UPDATES

ട്രെന്‍ഡിങ്ങ്

കമ്പനിയുടെ വിശദീകരണം അംഗീകരിച്ചു; ടിക്‌ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

ഇന്ത്യയിൽ മാത്രം 240 ദശലക്ഷം ഡൗൺലോഡുള്ള ആപ്ലിക്കേഷനാണ് ടിക്ടോക്.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക്‌ടോക് തിരികെയെത്തും. ഈ ആപ്ലിക്കേഷന്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നത് വിലക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി. ടിക്‌ടോക്കിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന കമ്പനിയുടെ മറുപടി കോടതി സ്വീകരിച്ചു.

നിരോധനത്തെ തുടർന്ന് ഗുഗിൾ പ്ലേസ്റ്റോർ ഈ ആപ്ലിക്കേഷനെ നീക്കം ചെയ്തിരുന്നു. നിരോധനം നീക്കിയതോടെ ബൈറ്റ്ഡാൻസിന് തങ്ങളുടെ ബിസിനസ്സ് തടസ്സമില്ലാതെ തുടരാൻ വഴിയൊരുങ്ങി.

ടിക്ടോക് ആപ്ലിക്കേഷൻ പോർണോഗ്രഫി പ്രോത്സാഹിപ്പിച്ചെന്നും കുട്ടികളെ ലൈംഗിക ചൂഷണത്തിലേക്ക് വഴിനടത്തിയെന്നുമുള്ള ആരോപണമാണ് കോടതി പരിശോധിച്ചത്. ഇതിന്മേൽ മദ്രാസ് ഹൈക്കോടതി കമ്പനിയുടെ വിശദീകരണം ആരായുകയും ചെയ്തിരുന്നു. ടിക്ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു കോടതിയുടെ നടപടികൾ. ഹരജിക്കാരന്റെ ആരോപണം സത്യമാണെന്ന് തെളിഞ്ഞതോടെ നിരോധനം നടപ്പിലാക്കുകയായിരുന്നു.

ഇന്ത്യയിൽ മാത്രം 240 ദശലക്ഷം ഡൗൺലോഡുള്ള ആപ്ലിക്കേഷനാണ് ടിക്ടോക്. അപകടകരമായ ചലഞ്ചുകളും മറ്റും നിറഞ്ഞ ഈ ആപ്ലിക്കേഷൻ തുടക്കം മുതൽക്കേ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ടെക്നോളജിയാണ് ഈ ആപ്പിന്റെ ഉടമ.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബൈറ്റ്ഡാൻസ് സുപ്രീംകോടതിയെ സമീീപിച്ചിരുന്നു. എന്നാൽ കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തത്. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യ നിയമങ്ങൾക്ക് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്നായിരുന്നു ബൈറ്റ്ഡാൻസിന്റെ നിലപാട്.

ടിക്ടോക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. അതിവേഗം വളരുന്ന വിപണി കൂടിയാണിത്. അരോചകമായ വീഡിയോ ചിത്രങ്ങൾ ഉൽപ്പാദിപ്പിക്കുന്നുവെന്നും, സംസ്കാരത്തെ മലിനപ്പെടുത്തുന്നുവെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു ഹരജി. കുട്ടികളെ ഉപയോഗിച്ചുകൊണ്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ അമേരിക്കയിൽ പാസ്സാക്കിയിട്ടുള്ള ‘ചിൽഡ്രൻ ഓൺലൈൻ പ്രൈവസി ആക്റ്റ്’ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യയിലും അത്തരത്തിലൊരു നിയമം അത്യന്താപേക്ഷിതമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. നിരവധി യുവാക്കൾ ആത്മഹത്യ ചെയ്യാൻ കാരണമായ ബ്ലൂവെയ്ൽ എന്ന തീക്കളിയിൽ നിന്ന് പോലും ഇന്ത്യ യാതൊരു പാഠവും പഠിച്ചിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