TopTop
Begin typing your search above and press return to search.

മതം മാറിയ ദിലീപ് കുമാറേ, പാകിസ്ഥാനിലേക്ക് പോ; എ.ആര്‍ റഹ്മാന് മലയാളി സംഘപരിവാറുകാരുടെ തെറിവിളി

മതം മാറിയ ദിലീപ് കുമാറേ, പാകിസ്ഥാനിലേക്ക് പോ; എ.ആര്‍ റഹ്മാന് മലയാളി സംഘപരിവാറുകാരുടെ തെറിവിളി
"മാ തുഝേ സലാം...അമ്മാ തുഝേസലാം...വന്ദേമാതരം..." ഒരുപക്ഷെ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബംഗാളിയില്‍ എഴുതിയ ഒറിജിനല്‍ വന്ദേമാതരത്തേക്കാള്‍ ജനപ്രീതി നേടിയത് എ.ആര്‍ റഹ്മാന്റെ വന്ദേമാതരമായിരിക്കാം. യാതൊരു സാമുദായിക മുന്‍വിധികളും വര്‍ഗീയതയും ഈ പാട്ടിലുണ്ടായിരുന്നില്ല. റഹ്മാന് വേണ്ടി മെഹബൂബ് ആലം കോട്വാളാണ് ഈ പാട്ടെഴുതിയത്. 'അമര്‍ ഷോനാര്‍ ബംഗ്ലാ'യില്‍ ടാഗോര്‍, ബംഗാളിനെ അഭിസംബോധന ചെയ്ത പോലെ, മെഹബൂബും റഹ്മാനും ഇന്ത്യയെ, അതിന്‍റെ ബഹുസ്വരതയെ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്തു, കെട്ടിപ്പിടിച്ചു. "തൂ ഹീ മേരി മൊഹബത്ത് ഹേ, തേരെ ഹി പേരോം മെ ജന്നത് ഹേ" (നീയാണെന്റെ സ്‌നേഹം, നിന്‍റെ കാല്‍പാദങ്ങളിലാണ് സ്വര്‍ഗം) എന്നാണ് പറയുന്നത്. റഹ്മാന്റെ സംഗീത പ്രഭയ്ക്ക് മുന്നില്‍ മെഹബൂബിന്റെ വരികള്‍ അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും അത് റഹ്മാന്റെ സൃഷ്ടിക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. തിരിച്ച് റഹ്മാന്‍റെ സംഗീതം വരികള്‍ക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് 1997ല്‍ എ.ആര്‍ റഹ്മാന്‍ പുറത്തിറക്കിയ 'വന്ദേമാതരം' എന്ന ആല്‍ബം, പ്രത്യേകിച്ച് അതിലെ ഈ ടൈറ്റില്‍ സോംഗ് സമാനതകളില്ലാത്ത വിധമാണ് ജനഹൃദയങ്ങളും സംഗീത വിപണിയും കീഴടക്കിയത്. സിനിമാ ഇതര ആല്‍ബങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട റെക്കോഡ് ഇപ്പോഴും റഹ്മാന്റെ വന്ദേമാതരത്തിലാണ്. ആ പാട്ട് ഇന്ത്യക്കാരുടെ ഹൃദയങ്ങളെ ത്രസിപ്പിക്കാന്‍ തുടങ്ങി 20 വര്‍ഷമായപ്പോഴേക്കും, ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിലോ സ്വാതന്ത്ര്യസമരത്തിലോ ഒരു പങ്കുമില്ലാത്ത സംഘപരിവാറിന് എആര്‍ റഹ്മാനും പാകിസ്ഥാനിലേക്ക് പോകേണ്ടയാളായിരിക്കുന്നു. സംഘപരിവാറിനെയോ ബിജെപിയേയോ മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനകളേയോ ഒരു തരത്തിലും വിമര്‍ശിക്കാത്ത വ്യക്തിയാണ് എ.ആര്‍ റഹ്മാന്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തുക മാത്രമാണ് റഹ്മാന്‍ ചെയ്തത്.

