TopTop
Begin typing your search above and press return to search.

പൊള്ള വാഗ്ദാനങ്ങളും അടിച്ചമര്‍ത്തലും കൊണ്ട് കാശ്മീര്‍ പ്രശ്നം പരിഹരിക്കില്ല; വേണ്ടത് ഗൌരവമായ സംഭാഷണം

പൊള്ള വാഗ്ദാനങ്ങളും അടിച്ചമര്‍ത്തലും കൊണ്ട് കാശ്മീര്‍ പ്രശ്നം പരിഹരിക്കില്ല; വേണ്ടത് ഗൌരവമായ സംഭാഷണം

കാശ്മീര്‍ വീണ്ടും കത്തുകയാണ്. അവസാനിക്കാത്ത സംഘര്‍ഷം സംഭാഷണങ്ങളുടെ ആവശ്യകതയെ വീണ്ടും പ്രസക്തമാക്കുന്നു.

2016 ആഗസ്ത് 22-ന് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള കാശ്മീരിലെ പ്രതിപക്ഷ കക്ഷികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ആഴ്ച്ച്കളോളം നീണ്ട സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംഭാഷണം 'അനിവാര്യമാണെ'ന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അന്നദ്ദേഹം പ്രസ്താവിച്ചിരുന്നു. 'ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണ'മെന്നും അന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, രാജ്നാഥ് സിംഗിന്റെ ഇപ്പോഴത്തെ ഇളവ് പോലും കാശ്മീരിലും ഡല്‍ഹിയിലും അതിന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പി ഡി പി സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണരുടെ ഭരണം ഏര്‍പ്പെടുത്തുന്നത് ഗുണം ചെയ്യില്ലെന്ന് ജമ്മു-കാശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ പറഞ്ഞപ്പോള്‍, സര്‍ക്കാര്‍ മുഖ്യധാര രാഷ്ട്രീയകക്ഷികളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടണം എന്ന് മാത്രമാണ് അദ്ദേഹം സമ്മതിച്ചത്. വിഘടനവാദികളുമായുള്ള സംഭാഷണം ‘പിന്നീടൊരിക്കല്‍’ നടന്നേക്കാമെന്നും.

ഇത്രയും മുന്നുപാധികളോടെയുള്ള ചര്‍ച്ചയില്‍ എത്രത്തോളം സത്യസന്ധത ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്? മുഖ്യധാര കക്ഷികളുമായി ഇപ്പോള്‍ സംഭാഷണം സാധ്യമാണെങ്കില്‍ എന്തുകൊണ്ടാണ് താഴ്വരയില്‍ സമാധാനപരമായ അന്തരീക്ഷം കുറച്ചെങ്കിലും മടങ്ങിവന്ന ശൈത്യകാലത്ത് അത് നടക്കാഞ്ഞത്? എന്തുകൊണ്ടാണ് മോദി തന്റെ വാഗ്ദാനത്തെക്കുറിച്ച് എട്ടു നീണ്ട മാസങ്ങള്‍ ഒന്നും മിണ്ടാതിരുന്നത്. ഒക്ടോബറില്‍ താഴ്വരയില്‍ സന്ദര്‍ശനം നടത്തിവന്ന ബിജെപിയുടെ മുന്‍ വിദേശ, ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയെ കാണാന്‍ പോലും മോദി കൂട്ടാക്കാതിരുന്നത്?

ശ്രീനഗര്‍, അനന്തനാഗ് ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിവെക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കേണപേക്ഷിച്ചിട്ടും മോദി സര്‍ക്കാര്‍ ചെവികൊടുത്തില്ല. ശ്രീനഗറിലെ സംഘര്‍ഷത്തിന് ശേഷം കാശ്മീര്‍ മറ്റൊരു കലാപത്തിലേക്ക് പോകുന്നത് തടയാന്‍ സര്‍ക്കാരിന്റെ കയ്യില്‍ രണ്ടോ മൂന്നോ മാസങ്ങളെ ഉള്ളൂ എന്ന് ഡല്‍ഹിയില്‍ വന്ന് മെഹബൂബ മുഫ്തി പറഞ്ഞപ്പോഴും എന്തുകൊണ്ടാണ് 'വിഘടനവാദികളുമായി' ചര്‍ച്ച നടത്തുന്ന പ്രശ്നമില്ല എന്ന് മോദിയും രാജ്നാഥ് സിംഗും പറഞ്ഞ് തള്ളിക്കളഞ്ഞത്?

