Top

ബലാത്സംഗം ചെയ്യും, മര്‍ദ്ദിച്ചു കൊല്ലും, കലാപം നടത്തും; ഇത് സെങ്കാര്‍മാരുടെ യുപി

ബലാത്സംഗം ചെയ്യും, മര്‍ദ്ദിച്ചു കൊല്ലും, കലാപം നടത്തും; ഇത് സെങ്കാര്‍മാരുടെ യുപി
2017 ജൂണില്‍, ഉത്തര്‍ പ്രദേശില്‍ ബി ജെ പി അധികാരത്തില്‍ വന്ന് രണ്ടു മാസത്തിനുള്ളില്‍, ഉന്നാവോയിലെ മഖി ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയായ ഒരു പെണ്‍കുട്ടി, ജോലി അന്വേഷിച്ചു ചെന്ന തന്നെ ഭരണകക്ഷിയിലെ ഒരു എം എല്‍ എയും - കുല്‍ദീപ് സിങ് സെങ്കാര്‍- അയാളുടെ സഹോദരന്‍ അതുല്‍ സിങ് അടക്കമുള്ള കൂട്ടാളികളും ചേര്‍ന്ന് ഒരാഴ്ച്ചയോളം കൂട്ട ബലാത്സംഗം ചെയ്തു എന്നു ആരോപിച്ചു. എന്നാല്‍ ഉന്നാവോ പൊലീസ് രേഖപ്പെടുത്തിയ കേസില്‍ എം എല്‍ എ പ്രതിയായില്ല. ലൈംഗിക ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയെയും കുടുംബത്തെയും മഖി പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്താക്കി എന്നും പറയുന്നു.

പ്രാദേശിക പൊലീസ് സ്റ്റേഷന്‍ സെങ്കാര്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലാണെന്നറിയാവുന്ന പെണ്‍കുട്ടി, സെങ്കാറിനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി. ഒന്നും നടന്നിലെന്ന് മാത്രമല്ല, കേസുമായി മുന്നോട്ട് പോകാതിരിക്കാന്‍ സെങ്കാര്‍ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാസങ്ങളോളം നടന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍, പെണ്‍കുട്ടിയുടെ അമ്മ ബി ജെ പി എം എല്‍ എയെ പ്രതിയാക്കി എഫ് ഐ ആര്‍ രേഖപ്പെടുത്താന്‍ സി ജെ എം കോടതിയെ സമീപിച്ചു. എന്നിട്ടും ഉന്നാവോ പൊലീസ് ഒരു നടപടിയും എടുത്തില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ തുടര്‍ന്നും ഭീഷണിപ്പെടുത്താന്‍ തക്ക ബലം സെങ്കാര്‍ കുടുംബത്തിന്നുണ്ടായിരുന്നു. ഏപ്രില്‍ 3-നു പട്ടാപ്പകല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ സുരേന്ദ്ര സിങിനെ എം എല്‍ എയുടെ സഹോദരന്‍ അതുല്‍ സിങ്ങും കൂട്ടരും ചേര്‍ന്ന് മര്‍ദിച്ചു. പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളില്‍ മര്‍ദ്ദനത്തിന്റെ ക്രൂരത വെളിവായിരുന്നു. അയാളുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും മുന്നില്‍ വെച്ച് മരത്തില്‍ കെട്ടിയിട്ട് ഇരുമ്പ് വടികളും അരപ്പട്ടകളും കൊണ്ടായിരുന്നു അയാള്‍ ബോധരഹിതനാകുന്നതുവരെ അയാളെ അടിച്ചതും മര്‍ദ്ദിച്ചതും.

