UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയുടെ ‘ജയ് ശ്രീരാ’മിനെ നേരിടാന്‍ മമതയുടെ ‘ജയ് ഹിന്ദ് ബാഹിനി’; സംഘര്‍ഷ ഭൂമിയായി ബംഗാള്‍

ബംഗാളി ‘സ്വാഭിമാനബോധം’ ഉയര്‍ത്തി ആര്‍എസ്എസിനെ അടിത്തട്ടില്‍ തന്നെ നേരിടുക എന്നതാണ് ജയ് ഹിന്ദ് ബാഹിനി അടക്കമുള്ള സംഘടനകളിലൂടെ മമത ഉദ്ദേശിക്കുന്നത്.

“ജയ് ശ്രീരാം” വിളി പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ പ്രചാരണ മുദ്രാവാക്യമായിരിക്കുന്ന ബിജെപിയെ നേരിടാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂട്ടുപിടിച്ചിരിക്കുന്നത് ജയ് ഹിന്ദിനെയാണ്. ബിജെപിയുടെ അതിക്രമങ്ങളെ നേരിടാന്‍ എന്ന് പറഞ്ഞ് മമത കഴിഞ്ഞയാഴ്ച രൂപം നല്‍കിയ ജയ് ഹിന്ദ് ബാഹിനി (വാഹിനി) എന്ന സംഘടനയെക്കുറിച്ചാണ് ദ വയര്‍ പറയുന്നത്. ജയ് ഹിന്ദ് ബാഹിനിയുടെ പ്രസിഡന്റും കണ്‍വീനറും മമതയുടെ സഹോദരന്മാരാണ് – കാര്‍ത്തിക് ബാനര്‍ജിയും ഗണേഷ് ബാനര്‍ജിയും. മന്ത്രി ബ്രാത്യ ബസുവാണ് ചെയര്‍മാന്‍. ബിജെപിയെ പ്രതിരോധിക്കുന്നതിനായി ബംഗ ജനനി ബാഹിനി എന്ന പേരില്‍ ഒരു വനിത സംഘടയ്ക്കും തൃണമൂല്‍ രൂപം നല്‍കിയിട്ടുണ്ട് – തൃണമൂല്‍ എംപി കാകോലി ഘോഷ് ദസ്തീദാറിന്റെ നേതൃത്വത്തില്‍.

ബംഗാളി ‘സ്വാഭിമാനബോധം’ ഉയര്‍ത്തി ആര്‍എസ്എസിനെ അടിത്തട്ടില്‍ തന്നെ നേരിടുക എന്നതാണ് ജയ് ഹിന്ദ് ബാഹിനി അടക്കമുള്ള സംഘടനകളിലൂടെ മമത ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തുടനീളം ജയ്ഹിന്ദ് ബാഹിനി യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ മമത ആഹ്വാനം ചെയ്തിട്ടുണ്ട്. അംഗങ്ങള്‍ക്ക് യൂണിഫോമും ഐഡി കാര്‍ഡുമുണ്ടാകും. അവര്‍ നേതാജിയുടെ ആശയങ്ങള്‍ പിന്തുടരുന്നവരായിരിക്കുമെന്നും മമത പറഞ്ഞു. ആര്‍എസ്എസിനുള്ള മറുപടി അവര്‍ നല്‍കും – മമത പറഞ്ഞു.

സുഭാഷ് ചന്ദ്ര ബോസ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, രബീന്ദ്രനാഥ് ടാഗോര്‍, സ്വാമി വിവേകാനന്ദന്‍, കാസി നസ്‌റുള്‍ ഇസ്ലാം തുടങ്ങിയ വിഖ്യാതരായ ബംഗാളി രാഷ്ട്രീയ, സാംസ്‌കാരിക നായകരേയും നവോത്ഥാന നായകരേയുമെല്ലാം പ്രചാരണത്തിനായി തൃണമൂല്‍ ഉപയോഗിക്കും. രബീന്ദ്രനാഥ് ടാഗോര്‍ മുസ്ലീങ്ങള്‍ക്കെതിരായിരുന്നു എന്ന രീതിയിലുള്ള പ്രചാരണം ഹിന്ദുത്വ സംഘടനകള്‍ സോഷ്യല്‍മീഡിയ വഴിയടക്കം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നോര്‍ത്ത് കൊല്‍ക്കത്തയില്‍ ബിജെപി പ്രസിഡന്റ് അമിത് ഷായുടെ റാലിക്കിടെ നടന്ന അക്രമങ്ങള്‍ക്കിടയില്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവം മമത ശക്തമായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍ 18 സീറ്റും 40 ശതമാനം വോട്ടുമായി ബിജെപി ഇത്തവണ വന്‍ കുതിപ്പാണ് ബംഗാളില്‍ നടത്തിയത്.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ശക്തമായ തൃണമൂല്‍-ബിജെപി സംഘര്‍ഷം നിയന്ത്രണാധീനമാകുന്ന കാഴ്ചയാണ് സംസ്ഥാനത്തെങ്ങും. കഴിഞ്ഞ ദിവസം രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമുള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ടു.

സന്ദേശ്ഖാലിയില്‍ നാല് ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വെടി വച്ച് കൊന്നതായി മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് പറഞ്ഞു. തൃണമൂല്‍ – ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഒരു കെട്ടിടത്തില്‍ നിന്ന് ബിജെപി ചിഹ്നമായ താമര തൃണമൂല്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തതായുള്ള ആരോപണത്തെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഒരു തൃണമൂല്‍ പ്രവര്‍ത്തകനും രണ്ട് ബിജെപി നേതാക്കളും ബാസിര്‍ഹത്തില്‍ കൊല്ലപ്പെട്ടു. ഖയ്യൂം മൊല്ല എന്ന തൃണമൂല്‍ പ്രവര്‍ത്തകനെ വെടി വച്ച് കൊല്ലുകയായിരുന്നു. പ്രദീപ് മണ്ഡല്‍, സുകാന്ത മണ്ഡല്‍ എന്നീ ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ന്യൂഡല്‍ഹിയില്‍ ബിജെപി നേതാവ് മുകുള്‍ റോയിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഇത്.

ന്യൂഡല്‍ഹിയിലേയ്ക്ക് തിരിച്ച ഗവര്‍ണര്‍ കേസരി നാഥാ ത്രിപാഠി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്യും. ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അഡൈ്വസറി പറയുന്നു. സ്ഥിതിഗതികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Read More: പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