Top

ആസിഫ, എങ്ങനെയാണ് ഈ രാജ്യം നിനക്ക് നീതി നല്‍കുക?

ആസിഫ, എങ്ങനെയാണ് ഈ രാജ്യം നിനക്ക് നീതി നല്‍കുക?
അവള്‍ക്ക് എട്ട് വയസ്സേയുള്ളൂ. മൂന്ന് തവണയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘം ആ കുഞ്ഞിനെ മാറിമാറി പീഡിപ്പിച്ചു. അതിനുമുന്‍പ്, മയക്കുമരുന്ന് നല്‍കി ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കിക്കിടത്തി. പൂജകള്‍ നടത്തി. കാമസംതൃപ്തിക്ക് വേണ്ടി ദാഹിച്ചിരുന്ന ഒരുത്തനെ അങ്ങ് ദൂരെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും വിളിച്ചുവരുത്തി. എല്ലാവരും ആര്‍ത്തിതീരുവോളം ഭോഗിച്ചു. എന്നിട്ട് കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു. കൊല്ലുന്നതിന് മുന്‍പ് കൂട്ടത്തിലെ പോലീസുകാരന് ഒരാഗ്രഹം, അവസാനമായി ഒന്നുകൂടെ... എല്ലാവരും മാറിനിന്ന് സഹകരിച്ചു കൊടുത്തു. പിന്നെ കൊന്നു. മരിച്ചുവെന്ന് ഉറപ്പായിട്ടും കരിങ്കല്ലുകൊണ്ട് തലയടിച്ചുപൊളിച്ചു. സമീപത്തെ വനത്തില്‍ കൊണ്ടുപോയി തള്ളി.

ഇത് (ഇനി പറയുന്നതും) വെറുമൊരു കെട്ടുകഥയൊന്നുമല്ല, ജമ്മുവിനടുത്ത് കതുവായിലെ രസന എന്ന ഗ്രാമത്തില്‍ ബാലികയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നുള്ള ഏതാനും ചില വരികളാണ്. ഇത് (ഇനി പറയുന്നതും) കാമവെറിമൂത്ത ചിലര്‍ നടത്തിയ അരുംകൊല മാത്രവുമല്ല, കൃത്യമായ വര്‍ഗ്ഗീയതയും പിന്നിലുണ്ട്.

അവളെന്നും കുതിരയെ മേയ്ക്കാന്‍ വീടിനടുത്തുള്ള ചെറുവനത്തിലേക്ക് വരുമായിരുന്നു. ഒരു ദിവസം സഞ്ജി റാം തന്‍റെ പ്രായപൂര്‍ത്തിയാകാത്ത അനന്തരവനോട് അവളെ തട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. റാമും ദീപക് ഖജുരിയയും (റാമിന്‍റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍) ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി അവന്‍ തന്‍റെ സുഹൃത്ത് മന്നു എന്നുവിളിക്കുന്ന പര്‍വേശ് കുമാറുമായി പങ്കുവച്ചു. അവരിരുവരും ഒരവസരത്തിനായി കാത്തുനിന്നു.

ജനുവരി ഏഴാം തിയ്യതി വൈകുന്നേരം. പ്രതികളായ ഖജുരിയയും സുഹൃത്ത് വിക്രമും കൂടെ കൂട്ടമോര്‍ഹ് എന്ന പ്രദേശത്തെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ചെല്ലുന്നു. ഖജുരിയയുടെ മനോരോഗിയായ അമ്മാവന്‍ കഴിക്കുന്ന ‘എപിട്രില്‍ 0.5’ ഒരു സ്ട്രിപ് ആവശ്യപ്പെട്ടു. എന്നാല്‍ ആ ഗുളിക അവിടെ ലഭ്യമല്ലായിരുന്നു. കടക്കാരന്‍ പകരം അവര്‍ക്ക് ‘എപിട്രില്‍ 00.5’ നല്‍കി.

http://www.azhimukham.com/national-hindutwa-trying-rape-killing-of-asifa-to-play-communal-game-edit/

