Top

യോഗിയുടെ 'ജിന്ന' രാഷ്ട്രീയം കൈരാനയില്‍ മുട്ടുമടക്കിയത് 'ഗന്ന' രാഷ്ട്രീയത്തോട്

യോഗിയുടെ
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കണക്കു കൂട്ടലുകളെല്ലാം തകരുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിച്ചത്. 2014ലെ തെരഞ്ഞെടുപ്പില്‍ 2.3 ലക്ഷം വോട്ടുകള്‍ക്ക് ജയിച്ച ബിജെപി ഇക്കുറി രാഷ്ട്രീയ ലോക് ദളിനോട് 55,000ലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. 2014ല്‍ മോദി തരംഗത്തിലും ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണത്തിലും ഉത്തര്‍പ്രദേശിലെ മറ്റേതൊരു മണ്ഡലത്തെയും പോലെ കൈരാനയും ബിജെപിയ്‌ക്കൊപ്പം നിന്നപ്പോള്‍ ആര്‍എല്‍ഡിയ്ക്ക് നഷ്ടമായത് അവരുടെ പരമ്പരാഗത സീറ്റായിരുന്നു.

കൈരാനയില്‍ ബിജെപി ഇക്കുറി നേരിട്ട തോല്‍വി പ്രത്യക്ഷത്തില്‍ തന്നെ തെളിയിക്കുന്നത് രാജ്യത്ത് മോദി തരംഗം അവസാനിച്ചുവെന്നാണ്. എന്നാല്‍ പ്രതിപക്ഷ മഹാസഖ്യം 2019ലെ തെരഞ്ഞെടുപ്പില്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വ്യക്തമാകും. കരിമ്പ് കൃഷിയുടെ മണ്ണായ കൈരാന ആര്‍എല്‍ഡി തങ്ങളുടെ പരമ്പരാഗത സീറ്റായി നിലനിര്‍ത്തിയിരുന്നത് കരിമ്പ് രാഷ്ട്രീയം കളിച്ചാണ്. എന്നാല്‍ 2014ല്‍ ഇത് പാളിപ്പോയി. ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണമാണ് അത്തവണ വിജയിച്ചത്. 2013ല്‍ നടന്ന മുസാഫര്‍നഗര്‍ വര്‍ഗ്ഗീയ കലാപം ആര്‍എല്‍ഡിയുടെ വോട്ട് ബാങ്കും കരിമ്പ് കര്‍ഷകരുമായ ജാട്ട് മുസ്ലിങ്ങളെ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചു. 2014ലെ രണ്ടര ലക്ഷത്തോളം വോട്ടിന്റെ വിജയത്തിന് ബിജെപിയെ സഹായിച്ചത് ഇതായിരുന്നു.

2017ലെ നിയമസഭ തെരഞ്ഞെടുപ്പായപ്പോഴേക്കും മോദി തരംഗം ഏതാണ്ട് അസ്തമിക്കാന്‍ തുടങ്ങിയിരുന്നു. നോട്ട് നിരോധനത്തിനെതിരായ രോഷം രാജ്യവ്യാപകമായി ആഞ്ഞടിക്കുന്നുവെന്ന് മനസിലാക്കിയ മോദി-യോഗി കൂട്ടുകെട്ട് അത്തവണ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് കൈരാന എന്നായിരുന്നു. കൈരാനയില്‍ നിന്നും ഹിന്ദുക്കള്‍ക്ക് പലായനം ചെയ്യേണ്ടി വരുന്നുവെന്നാണ് അപ്പോള്‍ പ്രചരിപ്പിച്ചത്. നോട്ട് നിരോധനത്തില്‍ ഗതികെട്ട കുറച്ച് കരിമ്പ് കര്‍ഷകര്‍ ബിജെപി വിട്ടെങ്കിലും ബഹുഭൂരിപക്ഷവും ഇതു കേട്ടതോടെ ബിജെപിയ്ക്ക് തന്നെ വോട്ട് കുത്തി.

ഇത്തവണയും കൈരാനയില്‍ യോഗി പുറത്തെടുത്തത് പതിവ് വര്‍ഗ്ഗീയ ധ്രുവീകരണം തന്നെയാണ്. കൈരാന ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറ്റവുമധികം ഉയര്‍ന്നു കേട്ട വാക്കായി ജിന്ന എന്ന പേര് മാറുന്നത് അങ്ങനെയാണ്. അലിഗഡ് സര്‍വകലാശാലയില്‍ സ്ഥാപിച്ചിരിക്കുന്ന മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചതിലൂടെയാണ് ഇത് ആരംഭിച്ചത്. ജിന്നയുടെ ചിത്രം നീക്കം ചെയ്യുന്നത് കൈരാന തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള ബിജെപിയുടെ അജണ്ടയല്ല. ബിജെപി അജണ്ട തീരുമാനിക്കുന്ന നരേന്ദ്ര മോദി-അമിത് ഷാ-യോഗി ആദിത്യനാഥ് ത്രയത്തെ സംബന്ധിച്ച് ഇന്ത്യയിലെ അവശേഷിക്കുന്ന മതേതര ചിഹ്നങ്ങള്‍ കൂടി ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. പുറത്തു നിന്നെത്തിയവരാണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രക്ഷോഭമുണ്ടാക്കിയത്. ഇവരുടെ ആക്രമണത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ മഷ്‌കൂര്‍ അഹമ്മദ് ഉള്‍പ്പെടെ 150ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ജില്ലയിലെ ഇന്റര്‍നെറ്റ് സേവനം വിഛേദിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ബിജെപി എംപി സതീഷ് ഗൗതമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. പാകിസ്ഥാന്‍ രാഷ്ട്രപിതാവിന്റെ ചിത്രം ഇന്ത്യയില്‍ വേണ്ടെന്നാണ് ഇയാള്‍ പരസ്യമായി പറഞ്ഞത്. എന്നാല്‍ അലിഗഡ് സ്ഥാപിത അംഗമായ ജിന്നയുടെ ചിത്രം നീക്കം ചെയ്യാനാകില്ലെന്ന് സര്‍വകലാശാല അധികൃതര്‍ നിലപാടെടുത്തതോടെ ഹിന്ദു യുവവാഹിനി, എബിവിപി തുടങ്ങിയ സംഘടനകള്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.

