UPDATES

ട്രെന്‍ഡിങ്ങ്

ചിലവ്, സങ്കീര്‍ണത, കാലതാമസം: ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങളില്‍ നിന്നും സാധാരണക്കാര്‍ അകലുന്നു

രാജ്യത്തെ നീതിന്യായ വ്യവസ്ഥ വളരെ ചിലവേറിയതും സങ്കീര്‍ണവും സമയമെടുക്കുന്നതുമാണെന്ന് ഭൂരിപക്ഷം ഇന്ത്യക്കാരും കരുതുന്നതായി സര്‍വയെ അധികരിച്ച് സ്‌ക്രോള്‍.ഇന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ തര്‍ക്കത്തിലുള്ള പ്രശ്‌നങ്ങളില്‍ 70 ശതമാനവും നീതിന്യായ കോടതികളില്‍ തീര്‍പ്പിനായി എത്തിയെങ്കിലും പരാതി പരിഹാരത്തിനായി നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നതില്‍ ഇന്ത്യക്കാര്‍ ഇപ്പോഴും മടിയാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഗുരുതരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബത്തെയും സുഹൃത്തുക്കളെയും ഗ്രാമമുഖ്യരെയും ജാതി, മത പഞ്ചായത്തുകളെയും ആദ്യം സമീപിക്കാനാണ് ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നതെന്ന് 2017ല്‍ സന്നദ്ധ സംഘടനയായ ദക്ഷ നടത്തിയ പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥ വളരെ ചിലവേറിയതും സങ്കീര്‍ണവും സമയമെടുക്കുന്നതുമാണെന്ന് ഭൂരിപക്ഷം ഇന്ത്യക്കാരും കരുതുന്നതായി സര്‍വയെ അധികരിച്ച് സ്‌ക്രോള്‍.ഇന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷയുടെ ‘ആക്സസ് ടു ജസ്റ്റിസ് 2017’ എന്ന പഠനവും മറ്റൊരു കാരുണ്യ സംഘടനയായ ദസ്രയുടെ ‘ടിപ്പിംഗ് ദ സ്‌കേല്‍സ്: സ്‌ട്രെംഗ്തണിംഗ് സിസ്റ്റംസ് ഫോര്‍ അസസ് ടു ജസ്റ്റിസ് ഇന്‍ ഇന്ത്യ,’ എന്ന പഠനവും ഇന്ന് പുറത്തിറക്കും. ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇരു റിപ്പോര്‍ട്ടുകളും വിരല്‍ ചൂണ്ടുന്നത്. പ്രാന്തവല്‍കൃതരും പിന്നോക്കം നില്‍ക്കുന്നവരുമായ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഔദ്യോഗിക നീതിന്യായ സംവിധാനങ്ങള്‍ പരാജയമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് 2030ലെ സുസ്ഥിര വികസനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.

28 സംസ്ഥാനങ്ങളിലെ 385 ജില്ലകളില്‍ നിന്നുള്ള 45,551 പേരുടെ ഇടയിലാണ് ദക്ഷ സര്‍വെ നടത്തിയത്. 73 ശതമാനം പേരും പുരുഷന്മാരായിരുന്നു. ഗ്രാമ, നഗര മേഖലകളില്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും നിരക്ഷരരോ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കിയവരോ ആയിരുന്നു. പതുകിയില്‍ കൂടുതല്‍ പേരും കാര്‍ഷകത്തൊഴിലാളികളോ ഭൂവുടമകളോ ആയിരുന്നു. സ്ത്രീകളില്‍ 17ശതമാനവും വീട്ടമ്മമാരായിരുന്നു. സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷത്തിനും സമീപകാലത്ത് തര്‍ക്കങ്ങളില്‍ ഭാഗഭക്കാകേണ്ടി വന്നിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ഔദ്യോഗിക നീതിന്യായ സംവിധാനത്തെ സമീപിച്ചില്ല. തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ പരിഹാരത്തിനായി തങ്ങള്‍ കുടുംബത്തെയോ സുഹൃത്തുക്കളെയോ ആണ് സമീപിക്കുക എന്ന് 74ശതമാനം പേരും പ്രതികരിച്ചു. ഗ്രാമത്തിലെ മുതിര്‍ന്നവരെയോ സാമൂഹ്യ, രാഷ്ട്രീയ നേതാക്കളെയോ സമീപിക്കുമെന്നായിരുന്നു 49 ശതമാനം പേരുടെ ഉത്തരം. പോലീസിനെ സമീപിക്കില്ലെന്ന് നാല്‍പത് ശതമാനം പേരും അഭിഭാഷകരെ സമീപിപ്പിക്കില്ലെന്ന് 32 ശതമാനം പേരും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി.

