UPDATES

ട്രെന്‍ഡിങ്ങ്

എവിടെയാണ് ശൂദ്രർ? നായര്‍, ജാട്ട്, പട്ടേല്‍, യാദവ്… നവബ്രാഹ്മണ്യ വക്താക്കളോ അവരിന്ന്? കാഞ്ച ഐലയ്യ എഴുതുന്നു

ക്ഷത്രിയരുടെ ക്ഷയത്താൽ രൂപീകരിക്കപ്പെട്ട ശൂന്യതയിൽ കയറിപ്പറ്റി നവ ശൂദ്രർ ആകാനായുള്ള ശ്രമമാണ് ഈ ‘ഉന്നതജാതി’ ശൂദ്രർ നടത്തിക്കൊണ്ടിരിക്കുന്നത് – ഭാഗം 1

ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പരിസരത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍. 1953-ലാണ് ആദ്യ പിന്നോക്ക വിഭാഗ കമ്മീഷന്‍ (First Backward Class Commission) അന്നത്തെ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന കാകാ കേല്‍ക്കറിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അവര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 2,399 പിന്നോക്ക ജാതി/സമുദായക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതൊരിക്കലും നടപ്പായില്ല. പിന്നീട് 1979 ജനുവരി ഒന്നിന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബിന്ദെശ്വരി പ്രസാദ് മണ്ഡലിന്റെ അധ്യക്ഷതയില്‍ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷന് രൂപം നല്‍കിയത്. രണ്ടു വര്‍ഷത്തിള്ളില്‍ -1980 ഡിസംബര്‍ 31ന്- മണ്ഡല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഇതിനിടെ താഴെ പോവുകയും പിന്നീട് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്ത് റിപ്പോര്‍ട്ട് നടപ്പാക്കപ്പെടുകയും ഉണ്ടായില്ല. ഒടുവില്‍ 1990 ഓഗസ്റ്റ് എഴിന് അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് താന്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയാണ് എന്നറിയിച്ചു- ഒ.ബി.സി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27 ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു അത്. എന്നാല്‍ ഇതിനു പിന്നാലെ ഉത്തരേന്ത്യയിലുടനീളം മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം അരങ്ങേറി. 1990 സെപ്റ്റംബര്‍ 19-ന് രാജീവ് ഗോസ്വാമി എന്ന ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെ പ്രക്ഷോഭം പടര്‍ന്നു പിടിച്ചു. അപ്പോഴേക്കും വി.പി സിംഗ് സര്‍ക്കാരിലും പ്രതിസന്ധികള്‍ ആരംഭിച്ചിരുന്നു. പക്ഷെ, കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ബിജെപിയുടെ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് വി.പി സിംഗ് സര്‍ക്കാര്‍ നിലനിന്നിരുന്നത്. ഇതിനിടെ മണ്ഡല്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നു. ഇത് പിന്നീട് എല്‍.കെ അദ്വാനിയുടെ രഥയാത്രയിലേക്ക് നയിച്ചു. രാജ്യത്തെ നെടുകെ പിളര്‍ത്തി ഇന്നും ചോര വീഴ്ത്തുന്ന ഒന്നായി അത് നിലനില്‍ക്കുന്നു. ഈ സമയത്ത് ബിജെപി വി.പി സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാകുക തന്നെ ചെയ്തു. ആ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വന്നിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിയോളം വരുന്ന, വര്‍ണ വ്യവസ്ഥയില്‍ നാലാം സ്ഥാനത്ത് വരുന്ന ശൂദ്രരായ ഒ.ബി.സി വിഭാഗങ്ങളുടെ തലവര തന്നെ മാറ്റിമറിച്ച ഈ കാലങ്ങള്‍ക്ക് ശേഷവും ഈ ശൂദ്രരുടെ അവസ്ഥ എന്താണ് എന്നു പരിശോധിക്കുകയും അതിന്റെ ചരിത്ര, സാമൂഹിക പരിസരങ്ങളെ വിശകലനം ചെയ്യുകയാണ് സാമൂഹിക, രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും ദളിത്‌ അവകാശ പോരാളിയുമായ കാഞ്ച ഐലയ്യ. കാരവന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ദീര്‍ഘലേഖനത്തിന്റെ- Where Are the Shudras? Why the Shudras are lost in today’s India?- മലയാള പരിഭാഷ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. തയാറാക്കിയത്: പ്രവീണ്‍ രാജേന്ദ്രന്‍, അനു കെ. ആന്റണി 

ഭാഗം 1 – എവിടെയാണ് ശൂദ്രര്‍ ഇപ്പോള്‍?

