TopTop

വിജയ്‌ മല്യ: 28-ാം വയസില്‍ സ്വപ്നതുല്യമായ തുടക്കം; ഇന്ന് രാജ്യം കാത്തിരിക്കുന്ന ക്രിമിനല്‍

വിജയ്‌ മല്യ: 28-ാം വയസില്‍ സ്വപ്നതുല്യമായ തുടക്കം; ഇന്ന് രാജ്യം കാത്തിരിക്കുന്ന ക്രിമിനല്‍
ഫോബ്‌സ് 2013-ല്‍ പുറത്തുവിട്ട സമ്പന്നന്മാരുടെ ലിസ്റ്റില്‍ 84-മതായി ഒരാളുണ്ടായിരുന്നു. കടക്കെണിയില്‍ നിന്ന് കടക്കെണിയില്‍ നിന്ന് നീങ്ങിക്കൊണ്ടിരുന്ന വിജയ് മല്യ എന്ന വന്‍ കോടീശ്വരന്‍. അതാണ് ഈ വിവാദ ബിസിനസുകാരന്‍. വിജയങ്ങളും പരാജയങ്ങളും ഒരേപോലെ നടക്കുമ്പോഴും അതൊന്നും ബാധിക്കാത്ത വിധത്തില്‍ ജീവിതം ആഘോഷമാക്കിയ മദ്യരാജാവ്. 9000 കോടി രൂപയ്ക്കു മേല്‍ ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കാനുള്ളപ്പോഴും 2015-ല്‍ തന്റെ 60-ാം ജന്മദിനം ഗോവയില്‍ വച്ച് മൂന്നുദിവസം ആഘോഷിച്ചു തീര്‍ത്ത സെലിബ്രിറ്റി.

ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തെ സ്റ്റാറായിരുന്നു ഒരിക്കല്‍ വിജയ് മല്യ. പിതാവ് മരിക്കുമ്പോള്‍ മല്യക്ക് പ്രായം 28. യുണൈറ്റഡ് ബ്രൂവറീസ് അന്ന് ഏറ്റെടുത്ത മല്യക്ക് മുന്നില്‍ വന്നതൊക്കെ അദ്ദേഹത്തിനു സ്വന്തമാകുകയായിരുന്നു. ഏതു കൂട്ടത്തിലും മല്യയായിരുന്നു തിളങ്ങുന്ന താരം. അതിനായുള്ള നാടകീയതകളും അദ്ദേഹത്തിനുണ്ടായിരുന്നു. ചില ചടങ്ങുകളില്‍ വൈകിയെത്തി നാടകീയമായി പ്രവേശിച്ച് സകലരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന തരം വൈദഗ്ദ്ധ്യവും മല്യക്കുണ്ടായിരുന്നു എന്നാണ് കോര്‍പറേറ്റ് ലോകം പറയുന്നത്.

അങ്ങനെ തിളങ്ങി നിന്ന മല്യയാണ് കോടികള്‍ തട്ടിച്ച കുറ്റത്തിന് അറസ്റ്റിലായി ഇന്ന് ലണ്ടന്‍ കോടതിയില്‍ നില്‍ക്കേണ്ടി വന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചെങ്കിലും ഇന്ന് ഇന്ത്യക്കാര്‍ ഏറ്റവുമധികം അപഹസിക്കുകയും കള്ളനെന്ന് വിളിക്കുകയും ചെയ്യുന്ന ആളായി മാറിക്കഴിഞ്ഞു മല്യ.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും കണ്ണിലുണ്ണിയായിരുന്നു ഒരു സമയത്ത് മല്യ. ഇന്ത്യയില്‍ നിന്ന് കടക്കുമ്പോള്‍ രാജ്യസഭാ എം.പിയുമായിരുന്നു. തന്റെ മേല്‍ നിയമത്തിന്റെ പിടി വീഴാതിരിക്കാന്‍ ആ പദവിയും അദ്ദേഹത്തെ സഹായിച്ചിരുന്നു.

മല്യയുടെ വഴിയില്‍ എല്ലാം വിജയത്തിന്റേതായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്വപ്നമായിരുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചിറകുകള്‍ ഒടിയുന്നതു വരയേ അത് നീണ്ടു നിന്നുള്ളൂ. അല്ലെങ്കില്‍ ഇന്ത്യന്‍ വ്യോമമേഖല കൂടി അടക്കിഭരിക്കാനുള്ള അത്യാഗ്രഹമായിരുന്നു മല്യയെ കുഴിയില്‍ ചാടിച്ചതെന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്ത് ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ.

ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ 1983-ലാണ് മല്യ എന്ന കോടീശ്വരായ ബിസിനസുകാരന്‍ ചിത്രത്തിലേക്ക് വരുന്നത്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് ബ്രൂവറീസ് ഏറ്റെടുക്കുമ്പോള്‍ വെറും 28 വയസു മാത്രമേ മല്യക്ക് പ്രായമുണ്ടായിരുന്നുള്ളൂ. മദ്യം, മരുന്ന്, അഗ്രോ കെമിക്കല്‍സ്, പെയിന്റ് തുടങ്ങി നിരവധി ഉത്പന്നങ്ങളായിരുന്നു യു.ബി ഗ്രൂപ്പിനു കീഴിലുണ്ടായിരുന്നത്.എന്നാല്‍ വിവാദങ്ങളും തുടക്കം മുതല്‍ മല്യയുടെ കൂടെയുണ്ടായിരുന്നു. മദ്യ കമ്പനിയായ ഷോ വാലസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദേശനാണ്യ നിയമം ലംഘിച്ചതിന് മല്യ അറസ്റ്റിലാകുന്നത് അദ്ദേഹം യു.ബി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്ത് മൂന്നു വര്‍ഷത്തിനുള്ളിലാണ്.

എന്നാല്‍ മല്യയിലെ ബിസിനസുകാരന്‍ തളര്‍ന്നില്ല. പല കമ്പനികളും അദ്ദേഹത്തിന്റെ യു.ബി ഗ്രൂപ്പ് ഏറ്റെടുത്തു തുടങ്ങി. ബെര്‍ഗര്‍ പെയിന്റ്‌സ്, എഞ്ചിനീയറിംഗ് കമ്പനിയായ ബെസ്റ്റ് ആന്‍ഡ് ക്രോംപ്റ്റണ്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. ഈ സമയത്തു തന്നെയാണ് മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സും മല്യ ഏറ്റെടുക്കുന്നത്. കമ്പനി നഷ്ടത്തിലാണെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്.

1990-കളുടെ തുടക്കത്തില്‍ മദ്യ ബിസിനസ് വ്യാപിപ്പിക്കാനും മല്യ ശ്രമിച്ചു. അതിന്റെ ഭാഗമായി ബെര്‍ഗര്‍ പെയിന്റ്‌സിന്റെ ഓഹരികള്‍ വിറ്റ് 66 മില്യണ്‍ ഡോളര്‍ സമ്പാദിക്കുകയും ഇത് മദ്യ ബിസിനസിലേക്ക് ഇറക്കുകയും ചെയ്തു.

1994-ലാണ് അദ്ദേഹം മാധ്യമ ലോകത്തേക്ക് പ്രവേശിക്കുന്നത്. രാമസ്വാമി ഉഡയാറില്‍ നിന്ന് ഗോള്‍ഡല്‍ ഈഗിള്‍ എന്ന കമ്പനി വാങ്ങി അതിനെ വിജയ് ടി.വിയായി മല്യ നാമകരണം ചെയ്തു.

മാധ്യമ മേഖലയില്‍ പ്രവേശിച്ചതിനു പിന്നാലെ 1998-ല്‍ മല്യ മറ്റൊരു മേഖലയിലും കൈവച്ചു. സ്‌പോര്‍ട്‌സ്. ഒരേ സമയം, ഫുട്‌ബോള്‍ ക്ലബുകളായ ഈസ്റ്റ് ബംഗാളിലും മോഹന്‍ ബഗാനിലും മല്യ ഈ സമയത്ത് ഓഹരികള്‍ സ്വന്തമാക്കി.

ഇന്നും, മല്യ നിരവധി പ്രശ്‌നങ്ങളിലുടെ കടന്നു പോയിട്ടും രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന ബിയറായ കിംഗ് ഫിഷര്‍ സ്‌ട്രോങ്ങ് യു.ബി ഗ്രൂപ്പ് പുറത്തിറക്കുന്നത് 1999-ലാണ്.

ബോളിവുഡിലും തന്റെ താരപ്പൊലിമ ഒട്ടും കുറയക്കാന്‍ മല്യ തയാറായിരുന്നില്ല. 2001-ല്‍ അദ്ദേഹം ബോളിവുഡിലെ പ്രമുഖ ഗോസിപ്പ് മാസികയായ സിനി ബ്ലിറ്റ്‌സ് പുറത്തിറക്കുന്ന റിഫ പബ്ലിക്കേഷന്‍സ് സ്വന്തമാക്കി.

ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങളടക്കം കുറ്റപ്പെടുത്തുന്ന മല്യയെ ഒരു സമയത്ത് ഇവിടുത്തെ മാധ്യമങ്ങള്‍ രാജ്യത്തിന്റെ അഭിമാനം കാക്കുന്നവന്‍ എന്ന നിലയിലും പ്രകീര്‍ത്തിച്ചിരുന്നു. 2004-ല്‍ ലണ്ടനില്‍ നടന്ന ലേലത്തില്‍ വച്ച് ടിപ്പു സുല്‍ത്താന്റെ വാള്‍ 1.75 കോടി രൂപയ്ക്ക് തിരിച്ചു പിടിച്ചപ്പോഴായിരുന്നു ഇത്. മറ്റൊന്ന് മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ന്യൂയോര്‍ക്കില്‍ വച്ച് 2009-ല്‍ 1.8 മില്യണ്‍ ഡോളര്‍ മുടക്കി അദ്ദേഹം ലേലത്തില്‍ അദ്ദേഹം സ്വന്തമാക്കിയപ്പോഴായിരുന്നു അത്.2005-ല്‍ ഷോ വാലാസ് വാങ്ങിയ മല്യ റോയല്‍ ചലഞ്ച് എന്ന വിസ്‌കിയുടെ ബ്രാന്‍ഡും സ്വന്തമാക്കി. 2006-ല്‍ റോമനോവ് വോഡ്കയും ബാഗ്‌പൈപ്പര്‍ വിസ്‌കിയും നിര്‍മിക്കുന്ന ഹെര്‍ബര്‍സ്‌റ്റോണ്‍സ് വാങ്ങി. ലോകത്തിലെ നാലാമത്തെ വലിയ സ്‌കോച്ച് നിര്‍മാതാക്കളായ വൈറ്റ് ആന്‍ഡ് മാക്‌കേയ് 5950 കോടി രൂപയ്ക്ക് വാങ്ങുന്നത് ഇതിന്റെ അടുത്ത വര്‍ഷമാണ്. യൂറോപ്പിലെ വിസ്‌കി വിപണിയിലേക്ക് മല്യ കടക്കുന്നതും ഇതോടെയാണ്.

ഇന്ത്യയില്‍ ഐപിഎല്‍ ക്രിക്കറ്റ് തരംഗമായിക്കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. 2008-ല്‍ മല്യ 111.6 മില്യണ്‍ ഡോളറിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ഥാപിച്ചു.

