ന്യൂസ് അപ്ഡേറ്റ്സ്

“കത്ത് വ്യാജനിർമിതി”: വീട്ടുതടങ്കലിൽ നിന്ന് സുധ ഭരദ്വാജിന്റെ പ്രതികരണം

തന്നെയും, മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മറ്റ് അഭിഭാഷകരെയും ക്രിമിനലുകളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതാണ് കത്തിലൂടെ വെളിപ്പെടുന്നതെന്നും സുധ ഭരദ്വാജ് പറഞ്ഞു.

നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടെന്നാരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട സാമൂഹ്യപ്രവർത്തക സുധ ഭരദ്വാജ് തനിക്കെതിരായ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുന്ന എഴുത്ത് പുറത്തുവന്നു. സ്വന്തം കൈപ്പടയിലെഴുതിയ കത്തിൽ സുധ ഭരദ്വാജ് തനിക്കെതിരായ ആരോപണങ്ങളും, തങ്ങളെ പരാമർശിക്കുന്നതായി പൂനെ പൊലീസ് പറയുന്ന കത്തും കെട്ടിച്ചമച്ചതാണെന്ന് വിശദീകരിച്ചു. മാവോയിസ്റ്റുകളുമായി സുധ ഭരദ്വാജിനും കുടെ അറസ്റ്റിലായ മറ്റ് സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർക്കും പങ്കുണ്ടെന്നതിന് തെളിവുണ്ടെന്നാണ് പൂനെ പൊലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന ആയിരക്കണക്കിന് രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് അവകാശപ്പെടുന്നു.

തന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്ന കത്ത് വ്യാജമായി നിർമിച്ചതാണെന്ന് സുധ ഭരദ്വാജ് പറഞ്ഞു. നിലവിൽ ഫരീദാബാദിൽ വീട്ടുതടങ്കലിലാണ് സുധ. ഇവരെയും മറ്റ് അ‍ഞ്ചുപേരെയും അടിസ്ഥാനമില്ലാതെ അറസ്റ്റ് ചെയ്തതിന് കോടതിയുടെ വിമർശനമേൽക്കേണ്ടി വന്നിരുന്നു പൊലീസിന്. റോമിള ഥാപ്പർ അടക്കമുള്ള പ്രമുഖർ ധൈഷണികർക്കെതിരായ ഈ നീക്കങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു.

തന്നെയും, മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മറ്റ് അഭിഭാഷകരെയും ക്രിമിനലുകളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതാണ് കത്തിലൂടെ വെളിപ്പെടുന്നതെന്നും സുധ ഭരദ്വാജ് പറഞ്ഞു. തന്റെ അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴിയാണ് സുധ ഈ കത്ത് പുറത്തെത്തിച്ചത്.

ഒരു മാവോയിസ്റ്റ് എഴുതിയതെന്ന് അവകാശപ്പെടുന്ന കത്താണ് രാജ്യവ്യാപകമായി ധൈഷണികരെ അറസ്റ്റ് ചെയ്യാൻ പൂനെ പൊലീസ് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു ഗ്രനേഡ് ലോഞ്ചർ വാങ്ങിയ ശേഷം വെടിവെച്ച് കൊലപ്പെടുത്താമെന്ന് കത്തിൽ എഴുതിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി അതിൽ പരാമർശിച്ച ധൈഷണികരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു മഹാരാഷ്ട്ര പൊലീസ്. പ്രമുഖരായ മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ധൈഷണികരുമെല്ലാം ഉൾപ്പെടുന്നവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ഭീമ കൊറെഗാവിൽ ദളിത്-സവർണ സംഘർഷം നടന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തിരുന്നവരാണ് സുധ ഭരദ്വാജ് അടക്കമുള്ളവർ. മഹാരാഷ്ട്രയിലെ ദളിതരും സവർണരും തമ്മിൽ നടന്ന സംഘർഷത്തിനു പിന്നാലെ ദളിത് നേതാക്കൾ സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനെല്ലാം പുറകെയാണ് ധൈഷണികരുടെ അറസ്റ്റ് നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