UPDATES

ട്രെന്‍ഡിങ്ങ്

ബെല്ലാരിയിൽ അവസാനിച്ചത് റെഡ്ഢി സഹോദരങ്ങളുടെ ‘രാജഭരണം’; സന്തോഷിക്കുന്നവരില്‍ ബിജെപിക്കാരും

സോണിയ ഗാന്ധി സുഷമാ സ്വരാജിനെ തോല്‍പ്പിച്ച മണ്ഡലം കോണ്‍ഗ്രസ്സ് തിരിച്ചുപിടിച്ചത് 15 വര്‍ഷത്തിന് ശേഷം

കഴിഞ്ഞ കർണാടക അസംബ്ലി തെരഞ്ഞെടുപ്പിൽ ബദാമിയിൽ മത്സരിച്ച സിദ്ധരാമയ്യയെ എതിരിടാൻ ബിജെപി രംഗത്തിറക്കിയ സ്ഥാനാർത്ഥിയെ കണ്ട് ബിജെപി പ്രവർത്തകർ വരെ ഒന്ന് ശങ്കിച്ചു. കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കെതിരെയാണ് ശ്രീരാമുലുവിനെ പാർട്ടി നിർത്തിയത്. ആന്ധ്ര അതിർത്തിയിലുള്ള ബല്ലാരി, ചിത്രദുർഗ ജില്ലകളിൽ ശ്രീരാമുലുവിനുള്ള പിടിപാടിൽ ഒരാൾക്കും സംശയമില്ലായിരുന്നു. ചിത്രദുർഗയിലാണ് ബദാമി മണ്ഡലം. ഈ മണ്ഡലത്തിൽ സിദ്ധരാമയ്യയോട് വളരെ ചെറിയ മാർജിനിൽ തോറ്റുവെങ്കിലും മോലകൽമൂരു മണ്ഡലത്തിൽ വിജയിച്ച് എംഎൽഎയായി. ബദാമിയിൽ വിജയിച്ചിരുന്നെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാനായിരുന്നു ശ്രീരാമുലുവിന്റെ പ്ലാൻ. തനിക്ക് അങ്ങനെയൊരു പദ്ധതിയില്ലെന്ന് പ്രചാരണസമയത്ത് ശ്രീരാമുലു ഇടക്കിടെ മാധ്യമങ്ങളോട് വിനയാന്വിതനായിരുന്നുവെങ്കിലും.

വാൽമികി സമുദായക്കാർക്കിടയില്‍ ശക്തമായ പിടിപാടുള്ള നേതാവാണ് ശ്രീരാമുലു. ബല്ലാരി, ചിത്രദുർഗ ജില്ലകളുടെ പ്രത്യേകതയും വാൽമികി സമുദായക്കാരുടെ കൂടിയ സാന്നിധ്യമാണ്. ബല്ലാരി സഹോദരങ്ങൾ എന്നറിയപ്പെടുന്ന ജനാർദ്ദന റെഡ്ഢി, കരുണാകര റെഡ്ഢി, സോമശേഖര റെഡ്ഢി എന്നിവരുടെ ശക്തികേന്ദ്രം കൂടിയാണ് ഈ മേഖല. ചെറിയ പ്രായം മുതലേ ജനാർദ്ദന റെഡ്ഢിയുമായി ശ്രീരാമുലുവിനുള്ള സൗഹൃദമാണ് രാഷ്ട്രീയത്തിലെ ഒരുമിച്ചുള്ള സാമ്രാജ്യരൂപീകരണത്തിലേക്ക് വളർന്നത്.

