TopTop
Begin typing your search above and press return to search.

കന്നുകാലികള്‍, ഗോസംരക്ഷകര്‍, ഇപ്പോള്‍ തീര്‍ത്ഥാടകരും; യോഗിയുടെ യുപിയില്‍ ഇതാണവസ്ഥ

കന്നുകാലികള്‍, ഗോസംരക്ഷകര്‍, ഇപ്പോള്‍ തീര്‍ത്ഥാടകരും; യോഗിയുടെ യുപിയില്‍ ഇതാണവസ്ഥ
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ എത്തുന്നത് ശ്രാവണ്‍ മാസത്തിലാണ്. പുതിയ പുല്‍നാമ്പുകള്‍ കിളിര്‍ക്കുകയും മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ നിറയുകയും ചെയ്യും. ഇതിന്റെ അടുത്ത പടിയാണ് ട്രാഫിക് ജാമുകള്‍. ഇവിടേക്കാണ് ആയിരക്കണക്കിന് വരുന്ന ശിവഭക്തര്‍ കൂടി ഇറങ്ങുന്നത്. ഇതോടെ കാര്യങ്ങള്‍ സര്‍വത്ര താറുമാറാകും.

ഇത്തവണത്തെ കാവഡിയ യാത്ര (Kanwar Yatra)യ്ക്ക് ചില രാഷ്ട്രീയാര്‍ത്ഥങ്ങള്‍ കൂടിയുണ്ട്. അതായത്, ഇത്തണ ഉത്തര്‍ പ്രദേശിലെവിടെയും ഗ്രാന്‍ഡ് ട്രങ്ക് റോഡിലും ഒരിടത്തു പോലും മുട്ടയോ മാംസമോ മത്സ്യമോ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ പാടില്ല എന്നതാണത്. ഇവയൊക്കെ പോലീസ് അടപ്പിച്ചു കഴിഞ്ഞു. സാമുദായിക പ്രശ്‌നം ഉണ്ടാാകുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ ചോദ്യമുയരുന്നത് ഇവിടെയാണ്: ആരെയാണ് പോലീസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്? യാതൊരു നിയന്ത്രണങ്ങളുമില്ലാതെ റോഡ് മുഴുവന്‍ നിറഞ്ഞ് കടന്നു പോകുന്ന തീര്‍ത്ഥാടകരെയോ? അതോ ഉപജീവനമാര്‍ഗത്തിന് ഭക്ഷണം വില്‍ക്കുന്ന വ്യാപാരികളോ?

തീര്‍ത്ഥാടനം
ശിവാരാധനനയ്ക്കുള്ള സമയമാണ് ശ്രാവണ്‍ മാസം. ജൂലൈ അവസാനത്തോടെ തുടങ്ങുന്ന ഈ സമയത്ത് ആയിരക്കണക്കിന് ശിവഭക്തര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് നഗ്നപാദരായി തോളില്‍ ഇരുഭാഗത്തേക്കുമായി തൂക്കിയിട്ടിരിക്കുന്ന വടികളില്‍ തീര്‍ത്ഥദ്രവ്യങ്ങള്‍ നിറച്ച് പുണ്യസ്ഥലങ്ങളിലേക്ക് പോകുന്നു; മിക്കവരും കാല്‍നടയായി തന്നെ.

ഹരിദ്വാറിലെ ഗംഗയില്‍ നിന്നോ ഗംഗോത്രിയില്‍ നിന്നോ ഗോമുഖില്‍ നിന്നോ വീടുകളിലേക്ക് തിരിച്ചും യാത്ര ചെയ്യുന്നു. തുടര്‍ന്ന് തങ്ങളുടെ ഗ്രാമത്തിലെത്തി അവിടുത്തെ ശിവക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതോടെയാണ് തീര്‍ത്ഥാടനം സമാപിക്കുന്നത്.

