TopTop
Begin typing your search above and press return to search.

കോൺഗ്രസും സിപിഎമ്മും വിട്ടുനിന്നു, എതിർത്തത് 8 അംഗങ്ങൾ മാത്രം, യുഎപിഎ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

കോൺഗ്രസും സിപിഎമ്മും വിട്ടുനിന്നു, എതിർത്തത് 8 അംഗങ്ങൾ മാത്രം, യുഎപിഎ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ഭേദഗതി ലോക്സഭ പാസാക്കി. ഭീകര പ്രവര്‍ത്തനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയേയും ‘ഭീകരന്‍’ എന്ന് പരിഗണിക്കാൻ അന്വേഷണ ഏജൻസിക്ക് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ബില്ല് സഭയില്‍ അവതരിപ്പിച്ചത്. 287 എം.പിമാർ നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം ലീഗ് എം.പിമാർ അടക്കം എട്ടുപേർ മാത്രമാണ് ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി, മുഹമ്മദ് അക്ബർ ലോൺ, എ.ഐ.യു.ഡി.എഫ് അംഗം ബദ്‌റുദ്ദീൻ അജ്മൽ എന്നിവരാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.

യുഎപിഎ പ്രകാരമുള്ള കേസിലെ പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതിനും എൻ.ഐ.എ ഡയറക്ടർ ജനറലിന് അധികാരം നൽകുന്നതും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ ഏജൻസിക്ക് അനുവാദം നൽകുന്നതുമടക്കമുള്ള വിവാദ ഭേദഗതികളാണ് ബില്ലിലുള്ളത്. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന വകുപ്പ് അമേരിക്കയും പാകിസ്താനും ചൈനയും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടെന്ന് ബില്ലിനെ അനുകൂലിച്ചുകൊണ്ട് ആഭ്യന്തമന്ത്രി അമിത് ഷാ വ്യക്തമാക്കി. അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കും അവരെ അനുകൂലിക്കുന്നവര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു കരുണയും ലഭിക്കില്ലെന്നും അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കി.

എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെ ലംഘനമാണ് ബില്ലെന്നും ജുഡീഷ്യൽ അവകാശങ്ങളെ ഇത് മറികടക്കുന്നുവെന്നും ഭേദഗതിയെ എതിർത്തുകൊണ്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയ ഉവൈസി, ഏതെങ്കിലും കോൺഗ്രസ് നേതാവ് ഈ നിയമപ്രകാരം അറസ്റ്റിലാകുമ്പോഴേ അവർ പഠിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.പി.എ നിയമം എതിരഭിപ്രായങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് നിയമ വാഴ്ചയെ തകർക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും എന്നും മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ ആരോപിച്ചു. അമിത് ഷാ കൊണ്ടുവന്ന ഭേദഗതി മാത്രമല്ല, അതിനെതിരെ താൻ കൊണ്ടുവന്ന ഭേദഗതിയും വോട്ടിനിടണമെന്ന് കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.

ബിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാണെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗപ്പെടുത്തുകയെന്നും വി.സി.കെ അംഗം തോൽ തിരുമവളൻ ആരോപിച്ചു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് ബില്ലെന്നായിരുന്നു സി.പിഐ അംഗം സുബ്ബരായൻ നിലപാട്. ചെറിയ വിയോജിപ്പുകളുടെ പേരിൽ പോലും ജനങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താൻ ബിൽ കാരണമാകുമെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞപ്പോൾ, നിരപരാധികളെ പീഡിപ്പിക്കാൻ നിയമം ഉപയോഗിക്കപ്പെടാമെന്ന് എൻ.കെ പ്രേമചന്ദ്രൻ ആരോപിച്ചു.

അതേ സമയം, കര്‍ക്കശ നിയമമാണ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് കോണ്‍ഗ്രസിലെ മനീഷ് തിവാരി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. രാഷ്ട്രീയമായ മുന്‍കൈയിലൂടെയാണ് പ്രശ്‌ന പരിഹാരം തേടേണ്ടത്. ടാഡ, പോട്ട നിയമങ്ങളുടെ ചരിത്രം അതാണ്. ദുരുപയോഗം മുന്‍നിര്‍ത്തിയാണ് ഈ നിയമങ്ങള്‍ പിന്‍വലിച്ചത്. വാജ്‌പേയി ഭരണകാലത്ത് പോട്ട നിയമം ലഘൂകരിക്കാന്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ട കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.

ടാഡ, പോട്ട നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നാമമാത്രം പേരാണ് ശിക്ഷിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയ അദ്ദേഹം സൈബര്‍ കുറ്റങ്ങളും ഇനി എന്‍ഐഎക്ക് അന്വേഷിക്കാമെന്ന വ്യവസ്ഥയെയും വിമർശിച്ചു. എന്നാല്‍, സൈബര്‍ കുറ്റങ്ങളില്‍ ഏതൊക്കെയാണ് ഭീകരതയുമായി ബന്ധപ്പെടുത്തുന്നത് എന്നു വ്യക്തമല്ല. ഏതു വ്യക്തിയെയും കുരുക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിക്കുന്ന നിലയാണ് ഭേദഗതി സൃഷ്ടിക്കുന്നതെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നും ബിജെപി ഈ ബില്ലില്‍ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
ഭീകരതാ കേസുകളില്‍ അന്വേഷണ അധികാരം ഡപ്യൂട്ടി സൂപ്രണ്ട് അല്ലെങ്കില്‍ എസിപി റാങ്കിലുള്ളവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി. ഇന്‍സ്‌പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉള്ളവര്‍ക്ക് കേസ് അന്വേഷിക്കാനുള്ള അധികാരം ബില്ല് എന്‍ഐഎക്ക് നല്‍കുന്നുണ്ട്.

Next Story

Related Stories