TopTop
Begin typing your search above and press return to search.

കൂറുമാറ്റ നിരോധന നിയമത്തിന് അന്ത്യമാകുന്നു? ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം വീണ്ടും 'ആയാ റാം ഗയാ റാം' കാലത്തേക്കോ? കര്‍ണാടക നല്‍കുന്ന പാഠങ്ങള്‍

കൂറുമാറ്റ നിരോധന നിയമത്തിന് അന്ത്യമാകുന്നു? ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം വീണ്ടും
മൂന്നാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ വടംവലിയ്‌ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെക്ക് എത്തുകയാണ്. മറ്റ് അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ നാലാം തവണയും ബിഎസ് യെദിയൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കര്‍ണാടകയുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ ഒളിച്ചുപാര്‍ക്കലും സുപ്രീം കോടതി ഇടപെടലുമെല്ലാം ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ ചരിത്രത്തിലെ നിര്‍ണായക ഏടായി മാറിയിരിക്കയാണ്.

ജനാധിപത്യത്തെ അര്‍ത്ഥവത്താക്കാന്‍ വേണ്ടി നടപ്പിലാക്കിയ കൂറുമാറ്റ നിരോധന നിയമത്തെ തീര്‍ത്തും അപ്രസക്തമാക്കുന്നതിന്റെ ഭാഗമായി നടന്ന രാഷ്ട്രീയ ഇടപെടലുകളിലെ അവസാനത്തേതായി മാറുകയാണ് കര്‍ണാടകയിലെ സംഭവങ്ങള്‍. 60-കളിലും 70-കളിലും ഇന്ത്യന്‍ ജനാധിപത്യത്തെ അപഹാസ്യമാക്കുന്നതരത്തില്‍ സമാജികര്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉപേക്ഷിക്കുകയും വരിക്കുകയും ചെയ്തപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നത്. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ രാജീവ് ഗാന്ധി സര്‍ക്കാരാണ് 1985-ല്‍ കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയത്.

1967-ല്‍ ഹരിയാന എംഎല്‍എയായിരുന്ന ഗയാ ലാല്‍ ഒരു ദിവസത്തിനുള്ളില്‍ രണ്ട് പാര്‍ട്ടിയും രണ്ടാഴ്ചയ്ക്കുളളില്‍ മൂന്ന് പാര്‍ട്ടിയും മാറിയതിനെ അധികരിച്ച് 'ആയാ റാം ഗയാ റാം' എന്നായിരുന്നു ഭാഗ്യാന്വേഷികളായ രാഷ്ട്രീയക്കാരുടെ നിലപാടുകള്‍ വിശേഷിപ്പിക്കപ്പെട്ടത്. ഈ അവസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അവസാനിപ്പിക്കുകയായിരുന്നു കൂറുമാറ്റ നിരോധന നിയമം ലക്ഷ്യമിട്ടത്. ഭരണഘടനയില്‍ 10 -ാം ഷെഡ്യൂളായി ഈ നിയമം ഉള്‍പ്പെടുത്തുകയും ചെയ്തു. സഭയില്‍ സ്വന്തം പാര്‍ട്ടിയുടെ നിര്‍ദ്ദേശം മറികടന്ന് വോട്ടു ചെയ്യുകയോ വിട്ടു നില്‍ക്കുകയോ അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയോ ചെയ്താല്‍ അയോഗ്യനാക്കപ്പെടുമെന്നതായിരുന്നു നിയമത്തിന്റെ കാതല്‍. അംഗങ്ങളുടെ രാജി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ സ്പീക്കറാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ മൂന്നില്‍ ഒന്ന് അംഗങ്ങളും പിളര്‍പ്പില്‍ പങ്കാളിയായാല്‍ അതിനെ അംഗീകരിക്കുമെന്നതായിരുന്നു വ്യവസ്ഥ.

