ന്യൂസ് അപ്ഡേറ്റ്സ്

സഞ്ജയ് ഗാന്ധിയുടെ പടയാളി മുഖ്യമന്ത്രിയായി; മധ്യപ്രദേശിൽ ബിജെപി സർക്കാർ നല്‍കിവന്ന അടിയന്തിരാവസ്ഥാ പെൻഷൻ നിർത്തിവെച്ചു

മധ്യപ്രദേശിൽ അടിയന്തിരാവസ്ഥാ തടവുകാർക്ക് നൽകിവന്ന പെൻഷൻ നിർത്തിവെച്ചു. സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ നൽകിവന്ന പെൻഷനാണ് പുതിയ കോൺഗ്രസ്സ് മന്ത്രിസഭ അവസാനിപ്പിച്ചത്. ബിജെപി സർക്കാർ കൊണ്ടുവന്ന ലോകനായക് ജയപ്രകാശ് നാരായൺ സമ്മാൻ നിധി നിയമപ്രകാരമാണ് രണ്ടായിരത്തോളം അടിയന്തിരാവസ്ഥാ തടവുകാർക്ക് 25,000 രൂപവീതം പെൻഷൻ ലഭിച്ചു വന്നത്.

സംസ്ഥാനത്തെ എല്ലാ ഡിവിഷണൽ കമ്മീഷണർമാർക്കും ജില്ലാ കളക്ടർമാർക്കും ഇതു സംബന്ധിച്ചുള്ള സർക്കുലർ ലഭിച്ചിട്ടുണ്ട്. പെൻഷൻ കാര്യത്തിൽ കൂടുതൽ കൃത്യതയും സുതാര്യതയും വരുത്തുന്നതു വരെ നിറുത്തിവെക്കാനാണ് സർക്കുലർ ആവശ്യപ്പെടുന്നത്. രണ്ടായിരത്തോളം വരുന്ന ഗുണഭോക്താക്കളെ നേരിൽക്കണ്ട് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പറയുന്ന സർക്കുലർ പക്ഷെ ഇത് എന്നേക്ക് പൂർത്തിയാക്കുമെന്ന് പറയുന്നില്ല.

ഈ നീക്കത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തു വന്നിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

1975നും 77നും ഇടയിലെ അടിയന്തിരാവസ്ഥ നിലവിൽ വന്നപ്പോൾ സഞ്ജയ് ഗാന്ധിയുടെ സംഘത്തിൽ പെട്ടയാളായിരുന്നു കമൽനാഥ്. പിൽക്കാലത്ത് ഈ സംഘത്തിന്റെ അന്നത്തെ പ്രവർത്തനങ്ങൾ ഏറെ വിമർശനങ്ങൾക്കു വിധേയമായി.

ബജറ്റ് വിഹിതത്തെക്കാൾ കൂടുതൽ തുക ഈയിനത്തിൽ ചെലവഴിക്കുന്നുണ്ടെന്നും സർക്കാരിന്റെ സർക്കുലറിൽ പറയുന്നുണ്ട്. 2008 മുതലുള്ള ഈ പദ്ധതി പ്രകാരം ക്രമക്കേടുണ്ടായിട്ടുണ്ടെന്ന ആരോപണം കൂടി വ്യംഗ്യമായി ഉന്നയിച്ചാണ് പെൻഷൻ നിർത്തി വെച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