1990-കളിൽ സർക്കാർ നടപ്പിലാക്കിയ മണ്ഡൽ കമ്മീഷൻ ശുപാർശകൾ ശൂദ്രരുടെ ചരിത്രത്തിലെ വഴിത്തിരിവാകേണ്ട നിയമനിർമ്മാണ പ്രക്രിയയായിരുന്നു. ഒ.ബി.സി വിഭാഗങ്ങൾക്ക് ഗവണ്മെന്റ് ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നിശ്ചിത ശതമാനം അവസരങ്ങൾ സംവരണം ചെയ്യുക എന്നതായിരുന്നു ഈ നിയമത്തിന്റെ കാതൽ. ചരിത്രപരമായി പിന്നോക്കം നിൽക്കുന്ന ജാതികളെയും പാരമ്പര്യമായി കാർഷിക വൃത്തിയിലും കൈത്തൊഴിലിലും ഏർപ്പെടുന്ന ജാതികളെയും ഉൾകൊള്ളിച്ചു കൊണ്ട് രൂപം നൽകിയ വിഭാഗമായിരുന്നു ഒ.ബി,സി. കമ്മീഷന്റെ കണ്ടെത്തൽ പ്രകാരം ഈ ജാതികൾ നാലാമത്തെയും അവസാനത്തെയും വര്‍ണത്തില്‍ ഉൾപ്പെട്ടവരും ബ്രാഹ്മണ സാമൂഹികവ്യവസ്ഥ പ്രകാരം അധഃകൃതരായി പരിഗണിക്കപ്പെട്ടിരുന്നവരുമാണ്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ നിന്നിരുന്നവരെങ്കിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ദളിതരുടെയും മറ്റു മർദിത ജനവിഭാഗങ്ങളുടെയും കാര്യത്തിൽ നടപ്പിലാക്കിയ സംവരണം പോലുള്ള ഭരണഘടനാ അവകാശങ്ങൾക്ക് ശൂദ്രരെ പരിഗണിച്ചിരുന്നില്ല. ഇതിനൊരു പരിഹാരമാണ് ഒ.ബി.സി എന്ന കാറ്റഗറിയുടെ നിർമ്മാണത്തിലൂടെയും സംവരണ പ്രഖ്യാപനത്തിലൂടെയും മണ്ഡൽ കമ്മീഷൻ ശ്രമിച്ചത്.

ബ്രാഹ്മണ, വൈശ്യ ജാതികളിൽ നിന്നും ശൂദ്രരിൽ തന്നെ ഉയർന്ന വിഭാഗക്കാരിൽ നിന്നും വലിയ തിരിച്ചടിയാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് നേരിടേണ്ടി വന്നത്. ശൂദ്രർക്കിടയിലെ തന്നെ ഭൂഉടമസ്ഥരും ഉയർന്ന സാമൂഹിക പദവി വഹിക്കുന്നവരുമായ കമ്മ, കാപ്പു, ഗൗഡ, നായർ, റെഡ്‌ഡി, യാദവ്, പട്ടേൽ, മറാത്താ, ജാട്ട്, ഗുജ്ജർ എന്നീ വിഭാഗങ്ങൾ വര്‍ഷങ്ങളായി ബ്രാഹ്മണരുടെ മൂല്യബോധങ്ങളും ആചാരങ്ങളും അനുകരിക്കുന്നവരാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനോട് വലിയ എതിർപ്പാണ് ഇവർ രേഖപ്പെടുത്തിയത്. 1996-ൽ പ്രസിദ്ധീകൃതമായ ‘ഞാൻ എന്ത്കൊണ്ട് ഹിന്ദുവല്ല’ എന്ന എന്റെ പുസ്തകത്തിൽ ശൂദ്രർ സംസ്കൃതവത്ക്കരണത്തിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്ന സാമൂഹികോന്നമനത്തെ കുറിച്ചു വിശദമായി ചർച്ച ചെയുന്നുണ്ട്. ഇന്ത്യൻ ജാതിവ്യവസ്ഥയിൽ, ഒരു സമുദായമെന്ന നിലയിൽ ക്ഷത്രിയരുടെ ക്ഷയത്താൽ രൂപീകരിക്കപ്പെട്ട ശൂന്യതയിൽ കയറിപ്പറ്റി നവ ശൂദ്രർ ആകാനായുള്ള ശ്രമമാണ് ഈ ‘ഉന്നതജാതി’ ശൂദ്രർ നടത്തിക്കൊണ്ടിരിക്കുന്നത്.