മലയാളികളായ സംഘപരിവാര്‍ അനുകൂലികളാണ് കൂടുതലായും എ.ആര്‍ റഹ്മാനും അദ്ദേഹത്തിന്റെ പിതാവിനും കുടുംബത്തിനും നേരെ അസഭ്യവര്‍ഷവും അധിക്ഷേപ പരാമര്‍ശവുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധിക്കണം. എ.ആര്‍ റഹ്മാന്‍ ലോകത്തിന് മുന്നില്‍ എങ്ങനെയാണ് ഇന്ത്യയെ പ്രതിനീധികരിക്കുന്നതെന്നോ ഒരു ആഗോള വ്യക്തിത്വമായി അദ്ദേഹം എങ്ങനെ ഉയര്‍ന്നെന്നോ അദ്ദേഹത്തിന്റെ പ്രതിഭാധനനായിരുന്ന പിതാവ് ആര്‍കെ ശേഖര്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് എന്തായിരുന്നു എന്നോ സംഘപരിവാറിന് അന്വേഷിക്കേണ്ട ആവശ്യമുണ്ടാവില്ല. പക്ഷെ 'എന്റെ ഇന്ത്യ ഇതല്ല' എന്ന് പറയാനുള്ള അവകാശം റഹ്മാനുണ്ട്. അത് റഹ്മാന് മാത്രം തോന്നുന്ന കാര്യമല്ല. ഇന്ത്യയുടെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഇന്ത്യന്‍ ഭരണഘടനയിലും അഭിമാനിക്കുന്ന ഏതൊരു വ്യക്തിക്കും തോന്നുന്ന അസ്വസ്ഥതയും പ്രതിഷേധവുമാണ് റഹ്മാനും പ്രകടിപ്പിച്ചത്. സംഘപരിവാറിനോട്‌ അനുഭാവമില്ലാത്ത ഏതൊരു ഇന്ത്യക്കാരനും സ്വാഭാവികമായും തോന്നുന്ന കാര്യം. ഗൗരി ലങ്കേഷിന്‍റെ കൊലപാതകം അത്രക്ക് വേദനിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ തോന്നുന്ന അസ്വസ്ഥതയും പ്രതിഷേധവുമാണ് റഹ്മാനും പ്രകടിപ്പിച്ചത്.