ഈ വിഷയത്തെ കൈരാനയിലും ഊതിക്കത്തിക്കാനായി പിന്നീട് ബിജെപിയുടെ ശ്രമം. എബിവിപിയ്‌ക്കോ അതുവഴി ബിജെപിക്കോ കടന്നു ചെല്ലാനാകാത്ത രാജ്യത്തെ അപൂര്‍വം സര്‍വകലാശാലകളിലൊന്നായ അലിഗഡിലുണ്ടാക്കുന്ന പ്രശ്‌നം മറ്റൊരു ധ്രൂവീകരണത്തിന് സഹായിക്കുമെന്നായിരുന്നു അവരുടെ കണക്കു കൂട്ടല്‍. ജിന്നയുടെ ഛായാചിത്രം ഇന്ത്യയില്‍ സ്ഥാപിച്ചിരിക്കുന്നത് ഹിന്ദുത്വ വികാരത്തെ ഉണര്‍ത്തുമെന്ന് യോഗിയുടെ സ്വതസിദ്ധമായ സംഘബുദ്ധിയില്‍ തെളിഞ്ഞത്. ഒപ്പം കൈരാനയിലെ പലായനം ഒരിക്കല്‍ കൂടി അവര്‍ പര്‍വതീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജിന്ന എന്ന വികാരത്തേക്കാളപ്പുറം ഉണര്‍ന്നത് ഗന്ന (കരിമ്പ്) എന്ന വികാരമാണ്.

സമാജ്‌വാദി പാര്‍ട്ടി അംഗമായ തബസ്സും ഹസന്‍ ബീഗം എന്ന മുസ്ലിം മതസ്ഥ ആര്‍എല്‍ഡിയുടെ സ്ഥാനാര്‍ത്ഥിയായപ്പോഴും വര്‍ഗ്ഗീയ ധ്രുവീകരണം വിജയിക്കുമെന്നാണ് ബിജെപി കരുതിയത്. കൈരാനയില്‍ നിന്നുള്ള ഹിന്ദുക്കളുടെ പലായനം എന്ന പഴയ വീഞ്ഞിനെ ജിന്നയുമായി കൂട്ടിച്ചേര്‍ത്ത് പുതിയ വീര്യത്തിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണമാണ് അവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ജാട്ടുകളുടെ മുഖ്യവരുമാനമായ കരിമ്പില്‍ തന്നെ ആര്‍എല്‍ഡി എന്ന അവരുടെ പരമ്പരാഗത പാര്‍ട്ടി കൈവച്ചു. അതില്‍ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ച ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി വിജയിച്ചു. കരിമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള പതിനായിരം കോടിയോളം രൂപയുടെ കുടിശ്ശിഖയാണ് ജയന്ത് ചൗധരി ഉയര്‍ത്തിക്കാട്ടിയത്. അതോടെ എസ് പിയുടെ മുസ്ലിം വോട്ടുകളും ആര്‍എല്‍ഡിയുടെ ജാട്ട് വോട്ടുകളും ഒരുമിച്ചു. മായാവതിയുടെ ബി എസ് പി പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്തതോടെ അക്കൂട്ടത്തിലേക്ക് ദലിത് വോട്ടുകളും വന്നു ചേര്‍ന്നു.

ഫുല്‍പൂരിലും ഗോരഖ്പൂരിലും വിജയിപ്പിച്ച അതേ ബദല്‍ പരീക്ഷണം ഇവിടെയും വിജയം കാണുകയായിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളെയുള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിച്ചു നിര്‍ത്തി ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈ മൂന്ന് ജയങ്ങളും. എന്നാല്‍ ജിന്നയുടെ പേരിലുള്ള ഹിന്ദു ധ്രുവീകരണത്തേക്കാള്‍ തങ്ങള്‍ക്ക് പ്രധാനം ഗന്നയാണെന്ന് തിരിച്ചറിഞ്ഞ ജാട്ടുകളുടെ വിജയം കൂടിയായാണ് കൈരാനയിലെ ബിജെപി പരാജയത്തെ ചരിത്രം രേഖപ്പെടുത്തുക.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories