Top

രാത്രി മുഴുവന്‍ അവര്‍ നടക്കുകയായിരുന്നു, നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍; ചെങ്കടലായി മുംബൈ

രാത്രി മുഴുവന്‍ അവര്‍ നടക്കുകയായിരുന്നു, നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍; ചെങ്കടലായി മുംബൈ
ആറു ദിവസം കൊണ്ട് നാസിക്കില്‍ നിന്ന് 180 കിലോ മീറ്റര്‍ കാല്‍നടയായി എത്തിയ പതിനായിരക്കണക്കിന് കര്‍ഷകര്‍ മുംബൈ മഹാനഗരത്തിലെത്തി. സിപിഎമ്മിന്റെ പോഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 35,000 പേരുമായി തുടങ്ങിയ റാലി മുംബൈയിലെത്തിയപ്പോള്‍ വിവിധ ദളിത്, ആദിവാസി സംഘടനകള്‍ കൂടി ചേര്‍ന്നതോടെ അര ലക്ഷത്തിന് മുകളിലള്ള ആളുകളാണ് മുംബൈയിലെ ആസാദ് മൈതാനത്ത് ഒത്തുചേര്‍ന്നിരിക്കുന്നത്. സമ്മേളനത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് അഭിസംബോധന ചെയ്യും. അതിനിടെ, ഇന്ന് ഉച്ചയ്ക്ക് മുമ്പ് കിസാന്‍ സഭാ ഭാരവാഹികളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

ഇന്ന് പകല്‍ ആസാദ് മൈതാനത്ത് എത്തേണ്ടിയിരുന്ന കിസാന്‍ ലോങ് മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനായി ഇന്നലെ രാത്രിയും നടക്കുകയായിരുന്നു. രാത്രി 11 മണിയോടെ മുംബൈ അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ പിന്നീട് കെജെ സോമയ്യ മൈതാനത്ത് വിശ്രമിച്ച ശേഷം ഒരുമണിയോടെ റാലി തുടങ്ങി വെളുപ്പിനെ അഞ്ചു മണിയോടെ ആസാദ് മൈതാനത്ത് എത്തിച്ചേരുകയായിരുന്നു. ആറു ദിവസമായി തുടരുന്ന നടപ്പില്‍ മിക്കവരുടേയും കാലുകള്‍ കീറിപ്പൊട്ടി. സൂര്യതാപവും ക്ഷീണവും കാരണം പലരും കിടപ്പായിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. ആസാദ് മൈതാനിയില്‍ കര്‍ഷകര്‍ക്കായി മെഡിക്കല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കര്‍ഷക മാര്‍ച്ച് മൂലം നഗരത്തിലെ ഗതാഗതം ഒരുവിധത്തിലും തടസപ്പെട്ടിട്ടില്ലെന്നും റോഡുകളൊന്നും അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി. മുംബൈയിലെത്തിയ കര്‍ഷകരെ വിവിധ സിക്ക്, മുസ്ലീം സംഘടനകളും റെസിഡന്റസ് അസോസിയേഷനുകളും വെള്ളവും ഭക്ഷണവും നല്‍കിയാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, ശിവസേന, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭം ഗുരുതരമാകുന്നു എന്നു മനസിലായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കിസാന്‍ സഭ ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ലെയുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുമായി ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ചര്‍ച്ച നടത്തും എന്നാണ് അറിയുന്നത്.

ഇപ്പോള്‍ ബജറ്റ് സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭാ മന്ദിരം വളയാനായിരുന്നു പ്രക്ഷോഭകരുടെ തീരുമാനമെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതുണ്ടായേക്കില്ല. പകരം ഉച്ച കഴിഞ്ഞ് യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രക്ഷോഭകരെ അഭിസംബോധന ചെയ്യും.

മുംബൈ നഗരവാസികളാണ് സമരത്തെ ഏറ്റവും ഹാര്‍ദ്ദമായി സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് തടസങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ രാത്രിയിലും മാര്‍ച്ച് നടത്തി ആസാദ് മൈതാനത്ത് എത്തിച്ചേരാന്‍ കര്‍ഷകര്‍ തീരുമാനിച്ച സാഹചര്യത്തെ പല മുംബൈ വാസികളും പ്രകീര്‍ത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കര്‍ഷകരെ അടക്കം ദേശദ്രോഹികളായി ചിത്രീകരിച്ചു കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കാണാതെ മുന്നോട്ടു പോകാന്‍ കഴിയില്ല എന്നഭിപ്രായപ്പെടുന്നവരുമുണ്ട്.

അതിനിടെ, ഒരുവിഭാഗം മാധ്യമങ്ങള്‍ ആദിവാസികളും ദളിതരും അടങ്ങുന്ന കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചില്‍ സിപിഎം നുഴഞ്ഞു കയറിയെന്ന വാര്‍ത്തകള്‍ പരത്തുന്നതും വിമര്‍ശനവിധേയമായിട്ടുണ്ട്. ലെനിന്‍ ചിത്രങ്ങള്‍, ചെങ്കൊടികള്‍ എങ്ങനെയാണ് കര്‍ഷക മാര്‍ച്ചില്‍ ഉയരുന്നതെന്നാണ് ടൈംസ് നൗവിനെ പോലുള്ള മാധ്യമങ്ങള്‍ ചോദിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷഷ സംഘടനയാണ് കിസാന്‍ സഭയെന്നും ഇത് മറച്ചുവച്ച് തെറ്റിദ്ധരിപ്പിക്കാനാണ് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് വിമര്‍ശനങ്ങള്‍.

രണ്ടുദിവസം മുമ്പു വരെ കര്‍ഷകരുടെ ശല്യംം മൂലം മുംബൈയിലെ ജനജീവിതം തടസപ്പെടുമെന്ന രീതിയില്‍ വന്ന പ്രതികരണങ്ങളും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ പ്രക്ഷോഭം മുംബൈയിലെത്തിയ സാഹചര്യത്തില്‍ ഇതിന് പിന്തുണയേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഈ പ്രക്ഷോഭത്തിന്റെ ആഘാതം ഇവിടംകൊണ്ട് അവസാനിക്കില്ലെന്ന് സീതാറാം യെച്ചൂരി തന്റെ ട്വീറ്റില്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടര ലക്ഷം കോടി രൂപ കോര്‍പറേറ്റുകളുടേത് എഴുതിത്തള്ളിയ സര്‍ക്കാരാണ് കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ പോലും കണ്ണടയ്ക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

http://www.azhimukham.com/india-long-march-to-mumbai/

കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളിലെ 80 ശതമാനവും അംഗീകരിക്കാമെന്നാണ് ഫഡ്‌നാവിസ് സര്‍ക്കാര്‍ ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വില സ്ഥിരത ഉറപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. നേരത്ത കടമെഴുതിത്തള്ളല്‍ ആദ്യഘട്ടം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് തട്ടിപ്പ് മാത്രമാണെന്ന കാര്യം പിന്നീട് പുറത്തു വന്നിരുന്നു.

http://www.azhimukham.com/trending-india-maharashtra-farmers-longmarch-nashik-mumbai/

http://www.azhimukham.com/india-sikar-farmer-agitation-how-the-cpim-created-a-red-base-in-rajasthan/

http://www.azhimukham.com/update-poonammahajan-bjpmp-calls-agitating-farmers-urbanmaoists/

Next Story

Related Stories