ജനുവരി പത്ത്. പതിവുപോലെ കുതിരകളെ അന്വേഷിച്ച് വന്ന പെണ്‍കുട്ടി വനത്തിനടുത്തുവച്ച് കണ്ട റാമിന്‍റെ അനന്തരവനോട് തന്‍റെ കുതിരകളെ കണ്ടിരുന്നുവോ എന്ന് ചോദിച്ചു. ‘കണ്ടു. കാട്ടിലേക്ക് കയറിപ്പോകുന്നുണ്ടായിരുന്നു’ അവന്‍ കള്ളം പറഞ്ഞു. അവള്‍ കാട് ലക്ഷ്യമാക്കി നടന്നു, പിറകെ അവനും. അതിനിടെ മന്നുവിനേയും അവന്‍ വിളിച്ചുവരുത്തി. എന്തോ അപകടം മണത്ത പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അവന്‍ അവളെ ചാടിപ്പിടിച്ച് കഴുത്ത് ഞെരിച്ച് നിലത്തേക്ക് തള്ളിയിട്ടു. അലറിവിളിച്ചപ്പോള്‍ വാപൊത്തിപ്പിടിച്ചു. അവള്‍ ബോധരഹിതയായി. അവനും മന്നുവും അവിടെയിട്ട് അവളെ പീഡിപ്പിച്ചു. ഇരുവരുംചേര്‍ന്ന് അവളെ എടുത്ത് ദേവസ്ഥാനില്‍ കൊണ്ടുപോയി ഒരു ടേബിളിനടിയില്‍ ഒളിപ്പിച്ചു.
ഇതിനിടെ, മകള്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്ന രക്ഷിതാക്കള്‍ ദേവസ്ഥാനില്‍വച്ച് സന്‍ജി റാമിനെ കാണുന്നുണ്ട്. ‘മകളെ കണ്ടിരുന്നുവോ’ എന്ന് ചോദിക്കുമ്പോള്‍ ‘അവള്‍ ചിലപ്പോള്‍ ഏതെങ്കിലും ബന്ധുക്കളുടെ വീട്ടിലേക്ക് പോയിട്ടുണ്ടാകാം’ എന്നാണ് അയാള്‍ മറുപടി പറഞ്ഞിരുന്നത്. റാം അവളെ പ്രാര്‍ത്ഥനാ മുറിയിലിട്ട് പൂട്ടിയിരുന്നു. അയാളുടെ അനന്തരവനും ഖജുരിയയും ദേവസ്ഥാനില്‍ കയറി നേരത്തേ വാങ്ങിവച്ചിട്ടുണ്ടായിരുന്ന ഗുളികള്‍ അവളുടെ വായയിലിട്ട് നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിച്ചു മയക്കിക്കിടത്തിയിരുന്നു.

ജനുവരി പതിനൊന്ന്. റാമിന്‍റെ അനന്തരവന്‍ മീററ്റിലുള്ള വിശാൽ ഗാന്ധോത്രയെ ഫോണില്‍ വിളിക്കുന്നു. കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് കാമം തീര്‍ക്കണമെങ്കില്‍ വേഗം അവിടേക്ക് എത്താന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെത്തന്നെ അയാള്‍ ദേവസ്ഥാനില്‍ എത്തുന്നുണ്ട്.