മണ്ഡൽ കമ്മീഷൻ ശുപാർശകളുടെ അടിസ്‌ഥാനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങൾ ഏർപ്പെടുത്തിയിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു – ഒരു മുഴുവൻ തലമുറയുടെ കാലം. ഈയൊരു സന്ദർഭത്തിൽ സംവരണ നിയമങ്ങൾ ശൂദ്രജനവിഭാഗങ്ങളുടെ / ഒ.ബി.സി വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനായി എത്രത്തോളം സഹായകമായി എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. സംവരണത്തെ എതിർത്ത മേൽത്തട്ടിലെ ശൂദ്രർക്ക് എന്ത് സംഭവിച്ചു? സമകാലീന ഇന്ത്യയിൽ ശൂദ്രർക്ക് എവിടെയാണ് തങ്ങളെ തന്നെ പ്രതിഷ്ഠിക്കാൻ/നിലയുറപ്പിക്കാൻ സാധിക്കുക എന്നീ ചോദ്യങ്ങൾ ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

ജനസംഖ്യാനിരക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയുടെ പകുതിയോളം വരുന്ന ജനവിഭാഗമാണ് ശൂദ്രർ. 1980-കളിലെ മണ്ഡൽ കമ്മീഷൻ കണക്കുകൾ പ്രകാരം ഉയർന്ന ശൂദ്ര ജാതിയിൽപ്പെട്ടവരെ ഉൾപ്പെടുത്താതെ തന്നെ ഇന്ത്യൻ ജനസംഖ്യയുടെ 52 ശതമാനത്തോളം ശൂദ്രവിഭാഗത്തിൽ പെട്ടവരാണ്. നിലവിലെ അവസ്ഥയിൽ ഇവരുടെ എണ്ണം 650 ദശലക്ഷത്തെക്കാൾ അധികമാണ്; എന്നു വച്ചാൽ യു എസ് ജനസംഖ്യയുടെ രണ്ടിരട്ടിയിലധികവും പാക്കിസ്ഥാന്റെയോ ബ്രസീലിന്റെയോ ജനസംഖ്യയുടെ മൂന്നിരട്ടിയിലധികവും ശൂദ്രർ ഇന്ത്യയിൽ വസിക്കുന്നു. മറ്റു സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പട്ടികജാതി- പട്ടികവർഗ-ഒ.ബി.സി വിഭാഗങ്ങളെ കൂട്ടാതെ, ഇന്ത്യയിലെ ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ്‌ ‘മുന്തിയ’ ജാതിയിൽപ്പെട്ടവർ അഥവാ സവർണ്ണർ വരികയുള്ളൂ.

ജനസംഖ്യാപരമായി ഇത്രത്തോളം പ്രബലരായ ഒരു സമുദായം രാഷ്ട്രീയ, സാമ്പത്തിക, അധികാര പദവികളിൽ – സർക്കാർ, ബിസിനസ്, മതം വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം തന്നെ ശൂദ്രരുടെ പ്രതിനിധാനം പരിതാപകരമാണ്. ദേശീയതലത്തിലാകട്ടെ ഈ പ്രാധിനിത്യം വളരെയധികം കുറവാണെന്നും കാണാം. ബ്രാഹ്മണർക്കും വൈശ്യർക്കും, വൈശ്യരിൽ തന്നെ പ്രത്യേകിച്ചും ബനിയകൾക്കും കീഴിൽ മാത്രമുള്ള സാമൂഹികപദവിയിലാണ് ശൂദ്രർ നിലനിൽക്കുന്നത്. മേൽത്തട്ടിൽ ഉള്ള ശൂദ്രരും ബനിയകളിൽ നിന്നും ഇത്തരം സാമൂഹിക വിവേചനം അനുഭവിക്കുന്നതായി കാണാം.

ജാതിവ്യവസ്ഥയിൽ തങ്ങൾ മറ്റ് ശൂദ്ര ജാതികൾക്കു മുകളിലാണെന്ന അവകാശങ്ങൾ മൂലം സംവരണപട്ടികയിൽ ഇടം നേടാൻ കഴിയാത്തവരാണ് ‘മേൽത്തട്ടിലെ’ ശൂദ്രർ. ഇന്ന് രാജ്യത്താകമാനമുള്ള ഉയർന്ന ശൂദ്ര ജാതിയിൽ പെട്ട ലക്ഷക്കണക്കിന് ശൂദ്രർ തങ്ങൾക്ക് അപ്രാപ്യമായി പോയ അവസരങ്ങളിലും ഉയർച്ചയിലും ക്ഷുഭിതരായി, ഉയർന്ന ശൂദ്രരെ കൂടി ഒ.ബിസി. ലിസ്റ്റിൽ ചേർക്കണമെന്ന് ആവശ്യപ്പെടുന്നു, പ്രതിഷേധിക്കുന്നു.

