TopTop
Begin typing your search above and press return to search.

ജ. കുര്യന്‍ ജോസഫ്; ഭരണഘടനയ്ക്കു വേണ്ടി സുപ്രിം കോടതിയോട് പോലും വിയോജിപ്പ് അറിയിച്ച ന്യായാധിപന്‍

ജ. കുര്യന്‍ ജോസഫ്; ഭരണഘടനയ്ക്കു വേണ്ടി സുപ്രിം കോടതിയോട് പോലും വിയോജിപ്പ് അറിയിച്ച ന്യായാധിപന്‍

തന്റെ ഔദ്യോഗക ജീവിതത്തിലുടനീളം ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ മനോഭാവം പുലര്‍ത്തിയിരുന്നു ജസ്റ്റീസ് കുര്യന്‍ ജോസഫ്. എന്നാലത് അമിതമായ ആക്ടിവിസത്തിലേക്ക് കടക്കാതിരിക്കാന്‍ ഈ നിയമജ്ഞന്‍ പുലര്‍ത്തിയ നിതാന്തമായ ജാഗ്രതയാണ് 'ജുഡീഷ്യല്‍ ആക്ടിവിസ'ത്തിന്റെ അസ്‌കിതകളില്ലാത്ത മികച്ച ന്യായാധിപന്‍ എന്ന വിശേഷണം ജ. കുര്യന്‍ ജോസഫ് എന്ന പേരിനൊപ്പം ചേരുന്നതിന്റെ കാരണം.

ന്യായാധിപന്‍ എന്ന നിലയില്‍ ജ. കുര്യന്‍ ജോസഫ് എന്നും ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയത്. ഏറ്റവുമൊടുവില്‍ ഒരു വിയോജനക്കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ സാന്നിധ്യം വീണ്ടുമറിയിച്ചത്. വിരമിക്കുന്നതിന് ഒരുദിവസം മുന്‍പെഴുതിയ വിധിന്യായത്തില്‍ അദ്ദേഹം കുറ്റവാളിയുടെ ജീവനെടുക്കുന്ന ശിക്ഷാരീതിയോട് വിയോജിച്ചു. നിയമപുസ്തകങ്ങളില്‍ നിന്നും ഈ ശിക്ഷാവിധി എടുത്തുമാറ്റേണ്ട കാലമെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍, മരണശിക്ഷയെന്ന പ്രാകൃത ശിക്ഷാവിധികള്‍ നീക്കം ചെയ്യപ്പെടുമ്പോള്‍ കൊലത്തിനൊപ്പം സഞ്ചരിച്ച ഈ നിയമജ്ഞനെ ഓര്‍ക്കേണ്ടി വരും. ഛന്നുലാല്‍ വര്‍മ sV സ്‌റ്റേറ്റ് ഓഫ് ഛത്തിസ്ഗഢ് എന്ന കേസിന്റെ വിധിന്യായത്തിന്റെ ഇരുപത്തിമൂന്നാം ഖണ്ഡിക അവര്‍ പഠിക്കും.

ജ.കുര്യന്‍ ജോസഫിന്റെ വിയോജനക്കുറിപ്പ്

മരണശിക്ഷ അതിന്റെ ഉദ്ദേശ്യം നിര്‍വ്വഹിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ പ്രശ്‌നമാണ് കുര്യന്‍ ജോസഫ് തന്റെ വിധിന്യായത്തില്‍ ഉന്നയിക്കുന്നത്. കുറ്റം ചെയ്യാനുള്ള പ്രവണതയെ തടയുക എന്ന ലക്ഷ്യമാണ് ശിക്ഷകള്‍ക്കുള്ളത്. എന്നാല്‍ മരണശിക്ഷ പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതില്‍ ജീവപര്യന്തത്തിനുള്ളതിലധികം വിജയം കൈവരിക്കുന്നുണ്ടെന്ന് പറയാനാകില്ലെന്നാണ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം മറ്റു ചില രാജ്യങ്ങളില്‍ നിലവിലുള്ള, കുറെക്കൂടി വിശാലമായ വ്യവസ്ഥയെക്കൂടി അദ്ദേഹം വിശദീകരിച്ചു. ഗൗരവമേറിയ കുറ്റങ്ങള്‍ക്ക് മുപ്പതോ അറുപതോ വര്‍ഷത്തെ തടവിനു ശേഷമാണ് അവിടങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നത്.