എന്നാല്‍ 2005 മുതല്‍ മല്യക്ക് മറ്റൊരു വിധത്തില്‍ ചുവട് പിഴച്ചു തുടങ്ങിയിരുന്നു. അതുവരെ വിജയം മാത്രം കൈപ്പിടിയിലൊതുക്കിയിരുന്ന കോടീശ്വരനായ ഈ ബിസിനസുകാരന്‍ വ്യോമയാന മേഖലയിലേക്ക് കടക്കുന്നത് ആ വര്‍ഷം മെയ് മാസത്തിലാണ്. ആ മാസം കിംഗ് ഫിഷന്‍ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു. പിന്നീട് ഓര്‍ഡര്‍ റദ്ദാക്കിയെങ്കിലും എയര്‍ബസ് എ380 വാങ്ങാന്‍ പദ്ധതിയിട്ട ആദ്യ എയര്‍ലൈന്‍സും കിംഗ് ഫിഷര്‍ ആയിരുന്നു.

2007-ല്‍ കിംഗ് ഫിഷര്‍ മറ്റൊരു എയര്‍ലൈന്‍സായ എയര്‍ ഡക്കാന്‍ സ്വന്തമാക്കി. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വിദേശത്തേക്ക് സര്‍വീസ് നടത്തണമെങ്കില്‍ അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്നുണ്ട്. ഡക്കാന്‍ വാങ്ങിയതിനു പിന്നാലെ 2010 മാര്‍ച്ചില്‍ മല്യയുടെ കിംഗ് ഫിഷറുകള്‍ വിദേശങ്ങളിലേക്ക് സര്‍വീസും ആരംഭിച്ചു.

എന്നാല്‍ 2010 നവംബറില്‍ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടം 6000 കോടി രൂപയായി. ഇതോടെ ഡക്കാനില്‍ നിന്ന് ഏറ്റെടുത്ത് കിംഗ് ഫിഷര്‍ റെഡ് എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന ചിലവ് കുറഞ്ഞ വ്യോമയാന സര്‍വീസ് 2011 സെപ്റ്റംബറില്‍ മല്യ അവസാനിപ്പിച്ചു.

അതേ വര്‍ഷം തന്നെ ആദായ നികുതി വകുപ്പും മല്യക്ക് പുറകെ തങ്ങളുടെ നിയമക്കുരുക്കുകള്‍ മുറുക്കി തുടങ്ങി. മല്യയുടെ 11 അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഈ സമയത്താണ്.

കിംഗ് ഫിഷറിനെതിരെ കൂടുതല്‍ കടുത്ത നടപടികളായിരുന്നു 2012-ല്‍ കാത്തിരുന്നത്. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ മല്യയുടെ കമ്പനിക്കെതിരെ രംഗത്തെത്തി. മല്യക്ക് ഇളവ് നല്‍കാനാവില്ലെന്ന് വ്യോമയാന മന്ത്രാലയവും ആ വര്‍ഷം നിലപാടെടുത്തു. തങ്ങള്‍ക്ക് 200 കോടി രൂപ കൂടി വയ്പ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സമയത്ത് നിരസിക്കുകയും ചെയ്തു. 2012 ഒക്‌ടോബറില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ച പൂര്‍ണമായി. മല്യയുടെ വിമാന കമ്പനിയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതോടെ ജീവനക്കാര്‍ സമരമാരംഭിച്ചു. ആ വര്‍ഷം ഡിസംബറില്‍ കിംഗ് ഫിഷറിന്റെ എയര്‍ ഓപറേറ്റിംഗ് പെര്‍മിറ്റ് റദ്ദാക്കപ്പെടുകയും ചെയ്തു.

