TopTop

രാഹുൽ ഗാന്ധി മുതൽ ജയന്ത് സിൻഹ വരെ: ഇന്ന് ഭാഗധേയം നിർണയിക്കപ്പെടുന്ന താര മണ്ഡലങ്ങളും സ്ഥാനാർത്ഥികളും

രാഹുൽ ഗാന്ധി മുതൽ ജയന്ത് സിൻഹ വരെ: ഇന്ന് ഭാഗധേയം നിർണയിക്കപ്പെടുന്ന താര മണ്ഡലങ്ങളും സ്ഥാനാർത്ഥികളും
ലോകസഭാ വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയവരുടെയെല്ലാം മണ്ഡലങ്ങളിൽ ഇന്നാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലായി 51 സീറ്റുകളിലെ ഭാഗധേയം നിശ്ചയ്ക്കപ്പെടും. ആകെ 656 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഏതാണ്ട് 8 കോടി 75 ലക്ഷം വോട്ടർമാർ ബൂത്തുകളിലേക്ക് നീങ്ങും. ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബംഗാള്‍, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രിയും മുന്‍ ഒളിമ്പിക്സ് താരവുമായ രാജ്യവർധൻ സിങ് റാത്തോഡ്, പൂനം സിൻഹ, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

ലഖ്നൗ മണ്ഡലം

ലഖ്നൗവിൽ രണ്ടാംവട്ടവും മത്സരത്തിനെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. 1991 മുതൽ ബിജെപി ജയിക്കുന്ന സീറ്റാണിത്. അടൽ ബിഹാരി വാജ്പേയിയാണ് 91 മുതൽ 2009 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014ലാണ് രാജ്നാഥ് സിങ് ഈ മണ്ഡലത്തിലേക്കെത്തിയത്. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ, നടിയും ശത്രുഘ്നൻ സിൻഹയുടെ ഭാര്യയുമായി പൂനം സിൻഹ ലഖ്നൗവിൽ രാജ്നാഥ് സിങ്ങിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് മഹാസഖ്യത്തിൽ നിന്നും മാറി നിൽക്കുന്ന കോൺഗ്രസ്സ് നരേന്ദ്രമോദി വിമർശകനായ ആത്മീയഗുരു പ്രമോദ് കൃഷ്ണത്തെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നു.

അമേത്തി

രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേത്തി മണ്ഡലമാണ് അഞ്ചാം ഘട്ടത്തിലേക്ക് പോകുന്ന മറ്റൊരു പ്രധാന മണ്ഡലം. രണ്ടാംവട്ടവും സ്മൃതി ഇറാനി രാഹുലിനെ നേരിടുന്നു. രാഹുൽ സ്മൃതിയുടെ 'ജനകീയത'യിൽ ഭയന്നാണ് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചതെന്ന ആരോപണം ബിജെപി ശക്തമായി ഉന്നയിക്കുന്നുണ്ട്. ഒരു ലക്ഷം വോട്ടിനാണ് സ്മൃതിയെ രാഹുൽ കഴിഞ്ഞവട്ടം തോൽപ്പിച്ചത്. കഴിഞ്ഞ 14 വർഷമായി അമേത്തിയെ പ്രതിനിധീകരിക്കുന്നത് രാഹുൽ ഗാന്ധിയാണ്. മണ്ഡലത്തോടുള്ള രാഹുൽ ഗാന്ധിയുടെ അവഗണന ചൂണ്ടിക്കാട്ടി സ്മൃതി കഴിഞ്ഞ അഞ്ചു വർഷവും പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് മൂലധനമാക്കി അവർ ജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

