UPDATES

വായ്പാ ഇളവായി ബാങ്കിലിട്ട പണം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കർഷകരിൽ നിന്നും തിരിച്ചെടുത്തു; കേന്ദ്ര നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ ചെയ്തിയെന്ന് കുമാരസ്വാമി

തെരഞ്ഞെടുപ്പു വിജയം മാത്രം ലക്ഷ്യമിട്ടാണ് പണം അക്കൗണ്ടുകളിലേക്കിട്ടതെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് കർഷകരിപ്പോൾ.

വായ്പാ തിരിച്ചടവ് മുടങ്ങിയ കർഷകർക്ക് സഹായധനമായി നൽകിയ പണം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സർക്കാർ തിരിച്ചെടുത്തെന്ന് ആരോപണം. ഒന്നും രണ്ടും പേർക്കല്ല, 13,988 പേര്‍ക്കാണ് ഈ അനുഭവമുണ്ടായത്. എല്ലാ കർഷകരുടെയും വായ്പ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അസംബ്ലി തെരഞ്ഞെടുപ്പിൽ വാഗ്ദാനം നൽകിയിരുന്നതാണ്. ജെഡിഎസ്-കോൺഗ്രസ്സ് സഖ്യ സർക്കാർ നിലവിൽ വന്നപ്പോൾ ഈ വാഗ്ദാനം പാലിക്കുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുമ്പായി കർഷകരുടെ ബാങ്ക് ലോൺ അക്കൗണ്ടുകളിലേക്ക് പണമെത്തി. കർഷകരുടെ ആഹ്ലാദം പക്ഷെ അധികനാൾ നീണ്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യം പരാജയം രുചിച്ചതിനു പിന്നാലെ ഈ പണം അക്കൗണ്ടുകളിൽ നിന്നും തിരിച്ചെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പു വിജയം മാത്രം ലക്ഷ്യമിട്ടാണ് പണം അക്കൗണ്ടുകളിലേക്കിട്ടതെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് കർഷകരിപ്പോൾ.

അതെസമയം, ഈ ആരോപണത്തെ നിഷേധിക്കുകയാണ് കർണാടക സർക്കാർ. ബാങ്കുകളാണ് പണം പിൻവലിച്ചതെന്നാണ് സർക്കാരിന്റെ ആരോപണം. വിവിധ അക്കൗണ്ടുകളിൽ നിക്ഷേപം നടത്തിയ പൊതുമേഖലാ ബാങ്കുകൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഉത്തരവാദിത്വം അവർക്കാണെന്നും സർക്കാർ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ നടത്തിയ ഓഡിറ്റിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ തിരിമറി പുറത്തുവന്നതെന്ന് കുമാരസ്വാമി ഒരു ട്വീറ്റിൽ പറഞ്ഞു.

ഈ പ്രശ്നം ചർച്ച ചെയ്യാൻ എല്ലാ ദേശസാൽകൃത ബാങ്കുകളുടെയും പ്രതിനിധികളെ വിളിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി പറയുന്നു. ജൂൺ 14നാണ് യോഗം. ഈ പ്രശ്നം സംഭവിച്ചത് ദേശസാൽകൃത ബാങ്കുകളിൽ മാത്രമാണ്. ഇഥ്തരം ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 12 ലക്ഷത്തോളം കർഷകരാണ് വായ്പാ ഇളവിനായി അപേക്ഷിച്ചിട്ടുള്ളത്.

ആകെ 7.5 ലക്ഷം കർഷകരുടെ വായ്പ ഇളവ് ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 3,930 കോടി രൂപ ബാങ്കുകൾക്ക് റിലീസ് ചെയ്ത് നൽകിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. സംസ്ഥാന സർവ്വേ സെറ്റിൽമെന്റ് ആൻഡ് ലാൻഡ് റെക്കോർഡ്സ് കമ്മീഷണർ മുനിഷ് മൗദ്ഗിൽ പറയുന്നതു പ്രകാരം പണം തിരിച്ചെടുക്കപ്പെട്ട 13,988 അക്കൗണ്ടുകളുടെ ഉടമകൾ വായ്പാ ഇളവിന് യോഗ്യതയുള്ളവരല്ല. ഇക്കാരണത്താലാണ് പണം തിരിച്ചെടുക്കേണ്ടി വന്നത്. പ്രത്യേകം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഓഡിറ്റിലൂടെയാണ് ഇത്രയും പേർക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയത്. സംസ്ഥാന ഖജനാവിന് വരുമായിരുന്ന വലിയ നഷ്ടമാണ് ഇതുവഴി പരിഹരിക്കപ്പെട്ടതെന്നും ഇങ്ങനെ 59.8 കോടി രൂപ തിരിച്ചുപിടിക്കാനായെന്നും മുനിഷ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