TopTop

തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ഒന്നിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍; നന്ദി പറഞ്ഞ് മമതാ ബാനര്‍ജി

തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ഒന്നിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍; നന്ദി പറഞ്ഞ് മമതാ ബാനര്‍ജി
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണസമയം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തതിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മായാവതി, അഖിലേഷ് യാദവ്, കോണ്‍ഗ്രസ്സ്, ചന്ദ്രബാബു നായിഡു എന്നിവരെ ടാഗ് ചെയ്ത് മമതാ ബനര്‍ജി ട്വീറ്റ് ചെയ്യുകയായിരുന്നു. ബിജെപിയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തന്നോട് ഐക്യദാര്‍ഢ്യപ്പെട്ട എല്ലാവര്‍ക്കും നന്ദി പറയുന്നതായി അവര്‍ ട്വീറ്റ് ചെയ്തു. ബിജെപി പ്രസിഡണ്ട് അമിത് ഷായുടെ തെരഞ്ഞെടുപ്പു റാലിയില്‍ വന്‍ അക്രമം നടക്കുകയും, ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇത് ബിജെപിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു. കഴിഞ്ഞദിവസം അടിയന്തിര വാര്‍ത്താസമ്മേളനം വിളിച്ചാണ് പ്രചാരണസമയം വെട്ടിച്ചുരുക്കുന്ന അസാധാരണ നടപടി പ്രഖ്യാപിച്ചത്.

പ്രചാരണസമയം വെട്ടിച്ചുരുക്കിയത് നരേന്ദ്രമോദിക്കുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ പാരിതോഷികമാണെന്ന് മമത ആരോപിച്ചു. ഇത് അധാര്‍മികവും ഭരണഘടനാവിരുദ്ധവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ക്രെഡിറ്റ് തട്ടാന്‍ ഇടതും വലതും തിരിഞ്ഞു തല്ലുന്ന സൈബര്‍ പോരാളികളേ, ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി പഠിച്ചും പരീക്ഷ എഴുതിയുമാണ് പോലീസ് ആയത്

തന്നെ മോദി അഴിമതിക്കാരിയെന്ന് വിശേഷിപ്പിച്ചതിനെതിരെയും അവര്‍ കടന്നാക്രമണം നടത്തി. "നിങ്ങള്‍ രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്നു വിളിച്ചു. നിങ്ങള്‍ സോണിയാജിയെ അഴിമതിക്കാരിയെന്ന് വിളിച്ചു. നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ അഴിമതിക്കാരനെന്ന് വിളിച്ചു. നിങ്ങള്‍ അര്‍വിന്ദ് കെജ്രിവാളിനെ അഴിമതിക്കാരനെന്ന് വിളിച്ചു. നിങ്ങള്‍ പ്രിയങ്കയെ അഴിമതിക്കാരിയെന്ന് വിളിച്ചു. ആരെയാണ് നിങ്ങളിനി അങ്ങനെ വിളിക്കാന്‍ ബാക്കിയുള്ളത്?" മമത ചോദിച്ചു.

'മോദി കോഡ് ഓഫ് മിസ്കണ്ടക്ട്'

പ്രചാരണം വെട്ടിച്ചുരുക്കിയ നടപടിയെ വിമര്‍ശിക്കുന്നതിലും പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടത്. ബംഗാള്‍ മുഖ്യമന്ത്രിയെ ആസൂത്രിതമായ ലക്ഷ്യം വെക്കുകയാണ് മോദിയും ഷായുമെന്ന് മായാവതി ആരോപിച്ചു. അപകടകരമായ നീക്കങ്ങളാണ് ഇരുവരും നടത്തുന്നത്. രാജ്യത്തിനും പ്രധാനമന്ത്രിക്കും ഇത് നന്നല്ലെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മീഷന്‍ ഭരണഘടനയെ വഞ്ചിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതികരണം. കമ്മീഷന്‍ മോദിയുടെയും ഷായുടെയും കളിപ്പാവയായി മാറിയെന്ന് ഇത് ചരിത്രത്തിലൊരിക്കലും സംഭവിച്ചിട്ടില്ലാത്ത അധപ്പതനമാണെന്നും കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ റാലികളിലേക്കുള്ള സൗജന്യ പാസ് വിതരണമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍‌ തങ്ങളുടെ ഉത്തരവിലൂടെ നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു. മോഡല്‍ കോഡ് ഓഫ് കണ്ടക്ട് (തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം) 'മോദി കോഡ് ഓഫ് മിസ്കണ്ടക്ട്' ആയി പരിണമിച്ചെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ രണ്ട് റാലികളാണ് ഇന്ന് ബംഗാളില്‍ നടന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം നേരത്തെ നിര്‍ത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാത്രി 10 മണി വരെ മോദിക്ക് പരസ്യ പ്രചാരണത്തിന് സമയം നല്‍കിയിരിക്കുകയാണെന്നാണ് മമത ആരോപിച്ചത്. തന്റെ റാലിയെ മോദി ഭയപ്പെടുകയാണ്. അതിനാല്‍ തന്നെ മധൂര്‍പുരില്‍ റാലി നടത്തരുതെന്ന് എസ്പിജി ആവശ്യപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ മോദി മറ്റൊന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Next Story

Related Stories