1980-കള്‍ വരെ 'വിശുദ്ധ'ന്മാരും കുറച്ച് പ്രായമായവരും മാത്രമായിരുന്നു ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇന്ന് ഈ തീര്‍ത്ഥാടക സംഘത്തിലുള്ളത് മുഴുവന്‍ യുവാക്കളാണ്. (വളരെക്കുറച്ച് സ്ത്രീകളും). അവരാകട്ടെ, വരുന്നത് നമ്മുടെ അശാന്തമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും.കിഴങ്ങന്‍, പഞ്ചപാവം എന്നൊക്കെ അര്‍ത്ഥം വരുന്ന 'ഭോല' എന്ന പേരാണ് ഈ ചെറുപ്പക്കാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് ഈ യാത്ര തങ്ങളുടെ കഴിവുകളും നിശ്ചയദാര്‍ഡ്യവും കരുത്തും ധാര്‍മിക മൂല്യങ്ങളുമൊക്കെ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാണ്. ഈ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും അലഞ്ഞു തിരിയുന്നവരോ തോഴിലില്ലാത്തവരോ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരോ ആണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഗുണാത്മക ഫലങ്ങള്‍ ഒരുവിധത്തിലും എത്തിച്ചേരാത്തവര്‍. അങ്ങനെയുള്ള ചെറുപ്പക്കാര്‍ക്ക് ഈ തീര്‍ത്ഥാടനം ഒരു വിഡ്ഡിപ്പരിപാടിയല്ല, മറിച്ച് തങ്ങളുടെ ആശങ്കകളും പേടികളുമൊക്കെ മറികടക്കാനുള്ള ഒരുപാധിയാണ്; അത്തരം സമയങ്ങളില്‍ ഇവരുടെ ധൈര്യപ്രകടനങ്ങളുണ്ടാകാറുണ്ട്. വന്‍ നഗരങ്ങളെ നോക്കി അവര്‍ എഴുന്നേറ്റു നില്‍ക്കും, ട്രാഫിക്കുകളില്‍ കടന്നുകയറി കാര്യങ്ങള്‍ താറുമാറാക്കും, ചിലപ്പോഴൊക്കെ അക്രമവും അഴിച്ചുവിടും.

തീര്‍ത്ഥാടനത്തിന്റെ രാഷ്ട്രീയം
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറെക്കൂടി മാറിയിരിക്കുന്നു. ഈ കാവഡിയകള്‍ ഉത്തരേന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുന്ന സമയമാണ്. അപ്പോഴാണ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഏതൊക്കെ ഭാഗത്തു കുടിയാണോ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നത് ഈ വഴികളിലുള്ള എല്ലാ കടകളും അവര്‍ മാംസമോ മുട്ടയോ മീനോ വില്‍ക്കുന്നതാണെങ്കില്‍ അടച്ചിടണം എന്നതാണ് പുതിയ ഉത്തരവ്. യാത്ര തീരുന്നതു വരെ ഇതു പാലിച്ചിരിക്കണം എന്നാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം ഈ ഭാഗങ്ങളിലുള്ള ചെറിയ തട്ടുകടകളിലും ധാബകളിലുമൊക്കെ പരിശോധന നടത്തിയ പോലീസ് ബ്രെഡും ഓംലെറ്റും പുഴുങ്ങിയ മുട്ടയുമൊക്കെ വില്‍ക്കുന്ന കടകള്‍ പോലും അടപ്പിക്കുകയും ചെയ്തു. മറക്കരുത്, ഇത്തരത്തില്‍ കടകള്‍ നടത്തുന്ന ഭൂരിഭാഗം പേരും ഒന്നുകില്‍ മുസ്ലീങ്ങള്‍, ദളിതര്‍, മറ്റു പിന്നോക്കക്കാര്‍ തുടങ്ങിയവരാണ്. അതുപോലെ തന്നെ ഇവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പോഷകാഹാരമാണ് ഇത്തരം കടകളിലെ നോണ്‍-വെജിറ്റേറിയന്‍ ഉത്പന്നങ്ങള്‍.എല്ലാം ക്രമസമാധാനനില ഭദ്രമാക്കാനും അനാവശ്യ സംഭവങ്ങള്‍ ഒഴിവാക്കാനാണെന്നും പറയുന്ന പോലീസ്, ഇത് എല്ലാ വര്‍ഷവും നടക്കുന്ന കാര്യമാണെന്നും പറയുന്നുണ്ട്.

ചെറുകിട മാംസ കച്ചവടക്കാരെ സംബന്ധിടത്തോളം ജീവിതം ഓരോ ദിവസവും ദുരിതമയമായിക്കൊണ്ടിരിക്കുകയാണ്. മോദിയുടെ നോട്ട് നിരോധനം ഒരറ്റത്തു നിന്ന് ജീവിതം നശിപ്പിച്ചു തുടങ്ങിയ ശേഷമാണ് യോഗി ആദിത്യനാഥിന്റെ വരവ്. അതോടെ ഒരുവിധപ്പെട്ട അറവുശാലകള്‍ക്കൊക്കെ പൂട്ടു വീണു. അതിനൊപ്പമാണ്, ഏതു നിമിഷവും ഉണ്ടാകാവുന്ന ഗോസംരക്ഷകരുടെ ആക്രമണങ്ങള്‍.

ആദ്യം വില്‍പ്പന ഇടിഞ്ഞു, പിന്നീട് ബീഫ് വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം വന്നു, കടകള്‍ പലതും അടഞ്ഞു, അതിനു പുറകെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി അറവ് നിരോധനം. ഇപ്പോഴിതാ തീര്‍ത്ഥാടകരും.

Next Story

Related Stories