കാശ്മീരികളുടെ സ്വാതന്ത്ര്യ - ആസാദി - ആവശ്യത്തെ ഒതുക്കാന്‍ ബലപ്രയോഗമല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ മോദിക്ക് ഉദ്ദേശമുണ്ടെന്ന് ഇക്കഴിഞ്ഞ 8 മാസവും കാശ്മീരികളെ തോന്നിപ്പിക്കാന്‍ ഒന്നും മോദി ചെയ്തിട്ടില്ല എന്നതാണ് വസ്തുത.

പിഡിപിയുമായുള്ള സഖ്യധാരണയിലെ എല്ലാ അജണ്ടകളില്‍ നിന്നും ഡല്‍ഹി പിന്നാക്കം പോയെന്നുള്ള വിശ്വാസത്തെ മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ കടുത്ത വര്‍ഗീയ സ്വഭാവം ബലപ്പെടുത്തി. കാശ്മീരികള്‍ ഇന്ത്യന്‍ യൂണിയനില്‍ തങ്ങളുടെ രാഷ്ട്രീയ ഇടം കൂട്ടുന്നതിന് സമരം ചെയ്യുമ്പോള്‍ ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത് ഏത് കുത്സിത മാര്‍ഗത്തിലൂടെയും തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്.

ഒരു മതേതര ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാനാണ് കാശ്മീരികള്‍ 1947-ല്‍ തീരുമാനിച്ചത്. ഒരു നൂറ്റാണ്ടിന്റെ മൂന്നില്‍ രണ്ടു സമയത്തോളവും ഈ ആദര്‍ശത്തില്‍ അവര്‍ക്ക് സംശയവുമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ തങ്ങളുടെ ഒരു ഡസനോളം വരുന്ന നിഴല്‍ സംഘടനകളെ ഉപയോഗിച്ച് ആര്‍ എസ് എസ് ഇന്ത്യന്‍ ബഹുസ്വരതയ്ക്കും മതേതരതത്തിനും നേരെ പടിപടിയായ ആക്രമണം നടത്തുന്നത് അവര്‍ കാണുന്നു. ഗോ രക്ഷകന്മാരും മറ്റ് സ്വയം പ്രഖ്യാപിത ഹിന്ദു ജാഗ്രത സംഘങ്ങളും മുസ്ലീം കുടുംബങ്ങളെയും തൊഴിലുകളെയും ഉപജീവന മാര്‍ഗങ്ങളെയും ആക്രമിക്കുന്നതും അവര്‍ കാണുന്നു. ബി ജെ പിയുടെ രാഷ്ട്രീയ എതിരാളികളെ വ്യാജ അധിക്ഷേപവും പീഡനവും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നിയമത്തെയും അന്വേഷണരീതികളെയും വളച്ചൊടിക്കുന്നതും അവര്‍ കാണുന്നുണ്ട്. പോലീസ് ഇതില്‍ പലതിനും കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

ഇതിന്റെയൊക്കെ സൂത്രധാരന്മാര്‍ വീണ്ടും നാശം വിതയ്ക്കാന്‍ പാകത്തില്‍ സ്വതന്ത്രരായി നടക്കുന്നതും അവര്‍ കാണുന്നുണ്ട്. എങ്ങനെയാണ് ഈ സര്‍ക്കാര്‍, പ്രത്യേകിച്ചും പ്രധാനമന്ത്രി തകിടം മറിഞ്ഞ്കാശ്മീരി മുസ്ലീങ്ങളുമായി ഒരു പുതിയ സംഭാഷണ പ്രക്രിയ ആരംഭിക്കുക എന്നും അവര്‍ക്ക് സംശയമുണ്ട്.

മോദി പറയുന്നതില്‍ ഒരു കാശ്മീരിക്കുപോലും ഒരു തരിമ്പും വിശ്വാസമില്ല എന്നതാണു വസ്തുത. ആഗസ്തില്‍ ചെയ്തപ്പോലെ സമയം നീട്ടാനുള്ള ഒരു തന്ത്രം മാത്രമാണ് അദ്ദേഹത്തിന്റെ സംഭാഷണ വാഗ്ദാനം എന്നവര്‍ കരുതുന്നു. അപ്പോള്‍ ഈ വിഷമവൃത്തത്തിലേക്ക് വലിച്ചിട്ട സര്‍ക്കാര്‍, പ്രശ്നം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ആദ്യം ചെയ്യേണ്ടത് കാശ്മീരിലെ മത ബഹുസ്വരതയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും കെട്ടിപ്പൊക്കുകയാണ്.

