UPDATES

സ്വന്തം അധ്വാനത്തിന് വില കല്‍പ്പിക്കാത്ത ശൂദ്രര്‍ എന്ന ബ്രാഹ്മണരുടെ ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ അടിമകള്‍: കാഞ്ച ഐലയ്യ- ഭാഗം 3

ശൂദ്രര്‍ നായന്മാരെപ്പോലെ കടുത്ത ഹിന്ദുക്കൾ എന്നവകാശപ്പെടുകയും എന്നാൽ സ്വന്തം മതത്തിന്റെ ബൗദ്ധിക തലത്തിൽ യാതൊരു പങ്കും വഹിക്കാതെ ബ്രാഹ്മണ പുരോഹിതാധിപത്യത്തിനു കീഴിൽ തുടരുകയും ചെയ്യും

ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പരിസരത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍. 1953-ലാണ് ആദ്യ പിന്നോക്ക വിഭാഗ കമ്മീഷന്‍ (First Backward Class Commission) അന്നത്തെ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന കാകാ കേല്‍ക്കറിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അവര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 2,399 പിന്നോക്ക ജാതി/സമുദായക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതൊരിക്കലും നടപ്പായില്ല. പിന്നീട് 1979 ജനുവരി ഒന്നിന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബിന്ദെശ്വരി പ്രസാദ് മണ്ഡലിന്റെ അധ്യക്ഷതയില്‍ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷന് രൂപം നല്‍കിയത്. രണ്ടു വര്‍ഷത്തിള്ളില്‍ -1980 ഡിസംബര്‍ 31ന്- മണ്ഡല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഇതിനിടെ താഴെ പോവുകയും പിന്നീട് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്ത് റിപ്പോര്‍ട്ട് നടപ്പാക്കപ്പെടുകയും ഉണ്ടായില്ല. ഒടുവില്‍ 1990 ഓഗസ്റ്റ് എഴിന് അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് താന്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയാണ് എന്നറിയിച്ചു- ഒ.ബി.സി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27 ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു അത്. എന്നാല്‍ ഇതിനു പിന്നാലെ ഉത്തരേന്ത്യയിലുടനീളം മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറി. 1990 സെപ്റ്റംബര്‍ 19-ന് രാജീവ് ഗോസ്വാമി എന്ന ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെ പ്രക്ഷോഭം പടര്‍ന്നു പിടിച്ചു. അപ്പോഴേക്കും വി.പി സിംഗ് സര്‍ക്കാരിലും പ്രതിസന്ധികള്‍ ആരംഭിച്ചിരുന്നു. പക്ഷെ, കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ബിജെപിയുടെ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് വി.പി സിംഗ് സര്‍ക്കാര്‍ നിലനിന്നിരുന്നത്. ഇതിനിടെ മണ്ഡല്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നു. ഇത് പിന്നീട് എല്‍.കെ അദ്വാനിയുടെ രഥയാത്രയിലേക്ക് നയിച്ചു. രാജ്യത്തെ നെടുകെ പിളര്‍ത്തി ഇന്നും ചോര വീഴ്ത്തുന്ന ഒന്നായി അത് നിലനില്‍ക്കുന്നു. ഈ സമയത്ത് ബിജെപി വി.പി സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാകുക തന്നെ ചെയ്തു. ആ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിയോളം വരുന്ന, വര്‍ണ വ്യവസ്ഥയില്‍ നാലാം സ്ഥാനത്ത് വരുന്ന ശൂദ്രരായ ഒ.ബി.സി വിഭാഗങ്ങളുടെ തലവര തന്നെ മാറ്റിമറിച്ച ഈ കാലങ്ങള്‍ക്ക് ശേഷവും ഈ ശൂദ്രരുടെ അവസ്ഥ എന്താണ് എന്നു പരിശോധിക്കുകയും അതിന്റെ ചരിത്ര, സാമൂഹിക പരിസരങ്ങളെ വിശകലനം ചെയ്യുകയാണ് സാമൂഹിക, രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും ദളിത്‌ അവകാശ പോരാളിയുമായ കാഞ്ച ഐലയ്യ. കാരവന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ദീര്‍ഘലേഖനത്തിന്റെ- Where Are the Shudras? Why the Shudras are lost in today’s India?- മലയാള പരിഭാഷ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. തയാറാക്കിയത്: പ്രവീണ്‍ രാജേന്ദ്രന്‍, അനു കെ. ആന്റണി.

[ആദ്യഭാഗം ഇവിടെ വായിക്കാം: എവിടെയാണ് ശൂദ്രർ? നായര്‍, ജാട്ട്, പട്ടേല്‍, യാദവ്… നവബ്രാഹ്മണ്യ വക്താക്കളോ അവരിന്ന്? കാഞ്ച ഐലയ്യ എഴുതുന്നു]

[രണ്ടാം ഭാഗം: ബനിയ മൂലധനത്തിന്റെ സേവകനായാണ്, അല്ലാതെ ശൂദ്ര പ്രതിനിധിയായല്ല മോദി അധികാരത്തിലെത്തുന്നത്: കാഞ്ചാ ഐലയ്യ- ഭാഗം 2]

ഭാഗം 3

എന്നാല്‍ മണ്ഡൽ കമ്മീഷൻറെ വരവോടുകൂടി, അർഥപൂർണമായ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള വഴികൾ ശൂദ്രർക്കു മുന്നിൽ തുറന്നു കിട്ടി. അതേസമയം, ചരിത്രപരമായി രൂപപ്പെട്ട രണ്ടു കാരണങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തും ശൂദ്രരുടെ വഴിമുടക്കിക്കൊണ്ട് നിന്നു.

ആദ്യത്തെ പ്രശ്നം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവുമായി ബന്ധപ്പെട്ടതായിരുന്നു, ദളിതരെയും ആദിവാസികളെയും പോലെ ഭൂരിഭാഗം ശൂദ്രരും തങ്ങളുടെ മക്കളെ പ്രാദേശിക ഭാഷാ മീഡിയം സ്കൂളുകളിലാണ് വിദ്യാഭ്യാസത്തിനായി അയയ്ക്കുന്നത്. ബ്രാഹ്മണരും ബനിയകളുമായി തുലനം ചെയ്തു നോക്കുമ്പോൾ ഇംഗ്ലീഷ്‌ ഭാഷാ വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ രണ്ടു നൂറ്റാണ്ട് പുറകിലാണ് മറ്റു സമുദായങ്ങൾ എന്ന് കാണാം. പ്രാദേശിക ഭാഷാ ദേശീയത തങ്ങളുടെ സ്വത്താണ് എന്ന ബ്രാഹ്മണിക് പ്രചാരണത്തിൽ വീണു പോയരാവരാണ് മിക്ക ശൂദ്രരും; അവരുടെ ഈ പിന്നോക്കാവസ്ഥയ്ക്കു കാരണവും അത് തന്നെയാണ്. രാജ്യത്തൊട്ടാകെയുള്ള സർക്കാർ സ്കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം വേണമെന്ന് ആവശ്യം പോലും ശൂദ്രര്‍ പൊതുമണ്ഡലത്തിൽ ഉന്നയിച്ചിട്ടില്ല. രാജ്യത്തെ പ്രധാന സർക്കാർ /സ്വകാര്യ സര്‍വകലാശാലകളിലെല്ലാം തന്നെ വിനിമയ ഭാഷ ഇംഗ്ലീഷാണ്, ഇത്തരം സ്ഥാപനങ്ങളിൽ എത്തിപ്പെടുമ്പോഴേക്കും ശൂദ്രവിദ്യാർത്ഥികള്‍ക്ക് സ്വന്തം ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനുള്ള സമയവും സാധ്യതയും ഇല്ലാതായിത്തീർന്നിരിക്കും.