സോണിയയും ദിനേഷേ പ്രതാപ് സിങ്ങും റായ് ബറേലിയിൽ

കോൺഗ്രസ്സ് കോട്ടയായ റായ് ബറേലിയിൽ സോണിയ ഗാന്ധിക്കെതിരെ ഒരു മുൻ കോൺഗ്രസ്സുകാരനെത്തന്നെയാണ് ബിജെപി നിർത്തിയിരിക്കുന്നത്. ദിനേഷ് സിങ് പ്രതാപ് കഴിഞ്ഞവർഷമാണ് കോൺഗ്രസ്സ് വിട്ടത്. പ്രാദേശിക തലത്തിൽ ഇദ്ദേഹത്തിന് നല്ല ജനപിന്തുണയുണ്ട്. 2004 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സോണിയയാണ്. മഹാസഖ്യ സ്ഥാനാർത്ഥികളാരും സോണിയയ്ക്കെതിരെയോ രാഹുലിനെതിരെയോ നിൽക്കുന്നില്ല. ഇരുവർക്കും വോട്ട് ചെയ്യണമെന്ന ആഹ്വാനം ബിഎസ്പി കഴിഞ്ഞദിവസം നടത്തിയിരുന്നു.

രാജ്യവർധൻ റാത്തോഡും കൃഷ്ണ പൂനിയയും

ഒളിമ്പ്യനും കേന്ദ്രമന്ത്രിയുമായ രാജ്യവർധൻ സിങ് റാത്തോഡ് ആണ് രാജസ്ഥാനിലെ ജയ്പൂർ റൂറൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി. 2014ലെ ആദ്യ മത്സരത്തിൽ ഇതേ മണ്ഡലം റാത്തോഡ് പിടിച്ചെടുത്തിരുന്നതാണ്. കോൺഗ്രസ്സിന്റെ കൃഷ്ണ പൂനിയയാണ് എതിർ സ്ഥാനാർത്ഥി. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയ അത്‌ലറ്റാണ് കൃഷ്ണ പൂനിയ.

ബംഗാളിലെ ബാരാക്ക്പോർ

ബംഗാളിലെ ബാരാക്ക്പോർ മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി മുൻ റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദിയാണ്. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാര്യസ്ഥനായിരുന്ന അർജുൻ സിങ്ങാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ബിഹാറിലെ സാരൺ

മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് ബിഹാറിലെ സാരണിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ആർജെഡിയുടെ ശക്തികേന്ദ്രമാണ് ഈ മണ്ഡലം. മുൻ തെരഞ്ഞെടുപ്പുകളിൽ ലാലു പ്രസാദ് യാദവ് തുടർച്ചയായി ജയിച്ചിരുന്നത് ഈ മണ്ഡലത്തിൽ നിന്നാണ്. എന്നാൽ 2014ൽ റാബ്രി ദേവി റൂഡിയോട് തോൽക്കുകയായിരുന്നു. മുൻമന്ത്രി ചന്ദ്രികാ റായിയെയാണ് ഇവിടെ ആർജെഡി ഇത്തവണ മത്സരിക്കുന്നത്. എന്നാൽ ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപ് തന്റെ ഭാര്യാപിതാവു കൂടിയായ ഇദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത് ആർജെഡിക്ക് തിരിച്ചടിയായിട്ടുണ്ട്. ലാലുവിന്റെ ഇളയമകനായ തേജസ്വി യാദവിന് പാർട്ടിയിൽ പ്രാമുഖ്യം കിട്ടുന്നത് തേജ് പ്രതാപിന് ഇച്ഛാഭംഗമുണ്ടാക്കുന്നുണ്ട്.

ഹസരിബാഗിലെ മത്സരം

സിവിൽ ഏവിയേഷൻ മന്ത്രി ജയന്ത് സിൻഹ ജാർഖണ്ഡിലെ ഹസരിയാബാദിൽ നിന്ന് ജനവിധി തേടുന്നത് ഇന്നാണ്. ഇദ്ദേഹത്തിനെതിരെ കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ഗോപാൽ സാഹു മത്സരിക്കുന്നു. സിപിഐയുടെ ജാർഖണ്ഡ‍് സെക്രട്ടറി ബിപി മേഹ്തയാണ് മറ്റൊരു സ്ഥാനാർത്ഥി.

Next Story

Related Stories