http://www.azhimukham.com/india-yogis-fake-encounter-raj-teamazhimukham/

കുടുംബം എഴുതി നല്കിയ പരാതിയില്‍ എം എല്‍ എയുടെ അനിയന്റെ പേര് നല്‍കിയിട്ടും പൊലീസ് രേഖപ്പെടുത്തിയ എഫ് ഐ ആറില്‍ അയാളെ ഉള്‍പ്പെടുത്തിയില്ല. പുറത്തുവന്ന മറ്റൊരു ദൃശ്യത്തില്‍ അച്ഛന്‍ എം എല്‍ എയുടെ സഹോദരന്‍ തന്നെ ആക്രമിച്ചു എന്നു പറയുന്നതു കേള്‍ക്കാം. എന്നാല്‍ ആയുധം കയ്യില്‍വെച്ചു എന്ന പേരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അയാള്‍ കസ്റ്റഡിയില്‍ വെച്ചു കൊല്ലപ്പെടുമെന്ന് വീട്ടുകാര്‍ ഭയന്നു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കടുത്ത പരിക്കുകള്‍ ഉണ്ടായിട്ടും കിടത്തി ചികിത്സിക്കേണ്ട കാര്യമില്ല എന്നു പറഞ്ഞു ഡോക്ടര്‍ മടക്കി. അയാളെ ജയിലിലേക്കയച്ചു.

കടുത്ത നിരാശയില്‍ പെണ്‍കുട്ടിയും കുടുംബവും ഏപ്രില്‍ 8-നു മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. “ഞാന്‍ ബാലാത്സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ നെട്ടോട്ടമോടുകയാണ്. ആരുമെന്നെ കേള്‍ക്കുന്നു പോലുമില്ല. അവരെയെല്ലാം പിടികൂടണമെന്നാണ് എന്റെ ആവശ്യം, ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും,” പെണ്‍കുട്ടി അന്ന് പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയില്‍ മരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ‘blood poisoning due to perforation of colon’ എന്നാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരമാസകലം മുറിവുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദിച്ചു എന്ന ആരോപണം പൊലീസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചതിന് ശേഷമാണിത്.

http://www.azhimukham.com/india-indianmedia-firms-ready-to-create-communalpolarisation-cobrapost/

പെണ്‍കുട്ടിയുടെ അച്ചന്റെ മരണവും തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടായതിനു ശേഷവുമാണ് യു പി സര്‍ക്കാരിന്റെ നിയമ സംവിധാനത്തിന്റെ ചക്രങ്ങള്‍ ഞെരക്കത്തോടെ ചലിക്കാന്‍ തുടങ്ങിയത്. ബി ജെ പി എം എല്‍ എയുടെ സഹോദരനെ പിടികൂടി. അന്വേഷണത്തിന് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

തന്നെ 2017 ജൂണില്‍ ബലാത്സംഗം ചെയ്തു എന്നു പെണ്‍കുട്ടി ആരോപിച്ച എം എല്‍ എ സി ബി ഐ അയാളെ ചോദ്യം ചെയ്യലിനായി ലക്നൌവിലെ വസതിയില്‍ നിന്നും ഏപ്രില്‍ 13-നു അതിരാവിലെ കൊണ്ടുപോകും വരെയും സ്വതന്ത്രനായി വിഹരിക്കുകയായിരുന്നു. മുഖ്യമന്തിയെ കാണാന്‍ ചിരിച്ചുകൊണ്ടയാള്‍ പോയിവന്നു.

ഏപ്രില്‍ 11-നു അലഹാബാദ് ഹൈക്കോടതി ഈ സംഭവത്തില്‍ സ്വമേധയാ ഇടപെട്ടു. ഏപ്രില്‍ 11 വരെയും യോഗി സര്‍ക്കാരിന്റെ കീഴില്‍ എം എല്‍ എയുടെ പേര്‍ ഒരു എഫ് ഐ ആറിലും വന്നിരുന്നില്ല.

http://www.azhimukham.com/india-why-bjp-allies-unhappy-kaybenedict/

ഏപ്രില്‍ 12-നു രാവിലെ മാത്രമാണ് തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, എന്നീ കുറ്റങ്ങള്‍ക്കും Protection of Children from Sexual Offences Act (POCSO)-നു കീഴിലും എം എല്‍ എക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിനും യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

