TopTop
Begin typing your search above and press return to search.

ബിജെപി കൈയടക്കിയ ഓഫീസ് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ തിരിച്ചുപിടിച്ചു; ഓഫീസിന്റെ ചുമരില്‍ പാര്‍ട്ടി ചിഹ്നം വരച്ച് മുഖ്യമന്ത്രി

ബിജെപി കൈയടക്കിയ ഓഫീസ് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ തിരിച്ചുപിടിച്ചു; ഓഫീസിന്റെ ചുമരില്‍ പാര്‍ട്ടി ചിഹ്നം വരച്ച് മുഖ്യമന്ത്രി
ബിജെപി ഓഫീസിൽ കടന്നുചെന്ന് ചുവരെഴുത്തുകള്‍ മായ്ച്ച് സ്വന്തം പാർട്ടിയുടെ പേരും ചിഹ്നവും വരച്ചുവെച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സ് നേതാവും ചിത്രകാരിയുമായ മമതാ ബാനർജി. ഈ ഓഫീസ് തങ്ങളിൽ നിന്നും ബിജെപി അക്രമത്തിലൂടെ പിടിച്ചെടുത്തതാണെന്നാണ് തൃണമൂൽ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി വ്യാപകമായ ചെറു കലാപങ്ങളും അക്രമങ്ങളും സംഘടിപ്പിച്ചെന്ന് തൃണമൂൽ ആരോപിക്കുന്നുണ്ട്.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാതി മേഖലയിലാണ് സംഭവം. മെയ് മുപ്പതാം തിയ്യതി നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ മമതാ ബാനർജി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു ബിജെപിയുടെ പ്രാദേശിക ഓഫീസിലേക്ക് പെയിന്റും ബ്രഷുമായി മമത ചെന്നത്.

ഓഫീസിന്റെ ഷട്ടറിൽ ബിജെപിയുടെ താമരച്ചിഹ്നം മായ്ച്ചു കളഞ്ഞ് അതിന്മേൽ തന്റെ പാർട്ടിയുടെ ചിഹ്നം മമത വരച്ചു ചേർത്തു. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നന്നായി ചിത്രം വരയ്ക്കുന്നയാളാണ് മമത. ഇവർ വരച്ച ചിത്രം 9 കോടി രൂപയ്ക്ക് വിറ്റുപോയത് ഈയിടെ വാർത്തയായിരുന്നു.

മമതയെ വഴിനീളെ പ്രകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ തുടരുകയാണ്. ഇതേ പരിപാടിക്കിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ ജയ് ശ്രീരാം എന്ന മുദ്രാവാക്യമുയർത്തി. ഇതിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു.

പ്രദേശത്തെ തൃണമൂൽ പ്രവർത്തകരും കെട്ടിടത്തിന്റെ ഉടമയും ബിജെപിയിലേക്ക് മാറിയതിനെ തുടർന്നാണ് കെട്ടിടം ബിജെപി ഓഫീസായി പരിണമിച്ചതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.




Next Story

Related Stories