UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകള്‍ പിന്നാലെ നടന്നിരുന്ന അക്ബറില്‍ നിന്നും ലൈംഗിക അക്രമിയായ പത്രാധിപരിലേക്ക്; കെപി നായര്‍ക്കറിയാവുന്ന ‘എം.ജെ’

18-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഉണ്ടായ ക്ഷാമത്തിൽ നിന്നും രക്ഷതേടി ബീഹാറില്‍ നിന്നും അലഞ്ഞുതിരിഞ്ഞ് തെലിനിപരയിൽ എത്തിയ ഒരു കൗമാരക്കാരനായിരുന്നു അക്ബറുടെ മുത്തച്ഛൻ, പ്രയാഗ്.

സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന്റെ പേരില്‍ #MeToo വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേന്ദ്രമന്ത്രി പദം രാജി വയ്ക്കേണ്ടി വന്ന മുന്‍ പത്രപ്രവര്‍ത്തകനാണ് എം.ജെ അക്ബര്‍. രാജ്യം കണ്ട മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ എന്നു പേരെടുത്തിട്ടുള്ള അക്ബറിനൊപ്പം ജോലി ചെയ്യുന്നത് അങ്ങേയറ്റം പീഡനങ്ങള്‍ നിറഞ്ഞതായിരുന്നു എന്നാണ് രണ്ടു ഡസനിലേറെ വനിതാ ജേര്‍ണലിസ്റ്റുകളെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. രാജി വയ്ക്കില്ലെന്നു വ്യക്തമാക്കി തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ക്കെതിരെ കോടതിയില്‍ പോവുകയാണ് അക്ബര്‍ ആദ്യം ചെയ്തത്. എന്നാല്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ കോടതി മുമ്പാകെ വെളിപ്പെടുത്താന്‍ തയാറാണെന്ന് വ്യക്തമാക്കി വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടു വന്നതോടെ രാജി വയ്ക്കാന്‍ അക്ബര്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അക്ബര്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ കോടതിയുടെ മുമ്പാകെയാണ്. ഇതിനിടെ 1971 മുതല്‍ അക്ബറിനെ അറിയാവുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി നായര്‍ ഔട്ട്‌ലുക്ക് മാഗസിനില്‍ എഴുതിയത് ശ്രദ്ധേയമാണ്. അതില്‍ നിന്നുള്ള ഭാഗങ്ങള്‍.

ഞാൻ എം.ജെ. അക്ബറിനെ ആദ്യമായി കാണുന്നത് 1971 നവംബർ 1 -നാണ്. ആ വർഷം പത്രപ്രവർത്തക പരിശീലനത്തിനായി ടൈംസ് ഓഫ് ഇന്ത്യ തെരഞ്ഞെടുത്ത ആറു പേരിൽ ഏറ്റവും ആത്മവിശ്വാസമുണ്ടായിരുന്ന ഒരാൾ അക്ബറായിരുന്നു. അന്ന് വെറും 19 വയസുള്ള എനിക്ക്, ‘സ്റ്റോറി’ എന്നാൽ ദിനപത്ര ഭാഷയിൽ എന്തായിരുന്നു എന്നറിയാത്ത സമയത്ത്, പരിശീലന ചുമതലയുണ്ടായിരുന്ന പതഞ്‌ജലി സേഥിയാണ് വാർത്താ ശേഖരണത്തിന്റെ അറിയാത്ത ലോകത്തേക്ക് എന്നെ ആദ്യമായി നയിച്ചത്.

പുതിയതായി നിയമിക്കപ്പെട്ടവരിൽ മിക്കവാറും ഇങ്ങനെത്തന്നെയായിരുന്നു. അക്ബറാകട്ടെ ഒരു വയസിന് മൂപ്പേ ഉള്ളുവെങ്കിൽപ്പോലും 16 വയസിൽത്തന്നെ അച്ചടിമാധ്യമത്തിൽ വന്നിരുന്നു. അതും ഇന്ത്യയിലെ ആദ്യത്തെ യുവാക്കൾക്കുള്ള മാസികയായ ജെ എസിൽ. ജൂനിയർ സ്റ്റേറ്റ്സ്മാൻ എന്ന പേരിലാണ് ആദ്യം പുറത്തിറക്കിയതെങ്കിലും അതിന്റെ ചെറുപ്പക്കാരായ വായനക്കാരുടെ നിർബന്ധം മൂലം മാനേജ്‌മെന്റ് പേര് ജെ.എസ് എന്നാക്കി മാറ്റി. ബോംബെയിൽ അന്നത്തെ യുവാക്കൾക്കിടയിൽ ജെ.എസിൽ എഴുതിയ ആരും ‘cool’ ആയിരുന്നുവെന്ന് നായര്‍ ഓര്‍മ്മിക്കുന്നു.