ആഗോളവത്കരണകാലത്ത് തമിഴ് പ്രാദേശികസ്വത്വങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ പ്രാദേശികതകളുമായി വിളക്കിച്ചേര്‍ക്കുന്നതില്‍ റഹ്മാന്റെ ജനപ്രിയ സംഗീതവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആദ്യ ചിത്രമായ റോജ മുതലുള്ള സിനിമകളില്‍ ഇത് കാണാം. പിന്നീടുള്ള പല ചിത്രങ്ങളിലും ഇത് പ്രകടമായി. തീവ്രദേശീയതയെ ആഘോഷിക്കുന്നതും ഇളക്കിവിടുന്നതുമായ ചിത്രം എന്നാണ് പല നിരൂപകരും റോജയെ വിലയിരുത്തിയിട്ടുള്ളത്. ഭരണകൂടത്തോട് വിധേയത്വം ആവശ്യപ്പെടുന്ന ചിത്രമെന്നും സൈന്യത്തെ ആദര്‍ശവത്കരിക്കുന്ന ചിത്രമെന്നും കാശ്മീരിനെ, പ്രാദേശിക സ്വത്വമില്ലാത്ത ഒരു പാന്‍ ഇന്ത്യന്‍ ഭൂപ്രദേശമാക്കി കാണുന്ന ചിത്രമെന്നും എല്ലാം റോജ പഴി കേട്ടു. മനോമണിയം സുന്ദരം പിള്ളയുടെ 'തമിഴ് തായ് വാഴ്ത്തി'നൊപ്പം ദേശീയഗാനമായ ജനഗണമനയ്ക്ക് തമിഴ്‌നാട്ടില്‍ പ്രാധാന്യം കൂടുതലായി കല്‍പ്പിക്കപ്പെട്ട് തുടങ്ങിയത് പോലും റോജയുടെ റിലീസിന് ശേഷമാണ് എന്ന് പോലും പലരും അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരം മാറ്റങ്ങളില്‍ എആര്‍ റഹ്മാന്റെ സംഗീതം തന്നെയാണ് വലിയ പങ്ക് വഹിച്ചിരിക്കുന്നത്. 'തമിഴാ തമിഴാ' എന്ന പാട്ട് പോലും ഈ പ്രാദേശികതയെ ഒരൊറ്റ ദേശീയതയുടെ ഭാഗമാക്കുന്ന വികാരമുണ്ടാക്കുന്നുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കുകയും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുകയും ചെയ്ത് സംഘപരിവാര്‍ ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ ശക്തിയായി മാറുകയും, ഇന്ത്യ സ്വയം ഒരു കമ്പോളമായി ലോകത്തിന് മുന്നില്‍ വാതില്‍ തുറന്നുകൊടുക്കുകയും ചെയ്ത കാലത്താണ് എആര്‍ റഹ്മാന്‍ എന്ന സംഗീതവിസ്മയത്തിന്‍റെ പിറവി. ആ കാലത്താണ് റഹ്മാന്‍ ഉര്‍വസിയോടും ഇന്ത്യയോടും take it easy എന്ന് പറയുന്നത്. ഒന്നും അത്ര easy ആയിരുന്നില്ല എന്ന്‍ റഹ്മാന്‍ ഇപ്പോള്‍ കരുതുന്നുണ്ടാകുമോ എന്ന്‍ അറിയില്ല. പക്ഷെ റഹ്മാനെ പോലുള്ള സംഗീതജ്ഞര്‍ക്ക് എല്ലാകാലത്തും ഇത്തരം സാന്ത്വനങ്ങളിലൂടെ മുറിവുണക്കാന്‍ ശ്രമിക്കാനേ കഴിയൂ. എന്നാല്‍ പ്രതീക്ഷകള്‍ നശിക്കുന്ന കാലത്ത് വ്യവസ്ഥിതികളോട് സമരസപ്പെടുമ്പോളും വിമത സ്വഭാവം ഇടയ്ക്കിടെ പ്രകടമാക്കാന്‍ റഹ്മാന്‍ സംഗീതം മറന്നില്ല. വ്യത്യസ്ത ശബ്ദങ്ങളെ ആഘോഷിക്കുന്ന റഹ്മാന് ആവര്‍ത്തിക്കുന്ന വിധേയത്വ ശബ്ദങ്ങളോട് അധികം സമരസപ്പെടാനാവില്ല. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന അസഹിഷ്ണുതകളെ അംഗീകരിക്കാനുമാവില്ല. അത് എല്ലായ്പ്പോലും വിമത ശബ്ദങ്ങള്‍ അടക്കമുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ക്ക് വേണ്ടി കാത് കൂര്‍പ്പിച്ചിരിക്കും. റഹ്മാന്റെ സ്റ്റുഡിയോ റെക്കോഡിംഗ് സമയം തന്നെ അര്‍ധരാത്രിക്ക് ശേഷമായിരുന്നല്ലോ. ശബ്ദങ്ങള്‍ക്ക് വേണ്ടിയുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പാണത്. ക്ഷമയുള്ള ഒരു കേള്‍വിക്കാരനെ നല്ല മനുഷ്യനാവാന്‍ കഴിയൂ.സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതം സിനിമയാക്കിയ ശ്യാം ബെനഗലിനോ, ഭഗത് സിംഗിനെക്കുറിച്ച് ചിത്രമൊരുക്കിയ രാജ്കുമാര്‍ സന്തോഷിക്കോ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും മംഗള്‍ പാണ്ഡെയുടേയും കഥ പറയുന്ന കേതന്‍ മേത്തയ്‌ക്കോ കൊളോണിയല്‍ ഭരണകൂടത്തിനെതിരായ ഇന്ത്യന്‍ മര്‍ദ്ദിത വര്‍ഗത്തിന്റെ, ക്രിക്കറ്റിലൂടെയുള്ള അതിജീവന പോരാട്ടം പറയുന്ന അശുതോഷ് ഗവാരിക്കറിനോ, ഇന്ത്യന്‍ ദേശീയതയെയും ഇന്ത്യന്‍ ബഹുസ്വരതയേയും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന മറ്റൊരു സംഗീത്തെക്കുറിച്ച് ആലോചിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ദീന്‍ ഇലാഹി എന്ന ഉട്ടോപ്യന്‍ സ്വപ്നം കാണുകയും സൂഫി സംഗീതത്തില്‍ സ്വയം മറക്കുകയും ചെയ്യുന്ന അക്ബര്‍ ചക്രവര്‍ത്തിക്ക് മറ്റാരാണ്‌ സംഗീത പശ്ചാത്തലമൊരുക്കുക, "ലൂസ് കണ്ട്രോള്‍, ഐ ആം എ റിബല്‍" എന്ന് പാടിക്കഴിഞ്ഞ് ലത മംഗേഷ്കറിനെക്കൊണ്ട് "ലുക ചുപി ബഹുത് ഹുയി സാംനെ ആജാ" എന്ന് പറഞ്ഞ് മറ്റാരാണ്‌ നമ്മെ വിളിപ്പിക്കുക? റഹ്മാന്‍ ഇല്ലെങ്കില്‍ പിന്നെ ആര് എന്ന് മാത്രമായിരിക്കും ഇവരെല്ലാം ആലോചിച്ചിട്ടുണ്ടാവുക.

