UPDATES

വിദേശം

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അസാൻജിന് 50 ആഴ്ചത്തെ തടവുശിക്ഷ; മറ്റു മാർഗമില്ലായിരുന്നെന്ന വാദം കോടതി തള്ളി

ജാമ്യനിബന്ധന ലംഘിച്ചാണ് അസാൻജ് ഇക്വഡോർ എംബസ്സിയിൽ അഭയം തേടിയത്.

ജാമ്യവ്യവസ്ഥ ലംഘിച്ച കുറ്റത്തിന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് 50 ആഴ്ചത്തെ തടവുശിക്ഷ. തനിക്ക് മറ്റ് മാർഗങ്ങളില്ലാഞ്ഞതു കൊണ്ടാണ് ജാമ്യവ്യവസ്ഥകൾ ലംഘിക്കേണ്ടി വന്നതെന്നും അതിൽ താനിപ്പോൾ ഖേദിക്കുന്നുണ്ടെന്നും വക്കീൽ മുഖാന്തിരം കോടതിമുമ്പാകെ അസാൻജ് ബോധിപ്പിച്ചെങ്കിലും ജഡ്ജി പ്രസ്തുത വാദം പൂർണമായും തള്ളുകയായിരുന്നു. അഭിഭാഷകനായ മാർക്ക് സമ്മേഴ്സ് ആണ് അസാൻജിനു വേണ്ടി ഹാജരായത്. ഒരു കത്തിലൂടെയാണ് അസാൻജ് തന്റെ നിലപാട് കോടതിയിൽ വ്യക്തമാക്കിയത്.

“ഞാൻ ഈ കേസിനെ കൈകാര്യം ചെയ്ത രീതി തങ്ങളോട് അനാദരവ് കാണിക്കുന്ന വിധത്തിലായിരുന്നെന്ന് കരുതുന്നവരോട് ഞാൻ നിരുപാധികമായി മാപ്പ് ചോദിക്കുന്നു. എന്തെങ്കിലും പരിഹാരം കാണാൻ സാധിക്കാത്ത വിധത്തിലുള്ള കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ഞാൻ കടന്നുപോയിക്കൊണ്ടിരുന്നത്. ഞാൻ ഉപദേശം ചോദിച്ചവർക്കും സഹായിക്കാൻ സാധിച്ചിരുന്നില്ല. ആ സന്ദർഭത്തിൽ നല്ലവഴിയെന്ന് തോന്നിയത് എനിക്ക് ചെയ്യേണ്ടി വന്നു. ഒരുപക്ഷെ അന്നേരം എനിക്ക് ചെയ്യാൻ പറ്റുമായിരുന്ന ഒരേയൊരു കാര്യവും അതായിരുന്നിരിക്കണം. എന്റെ ആ നിലപാട് ഇക്വഡോറും സ്വീഡനും തമ്മില്‍ ഒരു നിയമപരമായ പരിഹാരത്തിലേക്ക് എത്തുന്നതിലേക്ക് നയിക്കുമെന്നും എന്റെ ഭീതികളിൽ നിന്നും എന്നെ കാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുകയുണ്ടായി.” -കത്തിൽ അസാൻജ് പറഞ്ഞു.

അന്ന് താൻ ആ നിലപാടുകളെടുത്തില്ലായിരുന്നുവെങ്കിൽ ഇന്ന് താൻ അഭിമുഖീകകരിക്കുന്ന പ്രതിസന്ധികൾ ഇതിനെക്കാൾ കടുത്തതായി മാറുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇങ്ങനെ പറയുന്നതാണ് തനിക്ക് ശരിയെന്ന് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജാമ്യനിബന്ധന ലംഘിച്ചാണ് അസാൻജ് ഇക്വഡോർ എംബസ്സിയിൽ അഭയം തേടിയത്.

ഇക്വഡോർ എംബസി നൽകി വന്നിരുന്ന അഭയം പിൻവലിച്ചതിന് പിറകെ അസാൻ‌ജിനെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലൈംഗികാരോപണ കേസുകൾക്കും യുഎസ്സിലെ ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് വിട്ട കേസുകൾക്കുമാണ് അസാൻജിനെ അറസ്റ്റ് ചെയ്തത്.

2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. അമേരിക്ക ഉൾ‌പ്പെടെയുള്ള രാജ്യങ്ങളുടെ വൻ രഹസ്യങ്ങൾ പുറത്ത് വിട്ടായിരുന്നു വിക്കീലീക്സും അസാഞ്ചെയും ലോക ശ്രദ്ധ പിടിച്ച് പറ്റിയത്. ഇതിന് സ്വീഡനിൽ, അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയരുകയും സ്വീഡിഷ് ഗവൺമെന്റ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഇത് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി കെട്ടിച്ചമച്ച കേസാണെന്ന് വ്യാപക വിമർശനം ഉയർന്നരുന്നു. 2010 നവംബർ-30ന് അസാഞ്ജിനെതിരെ ഗികാതിക്രമങ്ങളുമായിബന്ധപ്പെട്ട കേസിൽ ഇന്റെർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന് പിറകെ ആയിരുന്നു അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടുന്നത്. 3 ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാവുകയായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി രേഖകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന നിലയിൽ നിന്നാണ് അദ്ദേഹം വിക്കീലീക്സിലൂടെ ലോകമറിയുന്ന വ്യക്തിയായി അദ്ദേഹം വളരുന്നത്. 2011 ഫെബ്രുവരിയിൽ സിഡ്‌നി സമാധാനപുരസ്കാരമായ ഗോൾഡ് മെഡൽ ഉൾപ്പെടെ വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് നിരവധി മാധ്യമ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പൗരനാണ് ഇദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