ഇങ്ങനെ പറഞ്ഞുകേട്ട് തെക്കൻ മുംബൈയിൽ അകബറിന് ഒരു ആരാധക വൃന്ദവും ഉണ്ടായിരുന്നു. ഞങ്ങളുടെ പരിശീലനത്തിന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ അതിസുന്ദരിയായ ഒരു സ്ത്രീ-അവർ അജ്ഞാതയായിരിക്കട്ടെ- ഞങ്ങളുടെ സംഘത്തിൽ ചേർന്നു. അവർ ഒരു നാവികോദ്യോഗ്യസ്ഥന്റെ ഭാര്യയായിരുന്നു, നഗരത്തിലെ ഒരു കോളേജിൽ പത്രപ്രവർത്തനം പഠിക്കുകയും ചെയ്തിരുന്നു. ഒരു ദിനപത്രത്തിൽ കുറച്ചുനാൾ പരിശീലനം നേടുക എന്നത് അന്നും ഇന്നും ഈ പഠനത്തിന്റെ ഭാഗമാണ്. ഞങ്ങൾക്കൊപ്പമുള്ള പരിശീലനത്തിൽ അക്ബറിൽ നിന്നും ‘പഠിക്കാനുള്ള’ അവരുടെ ത്വര രണ്ടാം നാൾ മുതലേ പ്രകടമായിരുന്നു.

അതിനുശേഷം ബോംബെയിലെ ഇന്നത്തെ സാമൂഹ്യവൃത്തങ്ങളിൽ അറിയപ്പെടുന്ന ഒരു വനിത, ബൗദ്ധികവൃത്തങ്ങളിൽ ‘Old Lady of Bori Bunder’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടൈംസ് ഓഫ് ഇന്ത്യ കാര്യാലയത്തിൽ നിന്നും അക്ബറിനെ സ്ഥിരമായി കൂട്ടിക്കൊണ്ടുപോകാൻ വന്നുതുടങ്ങി. അക്ബറിന്റെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ആരോപണങ്ങൾ വന്നപ്പോൾ സ്ത്രീകൾ അക്ബറിനു പിന്നാലെ ഓടിയിരുന്ന കാലമാണ് ഞാനോർത്തത്, തിരിച്ചല്ല; നായര്‍ പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യ പരിശീലനത്തിൽ ഞങ്ങളേക്കാൾ ഒരു വര്‍ഷം മുതിർന്നതായിരുന്നു മല്ലിക ജോസഫ് എന്ന ഇരുണ്ട സുന്ദരി. Bennett, Coleman and Company പ്രസിദ്ധീകരിച്ചിരുന്ന രണ്ടു പത്രങ്ങളുടെ വാർത്താവിഭാഗം പ്രവർത്തിച്ചിരുന്ന ബോറി ബന്ദർ കെട്ടിടത്തിലെ മൂന്നാം നിലയിൽ എല്ലാ ആണുങ്ങളെയും ആകർഷിച്ചിരുന്ന സുന്ദരി. മല്ലിക മുറിയിലുണ്ടെങ്കിൽ ഞങ്ങൾ ജോലി ചെയ്തിരുന്ന വിശാലമായ നിലയിൽ പോലും അവരെ ശ്രദ്ധിക്കാതിരിക്കാൻ പാടായിരുന്നു. ബോംബെയിൽ വളർന്ന മലയാളി ക്രിസ്ത്യൻ ആകർഷക പരിവേഷമായിരുന്നു അവരുടേത്.