ജനുവരി പന്ത്രണ്ട്. ഹിരാനഗർ സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് യൂസുഫ്, പത്താം തിയ്യതി ഉച്ചയ്ക്ക് ഏകദേശം 12.30 മണിയോടുകൂടെ സമീപത്തുള്ള വനമേഖലയിൽ കുതിരകളെ മേയ്ക്കാന്‍ പോയ തന്‍റെ മകളെ കാണാനില്ലെന്ന് പരാതിപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു. വിരോധാഭാസമെന്നു പറയട്ടെ, പെൺകുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്ന അന്വേഷണ സംഘത്തില്‍ ഖജുരിയയും ഉണ്ടായിരുന്നു. ഇഫ്തിക്കർ വാനി എന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനൊപ്പം റാമിന്‍റെ വീട്ടിലെത്തിയ അയാള്‍, കൃത്യസമയങ്ങളില്‍ അവള്‍ക്ക് ഗുളികകള്‍ നല്‍കി മയക്കിക്കിടത്തണമെന്ന് റാമിന്‍റെ അനന്തരവനോട് പറഞ്ഞിരുന്നു. അന്നേദിവസംതന്നെ ഹെഡ് കോണ്‍സ്റ്റബള്‍ രാജിന്‍റെ നിര്‍ദേശമനുസരിച്ച് ഒന്നര ലക്ഷം രൂപ കൈക്കൂലി റാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.ജനുവരി പതിമൂന്ന്. എല്ലാവരും ദേവസ്ഥാനിലെത്തി. റാം അവളെ പൂജിച്ചു. പിന്നെ എല്ലാവരും മാറി മാറി ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന്, അവളെ കൊന്ന് കാട്ടില്‍ തള്ളാന്‍ സമയമായെന്ന് റാം പറഞ്ഞത്രെ. മന്നുവും വിശാലും റാമിന്‍റെ അനന്തരവനും ചേര്‍ന്ന് അവളെ അടുത്തുള്ള ഒരു ഓവുചാലിലേക്ക് കൊണ്ടുപോയി. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ നില്‍ക്കുമ്പോഴാണ് ഖജുരിയക്ക് ഒരുവട്ടംകൂടെ റേപ് ചെയ്യാന്‍ തോന്നിയത്. അതിക്രൂരമായ പീഡനങ്ങള്‍ക്ക്‌ ശേഷം ഖജുരിയ അവളുടെ കഴുത്ത് തന്‍റെ ഇടതുകാലിന്‍റെ തുടയില്‍വച്ച് കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. അവള്‍ മരിച്ചില്ലെന്ന് കണ്ടപ്പോള്‍ റാമിന്‍റെ അനന്തരവനാണ് ആ കൃത്യം നടത്തിയത്. എന്നിട്ടും, മരണമുറപ്പിക്കാന്‍ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകാൻ വാഹനമൊന്നും ലഭിക്കാതെയായപ്പോള്‍ പ്രാര്‍ത്ഥനാ മുറിക്കകത്തേക്കുതന്നെ കൊണ്ടുപോയി. ജനുവരി പതിനഞ്ചിന് റാമിന്‍റെ നിര്‍ദേശപ്രകാരം മൃതദേഹം വനത്തിലെറിഞ്ഞു. പതിനേഴാം തിയ്യതിയാണ് മൃതദേഹം കണ്ടെടുക്കുന്നത്. ഭക്ഷണമൊന്നും ലഭിക്കാതിരുന്നിട്ടും, മയക്കു ഗുളികകള്‍ ഒരുപാട് കഴിപ്പിക്കപ്പെട്ടിട്ടും, ഊഹിക്കാവുന്നതിലുമധികം പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടും എന്തേ അവള്‍ മരിക്കാതിരുന്നത്? ഡല്‍ഹിയിലെ നിര്‍ഭയയില്‍ നിന്നും ജമ്മുവിലെ ആസിഫയിലേക്ക് എത്ര ദൂരമാണുള്ളത്?

എന്തിനായിരുന്നു ഈ ക്രൂരത? അവള്‍ മുസ്ലിമാണ്. മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളുടെ (ആട്ടിടയര്‍) സംഘത്തില്‍ പെട്ടവള്‍. ബ്രാഹ്മണര്‍ മാത്രം താമസിച്ചു പോന്നിരുന്ന രസന എന്ന ഗ്രാമത്തില്‍ അവര്‍ താമസിക്കുകയായിരുന്നു. ഇവരെ അവിടെനിന്നും ഓടിക്കാനാണത്രെ ഇത്ര ഹീനമായ കൃത്യം നടത്തിയത്.

പോലീസിന്‍റെ അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച കുടുംബത്തോടൊപ്പം ഗുജ്ജാര്‍ സമുദായം കൂടെ ഒന്നടങ്കം പ്രതിഷേധിച്ചപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അവിടന്നിങ്ങോട്ടാണ് സംഭവങ്ങളുടെ ചുരുളഴിയാന്‍ തുടങ്ങുന്നതും. വിഷയം വര്‍ഗ്ഗീയമായി മാറുന്നതും.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ ദിവസം തന്നെ പ്രാദേശിക ഹിന്ദുത്വ ഗ്രൂപ്പുകളും രാഷ്ട്രീയ പാർട്ടികൾക്കും വർഗീയമായി കാര്യങ്ങളെ കാണാന്‍ തുടങ്ങിയുന്നു. കാരണം, കൊല്ലപ്പെട്ടത് ഒരു മുസ്ലിമും കൊന്നുവെന്ന ആരോപണം നേരിടുന്നവര്‍ ഹിന്ദുക്കളുമാണ് എന്നതുതന്നെ. കൊലയാളികളെ സംരക്ഷിക്കാന്‍ അവര്‍ ‘ഹിന്ദു ഏക്താ മഞ്ച്’ എന്ന പേരില്‍ പുതിയൊരു സംഘടനക്ക് തന്നെ രൂപം നല്‍കി. കശ്മീരിലെ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബി.ജെ.പി നേതാക്കള്‍ ലാല്‍സിങ്ങിന്‍റേയും ചന്ദര്‍പ്രകാശ് ഗംഗയുടേയും നേതൃത്വത്തിലാണ് സംഘടനയുടെ രൂപവത്കരണം എന്നതാണ് ശ്രദ്ധേയം. പ്രത്യക്ഷത്തില്‍ തന്നെ ഇത് ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലുള്ള കേസാക്കി മാറ്റി. കേസ് സി ബി ഐക്ക് വിടണമെന്ന് പറഞ്ഞ് കുറച്ചു സ്ത്രീകള്‍ നിരാഹാരം കിടക്കുകവരെ ചെയ്തു.

