TopTop
Begin typing your search above and press return to search.

കർണാടക ആഭ്യന്തരമന്ത്രിക്കെതിരെ വ്യാജവാർത്ത: പോസ്റ്റ്കാർഡ് ന്യൂസ് സ്ഥാപകൻ മഹേഷ് ഹെഗ്ഡെ സിഐഡി പിടിയിൽ

കർണാടക ആഭ്യന്തരമന്ത്രിക്കെതിരെ വ്യാജവാർത്ത: പോസ്റ്റ്കാർഡ് ന്യൂസ് സ്ഥാപകൻ മഹേഷ് ഹെഗ്ഡെ സിഐഡി പിടിയിൽ

കർണാടക ആഭ്യന്തരമന്ത്രിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച കുറ്റത്തിന് 'പോസ്റ്റ് കാർഡ് ന്യൂസ്' സ്ഥാപകൻ മഹേഷ് വിക്രം ഹെഗ്ഡെയെ കർണാടക സിഐഡിയുടെ പിടിയിലായി. കൊഡഗിൽ വെച്ചാണ് അറസ്റ്റ് നടന്നത്. ചന്ദ്ര ഗുപ്ത ഐപിഎസ്സിന്റെ നേതൃത്വത്തിലുള്ള സിഐഡി സംഘമാണ് മഹേഷ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. കൊഡഗ് ജില്ലയിലെ വിരാജ്പേട്ടിലുള്ള ഒരു റിസോർട്ടില്‍ ഒരു പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു മഹേഷ് ഗുപ്ത.

വ്യാജ വാർത്തകൾ നിർമിക്കുന്നതിൽ കുപ്രസിദ്ധിയുള്ള വാര്‍ത്താ പോർട്ടലാണ് പോസ്റ്റ്കാർഡ്. തീവ്ര ഹിന്ദുത്വ അജണ്ടയുള്ള വ്യാജ വാർത്തകളാണ് ഇവർ പ്രചരിപ്പിക്കുന്നതെന്ന് ആരോപണം ശക്തമായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ഈ പോർട്ടല്‍ പ്രവർത്തിക്കുന്നത്.

കര്‍ണാടകയുടെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി എംബി പാട്ടീൽ, സിദ്ധരാമയ്യ മന്ത്രിസഭയിൽ ജലവിഭവമന്ത്രിയായിരുന്നപ്പോൾ എഴുതിയെന്ന ആരോപണത്തോടെ 2017ൽ പ്രസിദ്ധീകരിച്ച ഒരു കത്താണ് പോസ്റ്റ്കാര്‍ഡ് സ്ഥാപകന് വിനയായത്. സോണിയാ ഗാന്ധിക്ക് ലിംഗായത്ത് പ്രശ്നവുമായി ബന്ധപ്പെട്ട് പാട്ടീൽ എഴുതിയ കത്തെന്നായിരുന്നു അവകാശവാദം. ഇതേ കത്ത് ബിജെപി എംപിയായിരുന്നു ശങ്കേശ്വറിന്റെ 'വിജയവാണി' എന്ന കന്നഡ പത്രത്തിലും പിന്നീട് അച്ചടിച്ചു വന്നു. കർണാടക ബിജെപി യൂണിറ്റ് ഈ കത്ത് ട്വീറ്റ് ചെയ്യുകയുമുണ്ടായി. ലിംഗായത്ത് വിഭാഗത്തിനിടയിൽ എങ്ങനെ വിഭാഗീയതയുണ്ടാക്കാമെന്നതായിരുന്നു കത്തിലെ ഉള്ളടക്കം.

മന്ത്രി പാട്ടീൽ ഈ കത്ത് വ്യാജമാണെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. ഈ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ മഹേഷ് ഹെഗ്ഡെയെ പിടികൂടിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് പിന്നീടുണ്ടായേക്കും.

അതെസമയം ബിജെപി നേതാക്കൾ ഹെഗ്ഡെയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രതികാരരാഷ്ട്രീയമാണിതെന്നാണ് ആരോപണം.

