TopTop
Begin typing your search above and press return to search.

ഷില്ലോംഗ് സംഘര്‍ഷത്തിന് പിന്നില്‍ പഞ്ചാബി ദലിത് സിഖുകള്‍ക്കെതിരായ ഖാസി തീവ്രവാദികളുടെ ആസൂത്രിത നീക്കം?

ഷില്ലോംഗ് സംഘര്‍ഷത്തിന് പിന്നില്‍ പഞ്ചാബി ദലിത് സിഖുകള്‍ക്കെതിരായ ഖാസി തീവ്രവാദികളുടെ ആസൂത്രിത നീക്കം?

14 വയസുള്ള ഒരു ഖാസി കുട്ടിയും ദലിത് പഞ്ചാബി സ്ത്രീയും തമ്മിലുള്ള ചെറിയ തര്‍ക്കമാണ് മേഘാലയയുടെ തലസ്ഥമായ ഷില്ലോംഗിനെ വലിയ സംഘര്‍ഷത്തിലേയ്ക്ക് വലിച്ചിഴച്ചിരിക്കുന്നത് എന്നാണ് പൊലീസിനേയും ജില്ല ഭരണകൂടത്തേയും മറ്റും ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തോളമായി സംഘര്‍ഷം തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും എസ്എംഎസും നിര്‍ത്തിവച്ചിരിക്കുന്നു. പഞ്ചാബികള്‍ ഇവിടെ അനധികൃതമായി കുടിയേറി താമസിക്കുകയാണ് എന്നാണ് ഖാസി തീവ്രവാദികളുടെ വാദം. അനധികൃതമായി താമസിക്കുന്ന പഞ്ചാബി കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യം കാലങ്ങളമായി ഖാസി പ്രാദേശിക തീവ്രവാദികള്‍ ഉന്നയിക്കുന്നതാണ്.

ഖാസി കുട്ടിയുടെ ബന്ധു താന്‍ ഓടിച്ചിരുന്ന ഗവണ്‍മെന്റ് ബസ് റോഡില്‍ പാര്‍ക്ക് ചെയ്തത് പഞ്ചാബി സ്ത്രീ ചോദ്യം ചോദ്യം ചെയ്തിരുന്നു. തെം ല്യു മാവ്‌ലോങ് എന്ന സ്ഥലത്ത്, പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നത് തടസപ്പെടുത്തുന്ന വിധത്തിലായിരുന്നു ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. പഞ്ചാബി ലേന്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. ഷില്ലോംഗിലെ ഏറ്റവും ഇടുങ്ങിയ പ്രദേശങ്ങളിലൊന്നാണിത്. പഞ്ചാബികള്‍ ബസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. അതേസമയം ഖാസി പയ്യന്‍ പഞ്ചാബികളുടെ ആക്രമണത്തില്‍ മരിച്ചെന്നും മറ്റുമുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടന്നത്. ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ (കെ എസ് യു) പോലുള്ള സംഘടനകള്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഖാസി സ്റ്റുഡന്റ്‌സ് യൂണിയനും ഫെഡറേഷന്‍ ഓഫ് ഖാസി ജയന്തിയ ആന്‍ഡ് ഗാരോ പീപ്പിളും (എഫ്‌കെജെജിപി) ന്യൂത്രേപ് യൂത്ത് കൗണ്‍സിലുമെല്ലാം പഞ്ചാബികളെ ഇവിടെ നിന്ന് ഒഴിപ്പിക്കണം എന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.

രൂക്ഷമായ സംഘര്‍ഷമാണ് ഉണ്ടായത്. കടകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീ വച്ചു. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 10 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ (കെ എസ് യു) അടക്കമുള്ളവ അക്രമപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വെള്ളിയാഴ്ച രാത്രി ആര്‍മി ഇവിടെ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. മോട്ഫ്രാന്‍ മേഖലയില്‍ പൊലീസിനെതിരെ ശക്തമായ കല്ലേറും പെട്രോള്‍ ബോംബേറുമുണ്ടായി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മേഘാലയയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയെ അമരീന്ദര്‍ സിംഗ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പഞ്ചാബികള്‍ക്ക് എല്ലാ സുരക്ഷയും കോണ്‍റാഡ് സാംഗ്മ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ദലിത് സിഖുകാരുടെ പഞ്ചാബില്‍ നിന്ന് മേഘാലയയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം കൂടി ഈ സംഘര്‍ഷത്തിന് പിന്നിലുണ്ട്. ഇവരെ തോട്ടിപ്പണിക്കും ഓടകള്‍ വൃത്തിയാക്കുന്നതിനും മറ്റുമായി 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ആര്‍മി ഇവിടെ കൊണ്ടുവരുകയായിരുന്നു. ബാരാബസാറിലായിരുന്നു ഈ ദലിത് സിഖുകാര്‍ ആദ്യം താമസിച്ചത്. പിന്നീട് മറ്റൊരു കോളനിയിലേയ്ക്ക് മാറി. ഇവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടിയില്ലെങ്കിലും ഉപയോഗിക്കാനുള്ള അവകാശം കിട്ടിയിരുന്നു.

ഈ കുടിയേറ്റക്കാരായ 95 ശതമാനം ദലിത് സിഖുകള്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ല. കഴിഞ്ഞ 25 വര്‍ഷമായി ഇവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇവിടുത്തെ ഗുരുദ്വാര ജനറല്‍ സെക്രട്ടറി ഗുര്‍ജീത് സിംഗ് പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഗുര്‍ജീത് സിംഗ് ആവശ്യപ്പെടുന്നു. പഞ്ചാബിലെ നേതാക്കള്‍ മേഘാലയയിലെ ദലിത് സിഖുകാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories