Top

കശ്മീരികളെ ആക്രമിക്കുന്നതും ബഹിഷ്കരിക്കുന്നതും തടയണം: 10 സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി; കേന്ദ്രം ചെയ്യേണ്ടിയിരുന്നത് കോടതി ചെയ്തെന്ന് ഒമർ അബ്ദുള്ള

കശ്മീരികളെ ആക്രമിക്കുന്നതും ബഹിഷ്കരിക്കുന്നതും തടയണം: 10 സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി; കേന്ദ്രം ചെയ്യേണ്ടിയിരുന്നത് കോടതി ചെയ്തെന്ന് ഒമർ അബ്ദുള്ള
ജമ്മു കശ്മീർ സ്വദേശികൾക്കെതിരെ രാജ്യത്ത് നടക്കുന്ന സാമൂഹ്യ ബഹിഷ്കരണവും ആക്രമണങ്ങളും തടയണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നടപടികളെടുക്കണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നത്തിലകപ്പെട്ട കശ്മീരികൾ നോഡൽ ഓഫീസർമാരെ ബന്ധപ്പെടേണ്ടത് എങ്ങനെയെന്ന് പരസ്യം നൽകണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.

പത്ത് സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്: ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, മേഘാലയ, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, പഞ്ചാബ്, മഹാരാഷ്ട്ര.

സുപ്രീംകോടതിയിലെ വക്കീലായ താരിഖ് അദീബാണ് ഹരജി ഫയൽ ചെയ്തത്. അടിയന്തിരമായി പരിഗണിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടത് കോടതി മുഖവിലയ്ക്കെടുത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ആൾക്കൂട്ട ആക്രമണത്തെ തടയുന്നതിനായി നിയോഗിച്ച നോഡൽ ഓഫീസർമാർക്ക് ഇനിമുതൽ കശ്മീരികൾക്കെതിരായ ആക്രമണം തടയുന്നതിനുള്ള ചുമതല കൂടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും ഡൽഹി പൊലീസ് കമ്മീഷണറും വേണ്ട നടപടികളെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തു വന്നു. കേന്ദ്ര സർക്കാർ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കോടതി ചെയ്യുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മാനവവിഭവ മന്ത്രി എല്ലാ നിഷേധിക്കുന്നതിലും ഒരു ഗവർൺ കശ്മീരികളെ ഭീഷണിപ്പെടുത്തുന്നതിലും മുഴുകുകയായിരുന്നെന്ന് ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി.


അതെസമയം പുൽവാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്ത് കശ്മീരികളെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ വരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം നാല് കശ്മീരി വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിലെ ഒരു സ്വകാര്യ സർവ്വകലാശാലയിൽ കശ്മീരി അധ്യാപകനെ പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്.

കശ്മീരി വിദ്യാർ‌ത്ഥികൾക്കെതിരായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ്സും നിശ്ശബ്ദത പാലിക്കുന്നതിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തു വന്നു. മഹാരാഷ്ട്ര യുവത്മാലിലെ ദയാഭായി പട്ടേൽ കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ വിദ്യാർത്ഥികള്‍ക്കാണ് മർദ്ദനമേറ്റത്. ഇവര്‍ താമസിച്ചിരുന്ന വാടകക്കെട്ടിടത്തിനു സമീപത്തു വെച്ചായിരുന്നു ആക്രമണം. ശിവസേനയുടെ യുവസംഘടനയായ യുവസേനയിൽ പെട്ടവരാണ് ഇവരെ ആക്രമിച്ചതെന്നാണ് വിവരം.

യുവാക്കളെ പിടികൂടിയ സംഘം അവര്‍ എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയും കശ്മീരിൽ നിന്നാണെന്ന് പറഞ്ഞതോടെ മർദ്ദിക്കുകയുമായിരുന്നു. വിദ്യാർത്ഥികളുടെ ബന്ധുക്കൾ ഭീകരവാദികളാണോയെന്ന് ചോദിച്ചായിരുന്നു മർദ്ദനം. ഭാരത് മാതാ കീ ജയ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്, വന്ദേമാതരം എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉരുവിടാനും യുവസേനക്കാർ ആവശ്യപ്പെട്ടു.

