TopTop

ജെറ്റ് എയർവേയ്സിന്റെ പൈലറ്റുമാർ അർധരാത്രി മുതൽ പണിമുടക്കുമെന്ന് യൂണിയൻ; 7 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി

ജെറ്റ് എയർവേയ്സിന്റെ പൈലറ്റുമാർ അർധരാത്രി മുതൽ പണിമുടക്കുമെന്ന് യൂണിയൻ; 7 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി
കഴിഞ്ഞ മൂന്നു മാസമായി ശമ്പളമില്ലാതെ ജോലിയെടുക്കുന്ന ജെറ്റ് എയർവേയ്സിന്റെ പൈലറ്റുമാരും എൻജിനീയർമാരും ഇന്ന് അർധരാത്രി മുതൽ പണിമുടക്കുമെന്ന് റിപ്പോർട്ട്. എൻഡിടിവിയാണ് ഈ റിപ്പോർട്ട് നൽകുന്നത്. അതെസമയം പണിമുടക്ക് നാളെ രാവിലെ 10 മണിമുതലാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 1100ഓളം വരുന്ന ജീവനക്കാരാണ് പണിമുടക്കുന്നത്. ജെറ്റ് എയർവേയ്സ് പൈലറ്റുമാരുടെ സംഘടനയായ നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡിന്റേതാണ് ഈ തീരുമാനം. എന്നാൽ തങ്ങൾ ഏഴ് വിമാന സർവ്വീസുകൾ പണിമുടക്കിനിടയിലും നടത്തുമെന്ന് ജെറ്റ് എയർവേയ്സ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ജെറ്റ് എയർവേയ്സ് നിരവധി പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ജീവനക്കാർ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ നിശ്ശബ്ദ സമരം നടത്തിയിരുന്നു. പെലറ്റുമാരും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

നാളെ ഇത്രയും ജീവനക്കാർ ഒരു യോഗം ചേരുന്നുണ്ടെന്ന് നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ് തലവൻ ക്യാപ്റ്റൻ കരൺ ചോപ്ര അറിയിച്ചു. ഈ യോഗത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കപ്പെടും. മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇതിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നാണ് ഗിൽഡിന്റെ നിലപാട്. അടുത്ത ദിവസങ്ങളിൽ 20,000ത്തോളം ജെറ്റ് ജീവനക്കാർ തൊഴിൽരഹിതരായി മാറിയേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതെസമയം ജീവനക്കാരുടെ സമരം തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ജെറ്റ് എയർവേയ്സ് അറിയിച്ചു. ഗിൽഡിൽ പങ്കാളികളല്ലാത്ത ജീവനക്കാർ ഏഴ് വിമാനങ്ങൾ പറത്തും. അറുപത് ശതമാനത്തോളം വരുന്ന പൈലറ്റുമാർ യൂണിയനിലില്ലെന്നും അവർ വ്യക്തമാക്കി.

പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് സർക്കാർ രണ്ടുദിവസം മുമ്പ് വാക്ക് നൽകിയിരുന്നു. ഇതിൽ നീക്കങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നത്.

വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ അന്താരാഷ്ട്ര സർവ്വീസുകൾ നടത്താനുള്ള അനുമതിയും ജെറ്റിന് നഷ്ടമാകുമെന്ന് റിപ്പോർ‌ട്ടുകളുണ്ടായിരുന്നു. ഏപ്രിൽ 11നാണ് ഈ റിപ്പോർട്ട് വന്നത്. അന്താരാഷ്ട്ര സർവ്വീസുകൾ നടത്തുന്ന 20 വിമാനങ്ങളെങ്കിലും കമ്പനികൾക്ക് ആവശ്യമാണ്. ജെറ്റ് എയർവേയ്സിന് പക്ഷെ, 14 വിമാനങ്ങൾ മാത്രമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര സർവ്വീസുകൾ നടത്താനുള്ള യോഗ്യത അവർക്കുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് പറയുകയുണ്ടായി. ഈ പ്രതിസന്ധിക്കിടെയാണ് ജീവനക്കാർ സമരവുമായി എത്തിയിരിക്കുന്നത്.

ജെറ്റ് എയർവേയ്സിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജി വെച്ചിരുന്നു. ഓഹരി ഉടമകളില്‍ നിന്നുള്ള സമ്മര്‍ദമാണ് രാജിക്ക് കാരണമായത്.

1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുൻപന്തിയിലും പ്രവർത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് അടുത്തിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 19 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിന്റേതായുള്ളത്. ഇതിൽ അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വർധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉൾപ്പെടെ മുടങ്ങുകയുമായിരുന്നു. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.

Next Story

Related Stories