ഡല്‍ഹി ഗൌരവമായാണ് ഇത് കാണുന്നതെങ്കില്‍ ചര്‍ച്ചമേശയില്‍ നല്‍കുന്ന വാഗ്ദാങ്ങള്‍ പാലിക്കാന്‍ കഴിയുന്നവരുമായി മാത്രമേ ചര്‍ച്ച നടത്താവൂ. ഡല്‍ഹിയോടുള്ള വിധേയത്വം തങ്ങളുടെ വിശ്വാസ്യത കുറെ നശിപ്പിച്ചെങ്കിലും പി ഡി പിയും നാഷണല്‍ കോണ്‍ഫറന്‍സും ഗണ്യമായ പിന്തുണ നിലനിര്‍ത്തുന്നുണ്ട്.

യൂസഫ് തരിഗാമി, എഞ്ചിനീയര്‍ റഷീദ് തുടങ്ങിയ അനുയായികളുടെ എണ്ണത്തിന്റെ പേരിലല്ല, മറിച്ച് അവരുടെ ധൈര്യത്തിന്റെയും തെളിമയുടെയും പേരില്‍ അറിയപ്പെടുന്ന വ്യക്തികളുമുണ്ട്. ഒരു സംഭാഷണ പ്രക്രിയ തുടങ്ങണമെങ്കില്‍ ഡല്‍ഹി ജനങ്ങള്‍ ശ്രദ്ധിക്കുന്ന ഇവരുമായെല്ലാം സംസാരിക്കണം.

മുഖ്യധാര രാഷ്ട്രീയകക്ഷികളും വിഘടനവാദികളും തമ്മിലെ വൈരുദ്ധ്യം എന്ന കഴിഞ്ഞ 21 വര്‍ഷമായി എല്ലാ സര്‍ക്കാരുകളും കളിക്കുന്ന കളി കളിക്കാതിരിക്കുക എന്നത് സര്‍ക്കാര്‍ ചെയ്യണം. കലാപം ബാധിക്കാത്ത ജനങ്ങളുടെ ശബ്ദത്തെയോ കച്ചവടക്കാര്‍, ഹൌസ് ബോട്ട് ഉടമകള്‍, ഹോട്ടലുകാര്‍ തുടങ്ങിയവരുടെ പ്രതിനിധികളെയോ അവഗണിക്കാനും പാടില്ല. മുന്‍കാലങ്ങളില്‍ അത് സംഭവിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ തത്പര കക്ഷികളുമായും വിഘടനവാദികളുമായും ഡല്‍ഹി ചര്‍ച്ചകള്‍ നടത്തണം. പക്ഷേ ഇത് ഒറ്റ മേശക്ക് ചുറ്റുമാണെകില്‍ അത് വെറും കോലാഹലമാകാനാണ് സാധ്യത. ഉള്‍ക്കൊള്ളുന്നതിന്റെ പേരില്‍ അങ്ങനെയൊന്ന് ചെയ്യാന്‍ ശ്രമിച്ചാല്‍ വെറും ശബ്ദവും ബഹളവും മാത്രമാണ് സൃഷ്ടിക്കുക. ഇത് വിശ്വാസമില്ലായ്മയായിട്ടും സംഭാഷങ്ങള്‍ നടക്കുന്നതിന് മുമ്പുതന്നെ അതിനെ അട്ടിമറിക്കാനുള്ള ശ്രമമായും വ്യാഖ്യാനിക്കപ്പെടും.

അതുകൊണ്ട് ജമ്മുവിലെയോ ലഡാക്കിലെയോ ജനങ്ങളില്‍ നിന്നും ഒന്നും പിടിച്ചെടുക്കാത്ത തരത്തില്‍ കാശ്മീരില്‍, കാശ്മീരികളുടെ സര്‍ക്കാര്‍ രൂപംകൊള്ളുന്ന തരത്തില്‍ ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനം സ്ഥാപിക്കുന്നതിന് സഹായിക്കുന്ന വിധത്തിലുള്ള സമാധാന സംഭാഷണങ്ങള്‍ പുനര്‍ജ്ജീരുജ്ജീവിപ്പിക്കുക എന്നതാണ് ഏക പോംവഴി.


Next Story

Related Stories