TopTop

ഇന്ന് 73-ാം സ്വാതന്ത്ര്യദിനം; കാശ്മീരില്‍ കനത്ത സുരക്ഷ, രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍

ഇന്ന് 73-ാം സ്വാതന്ത്ര്യദിനം; കാശ്മീരില്‍ കനത്ത സുരക്ഷ, രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍
കനത്ത സുരക്ഷയിൽ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ജമ്മു കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയിലാണ് സ്വാതന്ത്ര്യ ദിനാഘോഷം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.  രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള ആദ്യ സ്വതന്ത്ര്യ ദിനാഘോഷമാണ് ഇത്തവണ.

രാജ്യം ഇന്ന് 73ാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോൾ സാഹചര്യങ്ങൾ പാടെ മറിയ കാശ്മീർ കനത്ത സുരക്ഷയിൽ. കാശ്മീർ താഴ്വരയിൽ മാത്രമായി 1.5 ലക്ഷം സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്ക് ശേഷം എത്തുന്ന് ആദ്യ സ്വാതന്ത്ര ദിനമാണ് ഇത്തവണയെന്നതും പ്രത്യേകതയാണ്.  ഓഗസ്റ്റ് 4 ലെ സുപ്രധാന പ്രഖ്യാപനത്തിന് ശേഷം ആഭ്യന്തര സംഘർഷങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് താഴ്വരയിൽ വലിയ സൈനിക വിന്യാസം നടത്തിയിട്ടുള്ളത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പാകിസ്താനിൽ നിന്നും നിരന്തരം പ്രകോപനങ്ങൾ ഉള്ളതിനാൽ വരുന്ന 24 മണിക്കൂർ തീര്‍ത്തും നിർണായകമാണെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര അതിർത്തി അസാധാരണമാംവിധം ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജമ്മുകശ്മീരില്‍ എല്ലാ ജില്ലകളിലും സ്വാതന്ത്ര ദിനാഘോഷം വിപുലമായി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിരോധനാജ്ഞ നിലനില്‍ക്കെ തന്നെയാണ് ആഘോഷങ്ങള്‍ വ്യാപകമാക്കാനാണ് തീരുമാനം.  ടെലഫോണ്‍, ഇന്റര്‍നെറ്റ്, ടി.വി ഉള്‍പ്പെടെയുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ കശ്മീര്‍ താഴ്‌വരയില്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനത്തിന് ശേഷമേ ഇളവുണ്ടാകൂ എന്ന് അധികൃതര്‍ പറയുന്നു. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുയെന്ന് ജമ്മുകാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ നേതാക്കാളും നിലവിൽ കരുതൽ തടങ്കലിൽ തുടരുകയാണ്. കശ്മീരില്‍ രാഷ്ട്രീയ പ്രവർത്തനത്തിനായി സിവിൽ സർവീസ് ഉപേക്ഷിച്ച ഷാ ഫൈസലിനെ വീട്ടുതടങ്കലിൽ അടച്ചതാണ് ഇതിലെ ഒടുവിലെ സംഭവം. വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിനിടെ ഡൽഹിയിൽനിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കശ്മീരിലേക്ക് തിരിച്ചയച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റുന്നതിനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ നിശിതമായി വിമർശിച്ചിരുന്നയാളാണ് ഫൈസൽ. മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരും കരുതൽ തടങ്കലിൽ തുടരുകയാണ്. എന്നാൽ കശ്മീരില്‍ സന്ദര്‍ശനത്തിന് അനുവാദം നല്‍കണം എന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. സന്ദര്‍ശനത്തിനായി ജമ്മുകശ്മീര്‍ ഗവര്‍ണറോട് ഉടന്‍ അനുമതിതേടും.

അതേസമയം, ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന്‍ ഇത്തവണ പാക് അധീന കശ്മീരില്‍ ആഘോഷം വിപുലമാക്കുയാണ് ഇമ്രാൻ ഖാൻ ഭരണകൂടം. ജമ്മുകശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുസഫറാബാദില്‍ നടക്കുന്ന പരിപാടിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കടുക്കുമെന്നാണ് വിവരം.

Next Story

Related Stories