ഈ ഒരു പ്രശ്നം പഠനത്തിലുള്ള അവരുടെ പ്രകടനത്തെ ബാധിക്കുകയും ഉന്നതപഠനത്തിനുള്ള സാധ്യതകൾക്ക് മങ്ങലേല്‍പ്പിക്കുകയും ചെയുന്നു. പ്രാദേശിക ഭാഷയിൽ മാത്രമുള്ള പരിജ്ഞാനം ശൂദ്രവിദ്യാർത്ഥികളെ പ്രദേശികമായ അവസരങ്ങളിലും വ്യവഹാരങ്ങളിലും മാത്രം ഒതുക്കി നിർത്തുന്നു. ഇന്ത്യയിലെ ഉന്നത തലത്തിലുള്ള ബിസിനസ്, വിദ്യാഭ്യാസം, മാധ്യമരംഗം, നയതന്ത്രം തുടങ്ങിയവയിലെല്ലാം പ്രഥമ ഭാഷ ഇംഗ്ലീഷ് ആയി തുടർന്നുപോരുന്ന ഒരു സ്ഥിതിയാണ് നിലവിലുള്ളത്. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യക്കുറവ് ദളിതരെയും ആദിവാസികളേയും പോലെ ശൂദ്രരെയും ആ ലോകത്ത് നിന്നും മാറ്റി നിർത്തുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ലോകത്ത്, ബ്രാഹ്മണരും ബനിയയും പാശ്ചാത്യ നാടുകളിലെ ഉന്നതരുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമ്പോൾ ശൂദ്രർ നിരക്ഷരതയുടെ പ്രതിനിധികളായി പാർശ്വവത്കരിക്കപ്പെടുന്നു.

രണ്ടാമത്തെ പ്രശ്നം ശൂദ്ര വിദ്യാർഥികൾ തത്വചിന്തയോട് കാണിക്കുന്ന താത്പര്യക്കുറവും ഭയവും നിറഞ്ഞ സമീപനമാണ്. ഒരു പ്രൊഫസ്സർ എന്നെ നിലയിലുള്ള എന്റെ അനുഭവത്തിൽ നിന്നുപറയുമ്പോൾ ഒരു ശൂദ്രവിദ്യാര്‍ഥിയുടെ ഏറ്റവും വലിയ ആഗ്രഹം എൻജിനീയർമാർ, ഉദ്യോഗസ്ഥർ കൂടിയപക്ഷം രാഷ്ട്രീയക്കാർ എന്ന തലങ്ങളിലൊതുങ്ങുന്നു. ചിന്തകരോ എഴുത്തുകാരോ ആയി സമൂഹത്തെയും രാഷ്ട്രത്തെയും സംബന്ധിക്കുന്ന ആശയങ്ങളെ സ്വാധീനിക്കണമെന്ന ആഗ്രഹം ശൂദ്രവിദ്യാർഥികൾ പ്രകടിപ്പിച്ചു കാണാറില്ല. ഇത് ശൂദ്രവിദ്യാർത്ഥികളെ മാത്രം ബാധിക്കുന്ന കാര്യമല്ല, ഹൈദരാബാദിലെ ഒസ്മാനിയ്യാ യൂണിവേഴ്സിറ്റിയിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് എന്റെ സഹപ്രവർത്തകർ മിക്കവാറും പേരും ശൂദ്ര വിഭാഗത്തിൽപ്പെട്ടവരായിരുന്നു. അവരാകട്ടെ തത്വചിന്തയിൽ അശേഷം തത്പരരരായിരുന്നതുമില്ല. അധികാരം, പണം, രാഷ്ട്രീയം തുടങ്ങിയ ചെറിയ തലങ്ങളിൽ മാത്രം ഒതുങ്ങി നിന്ന അവരുടെ താത്പര്യങ്ങൾ ജ്ഞാനമണ്ഡലത്തിൽ സ്വന്തം മുദ്ര പതിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതുപോലുമില്ലായിരുന്നു; വർഷങ്ങൾ നീണ്ട ബ്രാഹ്മണാധിപത്യത്തിന്റെ മറ്റൊരു ബാക്കിപത്രം മാത്രമാണിത്. ഇതേ പ്രവണത ശൂദ്രർക്കിടയിൽ, ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കാണാം. വര്‍ഷങ്ങളോളം അവർ ബ്രാഹ്മണരുടെ ഭാഷയായ സംസ്കൃതത്തെ പേടിച്ചിരുന്നു. പിന്നീട് ബ്രാഹ്മണർ ഇംഗ്ലീഷ് വിദഗ്ദ്ധരായപ്പോഴാകട്ടെ ഇതേ ഭയം ഇംഗ്ലീഷിനോടായി. കർഷകനായ ഗ്രാമവാസിക്ക് വഴങ്ങാത്ത വൈദേശിക ഭാഷയായാണ് ഇംഗ്ലീഷിനെ ശൂദ്രർ മനസിലാക്കി വച്ചിരിക്കുന്നത്; ഇതിനാലാണ് സമ്പന്നരായ ശൂദ്രർ പോലും മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയയ്ക്കുന്നതിന് വിമുഖത കാണിക്കുന്നത്.

അതേസമയം അസൂയാലുക്കളായ ബ്രാഹ്മിൻ, ബനിയ വിഭാഗക്കാർ സംസ്കൃതത്തെപോലെതന്നെ ഇംഗ്ലീഷിനേയും കുത്തകയായി മാറ്റാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കൽ ക്രിസ്ത്യൻ മിഷനറിമാരുടേത് മാത്രമായിരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സർവകലാശാലകളും ബ്രാഹ്‌മണ, ബനിയ നിയന്ത്രണത്തിലായി തുടങ്ങിയിരിക്കുന്നു. ഈ സ്ഥാപനങ്ങളാകട്ടെ മണ്ഡൽ കമ്മീഷൻ നിർദേശങ്ങള്‍ക്കെതിരെയും സംവരണത്തിനുമെതിരായി നിലപാടെടുക്കുകയും ചെയ്യുന്നു. ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക് ഇന്നും സംവരണം ലഭ്യമല്ല, പ്രസ്തുത കോളേജിലെ പൂർവ്വവിദ്യാർഥികളിൽ ഒരുപറ്റം ബ്രാഹ്മിണ്‍, ബനിയ ബുദ്ധിജീവികളെ കാണാൻ നമുക്ക് സാധിക്കും. എന്നാൽ ഇന്ത്യൻ സമൂഹത്തിലെ ബ്രാഹ്മിണ്‍, ബനിയ ആധിപത്യത്തെ ചോദ്യം ചെയ്യാൻ കെല്‍പ്പുള്ള ഒരൊറ്റ ദളിത്, ശൂദ്ര ബുദ്ധിജീവിയെപ്പോലും സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടില്ല.

