TopTop
Begin typing your search above and press return to search.

മിലിന്ദ് ദിയോറയ്ക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി സ്ഥാനം രാജി വെച്ചു; ദേശീയതലത്തിൽ പ്രവർത്തിക്കുമെന്ന് മിലിന്ദ്

മിലിന്ദ് ദിയോറയ്ക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി സ്ഥാനം രാജി വെച്ചു; ദേശീയതലത്തിൽ പ്രവർത്തിക്കുമെന്ന് മിലിന്ദ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിനു ശേഷം കോൺഗ്രസ് നേതൃത്വത്തിൽ തുടരുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടി രാജസ്ഥാനിൽ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ സ്ഥാനത്യാഗം. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനമാണ് ഇദ്ദേഹം രാജി വെച്ചത്. കോൺഗ്രസ്സിന്റെ മുംബൈ കോൺഗ്രസ് പ്രസിഡണ്ട് മിലിന്ദ് ദിയോറയുടെ രാജിക്കു പിന്നാലെയാണ് സിന്ധ്യയുടെ രാജി.

ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്നും പരാജയത്തിന്റെ ഉത്തകരവാദിത്വമേറ്റെടുത്ത് രാജി വെക്കുന്നുവെന്നും സിന്ധ്യ പിന്നീട് ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറിയതായി സിന്ധ്യ അറിയിച്ചു. പാർട്ടിയെ സേവിക്കാൻ തനിക്ക് അവസരം നല്‍കിയതിനും തന്നിൽ വിശ്വാസമർപ്പിച്ചതിനും സിന്ധ്യ രാഹുലിനോട് നന്ദി അറിയിക്കുകയും ചെയ്തു.

അതെസമയം സിന്ധ്യ തന്റെ രാജിക്കത്ത് എട്ടോ പത്തോ ദിവസങ്ങൾക്കു മുമ്പു തന്നെ രാഹുലിന് കൈമാറിയിരുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സിന്ധ്യ ഇങ്ങനെ പറഞ്ഞതായാണ് എഎൻഐയുടെ റിപ്പോർട്ട്.

താൻ ഉത്തരവ് നൽകി നയിക്കുന്ന ഒരു നേതാവല്ലെന്ന് സിന്ധ്യ വിശദീകരിച്ചു. ചുമതലയേറ്റെടുക്കുമ്പോൾ അതിന് ഉത്തരവാദിത്വം കൂടി ഉണ്ടാകുമെന്നും നല്ല പ്രകടനം കാഴ്ച വെക്കാതിരുന്നതിന് താൻ കൂടി ഉത്തരവാദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താലാണ് രാജി വെക്കാമെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദമാക്കി.

ഉത്തർപ്രദേശിനെ രണ്ട് ഭാഗങ്ങളാക്കി തിരിച്ച് സിന്ധ്യക്കും പ്രിയങ്ക ഗാന്ധിക്കും ചുമതല നൽകിയിരുന്നു രാഹുൽ ഗാന്ധി. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപിമാരെ പാർലമെന്റിലേക്കയയ്ക്കുന്ന സംസ്ഥാനമാണ് യുപി എന്നതിനാൽ പ്രാധാന്യം ഏറെയായിരുന്നു. ഇവിടെ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് ലഭിച്ചത്. രാജ്യത്താകെ 543 ലോക്സഭാ സീറ്റുകളിൽ വെറും 52 എണ്ണത്തിൽ മാത്രമാണ് കോൺഗ്രസ്സിന് ജയിക്കാനായത്. സിന്ധ്യ അടക്കമുള്ള മുതിർന്ന നേതാക്കൾ വരെ തോറ്റമ്പി.

ഉത്തരവാദിത്വമേറ്റെടുത്ത് രാഹുൽ ഗാന്ധി രാജി വെച്ചതോടെയാണ് മറ്റുള്ളവർക്കു മേൽ സമ്മർദ്ദമേറിയിരിക്കുന്നത്.

അതെസമയം മിലിന്ദ് ദിയോറയുടെ രാജിക്കു പിന്നിൽ ഡൽഹിയിൽ കൂടുതൽ ഉത്തരവാദത്വമുള്ള മറ്റൊരു സ്ഥാനം ഏറ്റെടുക്കലാണെന്ന് സൂചനയുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താൻ രാജി വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ തീരുമാനം. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ദേശീയ തലത്തിൽ തനിക്ക് ചിലത് ചെയ്യാനുണ്ടെന്നും മിലിന്ദ് പറയുന്നു. മുംബൈ കോൺഗ്രസ്സിൽ‌ താൻ തുടർന്നും സജീവമായിരിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു.

മുംബൈയിലെ ആറ് ലോക്സഭാ സീറ്റിലും കോൺഗ്രസ് തോറ്റിരുന്നു.

Next Story

Related Stories