Top

'സാധ്യത ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക്; കോണ്‍ഗ്രസിന് 100 സീറ്റ് പോലും കിട്ടിയേക്കില്ല'

ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടമായ ഏഴാം ഘട്ടത്തിലേക്ക് അടുക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന 542 സീറ്റുകളില്‍ 483 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അവശേഷിക്കുന്നത് 59 സീറ്റുകളാണ്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ മുതല്‍ വിവിധ സാധ്യതകള്‍ വരെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും ഒപ്പം വിശാലസഖ്യവും ഒക്കെ തുടങ്ങിയും വച്ചിട്ടുണ്ട്. ഏതു രീതിയിലായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം എന്നതിനെ സംബന്ധിച്ച് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) ഡയറക്ടറും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ
സഞ്ജയ് കുമാര്‍
 'ഡെക്കാന്‍ ഹെരാള്‍ഡ്' പ്രതിനിധി ഷെമിന്‍ ജോയിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമായ ചില സൂചനകള്‍ മൂന്നോട്ടു വച്ചിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍.


സാധ്യതകള്‍

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു വരുന്നുണ്ട്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതകളാണ് ഞാന്‍ കാണുന്നത്. അതുപോലെ കോണ്‍ഗ്രസ് 100 സീറ്റില്‍ പോലും എത്തുമോ എന്നും സംശയമാണ്. അവര്‍ ഒരു 75-80ല്‍ എത്തി നിന്നേക്കും. അതില്‍ കൂടാന്‍ വഴിയില്ല. അതാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്ന ഒരു ചിത്രം.

ഹിന്ദി ഹൃദയഭൂമിയിലെ നഷ്ടം ബിജെപി ഒഡീഷയിലും ബംഗാളിലും നികത്തുമോ?

എനിക്ക് തോന്നുന്നത് ബംഗാളിലും ഒഡീഷയിലും ബിജെപി വലിയ തോതില്‍ തന്നെ സ്വാധീനമുണ്ടാക്കി കഴിഞ്ഞിട്ടുണ്ട് എന്നാണ്. 2014-നെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് അവര്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും നടത്തിയിട്ടുള്ളത്. അതുപോലെ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് സീറ്റ് കുറയും എന്നതും ശരിയാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി ഇവിടങ്ങളിലൊക്കെ 2014-ല്‍ ബിജെപി തൂത്തുവാരിയ സംസ്ഥാനങ്ങളാണ്. അവിടെ ചില സീറ്റുകളില്‍ കുറവ് വരും. പക്ഷേ, ബംഗാളിലും ഒഡീഷയിലും പ്രതീക്ഷിക്കുന്നതിനേക്കാള്‍ സീറ്റ് അവര്‍ക്ക് വര്‍ധിക്കും. ഒപ്പം ത്രിപുരയും അവര്‍ പിടിക്കും.

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം, അതിന്റെ സാധ്യതകള്‍

പ്രചരണത്തില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഉദാഹരണത്തിന് അടുത്ത ഞായറാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിന് അദ്ദേഹം ഉപയോഗിച്ചത് തന്റെ ജാതി, ക്ലാസ് ഐഡന്റിറ്റികളാണ്. താന്‍ പിന്നോക്കക്കാരനാണെന്നും എന്നാല്‍ എല്ലാവരേയും മുന്നോട്ടു നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നുമാണ് മോദി പറയുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈസ്‌റ്റേണ്‍ യുപിയിലും ബിഹാറിലുമൊക്കെ ഇത് വലിയ തോതില്‍ പ്രതിഫലിക്കും. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേവലം കോണ്‍ഗ്രസിനെ ആക്രമിച്ചു കൊണ്ടുള്ളതോ അല്ലെങ്കില്‍ ഒന്നോ രണ്ടോ വിഷയത്തില്‍ ഊന്നിയോ ഉള്ള പ്രചരണം ഫലവത്താകില്ലെന്ന് മോദിക്കറിയാം, അത് ജനങ്ങളെ മടുപ്പിക്കും. അതുകൊണ്ടു തന്നെ അദ്ദേഹം പ്രചരണ വിഷയങ്ങള്‍ നിരന്തരമായി മാറ്റിക്കൊണ്ടിരിക്കുന്നു. നേരത്തെ അത് ഗാന്ധി കുടുംബത്തിനെതിരെയുള്ള വലിയ തോതിലുള്ള ആക്രമണമായിരുന്നു, അഴിമതി, ബോഫോഴ്‌സ്, രാജീവ് ഗാന്ധി ഒക്കെ കടന്നു വന്നു. മിസ്റ്റര്‍ ക്ലീന്‍ എന്ന പ്രതിച്ഛായയുള്ള രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് അഴിമതിക്കാരന്‍ നമ്പര്‍ വണ്‍ ആണെന്നും പിന്നാലെ യുദ്ധക്കപ്പല്‍ ഉല്ലാസത്തിനായി ഉപയോഗിച്ചു എന്നുമുള്ള ആരോപണം ഉയര്‍ത്തുന്നു. ഒരു സ്ഥലത്ത് തന്റെ ജാതിയും ക്ലാസുമൊക്കെ ഉപയോഗിക്കുമ്പോള്‍ മറ്റൊരിടത്ത് കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ്- പ്രത്യേകിച്ച് ഗാന്ധി കുടുംബത്തെ. ചിലയിടത്ത് പുല്‍വാമയും ബാലാക്കോട്ടും ദേശീയ സുരക്ഷയും ഉപയോഗിക്കുന്നു. അതുപോലെ മുഴുവന്‍ ഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ എസ്.പി-ബിഎസ്പി സഖ്യത്തെ എപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കുന്നു. അവരുടെ നേതാക്കളെ ലക്ഷ്യം വയ്ക്കുന്നു. താന്‍ അല്ലാതെ ബദല്‍ ഇല്ല എന്ന് പറയുന്നതിനു പകരം 30-40 സീറ്റുകളില്‍ ജയിക്കുന്നവര്‍ പ്രധാനമന്ത്രിയാവാന്‍ സ്വപ്നം കാണുന്നു എന്നൊക്കെയാണ് പ്രചരണം നടത്തുന്നത്.