ഈ രണ്ടു കാര്യങ്ങളും എന്തുകൊണ്ട് ശൂദ്രർക്ക് അംബേദ്കറെപ്പോലെ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ, സമുദായത്തിന്റെ ചരിത്രഗതി തിരുത്തിക്കുറിക്കാൻ പോന്ന ഒരു നേതാവിനെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചില്ല എന്നതിനുള്ള ഉത്തരമാണ്. അംബേദ്കറുടെ അച്ഛനെ പോലെ ഒരുപാട് ശൂദ്രർ ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി ചെയ്തിരുന്നുവെങ്കിലും അവരിൽ വളരെ കുറച്ചുപേർ മാത്രമാണ് മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യാൻ ബ്രിട്ടീഷ് സ്കൂളുകളിലേക്ക് അയച്ചത് എന്ന് കാണാൻ കഴിയും. സ്വന്തം ജാതിയുടെ വിലക്കുകളെ മറികടന്ന് അംബേദ്കറുടെ മാതാപിതാക്കൾക്ക് സാധിച്ച ഒരു കാര്യം എന്തുകൊണ്ട് ശൂദ്രരായ മറ്റു നിരവധി പേർക്ക് സാധിച്ചില്ല എന്നത് എനിക്ക് ഒരിക്കലും മനസിലാക്കാൻ കഴിയാതെ പോയ ഒരു വസ്തുതയാണ്.

ശൂദ്രരുടെ അപകര്‍ഷതാബോധത്തിന്റെ ഏറ്റവും ആഴത്തിലുള്ള വേരുകൾ കിടക്കുന്നത് ആത്മീയമായ അടിമത്തത്തിലാണ്. ഉയർന്ന ജ്ഞാനവ്യബഹാരത്തിന്റെ മണ്ഡലത്തിൽ തങ്ങളക്ക് സ്ഥാനമില്ല എന്നത് ശൂദ്രർ സ്വയം വിശ്വസിച്ചു വച്ചിരിക്കുന്ന ഒരു ബോധ്യമാണ്, ഇതിനു പിന്നിലാകട്ടെ അസമത്വത്തിൽ അടിസ്ഥാനപ്പെടുത്തിയ ബ്രാഹ്മണാധിപത്യത്തിന്റെ പ്രത്യയശാസ്ത്രമാണ്. ബ്രാഹ്മണൻ നിയന്ത്രിക്കുന്ന ആത്മീയപദ്ധതി, ശൂദ്രർ ദൈവത്തിനു മുന്നിൽ പോലും ഉന്നത ജാതികളുമായി തുല്യാവകാശങ്ങൾ പങ്കുവെക്കുന്നവരല്ല എന്നാണ് നിർവചിക്കുന്നത്. ഈ പ്രത്യയശാസ്ത്രം നടപ്പിലാകുന്നതിനു വേണ്ടിയുള്ള ഏറ്റവും ശക്തമായ ഉപകരണം പൗരോഹിത്യമാണ്. ബ്രാഹ്മണർ ഏറ്റവും പവിത്രവും പ്രിയപെട്ടതുമായി സംരക്ഷിക്കുന്ന പൗരോഹിത്യത്തിന്റെ കുത്തകയാണ് ആത്മീയാധികാരത്തിന്റെ ആണിക്കല്ല്. തിരുപ്പതി, പുരി എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എന്നു വേണ്ട അതിലും ചെറിയ ക്ഷേത്രങ്ങളിൽ പോലും ഒരു ശൂദ്രനും പൂജാരിയായി നിയമിതനായിട്ടില്ല. പുരോഹിതനാവുക എന്ന ആഗ്രഹത്തിന്റെ പോലും നിരോധനമാണ് ജാതീയതയുടെ അടിസ്ഥാനം. ശൂദ്രർ തത്വചിന്തയോടു കാണിക്കുന്ന വിമുഖതയ്ക്ക് മറ്റൊരു പ്രധാന കാരണവും, ബൗദ്ധിക രംഗത്ത് അവരുടെ വളർച്ച മുരടിച്ചു പോകുന്നതിനുള്ള കാരണവും ഇതാണ്; എന്തെന്നാൽ തത്വചിന്തയുടെ ഉത്ഭവങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നത് മതത്തിലും ദൈവത്തെക്കുറിച്ചുള്ള ചർച്ചകളിലും അന്വേഷണങ്ങളിലുമാണ്.

ഈ ഒരു പോരായ്‌മ മറികടക്കുന്നതുവരേക്കും ശൂദ്രർക്ക് തങ്ങൾക്കു വേണ്ടി ചിന്തിക്കുവാൻ സാധിക്കുകയില്ല എന്ന് മാത്രമല്ല, ബ്രാഹ്മണരുടെ ആത്മീയ, സാമൂഹിക, രാഷ്ട്രീയ അടിമകളായി തുടരുകയും ചെയ്യേണ്ടതായി വരും. കഴിഞ്ഞ വർഷം ആദ്യമായി കേരളത്തിലെ ഒരു ക്ഷേത്ര ബോർഡ് പൂജാരി നിയമനങ്ങളിൽ മറ്റു സർക്കാർ നിയമങ്ങളിലെ പോലെ തന്നെ സംവരണ തത്വങ്ങൾ നടപ്പിലാക്കുകയുണ്ടായി. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട 62 പൂജാരിമാരിൽ മുപ്പതു പേര് ശൂദ്രരും 6 പേര് ദളിത് വിഭാഗത്തിൽ പെട്ടവരും ആയിരുന്നു. ഇത് ബ്രാഹ്മണാധിപത്യത്തിന്റെ നടപ്പു രീതികളുടെ തിരുത്തലാണ്, എന്നാൽ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽ ഇത്തരം നടപടികൾ സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ് എന്നതാണ് സത്യം.

ഒരു സമുദായമെന്ന നിലയിൽ തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലെ അപാകതയേയോ, തത്വചിന്തയോടുള്ള വിമുഖതയോ മറികടക്കുവാൻ ശൂദ്രർ ഒരിക്കലും വലിയ ശ്രമങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. ദേശീയ രാഷ്ട്രീയത്തിലും ചർച്ചകളിലും ശൂദ്ര ബുദ്ധിജീവികൾ നേരിടുന്ന അവഗണനയ്ക്ക് ഒരു അവസാനം കാണേണ്ടതുണ്ട്. എന്നാൽ സ്വന്തം സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവര്‍ക്ക് ലഭ്യമായ മാര്‍ഗങ്ങള്‍ ഏതൊക്കെയാണ് എന്നത് പരിശോധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്.