ദേശീയ സമ്പദ് വ്യവസ്ഥയിൽ എവിടെയാണ് ശൂദ്രജനവിഭാഗങ്ങളുടെ സ്ഥാനം? 

സമ്പന്നരായ ശൂദ്രർ പോലും ഇന്നും തങ്ങളുടെ പരമ്പരാഗത തൊഴിലായിരുന്ന കാര്‍ഷികവൃത്തിയെയാണ് ആശ്രയിച്ചിരിക്കുന്നത്. ശൂദ്രരിലെ ഉയർന്നു നിൽക്കുന്ന വിഭാഗം കച്ചവടത്തിലോ വ്യവസായത്തിലോ പുരോഗതി പ്രാപിച്ചിട്ടില്ല, ബനിയ വിഭാഗക്കാർ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ആ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശൂദ്രർക്ക് പഴയതു പോലെ തന്നെ മൂലധനത്തിനായി ബനിയകളെ ആശ്രയിക്കേണ്ടി വരുന്നു. അംബാനികളെയോ, അദാനികളെയോ, മിത്തലുകളേയോ പോലെ കിടമത്സരത്തിലേർപ്പെടുന്ന കച്ചവടകുടുബങ്ങളെ ശൂദ്രർക്കിടയിൽ കാണുവാൻ സാധിക്കില്ല. പാവപെട്ട ശൂദ്രരിൽ ഭൂരിഭാഗം പേരും ഇന്നും വയലിൽ പണിയെടുക്കുന്നവരായി തുടരുന്നു, ആധുനിക വ്യവസായത്തിന്റെ ആഗമനത്തിലൂടെ തൊഴിൽരഹിതരായിത്തീർന്ന ശൂദ്ര കൈത്തൊഴിലുകാർ കെട്ടിട നിർമാണ രംഗത്തേയും ഫാക്ടറികളിലെയും തൊഴിലാളികളായി മാറിക്കൊണ്ടിരിക്കുന്നു.

ഇന്ത്യൻ ദേശീയബോധത്തിലും സംസ്കാരത്തിലും ശൂദ്രജനവിഭാഗങ്ങളുടെ സ്ഥാനമെന്താണ്?

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ബൗദ്ധിക, തത്വചിന്ത, സാമൂഹിക, രാഷ്ട്രീയപരമായ ഉന്നത മണ്ഡലങ്ങളിൽ ഒന്നിലും തന്നെ പ്രസക്തമായ ഒരു സ്ഥാനവും ഇവർ വഹിക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. ശൂദ്രർക്കിടയിൽ വലിയ രീതിയിൽ ആധിപത്യം സ്ഥാപിക്കുവാൻ ഹിന്ദുമതത്തിനു സാധിച്ചിട്ടുണ്ടെങ്കിൽ തന്നെയും ഒരു ശൂദ്ര പുരുഷനെ പോലും – (സ്ത്രീകളുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ) മതാധികാരത്തിനുള്ളിൽ സ്വാധീനമുള്ള സ്ഥാനങ്ങളിൽ ഒന്നും തന്നെ കാണാൻ കഴിയില്ല. ഹിന്ദു മതവിശ്വാസികൾക്കിടയിൽ മഹാഭൂരിപക്ഷവും ശൂദ്രരായിരിക്കുമ്പോൾ പോലും ജാതിഘടനയുടെ വിലക്കുകൾ ശൂദ്രനെ മതപൗരോഹിത്യത്തെ കുറിച്ച് ചിന്തിക്കുന്നതിനു പോലും അപ്രാപ്യനാക്കുന്നു. ഇന്ത്യയുടെ ഭൂത-ഭാവി-വർത്തമാന കാലങ്ങളിൽ ശൂദ്രരുടെ സാമൂഹികവും രാഷ്ട്രീയവുമായ നിലപാടുകൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ തക്കവണ്ണം പ്രാപ്തിയുള്ള ഒരു ബുദ്ധിജീവി പോലും ശൂദ്രർക്കിടയിൽ നിന്ന് ഉയർന്നു വന്നിട്ടുമില്ല. അവരുടെ ചിന്തകരും നേതാക്കളുമാകട്ടെ, പ്രാദേശികതലത്തിൽ മാത്രം പ്രവർത്തിക്കുന്ന, പ്രാദേശിക ഭാഷകളിൽ വ്യവഹരിക്കുന്ന, ദേശീയ-രാഷ്ട്രീയ ചർച്ചകൾക്ക് പുറത്തു നിൽക്കുന്നവരാണ്. അക്കാദമിക രംഗത്തും മാധ്യമങ്ങളിലുമെല്ലാം ശൂദ്രർ ഇതേ പാർശ്വവത്കരണം അനുഭവിക്കുന്നതായി കാണാം. രാജ്യത്തൊന്നാകെ ശൂദ്രരുടെ വിദ്യാഭ്യാസ നിലവാരം താരതമ്യേന തുച്ഛമായി തുടരുകയും എല്ലാവിധ ബൗദ്ധിക, ആത്മീയ പ്രവർത്തനങ്ങളിലും അവർ ബ്രാഹ്മണരുടെ അനിഷേധ്യമായ നേതൃത്വത്തിന് കീഴ്പ്പെട്ടു നിൽക്കുകയും ചെയ്യുന്നു.