അതായത്, മോദിയുടെ പ്രചരണത്തിലെ വ്യത്യസ്തതകള്‍?

പ്രാദേശിക പാര്‍ട്ടികളെ എങ്ങനെയാണ് മോദി ഒന്നുമല്ലാതാക്കുന്നത് എന്ന് പ്രചരണം ശ്രദ്ധിച്ചാല്‍ മനസിലാകൂം. കോമാളികള്‍ എന്നാണ് അദ്ദേഹം അവരെ വിളിക്കുന്നത്. ലോക്കല്‍ കുറ്റകൃത്യങ്ങള്‍ പോലും തടയാന്‍ പറ്റാത്ത ഇവരെങ്ങനെ ഭീകരവാദം പോലുള്ളവ നേരിടുമെന്ന് ചോദിക്കുന്നു. ദേശസുരക്ഷ എന്നത് പ്രചരണം തുടങ്ങിയപ്പോള്‍ മുതല്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണെന്ന് ഉറപ്പു വരുത്തി. പാക്കിസ്ഥാനില്‍ ബോംബിട്ടത് നിങ്ങള്‍ ഓരോരുത്തരും ആണ് എന്നു തോന്നുന്നില്ലേ എന്ന് ജനക്കൂട്ടത്തോട് ചോദിക്കുന്നു. ഇത് പ്രചരണത്തിന്റെ മുഖ്യവിഷയങ്ങളിലൊന്നായി നിലനിര്‍ത്തുമ്പോള്‍ തന്നെ കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണവും തന്റെ ജാതിയും പിന്നോക്കാവസ്ഥയുമൊക്കെ ഉപയോഗിക്കുന്നു. വളരെ ശ്രദ്ധാപൂര്‍വം ഉണ്ടാക്കിയെടുത്ത ഒരു പ്രചരണ പദ്ധതി തന്നെയാണിത്.

പ്രതിപക്ഷത്തിന് മോദിയുടെ പ്രചരണത്തെ വിജയകരമായി പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ടോ?

ഉദാഹരണത്തിന് അഴിമതിയുടെ വിഷയം തന്നെ നോക്കുക. കോണ്‍ഗ്രസിനോ ഏതെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്കോ ഇക്കാര്യത്തില്‍ അധികമൊന്നും പറയാന്‍ കഴിയില്ല. അവര്‍ ചെറിയ സീറ്റുകളിലാണ് മത്സരിക്കുന്നത്, പുതിയ മുഖങ്ങളൊന്നുമില്ല. അവര്‍ക്ക് കാര്യമായ വിഷയങ്ങളൊന്നും മുന്നോട്ടു വയ്ക്കാനുമില്ല. ബിജെപി പ്രതിരോധത്തിലായ ഒരു വിഷയം ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ്. ഗ്രാമീണ മേഖലയില്‍ വലിയ തോതിലുള്ള അസ്വസ്ഥതയുണ്ട്. ഇത് ഏതെങ്കിലും വിധത്തില്‍ കണക്കുകളും മറ്റും വച്ച് പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, മറിച്ച് മറ്റുള്ള പ്രശ്‌നങ്ങള്‍, ബാലാക്കോട്ട്, ദേശ സുരക്ഷ, സ്ഥിരതയുള്ള സര്‍ക്കാര്‍ ഒക്കെ ബിജെപി വളരെ മുമ്പിലാണ്. ഇക്കാര്യത്തിലൊക്കെ ഏതെങ്കിലും വിധത്തില്‍ മോദിക്ക് മറുപടി നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. അതായത്, ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തിനേറെ, തൊഴിലില്ലായ്മ വിഷയം പോലും ജനങ്ങളെ വേണ്ട വിധത്തില്‍ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇനി ജനങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ ആ വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നത് മോദിക്കാണ്, അല്ലാതെ കോണ്‍ഗ്രസിനല്ല എന്നാണ് ജനം ചിന്തിക്കുന്നത്. കോണ്‍ഗ്രസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ ബിജെപി വളരെ മുമ്പിലാണ് എന്നു കാണാം.

Read More: ഞാന്‍ എഞ്ചിനിയറാണ്, അവിവാഹിതനും: 1992ല്‍ ഒരു കന്നഡ ടാബ്ലോയിഡിനോട് മോദി പറഞ്ഞു

Next Story

Related Stories