TopTop

ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ കേരളം പരാജയപ്പെട്ടോ? തമിഴ്നാടിനു പിന്നിൽ നാലാമത്

ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ കേരളം പരാജയപ്പെട്ടോ? തമിഴ്നാടിനു പിന്നിൽ നാലാമത്
രാജ്യത്തെ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ ഏറ്റവും കാര്യക്ഷമത കാണിക്കുന്നത് തമിഴ്നാടാണെന്ന് കണക്കുകൾ കാണിക്കുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ കാര്യത്തിൽ നാലാംസ്ഥാനത്താണ് കേരളം നിൽക്കുന്നത്. തമിഴ്നാടിനെയും കേരളത്തെയും കൂടാതെ ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങള്‍ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിൽ വിജയിക്കുന്നുണ്ടെന്നാണ് കണക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്. അതെസമയം, ആദിവാസികളുടെ ജീവിതനിലവാരം രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചമാണെന്ന് വാദിക്കാറുള്ള കേരളം തമിഴ്നാടിനും ഹിമാചൽ പ്രദേശിനും മഹാരാഷ്ട്രയ്ക്കും ശേഷം നാലാമതാണ് വരുന്നതെന്നത് ശ്രദ്ധേയമാണ്.

ആകെ നോക്കുമ്പോൾ രാജ്യത്തെ എലിമന്ററി സ്കൂൾ തലത്തിൽ (1 മുതൽ 8 വരെയുള്ള ക്ലാസ്സുകൾ) 100ൽ 91 ആദിവാസി വിദ്യാർത്ഥികൾ പേര്‍ പഠനം പൂര്‍ത്തിയാക്കുന്നുണ്ട്. സെക്കൻഡറി വിദ്യാഭ്യാസം (9, 10 ക്ലാസ്സുകൾ) പൂർത്തിയാക്കുന്നവർ 100ൽ 67 പേരാണ്. സീനിയർതല വിദ്യാഭ്യാസം (11, 12 ക്ലാസ്സുകൾ) പൂര്‍ത്തീകരിക്കുന്നവരുടെ എണ്ണമാകട്ടെ 100ൽ 61ഉം.

തമിഴ്നാട്ടിൽ എലിമെന്ററിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ അനുപാതം 100ൽ 99 ആണ്. 100ൽ 89 പേരും സംസ്ഥാനത്ത് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. സീനിയർതല വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണമാകട്ടെ 100ൽ 86.2 എന്ന നിലയിലാണ്.

കേരളത്തിലാണെങ്കിൽ നൂറിൽ നൂറു പേരും എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കുന്നുണ്ട്. എന്നാൽ സെക്കൻഡ‍റി തലത്തിലേക്ക് എത്തുമ്പോൾ 100ൽഡ 87 എന്ന നിലയിലേക്ക് കുറയുന്നു. സീനിയർതലത്തിലാണെങ്കിൽ ഇത് 85.6 എന്ന നിലയിലാണ്.

ആദിവാസി ജനവിഭാഗങ്ങൾ കൂടുതലുള്ള ജാർഖണ്ഡിൽ തന്നെയാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് നടക്കുന്നത് എന്നാണ് കണക്കുകൾ കാണിക്കുന്നത്. 100ൽ 83 പേർ മാത്രമാണ് എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഇത് സെക്കൻഡറി തലത്തിലേക്ക് എത്തുമ്പോൾ നൂറിൽ 53 എന്ന നിലയിലേക്ക് താഴുന്നു. സീനിയർതലത്തിലെത്തുമ്പോൾ നൂറിൽ വെറും 30 ആദിവാസി കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ബിഹാർ, മേഘാലയ, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളാണ് പിന്നാലെ വരുന്നത്. പശ്ചിമ ബംഗാളിന്റെ സ്ഥിതിയും ഏറെ പരിതാപകരമാണ്. നൂറിൽ 92 കുട്ടികളാണ് എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. 67 പേർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. 55.1 പേർ മാത്രമാണ് സീനിയർ ലെവൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്.

ത്രിപുരയുടെ കാര്യവും വ്യത്യസ്തമല്ല. ഈ സംസ്ഥാനത്തെ ആദിവാസി വിദ്യാർത്ഥികളിൽ നൂറിൽ 95 പേരാണ് എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരാകട്ടെ 67 പേർ മാത്രമാണ്. സീനിയർ തലത്തിലേക്ക് എത്തുന്നതോടെ ഇത് 58 ആയി കുറയുന്നു.

കേരളത്തിൽ ആദിവാസി മേഖലകളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഉദ്യോഗസ്ഥ തലത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വയനാട്ടിൽ കഴിഞ്ഞ അധ്യയന വർഷം 607 കുട്ടികൾ കൊഴിഞ്ഞു പോയതായാണ് കണക്കുകൾ പറയുന്നത്. ഇവരെ തിരിച്ചു കൊണ്ടുവരാൻ കർമസമിതി രൂപീകരിച്ച് പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. പ്രളയം വന്നുപോയതിനു ശേഷം കൊഴിഞ്ഞുപോക്ക് പ്രവണത വർധിച്ചിട്ടുണ്ട്.

Next Story

Related Stories