TopTop
Begin typing your search above and press return to search.

'മുസ്ലീങ്ങള്‍ ഗട്ടറുകളില്‍ കഴിഞ്ഞോട്ടെ'യെന്ന് പറഞ്ഞത് രാജീവ് ഗാന്ധിയല്ല, അത് നരസിംഹ റാവു: വെളിപ്പെടുത്തല്‍

കോണ്‍ഗ്രസ് സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പാര്‍ട്ടിയല്ലെന്നും മുസ്ലീങ്ങള്‍ക്ക് ഗട്ടറുകളില്‍ കഴിഞ്ഞാല്‍ മതിയെങ്കില്‍ ആയിക്കോട്ടെയെന്നും പറഞ്ഞത് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവാണ് എന്നും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയായി ലോക്‌സഭയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഇക്കാര്യം വിശദീകരിച്ചത്.

മുത്തലാഖ് നിരോധന ബില്ലിലെ കുറിച്ച് പരാമര്‍ശിക്കവെ, മുസ്‌ളീങ്ങളെ ഉദ്ധരിക്കുക തങ്ങളുടെ ജോലിയല്ലെന്നും മുസ്ലീങ്ങള്‍ക്ക് ഗട്ടറില്‍ തന്നെ കിടന്നാല്‍ മതിയെങ്കില്‍ അവിടെ കിടക്കട്ടെയെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു എന്നായിരുന്നു മോദി പറഞ്ഞത്. പ്രശസ്തമായ ഷാ ബാനു കേസിന്റെ പശ്ചാത്തലത്തില്‍ മോദി ഇക്കാര്യം പറഞ്ഞത് അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ഉന്നം വച്ചാണെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് അന്ന് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്ന ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഷാ ബാനു കേസുമായി ബന്ധപ്പെട്ട് ഒരു ടി.വി അഭിമുഖത്തിലാണ് ഈ വാക്കുകള്‍ ഉദ്ധരിച്ചതെന്നും അത് പറഞ്ഞത് രാജീവ് ഗാന്ധിയല്ല, അന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന നരസിംഹ റാവുവാണെന്നും പറഞ്ഞ ഖാന്‍ അതിലേക്ക് നയിച്ച കാരണങ്ങളും വിശദീകരിച്ചു. നാലു തവണ എംപി ആയിട്ടുള്ള ഖാന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. എന്നാല്‍ ഷാ ബാനു കേസില്‍ വിയോജിച്ചു കൊാണ്ട് 1986-ല്‍ അദ്ദേഹം രാജി വച്ചു. തുടര്‍ന്ന് വിപി സംഗിനൊപ്പം ചേര്‍ന്ന് ജനതാ മോര്‍ച്ച രൂപീകരിച്ച അദ്ദേഹം പിന്നീട് ബിഎസ്പിയിലും അവിടെ നിന്ന് ബിജെപിയിലും എത്തി. 2007-ല്‍ ബിജെപിയില്‍ നിന്നും രാജി വച്ചു.

ഷാ ബാനു കേസില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് രാജി വച്ചത്തിനു പിന്നാലെയുള്ള കാര്യങ്ങള്‍ ഖാന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. "രാജി വച്ച അന്ന് ഞാന്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞില്ല. ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്. അന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ല. അതിനാല്‍ ഞാന്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. പിറ്റേന്ന് രാവിലെ ഞാന്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ അവിടെ കേന്ദ്രമന്ത്രി അരുണ്‍ സിംഗ് കാത്തു നിന്നിരുന്നു. അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടു പോയി. ആരും താങ്കളെ കുറ്റപ്പെടുത്തില്ലെന്നും രാജി തീരുമാനം പിന്‍വലിച്ചു കൂടെയെന്നും രാജീവ് ചോദിച്ചു. നിരവധി പേര്‍ അന്ന് എന്നെ കണ്ട് ഈ ആവശ്യം ഉന്നയിച്ചു. മറ്റൊരു കേന്ദ്രമന്ത്രി അരുണ്‍ നെഹ്‌റു, പാര്‍ട്ടി നേതാവായിരുന്ന എല്‍ ഫൊത്തേദാര്‍ തുടങ്ങിയവര്‍ക്ക് പുറമെ ഞാന്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള മൂന്ന് കേന്ദ്രമന്ത്രിമാരും ഇതേ ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് കണ്ട് നരസിംഹ റാവു, താങ്കള്‍ ചെറുപ്പമാണെന്നും നല്ല പ്രാസംഗികനാണെന്നും മികച്ച ഭാവി മുന്നിലുണ്ടെന്നും അതിനാല്‍ രാജി വയ്ക്കുന്നത് നല്ലതെന്നും പറഞ്ഞു. ഷാ ബാനു പോലും തന്റെ നിലപാട് മാറ്റിയെന്നും റാവു ചൂണ്ടിക്കാട്ടി.