ദേശീയരാഷ്ട്രീയത്തിലും, ഭരണനിർവഹണത്തിലും ശൂദ്രരുടെ സ്ഥാനമെന്താണ്? 

നീതിന്യായ വ്യവസ്ഥയുടെയും ബ്യുറോക്രസിയുടെയും ഉന്നത പദവികളിൽ ശൂദ്രരുടെ പ്രാധിനിധ്യം നിസാരമാണെന്നു തന്നെ പറയാം. ശൂദ്രരായ രാഷ്ട്രീയ നേതാക്കൾ ഒരു പ്രാദേശിക ശക്തിയായി മാത്രമേ നിലനില്‍ക്കുന്നുള്ളു. എന്നാൽ, ശൂദ്രർക്കിടയിലെ തന്നെ ഉയർന്ന ജാതി വിഭാഗങ്ങൾ മികച്ച രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുകയും ചില രാഷ്ട്രീയ പാർട്ടികളെ തങ്ങളുടെ വരുതിക്ക് നിർത്തുന്നതിൽ വിജയിക്കുകയും ചെയ്തവരാണ്.

ഉത്തർ പ്രദേശിലെയും ബിഹാറിലെയും യാദവന്മാരുടെയും ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും കമ്മ, റെഡ്‌ഡി, കാപ്പു, വെല്ലമ്മ എന്നീ ജാതി വിഭാഗങ്ങളുടെയും മുന്നേറ്റം ഇതിനുദാഹരണമാണ്. എന്നിരുന്നാൽ കൂടി ഈ രാഷ്ട്രീയ പാർട്ടികളുടെയും അവരുടെ നേതാക്കളുടെയും സ്വാധീനം അതാതു സംസ്ഥാനത്തോ പ്രദേശത്തോ ഒതുങ്ങി നിൽക്കുകയും ചെയ്യുന്നു. മാത്രവുമല്ല, ഇപ്പറഞ്ഞ മുന്നേറ്റങ്ങൾ ഏതാണ്ട് എല്ലാം തന്നെ ജാതി/പ്രാദേശിക അഭിമാനത്താൽ രൂപപ്പെട്ടവയും അതുകൊണ്ടു തന്നെ വിശാലമായ ഐക്യദാര്‍ഡ്യങ്ങൾക് വിഘാതമായി നിൽക്കുകയും ചെയ്യുന്നവയാണ്. ദേശീയ രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള ഈ നേതാക്കളുടെ ശ്രമങ്ങൾ അവരുടെ വിധേയത്വത്തിൽ കലാശിക്കുകയും തത്‌ഫലമായി പറയത്തക്ക ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ അവർ പരാജയപ്പെടുകയുമാണ് ചെയ്തിട്ടുള്ളത്. ബ്രാഹ്മണ, ബനിയ വിഭാഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന കോൺഗ്രസ്, ബിജെപി പാർട്ടികളുടെ മേൽഘടകങ്ങളിൽ പോലും ശൂദ്രരുടെ പ്രതിനിധികൾ ഇല്ലാത്തതിനാൽ നയരൂപീകരണത്തിൽ ശൂദ്രർ തഴയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ശൂദ്രരുടെ അടിസ്ഥാന പദവി ബ്രാഹ്മണ്യം കല്പിച്ചു കൊടുത്ത നാലാം വർണമായി തന്നെ തുടരുന്നു. അവർണ്ണർക്ക് തൊട്ടു മുകളിൽ, അതായത് ദളിതർക്കും ആദിവാസിക്കും മാത്രം മുകളിൽ ശൂദ്രരെ നിലനിർത്താൻ ഇന്ത്യൻ സമൂഹത്തിലെ ജാതിവ്യവസ്ഥക്ക് ഇന്നും സാധിക്കുന്നു എന്നതാണ് വാസ്തവം.