ഒരു കുറ്റകൃത്യത്തിന് അതിന്റേതായ മറുപടി കിട്ടുക എന്നത് ശിക്ഷാ ന്യായങ്ങളില്‍ സുപ്രധാനമാണ്. എന്നാല്‍ അത് വൈരനിര്യാതനത്തോടെയുള്ള ഒന്നാകരുത്. 'കണ്ണിനു കണ്ണ് പല്ലിനു പല്ല്' എന്ന ന്യായത്തിന് നമ്മുടെ ഭരണഘടനാപരമായ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഇടം ലഭിക്കരുതെന്നും കുര്യന്‍ ജോസഫ് എഴുതി വെച്ചു.

ഈ വാദങ്ങളോട് ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജസ്റ്റിസ് ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവര്‍ വിയോജിച്ചു. പ്രതിയുടെ വധശിക്ഷയെ ജീവപര്യന്തമാക്കി മാറ്റണമെന്ന കുര്യന്‍ ജോസഫിന്റെ വിധിയെ അവര്‍ തള്ളി.

യാക്കൂബ് മേമന്‍ കേസ്

മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണ വാറന്റ് കുര്യന്‍ ജോസഫ് റദ്ദാക്കിയത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായി. 'യാക്കൂബ് അബ്ദുള്‍ മേമന്‍ Vs സ്‌റ്റേറ്റ് ഓഫ് മഹാരാഷ്ട്ര' കേസിലാണ് ഈ വിധിന്യായമുണ്ടായത്. ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കാന്‍ യാക്കൂബ് മേമന് കഴിയുന്നതിനു മുന്‍പു തന്നെ മരണ വാറന്റ് നല്‍കി എന്ന വാദത്തെ മുഖവിലയ്‌ക്കെടുത്താണ് അന്ന് വാറന്റ് റദ്ദ് ചെയ്തത്.

മുത്തലാക്ക് കേസിലും പുരോഗമനപരമായ നിലപാടായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിന്റേത്. മതപരമായ മൗലികസ്വഭാവത്തിന്റെ ഒഴിവാക്കാനാകാത്ത ഘടകമായി മുത്തലാക്ക് ആചാരത്തെ കാണാനാകില്ലെന്ന് കുര്യന്‍ ജോസഫ് നിരീക്ഷിച്ചു. മുത്തലാക്കിന് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം വിധിയെഴുതി. ചീഫ് ജസ്റ്റിസ് ഖേഹാറുമായി വിയോജിച്ചു കൊണ്ടായിരുന്നു ഇത്.

ദീപക് മിശ്രയും കൊളീജിയത്തിലെ പൊട്ടിത്തെറിയും

ദീപക് മിശ്ര ചീഫ് ജസ്റ്റിസ്സായിരുന്ന കാലയളവില്‍ സുപ്രീംകോടതിയില്‍ നടന്ന സംഭവവികാസങ്ങള്‍ ചരിത്രപ്രാധാന്യമര്‍ഹിക്കുന്നവയാണ്. ജസ്റ്റിസ് കെഎം ജോസഫിനെ ജഡ്ജിയായി നിയമിക്കുന്നതു സംബന്ധിച്ച പ്രശ്‌നം മുതല്‍ പുറത്തുവന്നു തുടങ്ങിയ അസ്വാരസ്യങ്ങള്‍ ജസ്റ്റിസ് ലോയ വധക്കേസിലെ അന്യായമായ ഇടപെടലുകള്‍ കൂടിയായപ്പോള്‍ ഒരു പൊട്ടിത്തെറിയായി മാറി. 2018 ജനുവരി 12നാണ് സുപ്രീംകോടതിയില്‍ എല്ലാ നടപടികളും നിര്‍ത്തി വെച്ച് കൊളീജിയം ജഡ്ജിമാരില്‍ ദീപക് മിശ്ര ഒഴികെയുള്ള നാലുപേര്‍ ചേര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ചത്. ജ. ചെലമേശ്വറിന്റെ വീട്ടിലായിരുന്നു വാര്‍ത്താസമ്മേളനം. ചെലമേശ്വറിനെ കൂടാതെ, ജ. മദന്‍ ബി ലോക്കൂര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു ഇത്തരമൊരു സംഭവം.

'ചരിത്രം നമ്മളോട് പൊറുക്കില്ല'

കൊളീജിയം ശുപാര്‍ശകള്‍ നടപ്പിലാക്കാതെ കേന്ദ്ര സര്‍ക്കാര്‍ അസാമാന്യമായ ധിക്കാരം കാണിക്കുകയും അതിനോട് പ്രതികരിക്കാതെ സുപ്രീംകോടതി നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് ജസ്റ്റിസ് കുര്യന്‍ ജോസഫ് പരസ്യമായിത്തന്നെ രംഗത്തു വരികയുണ്ടായി. സര്‍ക്കാരിന്റേത് കോടതിയുടെ ചരിത്രത്തിലൊരിടത്തും കാണാത്ത തരം നയങ്ങളാണെന്നും ഇതിനെതിരെ പ്രതികരിക്കാതിരുന്നാല്‍ ചരിത്രം നമ്മളോട് പൊറുക്കില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. കൊളീജിയം ശുപാര്‍ശകള്‍ക്ക് എന്തു സംഭവിച്ചെന്നതിനെപ്പറ്റി ഒന്നുമറിയാതെ കൊളീജിയം അംഗങ്ങള്‍ക്ക് മൂന്നുമാസത്തോളം ഇരുട്ടത്തിരിക്കേണ്ടി വരുന്ന അവസ്ഥ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമാണെന്ന് കുര്യന്‍ ജോസഫ് കത്തില്‍ പറഞ്ഞു.