എന്നാല്‍ ഇത്തരം അനൗദ്യോഗിക തര്‍ക്കപരിഹാരങ്ങള്‍ വലിയ വിജയമാണെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. എതിര്‍കക്ഷിയുമായുള്ള ചര്‍ച്ചകളിലൂടെ 54 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു. കുടുംബങ്ങളുടെ ഇടപെടലിലൂടെ പരിഹാരം കണ്ടെത്തുന്നതിന്റെ വിജയശതമാനം 32.5 ശതമാനമാണ്. താഴ്ന്ന വരുമാനക്കാര്‍ക്കിടയിലാണ് അനൗദ്ധ്യോഗിക തര്‍ക്കപരിഹാര സംവിധാനങ്ങളോടുള്ള വിധേയത്വം കൂടുതലായി കണ്ടുവരുന്നത്. ഔദ്ധ്യോഗിക നീതിന്യായ സംവിധാനങ്ങള്‍ ചിലവേറിയതാണ് എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മാത്രമല്ല, ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനം വളരെ സങ്കിര്‍ണമാണെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വളരെ സമയം എടുക്കുന്നുണ്ടെന്നും 26.8 ശതമാനം പേര്‍ പരാതിപ്പെട്ടു. ഔദ്ധ്യോഗിക നീതിനിര്‍വഹണ സംവിധാനത്തെ സമീപിക്കുന്നതിന് പ്രതിദിനം ശരാശരി 1049 രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 728 രൂപ നേരിട്ടുള്ള ചിലവുകളും 321 രൂപ തൊഴില്‍ നഷ്ടം മൂലം ഉണ്ടാവുന്നതുമാണ്. എന്നാല്‍ അനൗദ്യോഗിക തര്‍ക്ക പരിഹാര സംവിധാനത്തെ സമീപിച്ചാല്‍ ചിലവ് പ്രതിദിനം ശരാശരി 659 രൂപയേ വരൂ. 420 രൂപ നേരിട്ടുള്ള ചിലവും 239 രൂപ വരുമാന നഷ്ടവും. കോടതികളെ സമീപിക്കുമ്പോള്‍ ക്കൈകൂലി ആവശ്യപ്പെടാറുണ്ടെന്ന് 42 ശതമാനം പേരും പറയുന്നു. അനൗദ്യോഗിക തര്‍ക്കപരിഹാര സംവിധാനങ്ങളില്‍ കൈക്കൂലിയുടെ ആവശ്യം പത്ത് ശതമാനം മാത്രമാണ്.

തങ്ങള്‍ ഒരിക്കല്‍പോലും തര്‍ക്കപരിഹാരത്തിനായി പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത 91 ശതമാനം പേരും പറഞ്ഞു. പോലീസിന്റെ സമീപിപ്പിക്കുന്നതിനെതിരായ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഉപദേശവും പോലീസ് തന്നെ പലപ്പോഴും നിരുത്സാഹപ്പെടുത്തുന്നതുമാണ് ഇതിനുള്ള കാരണങ്ങള്‍. ബാക്കിയു്ള്ള ഒമ്പത് ശതമാനത്തിലെ 44 ശതമാനം പേര്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പോലീസ് നടപടികള്‍ സ്വീകരിക്കാത്തതും പണത്തിന്റെയും സമയത്തിന്റെയും ദുര്‍വ്യയവും മൂലം ബാക്കി 56 ശതമാനത്തിനും പ്രാഥമിക പരാതി പോലും സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. പരാതി രജിസ്റ്റര്‍ ചെയ്ത 44 ശതമാനം പേരില്‍ വെറും 18 ശതമാനത്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ സാധിച്ചിട്ടുള്ളത് എന്നത് തന്നെ നമ്മുടെ പോലീസ് സംവിധാനത്തിന്റെ ശോച്യാവസ്ഥയെ കാണിക്കുന്നു. വിവിധ കാരണങ്ങളാല്‍ തര്‍ക്കങ്ങളുമായി മുന്നോട്ട് പോകാത്തവരും ഉണ്ട്.

നീതി ലഭിക്കാനുള്ള താമസമാണ് തമിഴ്‌നാട്ടില്‍ പലരെയും തര്‍ക്കങ്ങളില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നത്. പഞ്ചാബിലാകട്ടെ ഇതിന്റെ ചിലവ് താങ്ങാന്‍ സാധിക്കുന്നില്ല എന്ന പരാതിയാണുള്ളത്. ബിഹാറിലാവട്ടെ ഉദ്യോഗസ്ഥരെ എളുപ്പം സ്വാധീനിക്കാന്‍ സാധിക്കുമെന്നതിനാല്‍ ദരിദ്രര്‍ പലപ്പോഴും പരാതികളില്‍ നിന്നും പിന്മാറുകയാണ് പതിവ്. പട്ടികജാതി, പട്ടികവര്‍ഗങ്ങളില്‍ നിന്നുള്ളവരാണ് പരാതികളുമായി മുന്നോട്ട് പോകാന്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. ഈ വിള്ളലുകള്‍ നികത്തുന്നതിനും നീതിന്യായ സംവിധാനം സര്‍വത്രികമായി പ്രാപ്യമാക്കുന്നതിനും വേണ്ടി നിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിയമ ശാക്തീകരണത്തനും താങ്ങാവുന്നതും ഗുണനിലവാരമുള്ളതുമായ നിയമസഹായം ലഭ്യമാക്കുന്നതിനും കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും പോലീസിന്റെയും ജയിലുകളുടെയും വിശ്വാസ്യത ഉറപ്പാക്കുന്നതിനുമുള്ള അടിയന്തിര നടപടികളാണ് രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