TopTop
Begin typing your search above and press return to search.

'ഞാനിപ്പോഴും കോൺഗ്രസ്സുകാരൻ': ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങി മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്

ഞാനിപ്പോഴും കോൺഗ്രസ്സുകാരൻ: ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങി മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്

ബിജെപിയിൽ ചേര്‍ന്ന മകനു വേണ്ടി മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീൽ പ്രചാരണത്തിനിറങ്ങി. മകന് ജനപിന്തുണയുണ്ടാക്കാനായി ഇദ്ദേഹം സ്വകാര്യ യോഗങ്ങൾ വിളിച്ചു ചേർക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. രാധാകൃഷ്ണയുടെ മകൻ സുജയ് വിഖെ പാട്ടീൽ ആണ് ഈയിടെ ബിജെപിയിൽ ചേർന്നത്. ഇദ്ദേഹം അഹ്മദ്നഗർ ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നുമുണ്ട്. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടി നൽകിയ സംഭവമായിരുന്നു രാധാകൃഷ്ണയുടെ ആശിര്‍വാദത്തോടെ അദ്ദേഹത്തിന്റെ മകൻ ബിജെപിയില്‍ ചേർന്നത്. അഹ്മദ്നഗറിൽ നിന്ന് മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ വന്നതാണ് സുജയ് വിഖെ പാട്ടീലിനെ പാർട്ടിയിൽ നിന്നും അകറ്റിയത്.

രാധാകൃഷ്ണ വിഖെ പാ‌ട്ടീലും ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി അഹ്മദ് നഗറിൽ ഏപ്രിൽ 13ന് നടത്തിയ റാലിയിൽ ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തില്ല. പങ്കെടുക്കുമെന്ന് നേരത്തെ ഊഹങ്ങൾ പരന്നിരുന്നു. അഹ്മദ് നഗർ സഖ്യകക്ഷിയായ എൻസിപിക്ക് വിട്ടു കൊടുത്തിരിക്കുകയാണ് കോൺഗ്രസ്സ്. എൻസിപി സ്ഥാനാർത്ഥിക്കു വേണ്ടി താൻ പ്രചാരണം നടത്തില്ലെന്ന് രാധാകൃഷ്ണ വിഖെ പാട്ടീൽ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 26 സീറ്റുകൾ കോൺഗ്രസ്സും 22 സീറ്റുകൾ എൻസിപിക്കും എന്നതാണ് സംസ്ഥാനത്തെ സീറ്റ് പങ്കിടൽ ഫോർമുല. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോകസഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

അഹ്മദ്നഗർ മണ്ഡലത്തിൽ സുജയ് വിഖെ പാട്ടീലിന്റെ കുടുംബത്തിന് വലിയ സ്വാധീനമുണ്ട്. നിലവിൽ ബിജെപിയുടെ പക്കലാണ് ഈ മണ്ഡലമുള്ളത്. ഇക്കാരണത്താൽ തന്നെ സുജയ് വിഖെ പാട്ടീൽ ജയിക്കാനുള്ള സാധ്യത കൂടുതലാണ്. നാല് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 11, 18, 23, 29 എന്നീ ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ്.

അഹ്മദ്നഗറിലെ ഗ്രാമപ്രദേശങ്ങളിൽ മകനു വേണ്ടി രാധാകൃഷ്ണ വിഖെ പ്രചാരണത്തിനിറങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രഹൂരി പട്ടണത്തിലൊരിടത്ത് നൂറോളം കർഷകരെ ഇദ്ദേഹം മകനു വേണ്ടി അഭിസംബോധന ചെയ്തെന്നും അറിയുന്നു. ഈ യോഗത്തിലേക്ക് മാധ്യമങ്ങളെയൊന്നും ക്ഷണിച്ചിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന എൻഡിടിവി സംഘത്തോടെ റെക്കോർഡ് ചെയ്യരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. കരിമ്പ് കർഷകരായിരുന്നു യോഗത്തിൽ പങ്കെടുത്തവരിലധികവും. മണ്ഡലത്തിലെ പഞ്ചസാര മില്ലുകളിലധികവും വിഖെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലാണുള്ളത്. ഇക്കാരണത്താൽ തന്നെ വിഖെ കുടുംബത്തോട് വിധേയത്വം പുലര്‍ത്തുന്നവരാണ് കരിമ്പു കൃഷിക്കാർ. 'ഞങ്ങളും ഇപ്പോൾ ബിജെപിയിലാണെ'ന്ന് ഇവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

താൻ ഇപ്പോഴും കോൺഗ്രസ്സുകാരനാണെന്ന് യോഗത്തിൽ വിഖെ പാട്ടീൽ പറഞ്ഞു. എതിർപ്പ് എൻസിപിയോടാണ്. എൻസിപി നേതാവ് ശരദ് പവാറും വിഖെ പാട്ടീലും തമ്മിൽ വളരെ പണ്ടുമുതൽക്കേ ശത്രുതയുണ്ട്. ഇത് വിഖെ പാട്ടീലിന്റെ അച്ഛൻ ബാലാസാഹേബ് വിഖെ പാട്ടീലിന്റെ കാലത്തുള്ളതാണ്. ഈ ശത്രുതയാണ് വിഖെയുടെ മകന് അഹ്മദ്നഗർ സീറ്റ് കിട്ടാതിരിക്കാൻ കാരണം. ശരദ്പവാർ പിന്നിൽ കളിച്ചെന്നാണ് റിപ്പോർട്ട്.


Next Story

Related Stories