TopTop
Begin typing your search above and press return to search.

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ

അഴിമുഖം പ്രതിനിധി

ട്വന്റി-20 പോരാട്ടത്തില്‍ ഇന്ത്യയെ ഇതുവരെ തുണച്ചിട്ടില്ലെന്ന ചരിത്രം നാഗ്പൂരും ഇന്ത്യ ഇതുവരെ തോല്‍പ്പിച്ചിട്ടില്ലെന്ന ചരിത്രം ന്യൂസിലാന്‍ഡും തിരുത്താന്‍ തയ്യാറായില്ല. ഫലം ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ പത്ത് പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്ക് വമ്പന്‍ തോല്‍വി. 47 റണ്‍സിനാണ് ന്യൂസിലാന്‍ഡിന്റെ വിജയം.

ഇന്ത്യയുടെ കൃത്യതയാര്‍ന്ന ബൗളിംഗിനു മുന്നില്‍ 126 റണ്‍സിന് ന്യൂസിലന്‍ഡ് ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ടീം ഇന്ത്യയുടെ ഏകപക്ഷീയമായ വിജയം. സമീപകാലത്തെ ബാറ്റിംഗ് ഫോംവച്ച് ഇന്ത്യയെ വെല്ലുവിളിക്കുന്ന സ്‌കോര്‍ അല്ലായിരുന്നു അത്. പക്ഷേ ഇന്ത്യ പ്രയോഗിച്ച സ്പിന്‍ ആയുധം അതിനേക്കാള്‍ മൂര്‍ച്ചയോടെ ന്യൂസിലാന്‍ഡ് തിരിച്ചു പ്രയോഗിച്ചപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് ടോപ് സ്‌കോറര്‍. ധോണിക്കു പിന്നാലെ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍ 23 റണ്‍സ് എടുത്ത വിരാട് കോഹ്ലി മാത്രമാണ്.