ദിലീപ് കുമാറിനെയല്ല ഇന്ത്യയിലെ ജനങ്ങള്‍ അറിയുന്നത്. അവര്‍ക്കറിയാവുന്നത് അള്ളാ രാഖ റഹ്മാനെയാണ്. പക്ഷെ ഇതെന്റെ ഇന്ത്യയല്ല എന്ന് പറയുമ്പോള്‍ സംഘപരിവാറിന് റഹ്മാന്‍ പെട്ടെന്ന് മതം മാറിയ ദിലീപ് കുമാറാവുകയാണ്. ഘര്‍ വാപ്പസി നടത്തി പശ്ചാത്തപിച്ച് വീണ്ടും ദിലീപ് കുമാര്‍ ആവേണ്ടയാള്‍. ഒരു മലയാളി സംഘി ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് റഹ്മാന് ആളുകളെ മുന്‍പത്തെ പോലെ മതം മാറ്റാന്‍ കഴിയാത്തതിന്‍റെ നിരാശയാണ് എന്നാണ്. ഇങ്ങനെ കുറിച്ച് അയാള്‍ ചെവിയില്‍ ഹെഡ് സെറ്റ് വച്ച് കേള്‍ക്കാന്‍ പോകുന്ന പാട്ടുകളില്‍ റഹ്മാന്‍റെ പാട്ടുകളൊന്നും ഇല്ലാതിരിക്കാന്‍ സാധ്യതയില്ല.

സംഘപരിവാറിന് പൊതുവെ പ്രിയങ്കരനും അവര്‍ക്ക് യാതൊരു അലോസരവുമുണ്ടാക്കിയിട്ടില്ല എന്നു മാത്രമല്ല, 'ഉത്തമ മുസ്ലീം' എന്ന പ്രയോഗത്തിന് സംഘപരിവാര്‍ ചൂണ്ടിക്കാട്ടുന്ന ആളുമായ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു എന്നും കരുതുക, മധ്യവര്‍ഗത്തിന്റെ പ്രിയപ്പെട്ട ഐക്കണായ അദ്ദേഹത്തിനും സംഘികള്‍ പാകിസ്ഥാനിലേയ്ക്ക് ടിക്കറ്റ് എടുത്തുകൊടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. റഹ്മാന്റെ സംഗീതം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശികതകളില്‍ നിന്ന് കടമെടുത്തിട്ടുണ്ടെങ്കിലും അത് ഇന്ത്യയുടെ ആത്മാവിനെ ആഴത്തില്‍ തൊടാന്‍ കഴിയുന്ന ഒന്നാണ്. അത് സംഘപരിവാറിന്റെ അതിര്‍ത്തികള്‍ക്കോ വരകള്‍ക്കോ ഉള്ളില്‍ ഒതുങ്ങിനില്‍ക്കാത്ത ഒന്നുമാണ്. എആര്‍ റഹ്മാനും റഹ്മാനെ പോലെ "ഇത് എന്‍റെ ഇന്ത്യയല്ല" എന്ന് കരുതുന്നവര്‍ക്കും സംഘപരിവാറിനോട്‌ ഇത്രയേ പറയാനുണ്ടാകൂ: "മിടാനെ സെ നഹി മിട്തെ, ഡരാനെ സെ നഹി ഡര്‍തെ" (നിങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കിയാല്‍ ഞങ്ങള്‍ ഇല്ലാതാവില്ല, നിങ്ങള്‍ ഭയപ്പെടുത്താന്‍ നോക്കിയാല്‍ ഞങ്ങള്‍ പേടിക്കില്ല).

https://www.azhimukham.com/vayicho-i-was-contemplated-suicide-till-25-hated-old-name-dileep-kumar-ar-rahman/

Next Story

Related Stories