Also Read: ഗാന്ധി കുടുംബത്തിനു പുറത്തായതിനാൽ നരസിംഹറാവുവിനെയും മൻമോഹൻ സിങ്ങിനെയും അവഗണിച്ച കോൺഗ്രസ് വാജ്പേയിയെ അംഗീകരിക്കാത്തതിൽ അത്ഭുതമില്ല: മോദി

എന്നാല്‍ ഞാന്‍ പറഞ്ഞത് ഞാന്‍ രാജി വച്ചത് ഷാ ബാനുവിനു വേണ്ടിയല്ല, മറിച്ച് എന്റെ വ്യക്തിഗത അഭിമാനം സംരക്ഷിക്കാനാണ് എന്നാണ്. പ്രധാനമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് സുപ്രീം കോടതി വിധിയെ പിന്തുണച്ചു കൊണ്ട് 55 മിനിറ്റാണ് ഞാന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. എന്നാല്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ നിയമമന്ത്രി പറഞ്ഞത് സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ബില്ലാണ് അതെന്നാണ്. ഞാനതിനെ എതിര്‍ത്തു. അപ്പോള്‍ റാവു എന്നോട് പറഞ്ഞത് വിഡ്ഡിത്തം കാണിക്കരുതെന്നാണ്. വളരെ മാന്യമായി തന്നെയാണ് റാവു ഇത് പറഞ്ഞതും. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ഒരു കാര്യം മനസിലാക്കാന്‍ ശ്രമിക്കൂ. നമ്മള്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഒരു പാര്‍ട്ടിയല്ല. മുസ്ലീങ്ങള്‍ക്ക് ഗട്ടറില്‍ തന്നെ കിടക്കണമെങ്കില്‍ ആയിക്കോട്ടെ, അതിന് താങ്കള്‍ എന്തിന് രാജി വയ്ക്കണം?'."


എന്താണ് ഷാ ബാനു കേസും മുത്തലാഖ് നിരോധന ബില്ലും

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഷാ ബാനു എന്ന അഞ്ചു കുട്ടികളുടെ അമ്മയായ 62 വയസുള്ള മുസ്ലീം സ്ത്രീ, ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതിനെ തുടര്‍ന്ന് 1978-ല്‍ ആരംഭിച്ച നിയമ പോരാട്ടങ്ങളാണ് ഷാ ബാനു കേസ്. മുസ്ലീം ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മുത്തലാഖിലൂടെ വിവാഹ മോചനം നടത്തുന്നതിനെതിരെ ഷാ ബാനുവിന്റെ പരാതിയില്‍ 1986-ല്‍ സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചു. ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ് എന്നായിരുന്നു കോടതി വിധി. എന്നാല്‍ ഇതിനെതിരെ മുസ്ലീം പുരോഹിതരുടേയും മറ്റും രൂക്ഷമായ എതിര്‍പ്പ് ഉയരുകയും തുടര്‍ന്ന് അക്കാലത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ നിയമത്തെ മറികടക്കാന്‍ മുസ്ലീം വിവാഹ മോചന നിയമം പാസാക്കുകയും ചെയ്തു. ഈ നിയമം അനുസരിച്ച് വിവാഹ മോചനം നേടിയ മുസ്ലീം സ്ത്രീക്ക് ഖുര്‍ ആന്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇദ്ദ അനുഷ്ഠിക്കേണ്ട 90 ദിവസത്തേക്ക് ജീവനാംശം കൊടുക്കാന്‍ മാത്രമേ ബാധ്യതയുള്ളൂ.

ഈ വിധത്തില്‍ മുസ്ലീം സ്ത്രീകളെ മൊഴി ചെല്ലുകയും അവര്‍ക്ക് ജീവനാംശം നല്‍കാതിരിക്കുകയും ചെയ്യുന്നതിനെതിരെയാണ് സൈറാ ബാനു എന്ന സ്ത്രീ സുപ്രീം കോടതിയെ സമീപിക്കുന്നത്. 2017 ഓഗസ്റ്റ് 22-ന് സുപ്രീം കോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും വിധി പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടു വന്ന നിയമമാണ് ഇപ്പോള്‍ വിവാദമായ മുത്തലാഖ് നിരോധന നിയമം.

മറ്റെല്ലാ മതത്തിലും വിവാഹ മോചന കേസുകള്‍ സിവില്‍ കേസായി കൈകാര്യം ചെയ്യുമ്പോള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിരോധന ബില്‍ ഇതിനെ ഒരു ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. അതായത് ഈ നിയമം അനുസരിച്ച് മുസ്ലീം പുരുഷന് മൂന്നു വര്‍ഷത്തെ തടവും പിഴയും ലഭിക്കും. അതുകൊണ്ടു തന്നെ ബില്‍ മുസ്ലീം സ്ത്രീകളുടെ സംരക്ഷണത്തിനല്ല, മറിച്ച് മുസ്ലീം പുരുഷന്മാരെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, ജെഡി-യു, വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് പുറമേ മുസ്ലീം സംഘടനകളും ഇത് ക്രിമിനല്‍ കേസായി പരിഗണിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. നേരത്തെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പാസായില്ല. ഇപ്പോള്‍ 1 7-ആം ലോക്സഭയില്‍ ആദ്യ ബില്ലായാണ് മോദി സര്‍ക്കാര്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്.

Azhimukham Special: പ്രസവാവധി കഴിഞ്ഞു വന്നപ്പോള്‍ അധ്യാപികയ്ക്ക് ജോലിയില്ല, പിന്നില്‍ പിടിഎ പ്രസിഡന്റിന്റെ അപവാദപ്രചരണം; പോലീസ് കേസെടുത്തു

Next Story

Related Stories