“എന്തിനാണ് ഞങ്ങള്‍ അയാളെ അറസ്റ്റ് ചെയ്യുന്നത്? അയാളുടെ പേര് ഞങ്ങള്‍ FIR-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി സി ബി ഐ അന്വേഷണം ഏറ്റെടുക്കട്ടെ,” എന്നാണ് യു പി പൊലീസ് മേധാവി ഒ പി സിങ് ഏപ്രില്‍ 12-നു രാവിലെ പറഞ്ഞത്. ഒരു എഫ് ഐ ആര്‍ രേഖപ്പെടുത്തിക്കാന്‍ ആ പെണ്‍കുട്ടി നടത്തിയ നീണ്ട നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷവും എം എല്‍ എയെ സംരക്ഷിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ല എന്നാണ് സിങ് അവകാശപ്പെട്ടത്.

ഈ സമയത്തൊക്കെ പെണ്‍കുട്ടിയെ ഉന്നാവോയിലെ ഒരു ഹോട്ടല്‍ മുറിയില്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു സംസ്ഥാന ഭരണകൂടം. “എനിക്കവര്‍ വെള്ളം പോലും തന്നില്ല. ഞങ്ങളോടു പുറത്തു പോകരുതെന്നും പറഞ്ഞു.”

http://www.azhimukham.com/trending-yogi-adityanath-government-planning-new-ayodhya-township/

ആരാണ് കുല്‍ദീപ് സിങ് സെങ്കാര്‍?

ഉന്നാവോയിലെ ബങ്കെര്‍മൌ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഇയാള്‍ ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത് ഉന്നാവോ സീറ്റില്‍ നിന്നും ബി എസ് പി സ്ഥാനാര്‍ത്ഥിയായാണ്. കോണ്‍ഗ്രസിലായിരുന്നു രാഷ്ട്രീയ തുടക്കം. പിന്നീട് പല തവണ കക്ഷി മാറിയ ഇയാള്‍ ഉന്നാവോയിലെ പല സീറ്റുകളില്‍ നിന്നും സമാജ് വാദി പാര്‍ടി സ്ഥാനാര്‍ത്ഥയായും വിജയിച്ചു. 2017-ല്‍ ബി ജെ പിയിലേക്ക് മാറിയ ഇയാള്‍ വീണ്ടും എം എല്‍ എയായി.

ഉന്നാവോയില്‍ സെങ്കാര്‍ കുടുംബത്തിനെ സകലര്‍ക്കും ഭയമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനധികൃത മണല്‍ ഖനനം തൊട്ട് വലിയ തോതിലുള്ള അനധികൃത കെട്ടിട നിര്‍മ്മാണം വരെ അവര്‍ക്കുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘവും സര്‍ക്കാര്‍ കരാറുകള്‍ ബലം പ്രയോഗിച്ച് നേടിയെടുക്കുന്ന പതിവും അവര്‍ക്കുണ്ട് എന്നാണ് പലരും ആരോപിക്കുന്നത്.

കുല്‍ദീപ് ഒരു രാഷ്ട്രീയ സ്വാധീനമുള്ള ബാഹുബലിയായി മാറിയപ്പോള്‍ അയാള്‍ തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മിക്കതും അനുജന്‍ അതുലിനെ ഏല്‍പ്പിച്ചു. തന്റെ ഭാര്യയടക്കമുള്ള കുടുംബക്കാരെ പ്രാദേശിക ഭരണ സമിതികളിലേക്ക് വിജയിപ്പിക്കുകയും ചെയ്തു അയാള്‍.