അക്ബർ അവരുമായി പ്രേമത്തിലാവുകയും അവരെ പാട്ടിലാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മല്ലിക അത്ര എളുപ്പമായിരുന്നില്ല. അവരുടെ ആദ്യകാലത്ത് അക്ബറിനൊപ്പം എവിടെപ്പോയാലും ടൈംസ് പരിശീലനക്കാലത്തെ കൂട്ടുകാരിയായ അംബിക സീതിയും ഉണ്ടാകുമായിരുന്നു; കൊളാബയിലെ പന്തുകളികൾ കാണാൻ പോലും.

മൂന്നുവർഷത്തെ പ്രണയത്തിനുശേഷം അക്ബറും മല്ലികയും വിവാഹിതരായി. അത് നീണ്ടുനിന്ന വിവാഹജീവിതമായിരുന്നു. ഒരു മകനും മകളും പേരക്കുട്ടികളും അടങ്ങുന്ന അക്ബറുടെ കുടുംബത്തിന്റെ കേന്ദ്രമായിരുന്നു മല്ലിക.

പിന്നീട് ഖുശ്വന്ത്‌ സിങ് പത്രാധിപരായിരുന്ന ഇല്ലസ്ട്രേറ്റഡ് വീക്കിലി അക്ബർ വിട്ടതും തന്റെ ഇരുപതുകളിൽ ഓൺലുക്കറിന്റെ സാരഥിയായതും പിന്നെ സൺ‌ഡേയും, ദി ടെലിഗ്രാഫും സ്ഥാപിച്ചതും എല്ലാം ഏറെ കേട്ടതാണ്. എന്നാൽ 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പത്രസ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിരോധിക്കുകയും ചെയ്തില്ലെങ്കിൽ അക്ബറുടെ ജീവിതം മറ്റൊന്നാകുമായിരുന്നു എന്നതാണ് അത്ര അറിയപ്പെടാത്ത ഒരു കാര്യമെന്ന് നയ്യാര്‍ ഓര്‍മ്മിക്കുന്നു.

ആനന്ദബസാർ പത്രികയുടെ അവീക് സർക്കാരിന് മുമ്പേ, 1970-കളിൽ ബോംബെയിലെ പ്രസാധന രംഗത്ത് തരംഗങ്ങൾ ഉണ്ടാക്കിയ നാരി ഹീര, അക്ബറിന്റെ കഴിവുകളെ തിരിച്ചറിഞ്ഞിരുന്നു. Stardust, Society എന്നീ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ ഹീരയെ ഇന്നിപ്പോൾ അധികം പേർ ഓർക്കുന്നുണ്ടാകില്ല. വിനോദവ്യാപാര രംഗത്തെ ഇന്ത്യയിലെ മാധ്യമപ്രവർത്തനരീതികളെ ആ പ്രസിദ്ധീകരണങ്ങൾ മാറ്റിമറിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സാഹസികമായ പ്രസിദ്ധീകരണം തുടങ്ങുന്നതിനായി ഹീര, അക്ബറെ ചുമതലപ്പെടുത്തി. ന്യൂയോര്‍ക്ക് ആസ്ഥാനമായി, ഇന്ത്യക്കാരുള്ള ലോകത്തെല്ലായിടത്തും, അമേരിക്ക മുതൽ ഓസ്‌ട്രേലിയ വരെ, പ്രസിദ്ധീകരണ കേന്ദ്രങ്ങളുള്ള,  Peninsula തുടങ്ങാനായിരുന്നു പദ്ധതി. അന്ന് ഇന്ത്യ ടുഡേ ഇല്ല. വിദേശത്തുള്ള ഇന്ത്യക്കാർക്കായുള്ള തദ്ദേശ പത്രങ്ങളും ഇന്നത്തെപ്പോലെയില്ല. ഇന്ത്യയുടെ ആഗോള ശബ്ദമാകാനായിരുന്നു പെനിന്‍സുല ലക്ഷ്യമിട്ടത്.

