Top

മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു: ഐക്യ ഇന്ത്യ റാലിയില്‍ മമത ബാനര്‍ജി

മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു: ഐക്യ ഇന്ത്യ റാലിയില്‍ മമത ബാനര്‍ജി
മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത ബാനര്‍ജി. 23 പാര്‍ട്ടികളാണ് ഈ റാലിയില്‍ പങ്കെടുക്കുന്നത്. മോദി സര്‍ക്കാരിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞിരിക്കുന്നു - മമത പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരെല്ലാം ബിജെപിയില്‍ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും മമത പറഞ്ഞു. "ബിജെപി ഹഠാവോ, ദേശ് ബച്ചാവോ, ജയ് ഹിന്ദ്, വന്ദേ മാതരം" എന്ന് പറഞ്ഞാണ് മമത ബാനര്‍ജി പ്രസംഗം അവസാനിപ്പിച്ചത്.
ബിജെപിയാകുന്നതിന് മുന്‍പ് ഞാന്‍ ഇന്ത്യാക്കാരനെന്ന് വിമത ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്ഹ. "നമ്മള്‍ ഇവിടെ എത്തിയിരിക്കുന്നത് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കാനാണ്. വികസനം മാത്രമാണ് രാജ്യം ആവശ്യപ്പെടുന്നത്. തത്വങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സിന്‍ഹ നോട്ട് നിരോധനത്തെയും ജി എസ് ടിയെയും കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരമെന്ന് ഡി എം കെ പ്രസിഡണ്ട് എം കെ സ്റ്റാലിന്‍. "രാജ്യത്ത് പ്രതിപക്ഷമേ ഇല്ലെന്നാണ് മോദി പറഞ്ഞത്. ഇന്നദ്ദേഹം പ്രതിപക്ഷത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. പ്രതിപക്ഷം ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്ന് അദ്ദേഹം ഭയക്കുന്നു." സ്റ്റാലിന്‍ പറഞ്ഞു. വീണ്ടും മോദി തന്നെയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ ഇന്ത്യ 50 കൊല്ലം പിറകിലേക്ക് പോകുമെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.ഇത്രയധികം നുണകൾ പടച്ചുവിട്ട മറ്റൊരു സർക്കാരുണ്ടായിട്ടില്ലെന്ന് അരുൺ ഷൂരി. രാജ്യത്ത് ഇത്രയധികം സ്ഥാപനങ്ങൾ മറ്റൊരു സർക്കാരിന്റെ കാലത്തും തകർക്കപ്പെട്ടിട്ടില്ല. സിബിഐ, എസ്ബിഐ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും ഈ സർക്കാർ കെടുതികളാണ് സമ്മാനിച്ചത്.
ഒരു വ്യക്തിയെ അധികാരത്തിൽ നിന്ന് നീക്കാനല്ല, ഒരു പ്രത്യശാസ്ത്രത്തെ നീക്കാനാണ് ഈ ഒത്തുകൂടലെന്ന് റാലിയെ അഭിസംബോധന ചെയ്യവെ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ.


ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന് യുനൈറ്റഡ് ഇന്ത്യ റാലിയിൽ സംസാരിക്കവെ ആർഎൽഡി നേതാവ് ജയന്ത് ചൗധരി.
മിസോറം പ്രതിപക്ഷ നേതാവും സോറം നാഷണലിസ്റ്റ് പാർട്ടിയുടെ പ്രസിഡണ്ടുമായ ലാൽദുഹാവാമ സംസാരിക്കുന്നു: "നമ്മൾ ഒരു ലക്ഷ്യത്തോടെയാണ് ഇവിടെ ചേർന്നിരിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ ഒരു കാട്ടുതീയിൽ പെട്ടെന്ന പോലെ കത്തുകയാണ്. ഇതിന്റെ കാരണം നിങ്ങൾക്കറിയാം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അലങ്കോലപ്പെടുത്തിയിരിക്കുന്നു. ബിജെപിയും ആർഎസ്എസ്സും തങ്ങളുടെ താൽപര്യപ്രകാരം രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. വിനാശകരമായ ഈ നീക്കങ്ങളെ തടയാൻ കേന്ദ്രത്തിൽ ഒരു ജനാധിപത്യ സർക്കാർ നിലവില്‍ വരണം."


ശത്രുഘ്നൻ‌ സിൻഹ വേദിയിലേക്ക് എത്തി. യശ്വന്ത് സിൻഹയ്ക്കരികിലാണ് ഇദ്ദേഹത്തിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്.
എല്ലാ നേതാക്കളും കൂടിക്കാഴ്ച നടത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ ട്വീറ്റ്. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന ബിജെപിക്കെതിരെ അതിശക്തമായ സന്ദേശം താൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.


ഗുജറാത്ത് പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ യുനൈറ്റഡ് ഇന്ത്യ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള സമ്മേളനമാണിതെന്ന് പട്ടേൽ പറഞ്ഞു. ഒരുമിച്ചു നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈവ്:


ബിഎസ്പി നേതാവ് മായാവതി റാലിയിൽ പങ്കെടുക്കുന്നില്ല. അതിനിടെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള കൊൽക്കത്തയിൽ എത്തിച്ചേർന്നു.
ബിജെപി ഇത്തവണ 125 സീറ്റിലധികം നേടില്ലെന്ന് മമതാ ബാനർജി പറഞ്ഞു. കോൺഗ്രസ്സിന് എത്ര സീറ്റ് കിട്ടുമെന്ന് തനിക്കറിയില്ലെന്നും അവർ പറഞ്ഞു.
ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് തൃണമൂൽ പ്രവർത്തകരുടെ ഒഴുക്ക് ശക്തമാകുകയാണ്. തൃണമൂൽ കൊടികളും മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകരെത്തുന്നത്. അൽപസമയത്തിനകം റാലി തുടങ്ങും. കോൺഗ്രസ്സ് അടക്കമുള്ള കക്ഷികളുടെ അണികളും റാലിയിൽ ചേരുന്നുണ്ട്.