ഈ കത്തുകൂടി പുറത്തുവന്നതോടെ സുപ്രീംകോടതിയിലെ റിബലുകളിലൊരാളായി കുര്യന്‍ ജോസഫിനെ പലരും കാണാന്‍ തുടങ്ങി. എന്നാല്‍, ശരിയായ വ്യവസ്ഥയെക്കുറിച്ചാണ് കുര്യന്‍ ജോസഫ് ആകുലപ്പെട്ടു കൊണ്ടിരുന്നതെന്ന് നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും. വ്യവസ്ഥയെ ശരിയായി നിലനിര്‍ത്താനും പുതുക്കാനുമുള്ള ശ്രമങ്ങളെ റിബല്‍ എന്നു വിളിച്ച് ചുരുക്കുന്നതിലും വലിയ അബദ്ധമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ജഡ്ജിമാര്‍ ഭീതിയോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കാനുള്ള ധൈര്യം കണ്ടെത്തുന്നത് ചീഫ് ജസ്റ്റിസില്‍ നിന്നല്ലെന്നും അവര്‍ അത് കണ്ടെത്തുന്നത് ഭരണഘടനയില്‍ നിന്നാണെന്നും 2014ല്‍ കുര്യന്‍ ജോസഫ് പറയുകയുണ്ടായി. ഭരണഘടനയെ മുറുകെപ്പിടിക്കുന്നതാണ് കുര്യന്‍ ജോസഫിനെപ്പോലുള്ളവര്‍ക്ക് ധൈര്യം പകരുന്നത്. ഭരണഘടനയുടെ നിലനില്‍പ്പിനു വേണ്ടി കോടതിക്കകത്തും പുറത്തും നടക്കുന്ന സമരങ്ങളുടെ ധീരരായ നായകരിലൊരാളായിത്തന്നെ കുര്യന്‍ ജോസഫ് ഭാവിയില്‍ തിരിച്ചറിയപ്പെട്ടേക്കും.

ജനനം, പഠനം, കരിയര്‍

1953 നവംബര്‍ 30നാണ് കുര്യന്‍ ജോസഫിന്റെ ജനനം. കാലടിയിലും കാഞ്ഞൂരിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃക്കാക്കര ഭരതമാതാ കോളജിലും ശ്രീകൃഷ്ണ കോളജിലുമായിരുന്നു ബിരുദപഠനം. കേരള ലോ അക്കാദമിയിലായിരുന്നു നിയമപഠനം.

1978ല്‍ കേരള സര്‍വ്വകലാശാല യുണിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് കുര്യന്‍ ജോസഫ്. 77-78 കാലയളവില്‍ അക്കാദമിക് കൗണ്‍സിലിലും ഉണ്ടായിരുന്നു. കൊച്ചിന്‍ യുണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ മെമ്പറായിരുന്നിട്ടുണ്ട്. കേരള ഹൈക്കോടതി ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെ ചെയര്‍മാനായിരുന്നു 2006 മുതല്‍ 2008 വരെ. 1987ല്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു. 1994 മുതല്‍ 96 വരെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്നു.

2000ല്‍ കേരള ഹൈക്കോടതി ജഡ്ജായി നിയമിക്കപ്പെട്ടു. 2010ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായി. 2013ലായിരുന്നു ജ. കുര്യന്‍ ജോസഫ് സുപ്രിം കോടതിയില്‍ എത്തുന്നത്. 2018 ല്‍ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഒരു ന്യായാധിപനെന്ന നിലയില്‍ തന്റെ ഭാഗം അടയാളപ്പെടുത്തിക്കൊണ്ട് വിരമിക്കുന്നു.

https://www.azhimukham.com/india-supreme-court-crisis-not-solved-says-attorney-general/

https://www.azhimukham.com/trending-supreme-court-crisis-communist-conspiracy-draja-traitor-sangh-parivar-allegation/

https://www.azhimukham.com/offbeat-supreme-court-judges-participation-for-kerala-flood-relief-fund-programme-balagopal/


Next Story

Related Stories