സ്വന്തം നാട്ടിൽ വിദ്യാഭ്യാസം നടത്താൻ പറ്റാത്ത സാഹചര്യം വന്നതിനാലാണ് മഹാരാഷ്ട്രയിലേക്ക് പോന്നതെന്നും ഇവിടെയും പഠനം തുടരാൻ പറ്റാത്ത സാഹചര്യം വന്നെന്നും കുട്ടികൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ തങ്ങൾക്കറിയില്ലെന്നും കുട്ടികൾ പറയുന്നു.

അതെസമയം കോളജ് ഒന്നടങ്കം വിദ്യാർത്ഥികൾക്കൊപ്പം നിലകൊള്ളുന്നതായി പ്രിൻസിപ്പാൾ സന്ദീപ് ചവാക്ക് പറഞ്ഞു.

രാജ്യത്തെമ്പാടും യുവസേനയുടെ നീക്കത്തിനെതിരെ വിമർശനമുയർന്നതോടെ സംഘടനയുടെ പ്രസിഡണ്ട് ആദിത്യ ഉദ്ധവ് താക്കറെ പ്രസ്താവനയുമായി രംഗത്തെത്തി. 'പാകിസ്താനോടുള്ള ദേഷ്യം ഇന്ത്യയിൽ ജീവിക്കുന്നവരോട് തീർക്കരുതെ'ന്ന് ആദിത്യ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. യുവസേന പ്രവർത്തകരാണ് കശ്മീരി വിദ്യാർത്ഥികളെ ആക്രമിച്ചതെങ്കിൽ നടപടിയുണ്ടാകുമെന്ന് ആദിത്യ പറഞ്ഞു.

പഞ്ചാബിലെ ജലന്ധറിലാണ് സമാനമായ മറ്റൊരു സംഭവം അരങ്ങേറിയത്. ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയെല ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറായ സൽമാൻ ഷഹീൻ എന്നയാളെ നിർബന്ധിച്ച് രാജി വെപ്പിച്ചതായാണ് വിവരം. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലിട്ട ഒരു ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് സർവ്വകലാശാല ഈ നടപടിയെടുത്തതെന്ന് അധ്യാപകൻ ആരോപിക്കുന്നു. എന്നാൽ അധ്യാപകൻ 'തന്റെ തെറ്റ് തിരിച്ചറിഞ്ഞ്' സ്വയം രാജി വെക്കുകയായിരുന്നെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.

നേരത്തെ ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലുമെല്ലാം കശ്മീരികൾ ആക്രമിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന കശ്മീരികൾ സ്വദേശത്തേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രശ്നം ഏറെ ഗുരുതരമായിട്ടും പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കുറച്ചു പേർ നടത്തുന്ന ആക്രമണങ്ങൾ എല്ലാവരുടെയും ഉത്തരവാദിത്വത്തിലേക്ക് വരാനും അതുവഴി കശ്മീരികൾ രാജ്യത്ത് അന്യവൽക്കരിക്കപ്പെടാനും ഇടയാകുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ കശ്മീരികളെ ഇന്ത്യയിൽ കൂടുതൽ അന്യവൽക്കരിക്കുമെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്തു വന്നിട്ടുണ്ട്. കശ്മീരികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഒരു നിർദ്ദേശം എല്ലാ സംസ്ഥാന സർക്കാരുകൾക്കും നല്‍കിയിരുന്നു. ഇതല്ലാതെ മറ്റൊരു നടപടിയും കേന്ദ്ര സർക്കാർ ഇതുവരെ എടുത്തിട്ടില്ല. ബിജെപി ഭരിക്കുന്നയിടങ്ങളിലും ബിജെപിക്ക് മുൻതൂക്കമുള്ളയിടങ്ങളിലും കനത്ത ആക്രമണങ്ങളാണ് കശ്മീരികൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്.

കശ്മീരിനെയും കശ്മീരികളെയും അകറ്റി നിർത്തണമെന്ന് പ്രസ്താവിച്ച് മേഘാലയ ഗവർണർ തഥാഗത റോയ് രംഗത്തെത്തിയത് കഴിഞ്ഞദിവസമാണ്. ഗവർണർ ഇത്തരം രാഷ്ട്രീയവിദ്വേഷം പ്രസ്താവിക്കുന്നത് കീഴ്‌വഴക്കമല്ല. ഇതിനെ ഗൗരവത്തിലെടുത്ത് ഗവര്‍ണറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രസ്താവ പുറത്തിറക്കിയിരുന്നു. ഈ പ്രശ്നത്തിലും കേന്ദ്ര സർക്കാർ നിശ്ശബ്ദമാണ്.

Next Story

Related Stories