ഇതില്‍ 2003-ല്‍ ഭേദഗതി വരുത്തി. മൂന്നില്‍ ഒന്ന് എന്നത് മൂന്നില്‍ രണ്ട് എന്നാക്കി ഭേദഗതി വരുത്തി. നിയമത്തില്‍ സ്പീക്കര്‍ക്ക് നല്‍കിയ അപ്രമാദിത്വം 1992-ലെ സുപ്രീം കോടതി വിധിയോടെ ഇല്ലാതായി. സ്പീക്കറുടെ തീരുമാനം കോടതിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്നായിരുന്നു അന്നത്തെ വിധി. സ്പീക്കര്‍ നിഷ്പക്ഷനായിരിക്കുമെന്നതായിരുന്നു ഈ നിയമത്തിന്റെ കാതല്‍. എന്നാല്‍ പലപ്പോഴും ഇത് ലംഘിക്കപ്പെട്ടു. ഇതിന് പുറമെ ഗവര്‍ണറും നിയമത്തിന്റെ കാതല്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നുമാണ് നിയമം വിഭാവനം ചെയ്തത്. എന്നാല്‍ പ്രയോഗതലത്തില്‍ ഇതൊന്നും നടന്നില്ല.

കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഈ പ്രവണത രൂക്ഷമാകുകയും ചെയ്തു. അഴിമതി തടയുന്നതില്‍ കൂറുമാറ്റ നിരോധന നിയമം ഫലപ്രദമല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. വ്യക്തികളെ കൂറുമാറ്റുന്നതില്‍നിന്ന്, ഒരു വലിയ സംഘത്തെ തന്നെ മാറ്റുന്ന അവസ്ഥയാണ് പിന്നീട് രൂപപ്പെട്ടത്.

ഗോവയില്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരും ബിജെപിയിലേക്ക് മാറിയത് ഈയിടെയാണ്. കൂറുമാറ്റ നിരോധന നിയമം ഒഴിവാക്കിക്കൊണ്ടുള്ള കൂറുമാറ്റമായിരുന്നു അത്. പ്രതിപക്ഷ നേതാവ് കൂറുമാറ്റത്തിലൂടെ ഉപമുഖ്യമന്ത്രിയുമായി. തെലങ്കാനയില്‍ 18 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരാണ് ഭരണകക്ഷിയായി ടിആര്‍എസ്സിലെത്തിയത്. അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡു തന്നെയാണ് പാര്‍ട്ടി മാറി ബിജെപിയിലെത്തിയത്.
ഇതില്‍ ഒടുവിലത്തെതാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. എംഎല്‍എമാരുടെ കൂട്ടത്തോടെയുള്ള രാജിക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുകൊണ്ട് അത് അന്വേഷിച്ച് മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയുവെന്ന നിലപാടാണ് തുടക്കത്തില്‍ സ്പീക്കര്‍ രമേഷ് കുമാര്‍ സ്വീകരിച്ചത്.

എന്നാല്‍ ബിജെപിയുടെയും കൂറുമാറിയ എംഎല്‍എമാരുടെയും ഹര്‍ജി സുപ്രീം കോടതിയിലെത്തിയത്, കോടതി ഇക്കാര്യത്തില്‍ ഇടപ്പെട്ട് സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു. ഇതിന് കോടതി തയ്യാറായില്ലെങ്കിലും സ്പീക്കറുടെ അധികാരം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് പരമോന്നത നീതിപീഠം പ്രഖ്യാപിച്ചു കഴിഞ്ഞു. തത്കാലം എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് പറഞ്ഞു കൊണ്ടുകൂടിയായിരുന്നു ഇത്. അതോടൊപ്പം, 'റിബല്‍' എംഎല്‍എമാര്‍ക്ക് സഭയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് സ്വന്തം നിലയില്‍ തീരുമാനിക്കാം എന്ന് കൂടി സുപ്രീം കോടതി പറഞ്ഞു വച്ചതോടെ ഫലത്തില്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുശാസിക്കുന്ന, രാഷ്ട്രീയ കക്ഷികള്‍ക്ക് സ്വന്തം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരവും ഇല്ലാതായി. നാല് ദിവസമായി കര്‍ണാടക നിയമസഭയില്‍ നടന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്-ജെഡി(എസ്) അംഗങ്ങള്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയതും ഇതാണ്. ഈ വിധിക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ശക്തമായി രംഗത്ത്‌ വരികയുണ്ടായി.

അതായത് 1985-ല്‍ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം പല രീതിയില്‍ അട്ടിമറിക്കപ്പെടുകയാണ്. അംഗങ്ങളുടെ കൂറുമാറ്റം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയമത്തെ മറികടക്കാന്‍ ആളുകളെ കൂട്ടത്തോടെ പാര്‍ട്ടി മാറ്റുന്നതിലേക്ക് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം മാറിയെന്നതാണ് കര്‍ണാടക സംഭവം തെളിയിക്കുന്നത്.

Next Story

Related Stories