ആദ്യ പതിപ്പിൽ ഇന്ദിരാ ഗാന്ധിയുടെ മുഖചിത്രത്തോടെ അക്ബർ എഴുതിയ ഒരു കിടിലൻ വാർത്തയാണ് ഉദ്ദേശിച്ചത്. സ്വാഭാവികമായും ഏകാധിപത്യസ്വഭാവം കൂടുതലായി കാണിച്ച പ്രധാനമന്ത്രിയെ അനുകൂലിച്ചായിരുന്നില്ല അത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ഹീരയുടെ പദ്ധതി അറിഞ്ഞ വാഷിംഗ്ടണിലെ ഇന്ത്യൻ സ്ഥാനപതി ജയിലിൽ പോകേണ്ടിവരുമെന്ന് അക്ബർക്ക് മുന്നറിയിപ്പ് നൽകി. പത്രാധിപർ കുലുങ്ങിയില്ലെങ്കിലും പ്രസാധകരും പണം മുടക്കുന്നവരും പിൻവലിയാൻ തുടങ്ങി. ഒരു പാട് ധനനഷ്ടത്തോടെ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പിന്നീട് അക്ബർ പല സംരംഭങ്ങളിലൂടെയും ഉണ്ടാക്കിയെടുത്തതെല്ലാം അലസിപ്പോയ ഈ പദ്ധതിയുടെ അനുഭവത്തിൽ നിന്നായിരുന്നുവെന്ന് നായര്‍ പറയുന്നു.

കുറച്ചു വീടുകൾ മാത്രമുള്ള, പശ്ചിമബംഗാളിലെ തെലിനിപര എന്ന സ്ഥലത്താണ് അക്ബർ ജനിച്ചതെന്നു അക്ബറെ ആദ്യമായി കണ്ടതിനു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഞാൻ മനസിലാക്കിയത്. അവിടെ വിക്ടോറിയ രാജ്ഞിയുടെ പേരിൽ ബ്രിട്ടീഷുകാർ ഒരു തുണിമില്ലും തുടങ്ങിയിരുന്നു.

2006-ൽ കൊൽക്കത്തയിൽ നിന്നും വാഷിംഗ്ടണിലേക്കുള്ള എന്റെ പതിവ് യാത്രയിൽ ഒപ്പമുണ്ടായിരുന്ന, ജ്യോതി ബസു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മരിച്ചുപോയ അശോക് മിത്ര, അക്ബർ എഴുതിയ അക്ബറുടെ കുടുംബത്തിന്റെ Blood Brothers എന്ന പുസ്തകം വായിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്ക് കീഴിലെ ബംഗാളിനെക്കുറിച്ചും വിഭജനം ഉണ്ടാക്കിയ ദുരന്തങ്ങളെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ എഴുതിയതിനെക്കുറിച്ച് മിത്ര വാചാലനായി. തന്റെ ദരിദ്ര ഗ്രാമത്തിൽ ചെലവഴിച്ച ആദ്യനാളുകളുമായി ബന്ധപ്പെടുത്തിയായിരുന്നു അക്ബര്‍ ഇതെഴുതിയത്.

18-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഉണ്ടായ ക്ഷാമത്തിൽ നിന്നും രക്ഷതേടി ബീഹാറില്‍ നിന്നും അലഞ്ഞുതിരിഞ്ഞ് തെലിനിപരയിൽ എത്തിയ ഒരു കൗമാരക്കാരനായിരുന്നു അക്ബറുടെ മുത്തച്ഛൻ, പ്രയാഗ്. അവിടെ അയാളെ ഒരു മുസ്‌ലിം കുടുംബം ദത്തെടുത്ത് മുസ്ലീമാക്കി, പേര് റഹ്മത്തുള്ള എന്നാക്കി. ആ കുടുംബത്തിന്റെ ജീവിതം എളുപ്പമായിരുന്നില്ല. ഒരു സമയത്ത് കിഴക്കൻ പാകിസ്ഥാനിലേക്ക് പോകേണ്ടിവന്ന അവർ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങി. റഹ്മത്തുള്ളയുടെ മകൻ അക്ബർ അലി തന്റെ എല്ലാ സമ്പാദ്യവും മകൻ മുബാഷർ ജാവേദ് എന്ന ‘എം.ജെ’ അക്ബറുടെ വിദ്യാഭ്യാസത്തിനായി നീക്കിവെച്ചു. കൽക്കട്ട ബോയ്സ് സ്‌കൂൾ, പ്രസിഡൻസി കോളേജ്, ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ഹോണേഴ്‌സ് ബി എ. സംശയം കൂടാതെ പറയാം, ആ മുതൽമുടക്ക് ഫലം കണ്ടു; നായര്‍ പറയുന്നു.

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