2004-ല്‍ സെങ്കാര്‍ കുടുംബത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിച്ച ADM രാം ലാല്‍ വര്‍മയെ വെടിവെച്ച സംഭവത്തില്‍ പ്രതികളാണ് രണ്ടു സഹോദരന്മാരും. ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമ പ്രവര്‍ത്തകനെ അയാള്‍ പരസ്യമായി തല്ലുകയും ചെയ്തു.

http://www.azhimukham.com/update-bjp-mp-allegation-caste-discrimination-by-cm-yogi/

തകര്‍ന്ന ക്രമസമാധാനം

ഇത്രയൊക്കെ ചരിത്രമുണ്ടായിട്ടും ക്രമസമാധാനം മെച്ചപ്പെടുത്താന്‍ വാഗ്ദാനം ചെയ്ത ബി ജെ പി സെങ്കാറിനെ ഒപ്പം കൂട്ടുന്നത് മെച്ചമാകുമെന്നാണ് തീരുമാനിച്ചത്. യു പി സര്‍ക്കാരിന്റെ ഭരണവീഴ്ച്ചകളെ ഉന്നാവോ സംഭവം പൂര്‍ണമായും വെളിച്ചത്ത് കൊണ്ടുവരുന്നു. കഴിഞ്ഞ ദിവസമാണ്, എസ് സി/എസ് ടി നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ നടന്ന ഭാരത് ബന്ദിലെ ആക്രങ്ങളുടെ പേരുപറഞ്ഞു നൂറുകണക്കിനു ദളിത് യുവാക്കളെ പ്രതികളാക്കി കേസെടുത്ത യു പി പോലീസിനെതിരെ ബി ജെ പിയിലെ അടക്കം ദളിത് നേതാക്കള്‍ രംഗത്തുവന്നത്. യോഗി ഭരണത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുമ്പോള്‍ പൌരന്മാരുടെ ഭരണഘടനാവകാശങ്ങള്‍ ഒന്നൊന്നായി ലംഘിക്കപ്പെടുകയും നിയമവാഴ്ച്ച തകരുകയുമാണ്.

ബി ജെ പിക്ക് വേണ്ടി സര്‍ക്കാരിനെ ഉപയോഗിക്കാന്‍ തുടങ്ങിയത്തിലാണ് കുഴപ്പങ്ങളുടെ തുടക്കവും. ഈ വര്‍ഷമാദ്യം മുഖ്യമന്ത്രിയടക്കമുള്ള നൂറുകണക്കിന് ബി ജെ പി നേതാക്കള്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിച്ചത്. മുതിര്‍ന്ന ബി ജെ പി നേതാവും വാജ്പേയി മന്ത്രിസഭയിലെ അംഗവുമായിരുന്ന സ്വാമി ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസ് പിന്‍വലിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം.

http://www.azhimukham.com/india-fading-modi-glory-writes-hareeshkhare/

അതിനിടെ കഴിഞ്ഞ വര്‍ഷം വര്‍ഗീയ കലാപങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു. കലാപങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലാണ് യു പി. സ്വതന്ത്രമായി നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ശിക്ഷിക്കുകയാണ്. കലാപം ആസൂത്രണം ചെയ്ത ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ സംസാരിച്ച ബറേലി എ ഡി എമ്മിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ സഹ്റാന്‍പൂര്‍ കലാപത്തില്‍ ജില്ലാ മജിസ്ട്രേറ്റ് ലാവ് കുമാറിനെ ബന്ദിയാക്കിയ ബി ജെ പി എം പി രാഘവ് ലഖന്‍പാലിനെതിരെ ഒരു നടപടിയും എടുത്തില്ല. പകരം കുമാറിനെ പ്രാധാന്യം കുറഞ്ഞ പദവിയിലേക്ക് സ്ഥാനമാറ്റം കൊടുത്ത് ശിക്ഷിക്കുകയാണ് ചെയ്തത്.

പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഒന്നിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് ഉന്നാവോ സംഭവം ശ്രദ്ധയിലേക്ക് വരുന്നത്. ബി എസ് പി നേതാവ് മായാവതിയും എസ് പി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആക്രമണമാണ് നടത്തുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് വധിച്ചുവരുന്ന സവര്‍ണ്ണ ജാതിക്കാരുടെ ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും രാഷ്ട്രീയ അന്യായങ്ങളും യു പി സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കാട്ടുന്നതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്.

http://www.azhimukham.com/india-how-quickly-have-we-travelled-from-nirbhaya-to-asifa-edit/

Next Story

Related Stories