കേസ് കോടതിയിലെത്താതിരിക്കാന്‍ ബി ജെ പിക്ക് ശക്തമായ സ്വാധീനമുള്ള ജമ്മുകാശ്മീരിലെ ബാര്‍ അസോസിയേഷന്‍ പരമാവധി പരിശ്രമിച്ചിരുന്നെന്നും, ക്രൈംബ്രാഞ്ചിനെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങിയ അഭിഭാഷകര്‍ പ്രതികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്ന് പറഞ്ഞിരുന്നെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ ചിലരുടെ ട്രാക്ക് റെക്കോര്‍ഡ് അത്ര നല്ലതല്ലെന്നും സി ബി ഐ കെസേറ്റെടുക്കണമെന്നുമൊക്കെയാണ് അഭിഭാഷകര്‍ വാദിക്കുന്നത്. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

http://www.azhimukham.com/indian-shocking-charge-sheet-against-accusers-on-eight-year-girls-cruel-murder/

കുറ്റപത്രപ്രകാരം റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് മുഖ്യ സൂത്രധാരന്‍. കൂടാതെ ഇയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും, പ്രായപൂര്‍ത്തിയാകാത്ത സഹോദരീ പുത്രനും, പോലീസ് ഉദ്യോഗസ്ഥനായയ ദീപക് ഖജുരിയയും കൂട്ടു പ്രതികളാണ്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബലാത്സംഗത്തെ പിന്തുണച്ച് ചില തല്‍പ്പരകക്ഷികള്‍ രംഗത്ത് വരുന്നത് സംസ്ഥാന പൊലീസില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടൊന്നുമല്ല. മറിച്ച്, രാഷ്ട്രീയമാണത്. ജമ്മുവിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കൊന്നും അനക്കമില്ലാത്തത് ഇതുകൊണ്ടാണ്. ചെറിയൊരു ചലനമുണ്ടായാല്‍പോലും തെരുവിലറങ്ങാറുള്ള ജമ്മുവിലെ തിളക്കുന്ന യൊവ്വനങ്ങളും ഉറക്കത്തിലാണ്. ഈ മൌനം ഹീനമായ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിന് തുല്യമാണ്.

ഇപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ എന്തുകൊണ്ടാണ് ഒരു കേന്ദ്ര ഏജന്‍സിതന്നെ ഈ കേസ് അന്വേഷിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നതെന്ന്? എന്തുകൊണ്ടാണ് ‘പ്രമുഖ’ രാഷ്ട്രീയപാര്‍ട്ടികളൊന്നും രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഒരക്ഷരംപോലും ഉരിയാടാത്തതെന്ന്? എങ്ങിനെയാണ് ഒരു ബലാല്‍സംഗക്കേസ് പെട്ടന്ന് വര്‍ഗ്ഗീയവത്കരിക്കപെട്ടതെന്ന്? അതൊക്കെ പോട്ടെ, ആസിഫയെന്തേ നിര്‍ഭയയെപ്പോലെ രാജ്യമൊന്നടങ്കം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്? അവള്‍ക്കുവേണ്ടി എഡിറ്റോറിയലുകള്‍ എഴുതപ്പെടാത്തത്? അവള്‍ക്ക് എന്നെങ്കിലും നീതി ലഭിക്കുമെന്നെങ്കിലും നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അല്ല, എങ്ങനെയാണ് അവള്‍ക്ക് നമ്മള്‍ നീതി നല്‍കുക?

http://www.azhimukham.com/india-candle-light-vigil-in-protest-of-kathua-rape-at-india-gate-with-rahul-gandhi/

Next Story

Related Stories