മല്യ കണ്‍വെട്ടത്തുണ്ട്; പക്ഷേ, 7000 കോടി രൂപ രാജ്യത്തു നിന്ന് കടത്തിയ ആ രണ്ടാമന്‍ എവിടെ?

ആ രണ്ടാമന്റെ കാര്യം മല്യയേക്കാള്‍ അമ്പരപ്പിക്കുന്നതാണ്, ഒപ്പം മല്യയേക്കാള്‍ ക്രിമിനലും.

ഇന്ത്യയില്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും അത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തവരില്‍ ഏറ്റവും മുന്നിലുള്ളത് വിജയ് മല്യയാണെന്ന് നമുക്കറിയാം, അയാള്‍ ജീവിക്കുന്നത് ലണ്ടനിലാണെന്നും. അങ്ങനെയെങ്കില്‍, ഇതേ വിധത്തില്‍ ബാങ്ക് വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ പട്ടികയില്‍ അടുത്തതാരാണ്?

ആ രണ്ടാമന്റെ കാര്യം മല്യയേക്കാള്‍ അമ്പരപ്പിക്കുന്നതാണ്, ഒപ്പം മല്യയേക്കാള്‍ ക്രിമിനലും. അയാളുടെ പേരാണ് ജതിന്‍ മേഹ്ത. അയാളുടെ മേഖല- ഡയമണ്ട് കച്ചവടം. ഉന്നതങ്ങളുമായുള്ള പിടിപാട്- ഗൗതം അദാനിയുടെ കുടുംബവുമായുള്ള വിവാഹബന്ധം. ഇപ്പോള്‍ എവിടെ- ആര്‍ക്കും തന്നെ ധാരണയില്ല.

വിന്‍സം ഗ്രൂപ്പിന്റെ മേധാവിയാണ് ജതിന്‍ മേഹ്ത. അയാളും കമ്പനിയും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുക 7,000 കോടി രൂപ. വിശ്വസനീയ വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് മേഹ്തയും ഭാര്യയും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിരിക്കുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഇല്ലാത്ത ഫെഡറേഷന്‍ ഓഫ് സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലെ പൗരത്വം അവര്‍ സ്വീകരിച്ചിരിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്നും വിശ്വസനീയ വൃത്തങ്ങള്‍ പറയുന്നു.

മേഹ്തയുടെ കേസില്‍, ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വഴി പണം പുറത്തക്ക് കടത്താന്‍ മേഹ്ത ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്നതിന്റെ തെളിവുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

ഡയമണ്ട് ഇന്റലീജന്‍സ് ബ്രീഫിംഗ് എന്ന ഈ വ്യാപാര മേഖലയിലെ മാഗസിന്‍ നല്‍കുന്ന വിവരമനുസരിച്ച് ദുബായ് ആസ്ഥാനമായുള്ള മൂന്നു കമ്പനികള്‍ 2012-ല്‍ വിന്‍സം ഗ്രൂപ്പിന് നല്‍കാനുള്ള തുകയില്‍ വീഴ്ച വരുത്തി. ഇതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ബാങ്കില്‍ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല എന്ന് വിന്‍സം ഗ്രൂപ്പും പറയുന്നു. എന്നാല്‍ ഈ മൂന്നു കമ്പനികളും വിന്‍സം ഗ്രൂപ്പുമായി ഏറെക്കാലമായി ബന്ധമുള്ളതാണെന്നാണ് മാഗസിന്‍ പറയുന്നത്. ഈ കമ്പനികള്‍ക്ക് മേല്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും അതിനാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് തങ്ങളല്ല ഉത്തരവാദിയെന്നുമുള്ള വിന്‍സം ഗ്രൂപ്പിന്റെ അവകാശവാദം ശരിയല്ലെന്നും. ഫലത്തില്‍ ബാങ്കുകള്‍ക്ക് 7000 കോടി രൂപ നഷ്ടപ്പെടുന്നു.

ഈ മൂന്ന് കമ്പനികളും -Italian Gold FZE, Al Mufied Jewellery FZC and Al Alam Jewellery FZE – ഏറെക്കാലമായി വിന്‍സം ഗ്രൂപ്പിന്റെ ഭാഗമായിക്കൊണ്ട് ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നവയാണ്. ഇത്തരത്തില്‍ തങ്ങളുമായി സഹകരിക്കുന്നവരെ ‘Jewellery block policies’ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് വിന്‍സം ഗ്രൂപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ ഒരു കമ്പനി, Italian Gold FZE 2005 മുതല്‍ വിന്‍സം ഗ്രൂപ്പിന്റെ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.

15 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കണക്കനുസരിച്ച് ഇപ്പോള്‍ 7,000 കോടി രൂപയാണ് വിന്‍സം ഗ്രൂപ്പ് ഈ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.

മൂന്നു ഗ്രൂപ്പ് കമ്പനികളുടെ പേരിലാണ് വിന്‍സം ഗ്രൂപ്പ് ഈ തുക വായ്പയായി എടുത്തിരിക്കുന്നത്. Winsome Diamond & Jewellers – 4,366 കോടി,  Forever Precious Diamond and Jewellery – 1,932 കോടി, Suraj Diamonds- 283 കോടി എന്നിങ്ങനെയാണിത്‌.

2013 മുതല്‍ ഈ വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഗ്രൂപ്പ് വീഴ്ച വരുത്തിത്തുടങ്ങി. ആ വര്‍ഷം ഒക്‌ടോബറില്‍ ബാങ്കുകള്‍ ഈ ഗ്രൂപ്പിനെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി പ്രഖ്യാപിച്ചു.

2014-ല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ക്രിമിനല്‍ അന്വേഷണം നടത്തുന്നതിന് കേസ് സി.ബി.ഐക്ക് കൈമാറി.

കേസന്വേഷണം ആരംഭിക്കുന്നു എന്നു വന്നതോടെ ജതിന്‍ മേഹ്തയും ഭാര്യയും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കരീബിയന്‍ ദ്വീപുകളിലെ അറിയപ്പെടുന്ന ‘ടാക്‌സ് ഹെവന്‍’ ആയ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലെ പൗരത്വം സ്വീകരിച്ചു കഴിഞ്ഞതായാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

രാജ്യത്തെ രണ്ടാമത്തെ വലിയ വായ്പാ തട്ടിപ്പുകാരായി വിന്‍സം ഡയമണ്ട്‌സിനെ ഇന്ത്യന്‍ ബാങ്കുകള്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന് 4,680 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന് 2121.82 കോടി രൂപയുമാണ് മേഹ്ത തിരിച്ചടയ്ക്കാനുള്ളത്.

ഈ സംഭവങ്ങളെയെല്ലാം മൂടി നില്‍ക്കുന്ന ഒന്നാണ് മേഹ്ത കുടുംബത്തിന് അദാനി കൂടുംബവുമായുള്ള ബന്ധം. മേഹ്തയുടെ മകന്‍ സൂരജ് വിവാഹം കഴിച്ചിരിക്കുന്നത് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനിയുടെ മകള്‍ കൃപയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമായുള്ള അടുപ്പവും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