മല്യയുടെ തന്നെ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്റെ 27 ശതമാനം ഓഹരികള്‍ മദ്യകമ്പനിയായ ഡിയാഗോ ഏറ്റെടുത്തു. എന്നാല്‍ ഇതില്‍ നിന്നുള്ള പണം കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയവര്‍ക്ക് ലഭിച്ചുമില്ല. ഡിയാഗോയ്ക്ക് ഇപ്പോള്‍ ഇതില്‍ 55 ശതമാനം ഓഹരിയുണ്ട്. ലോകത്തിലെ മൂന്നാമത്തെ മദ്യ നിര്‍മാണ കമ്പനിയായ ഹെയ്‌നേക്കന്‍ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്റ ഓഹരികള്‍ ഏറ്റെടുക്കുന്നതും ഇതേ സമയത്താണ്. ഇപ്പോള്‍ അവര്‍ക്ക് 38.76 ശതമാനം ഓഹരിയുണ്ട്. മദ്യ കമ്പനികള്‍ കൈവിട്ടു പോയതോടെ മല്യയ്ക്ക് മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സും നഷ്ടപ്പെട്ടു.തങ്ങളുടെ കടം തിരിച്ചു പിടിക്കാന്‍ എസ്.ബി.ഐ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുംബൈ വിമാനത്താവളത്തിനടുത്തുള്ള മല്യയുടെ പ്രധാന സ്ഥാപനങ്ങളിലൊന്നായ കിംഗ്ഫിഷര്‍ ഹൗസ് എസ്.ബി.ഐ ഏറ്റെടുത്തു. ഇതിനു പിന്നാലെ മല്യയും അദ്ദേഹത്തിന്റെ രണ്ട് കമ്പനികളും വായ്പയെടുത്ത പണം തങ്ങള്‍ക്ക് തിരിച്ചു തരാത്തവരായി എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചു.

ഡിയാഗോയുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായി 2016 ഫെബ്രുവരിയില്‍ മല്യ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ പദവി ഒഴിഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് അദ്ദേഹത്തിന് ഇതില്‍ നിന്ന് 515 കോടി രൂപ ലഭിക്കും എന്നതായിരുന്നു കരാര്‍. മാര്‍ച്ച് മാസത്തില്‍ ഈ പണം തങ്ങള്‍ക്ക് കിട്ടണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐ ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിച്ചു.

അപ്പോഴേക്കും മല്യയും ബാങ്കുകളുമായുള്ള പ്രശ്‌നം മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. മാര്‍ച്ച് ഒമ്പതിന് സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ചു നടന്ന വാദത്തിനിടെയാണ് മല്യ അതിനകം തന്നെ രാജ്യം വിട്ടിരുന്നു എന്ന വാര്‍ത്ത പുറത്താകുന്നത്. ഡിയാഗോയില്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന തുകയില്‍ 270 കോടി രൂപ മല്യക്ക് അപ്പോഴേക്കും ലഭിച്ചിരുന്നു.

ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ തുകയും പലിശയും ഉള്‍പ്പെടെയുള്ള തുക 9,907 കോടി രൂപയാണ്. മറ്റു വകയിലുള്ള കടങ്ങള്‍ കൂടി ചേര്‍ത്താല്‍ മല്യയുടെ കടം ഏകദേശം 10,000 കോടി രൂപയ്ക്ക് മുകളില്‍ വരും. അദ്ദേഹത്തിന്റെ മുന്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ഇതിനു പുറമെയാണ്.

എന്നാല്‍ ഇപ്പോഴും 4500 കോടി രൂപയുടെ സ്വത്തിനുടമായാണ് വിജയ് മല്യ. യു.ബി ഹോള്‍ഡിംഗ് കമ്പനിയിലെ ഓഹരിയില്‍ നിന്ന് 32 കോടി രൂപ, എ.സി.എഫില്‍ 103 കോടി, യുണൈറ്റഡ് സ്പിരിറ്റില്‍ 663 കോടി, യുണൈറ്റഡ് ബ്രൂവറീസില്‍ 3,595 കോടി രൂപ വരുന്ന ഓഹരികള്‍ ഇപ്പോഴും അദ്ദേഹത്തിനുണ്ട്.


Next Story

Related Stories