ആദ്യമായി, അവര്‍ക്ക് ഹിന്ദുമതവും അത് പ്രചരിപ്പിക്കുന്ന രാഷ്ട്രീയവുമായുള്ള ബന്ധം കൃത്യമായി നിര്‍വചിക്കേണ്ടതുണ്ട്. ഹിന്ദുമതത്തെ പ്രചരിപ്പിക്കുകയാണോ, അതോ അതിൽ നിന്നും പിരിഞ്ഞു പോരികയാണോ വേണ്ടത് എന്ന രാഷ്ട്രീയ പ്രശ്നത്തിന്റെ ഉത്തരം ശൂദ്രരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഇതിനായി സിഖ്, മറാത്താ എന്നിങ്ങനെ ശൂദ്ര പശ്ചാത്തലമുള്ള രണ്ടു സമുദായങ്ങളുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്നത് സഹായകരമായിരിക്കും.

മഹരാഷ്‌ട്രയിൽ പ്രബല ശൂദ്ര സമുദായമായ മറാഠകൾ നവക്ഷത്രിയ മാർഗത്തിലൂടെ രാഷ്ട്രീയമായി സംഘടിച്ചവരാണ്. ജാതീയവും സാമൂഹികവുമായ തങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കുള്ള അവരുടെ ഉത്തരം ശിവാജി എന്ന രാജാവിൽ കേന്ദ്രീകരിച്ചതും ജാത്യാഭിമാനത്തിലധിഷ്‌ഠിതവുമായ രാഷ്ട്രീയ മുന്നേറ്റമായിരുന്നു. ശൂദ്രരിലെ മറ്റു പ്രബലവിഭാഗങ്ങളും ഭൂതകാലത്തിലെ ഇത്തരം ചക്രവർത്തി ബിംബ നിര്‍മിതികളിൽ അഭയം പ്രാപിക്കുന്നതായി കാണാം. എന്നാൽ മാറാത്ത ചിന്തകരുടെ അഭാവത്തിൽ ശിവാജിയുടെ ജനപ്രിയ ബിംബം ബ്രാഹ്മണർ സ്വന്തം ആവശ്യത്തിനായി നിര്‍മിച്ചെടുക്കുകയായിരുന്നു. ഈ ബിംബനിര്‍മിതിയാകട്ടെ ശിവാജിയെ ധീരനായ യോദ്ധാവായാണ് ചിത്രീകരിക്കുന്നത്, ഒരു പടനായകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കുശലതയെയോ, രാഷ്ട്രീയനിപുണതയെയോ കാര്യമായെടുക്കാത്ത രീതിയിലുള്ളതാണ് ഈ ശിവാജി ബിംബനിർമ്മിതി. ഇതിലൂടെ മാറാത്തകളുടെ രാഷ്ട്രീയമുന്നേറ്റം, ബുദ്ധിയിലോ അറിവിലോ കേന്ദ്രീകരിക്കുന്നതിനുപകരം പൂർണമായും ധീരത എന്ന മൂല്യത്തെ അടിസ്‌ഥാനപ്പെടുത്തിയാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ശിവാജിയെ ജാതിവിരുദ്ധ പരിഷ്‌കാരങ്ങൾ നടത്തി ബ്രാഹ്മണരുടെ എതിർപ്പിന് പാത്രമായ ഒരു ഭരണാധികാരി എന്ന നിലയിൽ നിന്നും മാറ്റി, മുഗളരുമായും ഇംഗ്ലീഷുകാരുമായും യുദ്ധം ചെയ്ത യോദ്ധാവാക്കി മാത്രം ചിത്രീകരിക്കുന്നു. അദ്ദേഹത്തിന്റെ മുസ്ലിം പടനായകരെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചു കൊണ്ട് ശിവാജിയെ മുസ്ലിം വിരുദ്ധനായ ഹിന്ദു ഭരണാധികാരിയായി ചിത്രീകരിക്കുകയും മറാഠകൾ അദ്ദേഹത്തെ ഹിന്ദു ദേശീയതയുടെ ബിംബമായിക്കണ്ട് ആവേശം കൊള്ളുകയും ചെയ്യുന്നു.

ഇന്ന് മാറാഠകൾ ഹിന്ദു ദേശീയതയുടെ ഏറ്റവും വലിയ പോരാളികളാണ്, ഇതിന്റെ ഫലമായി മഹാരാഷ്ട്ര സംസ്ഥാനം ബ്രാഹ്മണാധിപത്യം നിറഞ്ഞ ബിജെപി ഭരിക്കുകയും, മുംബൈ നഗരത്തിന്റെ സാമ്പത്തികരംഗം ബനിയ വ്യവസായികളുടെ കൈയ്കളിൽ അമർന്നിരിക്കുകയും ചെയ്തിരിക്കുന്നു. സ്വയം പുരോഹിതരാകണം എന്ന ചിന്തയേതുമില്ലാതെ മാറാഠകൾ മഹാരാഷ്ട്ര ബ്രാഹ്മണരുടെ ആത്മീയ അടിമകളായി തുടരുകയും ചെയുന്നു. ഒബിസി സംവരണത്തിന് അവകാശവാദമുന്നയിക്കുന്ന മറാഠകളുടെ ഏറ്റവും വലിയ തടസ്സം തങ്ങൾ മറ്റു ശൂദ്രവിഭാഗങ്ങൾക്കും മുകളിലാണ് എന്ന അവരുടെ ബോധ്യം തന്നെയാണ്. ഇതേ തന്ത്രം മറ്റു പല ഒബിസി ഇതര ശൂദ്ര സമുദായങ്ങളുടെ മുകളിലും ബ്രാഹ്മണ്യം പയറ്റിയിരിക്കുന്നതായും കാണാം.

മറാഠകൾക്കിടയിൽ നിന്നും ഉയർന്നു വന്ന ഒരേ ഒരു ചിന്തകൻ ജ്യോതിറാവു ഫൂലെയാണ്, പക്ഷെ അദ്ദേത്തിന്റെ ചിന്തകളും പഞ്ചാബി ദളിത് നേതാവായ കാൻഷിറാമിന്റെ പ്രവർത്തങ്ങളിലൂടെ മാത്രമാണ് ദേശീയ രാഷ്ട്രീയത്തിൽ ഇടം പിടിച്ചത്. ഹിന്ദു ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കടുത്ത വിമർശകനായിരുന്ന ഫൂലെയെ, മാറാഠകൾ ഒട്ടും അഭിമാനത്തിടെയല്ല ഓർത്തിരിക്കുന്നത്. അദ്ദേത്തിന്റെ സംഭാവനകളെ തമസ്കരിക്കുന്നതിന് ബ്രാഹ്മണരുടെയും ഇന്ത്യൻ ദേശീയവാദികളുടെയും ഗൂഢാലോചനകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫൂലെ, ശിവാജിയെ ജാതിവിരുദ്ധ സാമൂഹിക പരിഷ്കർത്താവായാണ് കണ്ടത്, എന്നാൽ മറാഠകൾ ഈ സത്യം മറന്നുപോയിരിക്കുന്നു, ഈയടുത്ത് ശിവാജിയെപ്പറ്റി സമാനാഭിപ്രായം പറഞ്ഞ ഗോവിന്ദ് പൻസാരെ എന്ന മറാഠ യുക്തിവാദിയേയും ഹിന്ദുത്വവാദികൾ കൊന്നു കളഞ്ഞു.

