Top

കർണാടക: കോൺഗ്രസ് എംഎൽഎ രാജി വെച്ചു; പുറത്തുപോകുന്നത് രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിലൊരാൾ

കർണാടക: കോൺഗ്രസ് എംഎൽഎ രാജി വെച്ചു; പുറത്തുപോകുന്നത് രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിലൊരാൾ
കർണാടകത്തിൽ ഒരു കോൺഗ്രസ് എംഎൽഎ രാജി വെച്ചതായി റിപ്പോർ‌ട്ട്. കർ‌ണാടക വിജയനഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആനന്ദ് സിങ് എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും രാജി വെച്ചതായാണ് അറിയുന്നത്. ഇക്കാര്യം സിങ് സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അസംബ്ലി സ്പീക്കർ രമേഷ് കുമാർ ഇക്കാര്യം സ്ഥിരീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 'അങ്ങനെയെങ്കിൽ ഞാൻ പോയി ഒന്നുകൂടി രാജി വെക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്ക് ആരും രാജിക്കത്ത് നൽകിയില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. തന്റെ രാജിക്കു പിന്നിലെ കാരണം വ്യക്തമാക്കാൻ എംഎൽഎ തയ്യാറായിട്ടില്ല.

രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിലൊരാളാണ് ആനന്ദ് സിങ്. ഇദ്ദേഹം നേരത്തെ ടൂറിസം മന്ത്രിയായിരുന്നിട്ടുണ്ട്. മൂന്നുതവണയാണ് വിജയനഗരയിൽ നിന്നും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2018 അസംബ്ലി തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലമനുസരിച്ച് ഇദ്ദേഹത്തിന്റെ ആസ്തി 1800 കോടി രൂപയാണ്.

താൻ ഗവർണർ വാജുഭായി വാലയെ കാണുമെന്നും എംഎൽഎ പ്രസ്താവിച്ചിട്ടുണ്ട്. അതെസമയം സംസ്ഥാന മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി യുഎസ്സിലാണ് ഇപ്പോഴുള്ളത്. ഒരു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് അദ്ദേഹം. സംസ്ഥാനത്തെ സംഭവവികാസങ്ങൾ താൻ ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ സൂചിപ്പിച്ചു. ബിജെപി ഇതിലൊന്നിലും പകൽക്കിനാവ് കാണേണ്ടെന്ന് കുമാരസ്വാമി ട്വീറ്റിൽ പറഞ്ഞു.

ജെഎസ്ഡബ്ല്യു സ്റ്റീലിന് 3,667 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ വിൽക്കുന്നതിനെതിരെ ആനന്ദ് സിങ് ഈയിടെ വാർത്താസമ്മേളനം വിളിച്ചിരുന്നു. ബല്ലാരിയിലെ സ്ഥലം വിൽക്കാനാണ് സർക്കാർ ആലോചിച്ചത്. ജില്ലയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് ഈ കച്ചവടം നടക്കുന്നതെന്നും താൻ എംഎൽഎ സ്ഥാനം രാജി വെക്കുമെന്നും ആനന്ദ് സിങ് അന്ന് പ്രഖ്യാപിച്ചിരുന്നു.

ഇദ്ദേഹം ബിജെപിയിൽ ചേരാൻ പോകുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ആറോളം എംഎൽഎമാർ പാർട്ടിക്കെതിരായ ഗൂഢാലോചന നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ രാജി. കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ ബിജെപിയുടെ കുതിരക്കച്ചവടത്തെ നേരിടാൻ പ്രയാസപ്പെടുന്നതിനിടയിലാണ് ആനന്ദ് സിങ് പുറത്തു പോയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Next Story

Related Stories