1946-ൽ ഡോ. ബി.ആർ അംബേദ്ക്കർ, “ഹൂ വേർ ശൂദ്രാസ്? ഹൌ ദെയ് കെയിം ടു ബി ദി ഫോര്‍ത്ത് വർണ ഇൻ ദി ഇൻഡോ -ആര്യൻ സൊസൈറ്റി” എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “ശൂദ്രരെ പറ്റിയുള്ള വർത്തമാനകാല ജ്ഞാനവ്യവഹാരങ്ങളുടെ സ്ഥിതി വെച്ച് നോക്കുമ്പോൾ അവരെക്കുറിച്ച് ഒരു പുസ്തകം എന്നത് ഒട്ടും അധികമല്ല”. പുരാവസ്തു ശാസ്ത്രത്തിലെയും ജനിതക പഠനങ്ങളിലെയും പുതിയ ഗവേഷണങ്ങൾ ശൂദ്രരുടെ ആവിര്‍ഭാവത്തെ കുറിച്ചുള്ള അംബേദ്കറുടെ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. ശൂദ്രർ ഇൻഡോ- ആര്യൻ വംശജരാണോ എന്ന കാര്യത്തിലും തർക്കങ്ങൾ നിലനിൽകുന്നുണ്ട് എന്നതല്ലാതെ ഈ വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ ഇതിനപ്പുറം ഇത്രയും വർഷത്തിനിടയിൽ ഒട്ടും തന്നെ മുന്നോട്ടു പോയിട്ടില്ല. സ്വാതന്ത്ര്യാനന്തര കാലത്തെ ശൂദ്രരുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റി ഒരു പഠനം പോലും നിലവിലില്ല. ശൂദ്രരുടെ ചരിത്രം, സംസ്കാരം എന്നിവയെ കുറിച്ചുള്ള പഠനങ്ങളിലും സമാനമായ അഭാവം കാണാം. സങ്കുചിതമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കണക്കുകൾക്കുമപ്പുറം ശൂദ്രരുടെ രാഷ്ട്രീയ ജീവിതം അടയാളപ്പെടുത്തപ്പെട്ടിട്ടേ ഇല്ല എന്ന് തന്നെ പറയാം.
അംബേദ്കറുടെ എഴുത്തുകൾ ദളിതർക്കും മറ്റു മർദ്ദിത വിഭാഗങ്ങൾക്കും തങ്ങളുടെ രാഷ്ട്രീയവും ആത്മീയവും ചരിത്രപരവുമായ അവസ്ഥയെ കുറിച്ച് അവബോധം നൽകുന്നതിനും വിമോചനത്തിനായുള്ള ഒരു പാൻ ഇന്ത്യൻ മുന്നേറ്റം രൂപപ്പെടുത്തുന്നതിനും സഹായിച്ചുവെങ്കിൽ ശൂദ്രർക്കിടയിൽ അംബേദ്കറുടെ കൃതികൾക്ക് പോലും ഇത്തരം ഒരു അവബോധം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഏകീകൃതമായ രാഷ്ട്രീയ, സാമൂഹിക അവബോധത്തിന്റെ അഭാവത്തിൽ ശൂദ്രർ, ഇനിയും പരിഷ്കരിക്കപ്പെട്ടിട്ടില്ലാത്ത ഹിന്ദു മതത്തിൽ നാലാം വർണമായി തന്നെ തുടരുകയും ബ്രാഹ്മണിക് രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും ഇച്ഛകൾക്കു വഴങ്ങി കൊടുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ശൂദ്രരെ കുറിച്ച് എത്ര തന്നെ എഴുതപ്പെട്ടാലും അത് അധികമാകുന്നതേയില്ല.

