൂടൂതല്‍ ലോക്‌സഭ സീറ്റുകള്‍ നേടിയാല്‍ അത് കേന്ദ്ര ഭരണത്തിനുള്ള സാധ്യത കോണ്‍ഗ്രസിന് വര്‍ദ്ധിപ്പിക്കുമെന്നും അതല്ല വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് ഭൂരിഭാഗം സീറ്റുകളാണ് ജയിക്കുന്നത് എങ്കില്‍ എത് ബിജെപിയ്ക്കായിരിക്കും ഗുണം ചെയ്യുക എന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിനോട് യാതൊരു പകയുമില്ലെന്ന ജഗന്റെ പ്രസ്താവന, ടിഡിപി തോറ്റാല്‍ പോലും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആരാണോ ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത, അവര്‍ക്കൊപ്പമായിരിക്കും ജഗന്‍ എന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ട്. എന്നാല്‍ ആന്ധ്രയില്‍ വലിയ ജനരോഷം ബിജെപിക്കെതിരെയുള്ള സാഹചര്യത്തില്‍ അവര്‍ക്കൊപ്പം ചേരുക എന്നത് തിരഞ്ഞെടുപ്പിന് മുമ്പ് വൈഎസ്ആറിനെ സംബന്ധിച്ച് അസാധ്യമാണ്.

തീരദേശ ആന്ധ്രയിലും ഗോദാവരി ജില്ലകളിലും നിര്‍ണായക സ്വാധീനമുള്ള നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമായിരിക്കും. പ്രബലമായ കാപ്പു സമുദായത്തിന്റെ കരുത്താണ് പവന്‍ കല്യാണിന്റെ പാര്‍ട്ടിക്കുള്ളത്. ജനസേന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബി എസ് പിയും ഇടതുപാര്‍ട്ടികളുമുണ്ട്. പവന്‍ കല്യാണ്‍, ടിഡിപിക്കാണ് കൂടുതല്‍ തലവേദനയാവുക എന്നാണ് വിലയിരുത്തല്‍. പവന്‍ കല്യാണിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ചന്ദ്രബാബു നായിഡു ശ്രമിച്ചിരുന്നു.

2010ല്‍ ആന്ധ്രപ്രദേശിലെ വിരമിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജഗന്‍മോഹന്‍ റെഡ്ഡി പാര്‍ട്ടി വിട്ടത്. തീരുമാനം നടപ്പിലായത് 2014ല്‍. മുഖ്യമന്ത്രിയായിരിക്കെ വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്, 2009 സെപ്റ്റംബറില്‍. വൈഎസ്ആറിന്റെ മരണം കൊലപാതകമാണ് എന്ന് ജഗന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സാഹചര്യങ്ങളെല്ലാം മാറി. പ്രത്യേക സംസ്ഥാന പദവിയുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി ആദ്യം രംഗത്തെത്തിയത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ്. ബിജെപിയ്‌ക്കൊപ്പം നിന്ന് ടിഡിപി ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് പ്രചാരണമാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മോദി മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കാനും എന്‍ഡിഎ വിടാനും ടിഡിപി പ്രേരിപ്പിച്ചത്. പ്രത്യേക സംസ്ഥാന പദവിയിലെ വഞ്ചന ആരോപിച്ചുള്ള ജഗന്റെ പ്രചാരണം ടിഡിപിക്ക് വലിയ തലവേദനയായിരുന്നു. എന്നാല്‍ പിന്നീട് ചന്ദ്രബാബു നായുഡി ബിജെപി വിരുദ്ധ പ്രതിപക്ഷ ചേരിയുടെ പ്രധാന നേതാക്കളിലൊരാളാവുകയും ജഗന്‍മോഹനേക്കാള്‍ വലിയ ബിജെപി, മോദി വിമര്‍ശകനാവുകയും ചെയ്തു.

കോണ്‍ഗ്രസിനും ബിജെപിക്കും സംസ്ഥാനത്ത് ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവായ ജഗന്‍ പറഞ്ഞത്. ആന്ധ്രപ്രദേശില്‍ രാഹുലും മോദിയും ഒരു വിഷയമേ അല്ല. പുല്‍വാമയ്ക്ക് ശേഷം കരുത്തനായ നേതാവെന്ന പ്രതിച്ഛായ ഒരുപക്ഷേ മോദി വീണ്ടെടുത്തിരിക്കാം. എന്നാല്‍ ആന്ധ്രാപ്രദേശില്‍ അദ്ദേഹം ഒന്നുമല്ല. കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ചന്ദ്രഹാഹു നായിഡുവിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി ജഗന്‍മോഹന്‍ അഭിപ്രായപ്പെട്ടു. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ടിഡി മുന്നോട്ടുവച്ച വാഗ്ദാനം സംബന്ധിച്ചാണ് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞത്. 2014 തിരഞ്ഞെടുപ്പ് സമയത്ത് പലരും എന്നോട് ആവശ്യപ്പെട്ടിരുന്നു, കാര്‍ഷിക കടം എഴുതിത്തള്ളും എന്ന് പ്രഖ്യാപിക്കണമെന്ന്. എന്നാല്‍ അത് പ്രായോഗികമല്ല എന്ന് തോന്നിയത് കൊണ്ട് ഞങ്ങള്‍ അത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയില്ല. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ നിലപാടാണ് ശരി എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.

പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായി ടിഡിപിക്ക് രഹസ്യധാരണയുണ്ട് എന്ന് ജഗന്‍ ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതില്‍ ഇത് വ്യക്തമാണ്. അതേസമയം ബിജെപിയുമായോ ടിആര്‍എസുമായോ (തെലങ്കാന രാഷ്ട്ര സമിതി) യാതൊരു ധാരണയും തങ്ങള്‍ക്കില്ലെന്നാണ് ജഗന്‍ പറയുന്നത്. കോണ്‍ഗ്രസ് അതിന്റെ പ്രകടനപത്രികയില്‍ ആന്ധ്ര പ്രദേശ് പുനര്‍വിഭജന കരാര്‍ പ്രകാരം സംസ്ഥാനത്തിന് പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്നു. മോദി സര്‍ക്കാര്‍ ആന്ധ്രക്ക് വാഗ്ദാനം ചെയ്തത് പ്രത്യേക പാക്കേജ് ആണ്. ഏപ്രില്‍ 11ന്റെ ആദ്യ ഘട്ടത്തിലാണ് തെലങ്കാനയിലെ 25 ലോക്‌സഭ സീറ്റുകളിലേയ്ക്ക് വോട്ടെടുപ്പ് നടക്കുന്നത്. 175 നിയമസഭ മണ്ഡലങ്ങളിലേയ്ക്കും വോട്ടെടുപ്പ് നടക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടി തന്നെ മുന്നിലെത്താനാണ് സാധ്യത.

ക്ഷേമ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നു, ആനുകൂല്യങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നു എന്നെല്ലാമുള്ള അവകാശവാദങ്ങളാണ് ആത്മവിശ്വാസത്തോടെ ചന്ദ്രബാബു നായിഡു മുന്നോട്ടുവയ്ക്കുന്നത്. വാഗ്ദാനങ്ങളുടെ വലിയ പട്ടിക ജഗന്‍മോഹന്‍ റെഡ്ഡിക്കും ജനങ്ങള്‍ക്ക് മുന്നില്‍ നിരത്താനുണ്ട്. ജഗന്റെ പദയാത്രയിലും തിരഞ്ഞെടുപ്പ് റാലികളിലും വലിയ ജനപങ്കാളിത്തമാണ് കാണുന്നത്. പിതാവ് രാജശേഖര റെഡ്ഡിയിക്ക് ജനങ്ങള്‍ക്കിടയിലുള്ള മതിപ്പ് ഒരുപക്ഷേ ചന്ദ്രബാബു നായിഡുവിനേക്കാള്‍ മുകളിലാണ്. 2009ല്‍ രാജശേഖ റെഡ്ഡി കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാക്കിയതും ഇത്തരത്തിലാണ്.

പദയാത്രകള്‍ അടക്കമുള്ള കാര്യങ്ങളില്‍ പിതാവിന്റെ രാഷ്ട്രീയ ശൈലിയാണ് ജഗന്‍മോഹന്‍ റെഡ്ഡി പിന്തുടരുന്നത്. ഇത് വലിയ തരംഗമായി മാറിയാല്‍ അത് ടിഡിപിയെ തകര്‍ക്കും. എന്നാല്‍ ടിഡിപി തന്നെയാണ് ആന്ധ്രപ്രദേശില്‍ ഇത്തവണയും ഭൂരിഭാഗം സീറ്റുകളും നേടുന്നതെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് തലവേദനകളില്ല. മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഇടപെട്ട് തിരിച്ചുകൊണ്ടുവന്നിരുന്നു. എന്നാല്‍ ആന്ധ്രയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്.

ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയുടെ ഏറ്റവും ശക്തനായ വക്താവായ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രേശഖര റാവുവിനും ഇതുവരെ നിലപാട് വ്യക്തമാക്കാത്ത ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജു ജനതാദളും എന്ത് എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്. കോണ്‍ഗ്രസിനോടുള്ള തുടര്‍സമീപനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തോടെ ആശയക്കുഴപ്പത്തിലായ ഇടത് പാര്‍ട്ടികളും മറ്റ് പ്രാദേശിക കക്ഷികളുമെല്ലാം തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനായി ഒരു കോണ്‍ഗ്രസ് ഇതര ഐക്യം രൂപപ്പെടുത്താനുള്ള സാധ്യത കുറവാണ്. ഇത്തരമൊന്ന് സംഭവിക്കുകയാണെങ്കില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അക്കൂട്ടത്തിലുണ്ടാകുമോ എന്ന ചോദ്യവുമുണ്ട്.

തൂക്ക് സഭയാണ് ഇത്തവണ കേന്ദ്രത്തില്‍ താന്‍ പ്രതീക്ഷിക്കുന്നത് എന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി എന്‍ഡിടിവിയോട് പറഞ്ഞത്. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ ദേശീയ പാര്‍ട്ടികള്‍ ജനാധിപത്യത്തെ പരിഹസിക്കാതിരിക്കൂ. വിജയവാഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജഗന്‍ പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുടെ വിലപേശല്‍ ശക്തി ഇത് വര്‍ദ്ധിപ്പിക്കും. ദേശീയ പാര്‍ട്ടികള്‍ക്ക് ആന്ധ്രപ്രദേശില്‍ ഒന്നും ചെയ്യാനില്ല. പ്രത്യേക സംസ്ഥാന പദവിയിലെ ഇരട്ടത്താപ്പ് കാരണം അവരുടെ വിശ്വാസ്യത എന്നേ നഷ്ടപ്പെട്ട് കഴിഞ്ഞു. അതേസമയം പ്രത്യേക പദവി നല്‍കുന്ന ഏത് പാര്‍ട്ടിയേയും തങ്ങള്‍ പിന്തുണക്കുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി പറയുന്നു. തെലങ്കാനയിലെ പാര്‍ട്ടികളായ ടിആര്‍എസിന്റേയും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനുണ്ട്. ‘കെസിആര്‍ ഗാരു’ ശക്തമായി തന്നെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ശക്തമായ ഒരു ഗ്രൂപ്പായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുമെന്നും തങ്ങളുടെ പിന്തുണയില്ലാതെ ആര്‍ക്കും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