ബ്രാഹ്‌മണ, ബനിയ ആധിപത്യത്തിൽ നിന്നും വിജയകരമായി പുറത്തുകടക്കാൻ ശഠിച്ച മറ്റൊരു വിഭാഗം ശൂദ്രർ സിഖ് മതവിശ്വാസികളാണ്. ഇതിനായി അവർക്ക് ഹിന്ദുമതവുമായുള്ള മുഴുവൻ ബന്ധവും വിച്ഛേദിച്ച് സ്വന്തം ആത്മീയ പദ്ധതി തന്നെ രൂപപ്പെടുത്തേണ്ടി വന്നു. സ്വന്തം ആത്മീയ ഗ്രന്ഥവും മതസ്ഥാപനങ്ങളും നിർമ്മിച്ചെടുത്ത അവർ പഞ്ചാബിലെ പ്രമുഖമായ രണ്ടു രാഷ്ട്രീയ ശക്തികളെയും നിയന്ത്രിക്കുന്നു. അകാലിദളും കോൺഗ്രസിന്റെ പഞ്ചാബ് യൂണിറ്റും പൂർണ്ണമായും സിഖ്‌ മതവിശ്വാസികളുടെ നിയന്ത്രണത്തിലാണ് എന്നത് ശ്രദ്ധേയമാണ്. മറ്റു ശൂദ്രവിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ആഗോള തലത്തിൽ ഏറെ ദൃശ്യത ലഭിച്ച സിഖ് മതവിശ്വാസികൾ കാനഡ പോലുള്ള രാജ്യങ്ങളിൽ അധികാരഘടനയുടെ ഉന്നത തലങ്ങളിൽ വരെ എത്തിച്ചേർന്നിരിക്കുന്നു. സിഖ് മതവിശ്വാസികൾ കരസ്ഥമാക്കിയ ഈ നേട്ടത്തിനൊക്കെയും അടിസ്ഥാനം ആത്മീയമായി ഹിന്ദുമതത്തിൽ നിന്നും അവർ നേടിയെടുത്ത സ്വാതന്ത്ര്യമാണ്. ഇന്ത്യൻ പ്രവാസികൾക്കിടയിൽ സിഖ്‌ മതവിശ്വാസികളെ കൂടാതെ പ്രബലമായി നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ ബ്രാഹ്മണരും ബനിയകളും ആണെന്നത് ആ നേട്ടത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇതിനർത്ഥം സിഖുമത വിശ്വാസികൾ മുഴുവനായും ഒരു പുരോഗമന ശക്തിയാണ് എന്നല്ല, പഞ്ചാബിലുടനീളം ദളിത് വംശജരായ സിഖ് മതവിശ്വാസികൾ, ജാട്ട് ജാതി വംശജരും പ്രബലരും മുൻ ശൂദ്ര പശ്ചാത്തലമുള്ളവരുമായ ജാതി സിഖുകളിൽ നിന്നും കടുത്ത വിവേചനം നേരിടുന്നുണ്ട്. പക്ഷെ ബ്രാഹ്‌മണ, ബനിയ ആധിപത്യം ഇന്നും പഞ്ചാബിൽ സാധ്യമല്ല എന്നതും ഒരു യാഥാർത്ഥ്യമായി തുടരുക തന്നെ ചെയ്യുന്നു.

കേരളത്തിലെ നായന്മാരും ശ്രദ്ധേയമായ ഒരുദാഹരണമാണ്. അവരിലെ വലിയൊരു വിഭാഗം കൊളോണിയൽ കാലത്ത് തന്നെ സിറിയൻ ക്രിസ്ത്യാനികളായി മതം മാറുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയെടുക്കുകയും ചെയ്തു. ഇതേ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ലഭ്യത ഹിന്ദു നായന്മാരിലേക്കും വ്യാപിക്കുകയും നായർ സമുദായം കേരളത്തിനു പുറത്തും പ്രബല ശക്തിയായി വേരുറപ്പിക്കുകയും ചെയ്തു. കർണാടകത്തിൽ ലിംഗായത്തുകൾ തങ്ങളുടെ ശൂദ്രപദവിക്കെതിരെ കാലങ്ങൾ നീണ്ട പോരാട്ടം നടത്തുകയും ഒടുവിൽ ലിംഗായതം ഒരു വേറിട്ട മതമായി അംഗീകരിപ്പിച്ചെടുക്കുകയും ചെയ്തു. ഒരിക്കലും ബ്രാഹ്‌മണ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യാത്ത മാറാഠക്കൾക്കിടയിൽ സ്വന്തമായി ചിന്തകരോ ഗുരുക്കന്മാരോ ഉണ്ടായില്ല എന്നതിനാൽ അവർ ബ്രാഹ്മണാധിപത്യത്തിനു കീഴ്പ്പെട്ടു തന്നെ ഇരിക്കുന്നു. ഇത് മനസിലാക്കിയ ഫൂലെ ശൂദ്രർക്കു മുകളിലുള്ള ജാത്യാധികാരത്തെയും ബ്രഹ്മണ്യ തത്വചിന്തയെയും വിമര്‍ശിച്ചുകൊണ്ടേയിരുന്നു.

1870-ൽ ജ്യോതിറാവു പ്രസിദ്ധീകരിച്ച ഗുലാംഗിരി എന്ന പുസ്തകത്തിൽ ഫൂലെ പറയുന്ന ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെയും ബ്രാഹ്മണ്യ വിമർശനത്തിന്റെയും സാധ്യതകൾ ഇനിയും വികസിപ്പിക്കപ്പെടുത്തിട്ടില്ല. ഫൂലെയുടെ ചിന്തകളോടൊപ്പം ബ്രാഹ്‌മണ മതത്തിന് ആത്മീയവും രാഷ്ട്രീയവും സാമൂഹികവുമായ ബദൽ നിർദേശിച്ച അംബേദ്‌കർ ചിന്തകളെക്കൂടി ചേർത്തുവയ്ക്കുന്ന ഒരു രാഷ്ട്രീയ പദ്ധതി രൂപപ്പെടുത്തേണ്ടതുണ്ട്. അംബേദ്കറുടെ ബൗദ്ധിക സംഭാവനകൾ കൂടി ഇല്ലായിരുന്നെങ്കിൽ ശൂദ്രരുടെ രാഷ്ട്രീയ തത്വചിന്തയുടെ ഗതി ഇതിലും കഷ്ടമാകുമായിരുന്നു.

