UPDATES

ട്രെന്‍ഡിങ്ങ്

കർണാടക കുതിരക്കച്ചവടം: രണ്ട് എംഎൽഎമാർ ബിജെപിക്കൊപ്പം; കുമാരസ്വാമി സർക്കാർ പ്രതിസന്ധിയിലേക്ക്

ഇന്ന്, മകരസംക്രാന്തി ദിനത്തിൽ തന്നെ സർക്കാരിനെ മാറ്റണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായി എംഎൽഎമാരിലൊരാളായ ആർ ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

കർണാടകത്തിലെ കോൺഗ്രസ്സ്-ജനതാദൾ എസ് സഖ്യ സർക്കാരിന് വൻ തിരിച്ചടി നൽകി രണ്ട് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എച്ച് നാഗേഷ്. ആർ ശങ്കർ എന്നീ എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്. കർണാടക പ്രഗ്ന്യാവന്ത ജനതാ പാർട്ടി എംഎൽഎയാണ് ശങ്കർ. നാഗേഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.

ഇന്ന്, മകരസംക്രാന്തി ദിനത്തിൽ തന്നെ സർക്കാരിനെ മാറ്റണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായി എംഎൽഎമാരിലൊരാളായ ആർ ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ കാര്യക്ഷമമല്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.

നല്ല ഭരണവും സ്ഥിരതയുള്ള സർക്കാരിനെയും നൽകുവാനായിരുന്നു താൻ സഖ്യ സർക്കാരിനെ പിന്തുണച്ചതെന്ന് സ്വതന്ത്ര എംഎൽഎയായ എച്ച് നാഗേഷ് പറഞ്ഞു. അത് സംഭവിക്കുകയുണ്ടായില്ല. സഖ്യകക്ഷികളുമായി യാതൊരു വിധത്തിലുള്ള ഒത്തുപോകലിനും പ്രധാന കക്ഷികൾ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ സർക്കാരിനെക്കാൾ മികച്ച രീതിയിൽ ഭരണം കൊണ്ടുപോകാൻ ബിജെപിക്ക് സാധിക്കുമെന്നതിനാൽ താൻ അവർക്കൊപ്പം പോകുകയാണെന്നും നാഗേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി പരാതിപ്പെട്ട് മുതിർന്ന കോൺഗ്രസ്സ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാർ രംഗത്തു വന്നിരുന്നു. ബിഎസ് യെദ്യൂരപ്പയുടെ നേത‍ൃത്വത്തിൽ പണവും പദവികളും വാഗ്ദാനം ചെയ്ത് എംഎൽഎമാരെ മുംബൈയിലെ ഹോട്ടലില്‍ പാർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. കോൺഗ്രസ്സ് എംഎൽമാരുമായും യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഉപജാപക സംഘം കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

തങ്ങളുടെ എല്ലാ എംഎൽ‌എമാരെയും പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയാണ് ബിജെപി ഈ നീക്കങ്ങളെല്ലാം നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 113 സീറ്റുകളാണ് കേവലഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായത്. ബിജെപിക്ക് നിലവില്‍ 104 സീറ്റാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ഇവരാണ്. കോൺഗ്രസ്സിന് 80ഉം ജനതാദൾ സെക്യൂലറിന് 37ഉം സീറ്റുകളാണുള്ളത്.

കർണാടക പ്രഗ്ന്യാവന്ത ജനതാ പാർട്ടിയുടെ (കെപിജെപി) എംഎൽഎയാണ് ഇപ്പോൾ പിന്തുണ പിൻവലിച്ചവരിലൊരാളായ ആർ ശങ്കർ. കോൺഗ്രസ്സും ജനതാദളും ബിജെപിയും കൂടാതെ രണ്ട് പാർട്ടികൾക്കു മാത്രമാണ് എംഎൽഎമാരുള്ളത്. അവയിലൊന്നാണ് കെപിജെപി. മറ്റൊരു പാർട്ടി ബിഎസ്പിയാണ്. ഈ പാർട്ടിയുടെ എംഎൽഎ എൻ മഹേഷ് നിലവിലെ മന്ത്രിസഭയിൽ അംഗമാണ്.

മുംബൈയിലെ ഹോട്ടലിൽ ആറ് എംഎൽഎമാർ കൂടിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർ ഏത് കക്ഷികളിൽ പെട്ടവരാണെന്ന് വ്യക്തമല്ല. കോൺഗ്രസ്സ് എംഎൽഎമാരാണെന്ന് ചുല സൂചനകൾ വരുന്നുണ്ട്. എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അത് തടയാൻ സഹകരിക്കണമെന്നും നേരത്തെ കുമാരസ്വാമിയെ തങ്ങൾ അറിയിച്ചിരുന്നതാണെന്നും അതിന്മേൽ അദ്ദേഹം യാതൊരു നടപടിയുമെടുത്തില്ലെന്നും ഡികെ ശിവകുമാർ ആരോപിക്കുകയുണ്ടായി.

പണവും അധികാരവും വാഗ്ദാനം ചെയ്ത് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി നടക്കുന്നുണ്ടെന്ന് തങ്ങൾ നേരത്തെ തന്നെ പറയുന്നതാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. ബിജെപിയുടെ ശ്രമങ്ങൾ പരാജയപ്പെടുമെന്നും തങ്ങളുടെ സർക്കാരിനെ അട്ടിമറിക്കാൻ അവർക്കാകില്ലെന്നും പരമേശ്വര പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