1952 മുതൽ 2000 വരെയുള്ള കാലയളവിൽ കോൺഗ്രസ്സ് അടക്കി ഭരിച്ച ബെല്ലാരി ലോകസഭാ മണ്ഡലത്തെ തങ്ങളുടെ പ്രമാണിത്തവും ബി ശ്രീരാമുലുവിനെപ്പോലുള്ള നേതാക്കളെ ഉപയോഗിച്ചുള്ള തന്ത്രപരമായ നീക്കങ്ങളും വഴി ബെല്ലാരി സഹോദരങ്ങൾ സ്വന്തമാക്കുകയായിരുന്നു. 1999ൽ സോണിയ ഗാന്ധി സുഷ്മ സ്വരാജിനെ തോൽപ്പിച്ച മണ്ഡലമാണിത്. അമേഠിയിലും ബെല്ലാരിയിലും ഒരുമിച്ചു മത്സരിച്ച സോണിയ ഈ മണ്ഡലം ഉപേക്ഷിക്കുകയും പിന്നീട് രണ്ടായിരാമാണ്ടിൽ വീണ്ടും തെരഞ്ഞെടുപ്പുണ്ടാകുകയും ചെയ്തു. ഈ മത്സരത്തിലാണ് കോൺഗ്രസ്സ് അവസാനമായി ജയിച്ചത്. പിന്നീട് 2004ൽ നടന്ന തെരഞ്ഞെടുപ്പിൽ ബെല്ലാരി സഹോദരങ്ങളിലൊരാളായ ജി കരുണാകര റെഡ്ഢി ജി കരുണാകരറെഡ്ഢി ബിജെപി ടിക്കറ്റിൽ മത്സരിച്ച് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് മണ്ഡലം ഷെഡ്യൂള്‍ഡ് ട്രൈബ് റിസർവ്വേഷനിലായപ്പോഴാണ് ശ്രീരാമുലുവിന് നറുക്കു വീണത്.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എംപി സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്ത് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ ശ്രീരാമുലുവിന് ധൈര്യം നൽകിയത് ബെല്ലാരിയിലുള്ള അമിത ആത്മവിശ്വാസം തന്നെയായിരുന്നെന്ന് കാണണം. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ ജെഡിഎസ്-കോൺഗ്രസ്സ് സഖ്യം ശ്രീരാമുലുവിനും അദ്ദേഹത്തിനു പിന്നിലെ ഉപജാപകരായ റെഡ്ഢി സഹോദരന്മാർക്കും അപ്രതീക്ഷിതമായിരുന്നു. സിദ്ധരാമയ്യ സർക്കാരിനെതിരെ വളർന്നിരുന്ന ജനവികാരവും ശ്രീരാമുലുവിന്റെ തീരുമാനത്തിന് ആത്മവിശ്വാസം പകർന്ന കാര്യമായിരുന്നെന്നു പറയാം. ബെല്ലാരി കൈവിടുമെന്ന് ഉറപ്പായതോടെ റെഡ്ഢി സഹോദരങ്ങളോ ബന്ധുക്കളോ വീട്ടിനു പുറത്തിറങ്ങുക പോലും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബിഎസ് യെദ്യൂരപ്പ അടക്കമുള്ള ഉന്നത നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു ബെല്ലാരിയിൽ. എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പൊതുജനങ്ങളുടെ മുമ്പിലുണ്ടായിരുന്ന മുഖങ്ങൾ ബെല്ലാരി സഹോദരങ്ങളുടെയും ശ്രീരാമുലുവിന്റേതുമായിരുന്നു. 2007 മുതൽ 2012 വരെയുള്ള യെദ്യൂരപ്പയുടെ ഭരണകാലയളവിലുടനീളം റെഡ്ഢിമാര്‍ ബെല്ലാരിയെ സാമ്രാജ്യമാക്കി നടത്തിയ മൈനിങ് അഴിമതികളോരോന്നായി പുറത്തുവരികയും ദേശീയ ശ്രദ്ധ തന്നെ നേടുകയും ചെയ്തു. യെദ്യൂരപ്പയുടെ പേര് ലോകായുക്ത റിപ്പോർട്ടിൽ വരുന്നതിനും റെഡ്ഢിമാരുടെ ഈ കൈയും കണക്കുമില്ലാത്ത അഴിമതികൾക്ക് സാധിച്ചു. 2013ലെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണമെന്തെന്ന് യെദ്യൂരപ്പയോട് ചോദിച്ചാൽ ഉത്തരം ഒന്നേയുണ്ടാകൂ. അത് ബെല്ലാരിയിലെ നിയമവിരുദ്ധ മൈനിങ് കുംഭകോണമാണ്. തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഉപയോഗിച്ച പ്രധാന പ്രചാരണായുധവും അതു തന്നെയായിരുന്നു. ശ്രീരാമുലു എന്ന ഒറ്റക്കാരണം മാത്രം മതി ബിജെപിക്ക് റെഡ്ഢി സഹോദരന്മാരെ തള്ളിക്കളയാൻ മടി തോന്നാൻ പതിനഞ്ചോളം മണ്ഡലങ്ങളിൽ ഗോത്രവിഭാഗങ്ങൾക്കിടയിൽ അനിഷേധ്യനാണ് ശ്രീരാമുലു എന്നതു തന്നെയാണ് കാരണം. ഇതു തന്നെയാണ് കയ്പുറ്റതായിട്ടും യെദ്യൂരപ്പയും ബിജെപിയും റെഡ്ഢിമാരെ സഹിക്കാൻ തയ്യാറാകുന്നതും. റെഡ്ഢിമാരില്ലാതെ ശ്രീരാമുലു ഇല്ല എന്ന സ്ഥിതിയുമുണ്ട്. ഏത് സാഹചര്യത്തിലും താൻ ഗുരു എന്ന് വിശേഷിപ്പിക്കുന്ന ജനാർദ്ദന റെഡ്ഢിയെ തള്ളിപ്പറയാൻ ശ്രീരാമുലു തയ്യാറാകില്ല എന്നുറപ്പാണ്.

ഇപ്പോൾ ബെല്ലാരി മണ്ഡലത്തിൽ റെഡ്ഢിമാർക്കും ശ്രീരാമുലുവിനും സംഭവിച്ചിട്ടുള്ള വീഴ്ചയിൽ ഏറ്റവുമധികം സന്തോഷിക്കുന്നയാൾ യെദ്യൂരപ്പയാണെന്നു പറയാം. “ബെല്ലാരിയിലെ ജനങ്ങൾ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ദീപാവലി ദിവസത്തിൽ എത്തിച്ചേർന്നിരിക്കുന്നു” എന്നാണ് യെദ്യൂരപ്പ തെരഞ്ഞെടുപ്പു ഫലം വന്നയുടനെ ട്വീറ്റ് ചെയ്തത്.

ബിജെപിക്ക് കന്നഡ ഷോക്ക്; കോണ്‍ഗ്രസ്സ്-ജെ ഡി എസ് സഖ്യത്തിന് തകര്‍പ്പന്‍ വിജയം; മാണ്ഡ്യയില്‍ ഭൂരിപക്ഷം 3.25 ലക്ഷം, ബെല്ലാരിയില്‍ 2.43 ലക്ഷം

എവിടെയാണ് ശൂദ്രർ? നായര്‍, ജാട്ട്, പട്ടേല്‍, യാദവ്… നവബ്രാഹ്മണ്യ വക്താക്കളോ അവരിന്ന്? കാഞ്ച ഐലയ്യ എഴുതുന്നു

ബനിയ മൂലധനത്തിന്റെ സേവകനായാണ്, അല്ലാതെ ശൂദ്ര പ്രതിനിധിയായല്ല മോദി അധികാരത്തിലെത്തുന്നത്: കാഞ്ചാ ഐലയ്യ- ഭാഗം 2

Avatar

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