TopTop

ലോങ് മാർച്ച്; 7,500 കർഷകർ നാസിക്കിലെത്തി; പോലീസ് നടപടി കൊണ്ട് പിന്തിരിപ്പിക്കാനാകില്ലെന്ന് നേതാക്കൾ

ലോങ് മാർച്ച്; 7,500 കർഷകർ നാസിക്കിലെത്തി; പോലീസ് നടപടി കൊണ്ട് പിന്തിരിപ്പിക്കാനാകില്ലെന്ന് നേതാക്കൾ
7500 കർഷകർ ഇതിനകം തന്നെ നാസിക്കിൽ എത്തിച്ചേർന്നതായി റിപ്പോർട്ട്. ഗോത്രവർഗക്കാരും, ഭൂമിയില്ലാത്ത കർഷകരും, ചെറുകിട കർഷകരുമെല്ലാം അടങ്ങുന്നവരാണ് ജാഥയിലുള്ളത്. ബുധനാഴ്ച മാർച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ചിലയിടങ്ങളിൽ കർഷകരുടെ വരവിനെ പൊലീസ് തടഞ്ഞതിനെ തുടർന്ന് റാലി തുടങ്ങുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. പലയിടങ്ങളിൽ തടയപ്പെട്ടിട്ടുള്ള കർഷകർ പിന്നീട് റാലിയിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. കർഷക നേതാക്കളുമായി സംസാരിക്കാൻ ജലവിഭവ വകുപ്പു മന്ത്രി ഗിരീഷ് മഹാജൻ സ്ഥലത്തെത്തിയിട്ടുണ്ട്. മഹാമാർഗ് ബസ്റ്റാൻഡിലാണ് കർഷകരെ പൊലീസ് തടഞ്ഞത്. സ്ഥലത്ത് തൽക്കാലം തങ്ങാനും അടുത്ത ദിവസം യാത്ര തുടരാനും നേതാക്കൾ ആവശ്യപ്പെട്ടതിനു തുടർന്ന് ബസ്റ്റാൻഡിൽ ഉൽസവപ്രതീതിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കർഷകർ ഭക്ഷണം പാകം ചെയ്യുകയും നാടൻപാട്ടുകൾ പാടുകയും നൃത്തം ചെയ്യുകയുമായിരുന്നു.

സമരത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചതിനെ തുടർന്നാണ് പൊലീസ് മാർച്ചിന് പോകുന്ന കർഷകരെ പല സ്ഥലങ്ങളിലായി തടഞ്ഞു വെച്ചത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാസിക്കിലേക്ക് നീങ്ങുകയായിരുന്നു ഇവർ. അതെസമയം സമരക്കാരെ പിന്തുരിപ്പിക്കാൻ ഈ നടപടികൾ കൊണ്ട് സാധിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ അധ്യക്ഷൻ അശോക് ധാവ്‌ള പറഞ്ഞു. കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷിക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഫെബ്രുവരി 27ന് മുംബൈയിലെത്തുന്ന ഈ മാർച്ച് നിയമസഭാ മന്ദിരമായ വിധാൻ ഭവൻ വളയും. സർക്കാർ നേരത്തെ നൽകിയ ഉറപ്പുകൾ നേടിയെടുക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ പറയുന്നു.

2018 മാര്‍ച്ച് മാസത്തിൽ നാസിക്കിൽ നിന്നും ആരംഭിച്ച് 200 കിലോമീറ്റർ സഞ്ചരിച്ച് മുംബൈയിലെത്തിച്ചേർന്ന ലോങ് മാർച്ച് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സമരത്തിനൊടുവിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെടുകയുണ്ടായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പുതിയ സമരം. സ്വാമിനാഥൻ റിപ്പോർട് നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പാക്കുക, പാൽഘർ, താനെ ജില്ലകളിലെ ഗോത്ര വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന നദീബന്ധന നിർദ്ദേശം റദ്ദാക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, അനുമതി കൂടാതെ കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, വാർധക്യ കാല പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കുക, പരുത്തികൃഷി വൻനാശം നേരിടുന്ന മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഈ സമരത്തിൽ ഉയരും.

കാർഷികോൽപന്നങ്ങൾക്ക് ഉൽപാദനച്ചെലവിന്റെ 50% കൂടുതലായി താങ്ങുവില ഏർപ്പെടുത്തണമെന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നത് കർഷകരുടെ പ്രധാന ആവശ്യങ്ങളിൽ പെടുന്നു.

Next Story

Related Stories