ഓപ്പണര്‍ ധവാനെ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ നഷ്ടമായിരുന്നു. വെറും ഒരു റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ സംഭവാന. സ്‌കോര്‍ പത്തില്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മയും പുറത്ത്. അഞ്ചു റണ്‍സെടുത്ത രോഹിതിനെ സാന്റെനറിന്റെ പന്തില്‍ ലൂക്ക് റോഞ്ചി സ്റ്റമ്പ് ചെയ്തു പുറത്താക്കുകയായിരുന്നു. തുടര്‍ന്നു റെയ്‌ന വന്നതും പോയതും ഒരുപോലെയായിരുന്നു. രണ്ടു ബോള്‍ നേരിട്ട് ഒരു റണ്‍സുമായാണ് റെയ്‌ന മടങ്ങിയത്. പിന്നീട് കോഹ്ലിക്ക് കൂട്ടായി യുവരാജ് എത്തിയപ്പോള്‍ ഇന്ത്യ വീണ്ടും പ്രതീക്ഷയിലായി. പക്ഷേ നാലു റണ്‍സ് എടുത്ത യുവരാജ് മക്കലത്തിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും ഞെട്ടി. അപ്പോഴും ക്രീസല്‍ കോഹ്ലിയുള്ളത് ആശ്വാസമായിരുന്നു. അതിനും പക്ഷേ വലിയ ആയുസുണ്ടായില്ല. ഇന്ത്യന്‍ വംശജനായ സോധി കോഹ്ലിയെ ഭ്രദ്രമായി കീപ്പറുടെ കൈകളില്‍ എത്തിച്ചു. 27 പന്തില്‍ 23 റണ്‍സുമായി കോഹ്ലി പുറത്ത്. 39 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ. ഇത്രയും സമയത്തിനുള്ളില്‍ ഇന്ത്യ ആകെ നേടിയത് വെറും മൂന്നു ബൗണ്ടറി മാത്രം. രണ്ടെണ്ണം കോഹ്ലിയും ഒരെണ്ണം യുവരാജും.കോഹ്ലിക്കു പിന്നാലെ ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യെ സാന്റെര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുമ്പോള്‍ ഇന്ത്യ വെറും മൂന്നു റണ്‍സു കൂടിമാത്രമെ തങ്ങളുടെ സ്‌കോറിനൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നുള്ളൂ. അടുത്തതായി വന്നത് രവീന്ദ്ര ജഡേജ. മൂന്നു പന്തിന്റെ ആയുസേ ജഡേജയ്ക്കും ഉണ്ടായിരുന്നുള്ളു. അതില്‍ നിന്നും ഒരു റണ്‍സുപോലും കൂട്ടിച്ചേര്‍ക്കാന്‍ ആയില്ലെന്നു മാത്രം. തുടരെ വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് ധോണി ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ബാറ്റ് വീശുകയായിരുന്നു. അശ്വിനെ കൂട്ടുപിടിച്ചു ധോണി വമ്പനടികള്‍ക്കൊന്നും മുതിരാതെ ബാറ്റ് ചെയ്യുകയായിരുന്നു. ഈ സമയം ആരാധകരുടെ മനസില്‍ വിദൂരമായൊരു വിജയപ്രതീക്ഷ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ സ്‌കോര്‍ 73 ല്‍ എത്തിയപ്പോള്‍ അശ്വിന്‍ പുറത്തായി 10 റണ്‍സായിരുന്നു അശ്വിന്റെ സംഭാവന. തൊട്ടു പിന്നാലെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ധോണിയും പുറത്ത്. മുപ്പത് പന്ത് നേരിട്ട് അത്രയും തന്നെ റണ്‍സ് ധോണി നേടിയപ്പോള്‍ അതിനൊപ്പം വെറും ഒരോ ഫോറും സിക്‌സും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യന്‍ ഇന്നിംഗിസില്‍ ആകെ പിറന്നത് നാലു ഫോറും ഒരു സിക്‌സും മാത്രമാണ്. ബാക്കിയുണ്ടായിരുന്ന ബുംമ്രയും നെഹറും സമയമൊട്ടും പാഴാക്കാതെ പവലിയനിലേക്ക് തിരിച്ചുപോന്നു. അങ്ങനെ 18.1 ഓവറില്‍ 79 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട്. ന്യൂസിലാന്‍ഡിനായി സാന്റെനര്‍ നാലോവറില്‍ 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. സോധി മൂന്നും മക്കലം രണ്ടും വിക്കറ്റും വീഴ്ത്തി.നേരത്തെ ടോസ് ജയിച്ച ധോണി ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബൗളര്‍മാരില്‍ ക്യാപ്റ്റന്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുന്ന പ്രകടനമായിരുന്നു അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആദ്യ ഓവര്‍ എറിയാനെത്തിയ അശ്വിനെ സിക്‌സറോടെയാണ് ഗുപ്ടില്‍ വരവേറ്റതെങ്കിലും അടുത്ത പന്തില്‍ ഗുപ്ടിലിനെ കൂടാരം കയറ്റി അശ്വിന്‍ പ്രതികാരം ചെയ്തു.സ്‌കോര്‍ 13 ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണറായ വില്യംസണെ റയ്‌നയുടെ പന്തില്‍ ധോണി സ്റ്റമ്പ് ചെയ്തു പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താന്‍ തുടങ്ങിയതോടെ കീവിസിന്റെ സ്‌കോര്‍ നൂറു കടക്കുമോയെന്നു വരെ സംശയിച്ചു. 34 റണ്‍സ് എടുത്ത ആന്‍ഡേഴ്‌സനായിരുന്നു അവരുടെ നിരയിലെ ടോപ് സ്‌കോറര്‍. അവസാന നിമിഷം ലൂക്ക് റോഞ്ചി നടത്തിയ മിന്നലാക്രാമണമാണ് അവരുടെ സ്‌കോര്‍ 126 ല്‍ എത്തിച്ചത്. അവസാന ഓവര്‍ എറിയാനെത്തിയ നെഹ്‌റയെ സിക്‌സും ഫോറും അടിച്ച് റോഞ്ചി 11 പന്തില്‍ നിന്നും 21 റണ്‍സെടുത്തു. ഇന്ത്യക്കായി അശ്വിന്‍, നെഹ്‌റ, ബുംമ്ര, റെയ്‌ന, ജഡേജ എന്നവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Next Story

Related Stories