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നു

2014-ല്‍ നരേന്ദ്ര മോദി തന്റെ ഒബിസി പശ്ചാത്തലം എടുത്തു പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ അദ്ദേഹം ശൂദ്രരുടെ പ്രതിനിധിയായി സ്വയം അവരോധിക്കുകയായിരുന്നു. മോദിയുടെ ഈ ശൂദ്രസ്വത്വം വിമർശനങ്ങളും പുന:പരിശോധനകളും ഇല്ലാതെ തന്നെ പൊതുസമൂഹം സ്വീകരിച്ചു. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മോദി ഗുജറാത്തിലെ മോദ്ഗഞ്ചി ജാതി വിഭാഗത്തിൽ പെടുന്നയാളാണ്; ഈ സമുദായത്തിന്റെ ശൂദ്ര അവകാശവാദത്തെ വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. ചരിത്രപരമായി മോദ്ഗഞ്ചികൾ ഭക്ഷ്യ എണ്ണയുടെ നിർമ്മാതാക്കളും വിതരണക്കാരുമാണ്, പിന്നീട് അവർ ചെറുകിട പലചരക്കു വ്യാപാരത്തിലും വ്യാപൃതരായി. ബ്രാഹ്മണർ നീച ജോലിയായി കണക്കാക്കിയിരുന്ന കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന മറ്റു ശൂദ്ര ജാതികളിൽ നിന്നും മോദ്ഗഞ്ചികൾ ഇത്തരത്തിൽ വ്യത്യസ്തരാണ്. ജാതിവ്യവസ്ഥ തൊഴിലിന്റെ അടിസ്ഥാനത്തിൽ കൃത്യമായി വിഭജിക്കപ്പെട്ടിരികയും അതിൽ കച്ചവടം മൂന്നാം വര്‍ണമായ വൈശ്യര്‍ക്ക് നീക്കി വെക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. മോദ്ഗഞ്ചികളുടെ കച്ചവട പശ്ചാത്തലം, സസ്യഭക്ഷണ ശീലം എന്നിവ അവരുടെ വൈശ്യ വേരുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാരമ്പര്യമായി കച്ചവക്കാരായിരുന്ന ഇവർ വിദ്യാഭ്യാസം സിദ്ധിച്ചവരാണ് എന്നത് ഇവരുടെ വൈശ്യ പശ്ചാത്തലത്തെ ചൂണ്ടിക്കാണിക്കുന്നു. ശൂദ്രർക്ക് വിദ്യാഭ്യാസം ചെയ്യാൻ വിലക്കുകൾ ഉണ്ടായിരുന്ന ഇന്ത്യൻ സമൂഹത്തിലാണ് ഇവർ പാരമ്പര്യമായി സാക്ഷരരായിരിക്കുന്നത്. ചുരുക്കത്തിൽ ഗുജറാത്തിൽ മോദ്ഗഞ്ചികൾ ഒരു നീച ജാതിയായി കാണണക്കാക്കപെടുന്നേയില്ല.

മണ്ഡൽ കമ്മിഷൻ ശുപാർശകൾ ആദ്യമായി നടപ്പിലാക്കിയപ്പോൾ മോദ്ഗഞ്ചികൾ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് 1994-ല്‍ ഗുജറാത്ത് ഗവണ്മെന്റും 1999-ൽ കേന്ദ്ര ഗവണ്മെന്റും ഇവരെ പ്രത്യേകമായി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനു കൃത്യം രണ്ടു വർഷത്തിന് ശേഷമാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. 2002, 2007, 2012 വർഷങ്ങളിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലൊന്നും മോദി തന്റെ ഒബിസി പശ്ചാത്തലം ഉയർത്തിക്കാണിച്ചിരുന്നില്ല. മറിച്ച് തന്റെ ബനിയ സ്വത്വം ഉയർത്തിക്കാട്ടിയുള്ള പ്രചരണങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പുകളിൽ സ്വീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യാവസായിക, കച്ചവട സമുദായമായ ബനിയകൾ അദ്ദേഹത്തെ തങ്ങളിൽ ഒരുവനായി കണക്കാക്കുകയും ചെയ്തു. 2014-ലെ പൊതുതെരഞ്ഞെടുപ്പോടെ മാത്രമാണ് മോദി തന്റെ ഒബിസി പശ്ചാത്തലത്തിന്റെ രാഷ്ട്രീയ പ്രയോജനത്തെ കുറിച്ച് ബോധവാനാകുന്നത്.