ശൂദ്രർക്കു മുന്നിലുള്ള മറ്റൊരു അവസരം മതപരിവർത്തനത്തിന്റേതാണ്. ഉന്നത ജാതികൾ നയിക്കുന്ന ആർഎസ്എസും ബിജെപിയും ഇത്തരം നീക്കങ്ങളോട് കടുത്ത എതിർപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ചരിത്രം പരിശോധിക്കുമ്പോൾ ഗോവയിലും ബംഗാളിലും അങ്ങനെ മറ്റു പലയിടങ്ങളിലും ബ്രാഹ്മണർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും കൊളോണിയൽ കാലഘട്ടത്തിൽ സാമൂഹിക പദവി മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് കാണാം. ശൂദ്രർക്ക് ഹിന്ദുമതത്തെ ജാതിവ്യസ്ഥയുടെ സമൂല പരിഷ്കരണം ആവശ്യപ്പെടുന്ന പ്രത്യശാസ്ത്രങ്ങൾക്കു പിറകിൽ അണിനിരന്നുകൊണ്ടോ അല്ലെങ്കിൽ മറ്റു മതങ്ങളിലേക്ക് പരിവർത്തനം നടത്തുകയോ ചെയ്ത് നിരാകരിക്കാം. എന്നാൽ ഇന്നത്തെ കാലസ്ഥിതിയിൽ ഒരുപാട് പേര്‍ അത്തരം ഒരു നടപടിക്ക് മുതിരും എന്ന് കരുതുന്നത് ധാരണക്കുറവായി മാത്രമേ മനസിലാക്കാൻ സാധിക്കൂ. ഒരു വലിയ വിഭാഗം ശൂദ്രർ ഹിന്ദുവായി തുടരാനും ജീവിക്കാനുമാണ് താത്പര്യപ്പെടുന്നത്. അവർക്കു മുന്നിൽ അവശേഷിക്കുന്ന ഒരേ ഒരു മാർഗം ഹിന്ദുമതത്തിനുള്ളിൽ പൂർണമായ തുല്യത അവകാശപ്പെടുക എന്നത് മാത്രമാണ്, ആത്മീയമായ തുല്യത, പൗരോഹിത്യത്തിനുള്ള അവകാശം എന്നിവ ഹിന്ദു മതത്തിൽ ഉൾപ്പെടുത്തി പരിഷ്കരിക്കേണ്ടതിനായി അവർ പരിശ്രമം ആരംഭിക്കേണ്ടതുണ്ട്. ഹിന്ദു ഗ്രന്ഥങ്ങളെ ശൂദ്രന്റെ കണ്ണിലൂടെ വായിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ഹിന്ദുക്കൾക്കായി ജാതിവ്യത്യാസങ്ങളും അസമത്വങ്ങളും ഇല്ലാത്ത ദൈവശാസ്ത്ര വിദ്യാലയങ്ങളും സർവകലാശാലകളും ആരംഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ വ്യാപൃതരാകേണ്ടതുണ്ട്.

ഹിന്ദുമതത്തിനുള്ളിലെ തങ്ങളുടെ സംഘടിത ശക്തി ശൂദ്രർ തിരിച്ചറിയുകയും തങ്ങളിതായാൽ ഹിന്ദുമതം തന്നെ തകരും എന്ന് ബോധ്യം വരുത്തേണ്ടതുമുണ്ട്. ശൂദ്രർ തങ്ങളുടെ സംഘടിതശക്തി ഉപയോഗിച്ചില്ലെങ്കിൽ കാലങ്ങളായി തുടർന്ന് വരുന്ന അവസ്ഥകൾ മാറ്റമില്ലാതെ തന്നെ തുടരും. അവർ നായന്മാരെപ്പോലെ കടുത്ത ഹിന്ദുക്കൾ എന്നവകാശപ്പെടുകയും എന്നാൽ സ്വന്തം മതത്തിന്റെ ബൗദ്ധിക തലത്തിൽ യാതൊരു പങ്കും വഹിക്കാതെ ബ്രാഹ്മണ പുരോഹിതാധിപത്യത്തിനു കീഴിൽ തുടരുകയും ചെയ്യും. ശൂദ്രർ സകല മേഖലകളിലും തുല്യതയ്ക്കു വേണ്ടി പോരാടേണ്ടുന്ന കാലം വന്നിരിക്കുന്നു, ആത്മീയമായ തുല്യത ശൂദ്രർക്ക് ഹിന്ദുമതം അനുവദിക്കുന്നില്ലെങ്കിൽ തങ്ങളുടെ മുന്നേറ്റത്തിന്റെ ഭാഗമായി അവർ സ്വന്തമായി മറ്റൊരു മതം രൂപീകരിക്കേണ്ടിയിരിക്കുന്നു. ബ്രഹ്മണ്യമതത്തിന്റെ ഭാഗമായ അധഃകൃതസ്ഥാനവും, ഉന്നതനെ പിണക്കുമ്പോഴുണ്ടാകുമെന്ന കർമ്മഫലം പോലുള്ള ആശയങ്ങളും കളഞ്ഞ് ബദൽ ചിന്തകളും വിശ്വാസങ്ങളും ഗ്രന്ഥങ്ങളും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

ഈ ബദൽ ശൂദ്ര ആത്മീയ ഗ്രന്ഥങ്ങൾ- അത് ശൂദ്രർ ഹിന്ദു മതത്തിന്റെ ഉള്ളിലോ പുറത്തോ എവിടെ ആയാലും ശൂദ്രന്റെ ആത്മാഭിമാനത്തെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടവയായിരിക്കണം. ഇതിനു സമാനമായ എഴുത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മർദ്ദിത ജനവിഭാഗങ്ങൾക്കിടയിൽ എഴുതപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കറുത്ത വർഗക്കാർക്കിടയിൽ, ഇന്ത്യയിലെ ദളിത് വിഭാഗക്കാർക്കിടയിലും ഇതിന്റെ ഉദാഹരണങ്ങൾ കാണാം. ഇവ ചരിത്രങ്ങൾ, നോവലുകൾ, സിനിമകൾ ആത്മീയാന്വേഷണങ്ങൾ എന്ന രീതിയില്‍ ഉയർന്നു വന്ന ഇത്തരം രചനകൾ അധ:കൃതനെ അപമാനിക്കുന്ന എല്ലാ ബിംബങ്ങളെയും തകർത്ത്, മർദ്ദകൻ കെട്ടിയേല്‍പ്പിച്ച വിശ്വാസസംഹിതകളെ തള്ളിക്കളഞ്ഞുകൊണ്ട് നിർമ്മിക്കാൻ പരിശ്രമിക്കുന്നവയാണ്. ഈ പുതിയ രചനകൾ സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനത്തിനുള്ള ഊർജം പ്രദാനം ചെയ്യുന്നവയാണ്.