മമതയുടെ ഐക്യ ഇന്ത്യ റാലി കൊല്‍ക്കത്ത നഗരത്തില്‍ ട്രാഫിക് കുരുക്കുകൾക്ക് കാരണമായെന്ന് ബിജെപി എംപി ബാബുൽ സുപ്രിയോ ആരോപിച്ചു. ഇതെല്ലാം സംസ്ഥാനത്തിന്റെ ക്ഷേമത്തിനു വേണ്ടിയാണോയെന്നും അദ്ദേഹം ചോദിച്ചു. എല്ലാവരും ഇന്നത്തെ ട്രാഫിക് പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇതിനകം തന്നെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ആളുകൾ എത്തിച്ചേർന്നു തുടങ്ങി. മമത ബനർജി പത്തര മണിയോടെ ഗ്രൗണ്ടിലെത്തിയിരുന്നു.
പശ്ചിമബംഗാൾ മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ 'ഐക്യ ഇന്ത്യ' മഹാസഖ്യ റാലി ഇന്ന് കൊൽക്കത്തയിൽ നടക്കും. 40 ലക്ഷം പേരെ അണിനിരത്താനാകുമെന്ന് തൃണമൂൽ കോൺഗ്രസ്സ് അവകാശപ്പെടുന്നു. രാജ്യത്തെ പ്രമുഖ പ്രതിപക്ഷപാർട്ടികളെയെല്ലാം ബിജെപി വിരുദ്ധ മുന്നേറ്റത്തിനായി ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ റാലി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, ബിജെപി നേതാവ് അരുൺ ഷൂരി, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങിയ പ്രമുഖരെല്ലാം റാലിയുടെ ഭാഗമാകും.

വിവിധ പാർട്ടികളിൽ നിന്നുള്ള ഇരുപത്തഞ്ചോളം നേതാക്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട് മമത. നഗരത്തിൽ ഇതിനകം തന്നെ ഇവരിൽ ഭൂരിഭാഗവും എത്തിച്ചേർന്നിട്ടുണ്ട്. വെള്ളിയാഴ്ച ഇവരെയെല്ലാം നേരിൽക്കണ്ട് സംസാരിക്കാൻ മമത സമയം കണ്ടെത്തുകയുണ്ടായി. നഗരത്തിൽ പല ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ് നേതാക്കളെയെല്ലാം.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് റാലി നടക്കുക. ഇവിടെ ഏഴ് ലക്ഷം പേരെ ഉൾക്കൊള്ളാനേ സാധിക്കൂ എന്ന് പൊലീസ് പറയുന്നു. 40 ലക്ഷം പേരുടെ സാന്നിധ്യമാണ് മമത ബാനർജി ഉറപ്പ് പറയുന്നത്. ശക്തവും പുരോഗമനാത്മകവുമായ ഒരു പുതിയ ഇന്ത്യയെ നിർമിക്കാൻ എല്ലാവരും റാലിയിൽ അണിനിരക്കണമെന്ന് മമത ആവശ്യപ്പെട്ടു.

അതെസമയം കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ റാലിയിൽ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. മല്ലികാർജുൻ ഖാർഗെ, അഭിഷേക് മനു സംഘ്‍വി എന്നിവരാണ് കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് എത്തുക.

കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ, ആന്ധ്ര മുഖ്യൻ എൻ ചന്ദ്രബാബു നായിഡു, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരും റാലിയിൽ പങ്കെടുക്കും. വൻ ഒരുക്കങ്ങളാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്നത്. 40 ലക്ഷം പേർ അണിനിരക്കുകയാണെങ്കിൽ അത് നൂറ്റാണ്ട് കണ്ട രാജ്യത്തെ ഏറ്റവും വലിയ റാലിയായി മാറാനിടയുണ്ട്. 22 സോണുകളായി സമ്മേളന കേന്ദ്രത്തെ തിരിച്ചിട്ടുണ്ട്. മുവ്വായിരം പാർട്ടി വളണ്ടിയർമാര്‍ക്കാണ് നിയന്ത്രണ ചുമതല. പൊലീസ് സന്നാഹങ്ങൾ വേറെയും.

വിവിധ പ്രാദേശിക കക്ഷികളുമായി മികച്ച ബന്ധം പുലർത്തുന്ന മമത ബാനർജി മഹാസഖ്യത്തിൽ നിർണായക പങ്ക് വഹിക്കേണ്ടയാളാണ്. മമത തന്നെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിലുള്ള ചർച്ചകൾക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് പല പ്രാദേശിക കക്ഷികളുമായും കടുത്ത ശത്രുതയിലാണ് സംസ്ഥാനങ്ങളിൽ. ഇക്കാരണത്താൽത്തന്നെ മമതയുടെ സാന്നിധ്യം ഏറെ നിർണായകമാണ്.

Next Story

Related Stories