ആൾട്ട്ന്യൂസും ബൂംലൈവും നടത്തിയ ഇടപെടൽ

വസ്തുതാന്വേഷണ വാർത്താ പോർട്ടലുകളായ ആൾട്ട്ന്യൂസ്, ബൂംലൈവ് എന്നിവ പ്രസിദ്ധീകരിച്ച വാർത്തകളാണ് പാട്ടീൽ എഴുതിയെന്ന് ആരോപിക്കപ്പെട്ട കത്തിന്റെ നിജസ്ഥിതി പുറത്തുവരാൻ കാരണമായത്. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത ഉപവിഭാഗമെന്ന പദവി നൽകുന്നതു സംബന്ധിച്ച പ്രശ്നം ചൂടുപിടിച്ച ഘട്ടത്തിലായിരുന്നു പോസ്റ്റ്കാർഡ് ഈ കത്ത് പ്രസിദ്ധീകരിച്ചത്. കർണാടക അസംബ്ലി തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ, മുസ്ലിം സംഘടനകളെ ഉപയോഗിച്ച് വിഭാഗീയത സൃഷ്ടിക്കാമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. 'ഗ്ലോബൽ ക്രിസ്ത്യൻ കൗണ്‍സിൽ', 'വേൾഡ് ഇസ്ലാമിക് ഓർഗനൈസേഷൻ' എന്നീ സംഘടനകളുമായി ചില മന്ത്രിമാർ ചർച്ച നടത്തിയെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ആൾട്ട്ന്യൂസിന്റെ അന്വേഷണത്തിൽ ഈ സംഘടനകൾ നിലവിലില്ലെന്ന് തെളിഞ്ഞു.

സത്യം പുറത്തുവന്നതോടെ പോസ്റ്റ്കാർഡ് ഈ റിപ്പോർട്ട് ഡിലീറ്റ് ചെയ്തു. ട്വീറ്റുകളും ഡിലീറ്റ് ചെയ്തു. ഒരു ജൈന സന്യാസിയെ മുസ്ലിം യുവാവ് ആക്രമിച്ചെന്ന് വ്യാജവാർത്ത നൽകിയതിന് മഹേഷ് ഹെഗ്ഡെ നേരത്തെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു അപകടത്തിൽ ജൈനസന്യാസി പെട്ട സംഭവത്തെയാണ് ആക്രമിക്കപ്പെട്ടെന്ന രീതിയിൽ പോസ്റ്റ്കാർഡ് പ്രസിദ്ധീകരിച്ചത്. സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആര്‍ക്കും രക്ഷയില്ലെന്ന പ്രസ്താവനയോടെയായിരുന്നു നഗ്നനായ സന്യാസിയുടെ ഫോട്ടോകള്‍ പോസ്റ്റ്കാർഡ് പ്രസിദ്ധീകരിച്ചത്. ഇത് വ്യാജ വാര്‍ത്തയാണെന്ന് ആള്‍ട്ട് ന്യൂസ് തെളിയിച്ചു. ജൈന സമുദായക്കാരുടെ പ്രസിദ്ധീകരണമായ അഹിംസ ക്രാന്തിയെ ഉദ്ധരിച്ചാണ് ആള്‍ട്ട് ന്യൂസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബൈക്കിടിച്ച് പരിക്കേറ്റ സന്യാസി മയങ്ക് സാഗറിന്റെ ചിത്രമാണ് മുസ്ലീം യുവാക്കള്‍ ആക്രമിച്ചെന്ന് പറഞ്ഞ് പോസ്റ്റ്കാർഡ് വാർത്തയാക്കിയത്.

നരേന്ദ്രമോദി ഫോളോ ചെയ്യുന്ന 'പ്രമുഖന്‍'

ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്ന 'പ്രമുഖ'രിലൊരാളാണ് മഹേഷ് ഹെഗ്ഡെ. മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം പിന്തുണയ്ക്കുകയും പ്രചാരം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സൈറ്റാണ് പോസ്റ്റ്കാർഡ്.


Next Story

Related Stories