ശൂദ്രരുടെ ആത്മാഭിമാനത്തെ കുറിച്ചുള്ള ചിന്തകൾ ആരംഭിക്കേണ്ടത് ഉത്പാദനപരമായ അധ്വാനം ആത്മീയമായ അധഃപതനമാണ് എന്ന ബ്രാഹ്മണിക്ക് മൂല്യവ്യവസ്ഥയെ തകിടം മറിക്കുന്നതിലൂടെയായിരിക്കണം. ഹിന്ദുമതവിശ്വാസ പ്രകാരം ശൂദ്രൻ ധരിക്കുന്നതും കഴിക്കുന്നതും നിർമിക്കുന്നതും എല്ലാം അശുദ്ധമാണ്. ഇത്തരം പ്രത്യയശാസ്ത്രത്തിന്റെ പിടിയിൽ കിടക്കുന്ന ശൂദ്രൻ കരുതുന്നത് തങ്ങൾക്ക് സ്വന്തമായി സംസ്കാരം എന്നൊന്നില്ല എന്നാണ്. പക്ഷെ എഴുതപ്പെട്ടിട്ടില്ല എന്നത് കൊണ്ട് മാത്രം ഒരു സംസ്ക്കാരവും ഇല്ലാതെയാകുന്നില്ല. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള കാര്‍ഷികവൃത്തിയുടെയും ഉത്പാദനത്തിന്റെയും സംസ്കാരത്തിൽ ജീവിക്കുന്നവരാണ് ശൂദ്ര സമുദായങ്ങൾ. അതിന്റെ മൂല്യങ്ങൾ ബ്രാഹ്‌മണവ്യവസ്ഥയുടെ വൈരാഗി സങ്കല്പത്തിലെ ജീവിത നിഷേധമല്ല, മറിച്ച് ഉർവ്വരതയുടെയും സര്‍ഗാത്മകതയുടെയും പരിശ്രമത്തിന്റേതുമാണ്. ഹിന്ദു പുരാണങ്ങളിലെ ഹിംസയുടെ കഥകൾക്കു പകരം സമ്പത്തിന്റെയും സമൃദ്ധിയുടെയും കഥകളാണ് ശൂദ്രർക്ക് പറയാനുള്ളത്. ശൂദ്ര സംസ്കാരം, ബ്രാഹ്മണന്റെ അതീന്ദ്രീയ ജ്ഞാനസങ്കല്പങ്ങളെ നിഷേധിക്കുകയും, പകരം പ്രകൃതിയുടെ, കൃഷിയുടെ, ഉത്പാദനപ്രക്രിയയുടെ നിരീക്ഷണങ്ങളിലൂടെയും പ്രവർത്തിയിലൂടെയും മനസിലാക്കിയ ശാസ്ത്ര സത്യങ്ങളുടെ ആകെത്തുകയാണ്. സ്വന്തം തൊഴിലിലൂടെ ശൂദ്രർ വൈദ്യം, എഞ്ചിനീയറിംഗ്, കാലി വളർത്തൽ തുടങ്ങി അനേകം വിഷയങ്ങളിൽ നിപുണരാണ്‌, അത്തരം അറിവുകളൊക്കെ ശേഖരിച്ച് വയ്ക്കുകയും ആഘോഷിക്കുകയും വേണം.

ആരാണ് സമൂഹത്തിന് കൂടുതൽ സംഭാവന നൽകുന്നത് എന്ന ചോദ്യം ശൂദ്രൻ ചോദിക്കേണ്ടതുണ്ട്, വൈരാഗിയായ ബ്രാഹ്മണനോ അതോ അധ്വാനിക്കുന്ന ശൂദ്രനോ? അധ്വാനിക്കുന്ന സമുദായങ്ങളുടെ സംസ്ക്കാരത്തിന് വില കല്‍പ്പിക്കുന്നത് അവർ സ്വന്തം പ്രവർത്തികളെ കൂടുതൽ നവീകരിക്കുന്നതിനും അതുവഴി രാജ്യത്തിനാകമാനം വലിയ നേട്ടമുണ്ടാക്കുകയും ചെയ്യും. രാജ്യത്ത് അധ്വാനിക്കുന്നവരിൽ ഏറ്റവും വലിയ ജനവിഭാഗത്തിന്റെ ആത്മാഭിമാനത്തെ അടിച്ചമർത്തുന്നത് ദേശീയ വിഭവങ്ങളോട് ചെയ്യുന്ന വലിയൊരു ദ്രോഹമാണ് എന്ന തിരിച്ചറിവിൽ നിന്നുവേണം പുതിയൊരു ശൂദ്ര ദേശീയത ഉയർന്നു വരാൻ.

ഈ പുതിയ ശൂദ്രബോധം ബ്രാഹ്മണിസത്തിനും ബനിയ സാമ്പത്തിക നയങ്ങൾക്കുമപ്പുറത്ത് രാഷ്ട്രീയത്തെ പുനർനിർവ്വചിക്കാൻ കെൽപ്പുള്ളതാണ്. സ്വന്തം അധഃകൃതാവസ്ഥയെ എറിഞ്ഞുകളയുന്നതിനോടൊപ്പം സ്വന്തം വർണ്ണത്തിലെ മറ്റു ജാതികളുമായും വര്‍ണത്തിന് പുറത്തെ മറ്റു മർദ്ദിത വിഭാഗങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്വന്തം സംസ്ഥാനത്തിനപ്പുറത്തേക്ക് സംഘടിത ശക്തി ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ ശൂദ്രർക്ക് ഒരു അഖിലേന്ത്യ ശൂദ്രസ്വത്വം നിർമ്മിക്കേണ്ടതുണ്ട്. വർണത്തിനുള്ളിലെ അസമത്വങ്ങളെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിച്ചാൽ മാത്രമേ അത്തരമൊരു സ്വത്വനിർമിതി സാധ്യമാകുകയുള്ളൂ. ശൂദ്രരുടെ ഈ പുതിയ അവബോധം ദളിതർക്കും മറ്റു മർദ്ദിത വിഭാഗങ്ങൾക്കും വലിയ മാറ്റങ്ങളുണ്ടാക്കും. ജാതി വ്യവസ്ഥയിൽ അടിസ്ഥാനപ്പെടുത്തിയ സ്വന്തം അപകർഷത എടുത്തെറിയുന്നതോടു കൂടി തങ്ങൾക്ക് താഴെ ജാതികളുണ്ട് എന്ന് വിശ്വസിക്കുന്ന തത്വചിന്തയുടെ അടിത്തറ ഇളകിപ്പോകും. ബ്രാഹ്മണ-ബനിയ താത്പര്യങ്ങൾക്ക് വിടുപണി ചെയ്യുന്നത് നിർത്തുന്നതോടെ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ശത്രുക്കളായി കരുതുന്ന പ്രവണതയും ഇല്ലാതാകും എന്ന് മാത്രമല്ല, ബ്രാഹ്മണ്യത്തിന്റെ ഇരകൾ എന്ന നിലയിൽ വിശാലമായ സഖ്യങ്ങൾ സാധ്യമാവുകയും ചെയ്യും. ഉയർന്നു വരുന്ന ശൂദ്ര ദേശീയത ആദിവാസി, ദളിത് മുന്നേറ്റങ്ങളോട് കലഹിക്കാതെ, ബ്രാഹ്മിൻ-ബനിയ ആധിപത്യത്തിനെതിരെ മാത്രമായിരിക്കണം.