ഒബിസി വിഭാഗത്തെ ഇങ്ങനെ രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല നരേന്ദ്ര മോദി. ബനിയ വിഭാഗത്തിൽ ജനിച്ച ഇപ്പോൾ ബിഹാറിലെ ഉപമുഖ്യന്ത്രിയായിരിക്കുന്ന സുശീൽ കുമാർ മോദി സ്വസമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന തന്ത്രം നേരത്തെ പയറ്റി വിജയിച്ച ആളാണ്. ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ബനിയകളും മറ്റു പ്രബല സമുദായങ്ങളും ഒബിസി പട്ടികയിൽ ഇടം പിടിച്ചതായി കാണാൻ സാധിക്കും. ചരിത്രപരമായി വര്‍ണവ്യവസ്ഥയുടെ ഗുണഭോക്താക്കളായിരിക്കുകയും സമ്പത്ത്, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും മുന്നിട്ടു നില്‍ക്കുകയും ചെയ്തിരുന്ന ഈ സമുദായങ്ങൾ എങ്ങനെ ഒബിസി പട്ടികയിൽ കടന്നു കൂടി എന്നുള്ളത് ഒരത്ഭുതം തന്നെയാണ്. ബനിയകൾ സ്വന്തം വളർച്ചയ്ക്ക് വേണ്ടി നടത്തിയ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി വേണം ഇതിനെ മനസിലാക്കാൻ. ഒബിസി വിഭാഗം എന്നത് വര്‍ണവ്യവസ്ഥയിൽ താഴെ നിന്നവരുടെ യഥാർത്ഥ സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ പരിഹരിക്കാൻ ലക്‌ഷ്യം വെച്ചുള്ളതായിരുന്നു. എന്നാൽ മറ്റു ചില ജാതി വിഭാഗങ്ങൾ ഒബിസി പദവി തങ്ങളുടെ സ്വാർത്ഥമായ ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നു. ഇത് ശൂദ്രരുടെ കണ്ണ് തുറപ്പിക്കേണ്ടുന്ന ഒരു രാഷ്ട്രീയ സമസ്യയാണ്. തങ്ങളുടെ പ്രശ്നങ്ങളുമായോ താല്പര്യങ്ങളുമായോ സംസ്കാരവുമായോ യഥാർത്ഥ ബന്ധമില്ലാത്ത ചിലരെ തങ്ങളുടെ പ്രതിനിധികളും നേതാക്കളുമായി അംഗീകരിക്കേണ്ടി വരുന്ന കെണിയിലേക്ക് ശൂദ്രർ ഇതിലൂടെ വീഴുകയും യഥാർത്ഥ ശൂദ്ര പ്രതിനിധികൾക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇതിനു സമാനമായ തരംഗം ശൂദ്രവിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്നതായി കാണാം. ശൂദ്രർക്കിടയിലെ താഴ്ന്ന തട്ടിലുള്ള ചില ജാതി വിഭാഗങ്ങൾ പട്ടികജാതി പദവിയിലേക്ക് മാറ്റപ്പെടണം എന്ന ആവശ്യമുന്നയിക്കുന്നതായി കാണാം. പട്ടികജാതി വിഭാഗക്കാർക്ക് ലഭ്യമാവുന്ന സർക്കാർ ആനുകൂല്യം ലക്‌ഷ്യം വെച്ചുള്ളവയാണ് ഇത്തരം അവകാശവാദങ്ങൾ. ദളിതർക്കുമേലെയുള്ള മേലെയുള്ള ശൂദ്രാധികാരം എന്ന രീതിയിൽ തന്നെ ഇത്തരം അവകാശവാദങ്ങളെ സമീപിക്കേണ്ടതുണ്ട്. മേൽത്തട്ടിലുള്ള ശൂദ്രരുടെ സംസ്കൃതവത്കരണത്തിനു വിരുദ്ധമായി നിൽക്കുന്ന താഴെത്തട്ടിലുള്ള ശൂദ്രരുടെ ദളിതവത്കരണത്തെ, ജാതിസംഘര്‍ഷങ്ങള്‍ വർധിപ്പിക്കുന്നതിന് പകരം ജാതിക്കെതിരായ വിശാലമായ സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിനെ ലക്‌ഷ്യം വച്ചായിരിക്കണം ഉപയോഗിക്കേണ്ടത്.

(തുടരും)

[നാളെ: നരേന്ദ്ര മോദി ബനിയ മൂലധനത്തിന്റെ സേവകനായാണ് അധികാരത്തിലെത്തുന്നത്, ശൂദ്രരുടെ പ്രതിനിധിയായല്ല]

കാഞ്ച ഐലയ്യ

കാഞ്ച ഐലയ്യ

സാമൂഹിക, രാഷ്ട്രീയ ചിന്തകന്‍, എഴുത്തുകാരന്‍, ദളിത്‌ അവകാശ പോരാളി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