സഹോദരരുടെ അപകര്‍ഷതയും ഇന്ത്യൻ ദേശീയതയുടെ സ്വഭാവവും പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണ്, ബ്രാഹ്മിൻ – ബനിയ ചിന്തകരാൽ നിയന്ത്രിക്കപ്പെട്ട ഇന്ത്യൻ ദേശീയവാദം സ്വന്തമായി ചിന്തകരില്ലാതിരുന്ന ശൂദ്രർ അന്ധമായി പിൻതുടർന്നു. സാമൂഹിക നീതിയും അതിനു വേണ്ടിയുള്ള പരിഷ്കരണ നടപടികളുമില്ലാത്ത ദേശീയതയുടെ ആഘോഷം പൊള്ളയാണെന്ന് അംബേദ്‌കർ ദേശീയതയ്ക്ക് നേരെ ഉയർത്തിയ വിമര്‍ശനമാകട്ടെ മുഖ്യധാരയിൽ നിന്നും തഴയപ്പെടുകയും ചെയ്തു. ഇന്നാകട്ടെ ശൂദ്രർ ഹിന്ദു ദേശീയതയെന്ന ലേബലിൽ വരുന്ന ബ്രാഹ്മിൻ-ബനിയ ദേശീയതയുടെ കടുത്ത പ്രചാരകരും വിശാസികളുമാണ്. ബിജെപിയുടെ ഹിന്ദുത്വം, ആർഎസ്എസിന്റെ ബ്രാഹ്മണ ബുദ്ധിജീവികളുടെ ആധിപത്യത്തിനും, സാമ്പത്തിക നയങ്ങൾ ബനിയ കോർപറേറ്റുകളുടെ ലാഭത്തിനും വേണ്ടിയുള്ളതാണ്. കോൺഗ്രസിനാകട്ടെ സ്വന്തമായി സാമ്പത്തിക നയങ്ങളിൽ ബദലുകളൊന്നും തന്നെ വയ്ക്കാനില്ലെന്നു മാത്രമല്ല അവരുടെ മതേതരത്വ ദേശീയത, ബ്രാഹ്‌മണ ദേശീയതയുടെ മറ്റൊരു രൂപമാണ്. കോൺഗ്രസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ രാഹുൽ ഗാന്ധി ജനങ്ങളെ ആകർഷിക്കാനുള്ള തന്ത്രമെന്ന നിലയിൽ പറഞ്ഞത് താനൊരു പൂണൂൽ ധരിക്കുന്ന ബ്രാഹ്മണനാണ് എന്നാണ്.

ഇന്ത്യൻ ദേശീയതയുടെ പ്രധാന തത്വങ്ങളെല്ലാം നിര്‍മിക്കപ്പെട്ടിട്ടുള്ളത് ശൂദ്രരുടെ അടിച്ചമർത്തലിലും പാർശ്വവത്‌കരണത്തിലുമാണ്. പശു സംരക്ഷണ രാഷ്ട്രീയം തന്നെ അതിന്റെ മികച്ച ഒരുദാഹരണമാണ്. പശു ഒരു വിശുദ്ധ മൃഗമാണ് എന്ന സിദ്ധാന്തം ഒരിക്കലും പശുവിനെ പോറ്റാത്ത, പശുവിനെ ആശ്രയിച്ചു ജീവിക്കേണ്ടി വന്നിട്ടില്ലാത്ത ഒരാളുടേതാണ്/ അഥവാ ബ്രാഹ്മണന്റേതാണ്. പശുവിനെ വളർത്താൻ ചുമതലപ്പെട്ട ശൂദ്രന് അതിന്റെ പദവി നിര്‍ണയിക്കുന്നതിനുള്ള അവകാശം അനുവദിച്ചു നല്‍കപ്പെട്ടിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഗോവധ നിരോധന നിയമം കാരണം കർഷകർക്ക് സാമ്പത്തികാവശ്യത്തിനായി കന്നുകാലികളെ വിൽക്കാൻ കഴിയാതെ വരുന്നു. ഇത് ഗ്രാമങ്ങളുടെ സാമ്പത്തിക രംഗത്തെ താറുമാറാക്കിയിരിക്കുന്നു; എന്നാൽ ഈ ദുരന്തത്തെയും ശൂദ്രർ നിശബ്ദമായി ഏറ്റെടുത്തിരിക്കുന്നു. ഹിന്ദു ദേശീയത ശൂദ്രർക്ക് സാമൂഹിക പദവിയിലുള്ള സ്തംഭനമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ല. മോദി സർക്കാർ വന്നതിനു ശേഷം, ആത്മീയവും ബൗദ്ധികവും വ്യവസായികവും തുടങ്ങി എല്ലാ രംഗങ്ങളിലും ഉന്നത സ്ഥാനത്തിരിക്കുന്നത് ബ്രാഹ്മിൻ- ബനിയ വിഭാഗത്തിൽപ്പെടുന്നവർ മാത്രമാണ്. ബ്രഹ്മണ്യ പ്രത്യയശാസ്ത്രത്തെയും ബനിയ മൂലധനത്തെയും ശക്തിപ്പെടുത്തുക മാത്രമാണ്ഹിന്ദു ദേശീയത ചെയ്തത്, ശൂദ്രരാകട്ടെ സ്വന്തം ചിലവിൽ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

അംബേദ്‌കർ ‘ഹൂ വേർ ശൂദ്രാസ്?’ എന്ന തന്റെ പുസ്തകത്തിൽ ബ്രാഹ്മണ മതം ശൂദ്രരെ “അധ:കൃതരായ, സംസ്കാരശൂന്യരായ, ബഹുമാനം അർഹിക്കാത്ത സ്ഥാനത്തു തളച്ചിട്ടിരിക്കുന്നു” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. എന്നാൽ അദ്ദേഹത്തിന്റെ സമയത്ത് നിന്നും ഇത്രയേറെ കാലം കടന്നു പോയിട്ടും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നത് സത്യമാണ്. ഒരു പുതിയ ശൂദ്ര അവബോധത്തിനു മാത്രമേ ശൂദ്രരുടെ സ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരാനും രാജ്യത്തെ മികച്ച ഒരു പാതയിലൂടെ മുന്നോട്ടു കൊണ്ടുപോകാനും സാധ്യമാകുകയുള്ളൂ.

(അവസാനിച്ചു)

ബനിയ മൂലധനത്തിന്റെ സേവകനായാണ്, അല്ലാതെ ശൂദ്ര പ്രതിനിധിയായല്ല മോദി അധികാരത്തിലെത്തുന്നത്: കാഞ്ചാ ഐലയ്യ- ഭാഗം 2

എവിടെയാണ് ശൂദ്രർ? നായര്‍, ജാട്ട്, പട്ടേല്‍, യാദവ്… നവബ്രാഹ്മണ്യ വക്താക്കളോ അവരിന്ന്? കാഞ്ച ഐലയ്യ എഴുതുന്നു

ബനിയകളെന്ന സാമൂഹിക കൊള്ളക്കാരും ബ്രാഹ്മണരെന്ന ആത്മീയ ഫാസിസ്റ്റുകളും; കാഞ്ച ഐലയ്യ പ്രതികരിക്കുന്നു

എൻഎസ്എസ് ശൂദ്രപാരമ്പര്യത്തെ തകർക്കുന്നു; നായന്മാർ ബ്രാഹ്മണ്യത്തെ എതിർത്ത പാരമ്പര്യമുള്ളവർ: കാഞ്ച ഇളയ്യ

കാഞ്ച ഐലയ്യ

കാഞ്ച ഐലയ്യ

സാമൂഹിക, രാഷ്ട്രീയ ചിന്തകന്‍, എഴുത്തുകാരന്‍, ദളിത്‌ അവകാശ പോരാളി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